Deshabhimani

റയൽ പുറത്ത്: ചാമ്പ്യൻസ് ലീ​ഗിൽ ആഴ്സണലിനോട് തോൽവി

arsenal
വെബ് ഡെസ്ക്

Published on Apr 17, 2025, 10:56 AM | 1 min read

സാന്റിയാഗോ ബെർണബ്യൂ: സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. രണ്ടാം പാദത്തിലും ആഴ്സണലിനോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ് പുറത്തായി. 2-1ന് ആണ് തോൽവി. ഇതോടെ, അഗ്രിഗേറ്റ് സ്‌കോർ 5-1ന് ആഴ്സണൽ സെമിയിലേക്ക് കുതിച്ചു. മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തി ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും സെമിയിലെത്തി.


മത്സരത്തിൽ ഏറെ ദുർബലമായാണ് റയൽ കാണപ്പെട്ടത്. ആഴ്‌സണൽ ഗോൾ കീപ്പർ റയയെ ഒന്ന് പരീക്ഷിക്കാൻ പോലും അവർക്കായില്ല. ഗോൾരഹിത സമനിലയിൽ ഒന്നാം പകുതി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ 65ാം മിനുറ്റിൽ സാക ആഴ്സണലിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ, രണ്ട് മിനുറ്റിനകം ആഴ്‌സണൽ ഡിഫൻസിലെ പിഴവ് മുതലെടുത്ത് റയലിന്റെ വിനീഷ്യസ് സമനില നേടി.


ഇഞ്ച്വറി ടൈമിൽ മാർട്ടിനെല്ലി റയലിന് മാരക പരുക്കേൽപിച്ച് ആഴ്സണലിനായി ഗോൾ നേടി. ഇതോടെ പീരങ്കിപ്പട സെമിയിലേക്ക് കുതിക്കുകയായിരുന്നു. ഇറ്റലിയിൽ നടന്ന രണ്ടാം പാദത്തിൽ ബയേണിനെതിരെ 2-2ന് സമനില വഴങ്ങിയാണ് ഇന്റർ മിലാൻ സെമി ഉറപ്പിച്ചത്. ആദ്യ പാദം അവർ 2-1ന് ജയിച്ചിരുന്നു. 4-3ന്റെ അഗ്രിഗേറ്റ് സ്‌കോറിലാണ് ഇന്റർ സെമിയിലേക്ക് കടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home