അത്‌ലറ്റികോയെ 1–0ന് കീഴടക്കി അഴ്‌സണൽ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
print edition ഇരുപതാണ്ടിൽ ഗണ്ണേഴ്‌സ്; ബുകായോ സാക്ക വിജയഗോൾ നേടി,ഇരുപാദങ്ങളിലുമായി 2–1ന്റെ മുൻതൂക്കം

അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫെെനലിൽ കടന്ന അഴ്സണൽ ടീമിന്റെ ആഘോഷം
ലണ്ടൻ: ഇരുപതാണ്ടിനുശേഷം അഴ്‌സണൽ ചാന്പ്യൻസ് ലീഗ് ഫുട്‌ബോൾ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ സ്‌പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ ഒരു ഗോളിന് കീഴടക്കിയാണ് മുന്നേറ്റം. ആദ്യപാദത്തിൽ 1–1നാണ് പിരിഞ്ഞത്. ഇരുപാദങ്ങളിലുമായി ഗണ്ണേഴ്‌സിന് 2–1ന്റെ ലീഡ്. ലണ്ടനിൽ നടന്ന രണ്ടാംപാദത്തിൽ ബുകായോ സാക്കയുടെ ഗോളിലായിരുന്നു മൈക്കേൽ അർടേറ്റയും കൂട്ടരും ജയിച്ചുകയറിയത്.
എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ വാശിയേറിയ മത്സരമായിരുന്നു. ആദ്യഘട്ടത്തിൽ മികച്ച അവസരങ്ങളുണ്ടായി. ഇടവേളയ്‌ക്ക് തൊട്ടുമുന്പ് സാക്കയുടെ ഗോളിൽ അഴ്‌സണൽ മുന്നിൽക്കയറി. അവസാന നിമിഷങ്ങളിൽ തിരിച്ചടിക്കാൻ അത്‌ലറ്റികോ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചാന്പ്യൻസ് ലീഗ് കിരീടത്തിനായുള്ള ദ്യേഗോ സിമിയോണിയുടെ കാത്തിരിപ്പ് നീണ്ടു.
മധ്യനിരയിലെ പത്തൊന്പതുകാരൻ മയ്‌ലെസ് ലൂയിസ് കെല്ലിയുടെ തകർപ്പൻ നീക്കങ്ങളോടെയായിരുന്നു അഴ്‌സണലിന്റെ തുടക്കം. കിടയറ്റ അത്‌ലറ്റികോ പ്രതിരോധക്കാർക്ക് കെല്ലി വെല്ലുവിളി ഉയർത്തി. തുടക്കത്തിൽ ബോക്‌സിനുള്ളിൽനിന്ന് കെല്ലി ഗോൾമുഖത്തേക്ക് തൊടുത്ത ക്രോസിൽ കാൽ കൊരുക്കാൻ ആരുമുണ്ടായില്ല.
മറുവശത്ത്, സിമിയോണിയുടെ മകൻ ജിയുലിയാനോ സിമിയോണിയായിരുന്നു അത്‌ലറ്റികോയ്‌ക്ക് ഉൗർജം പകർന്നത്. ഒൺടോയ്‌ൻ ഗ്രീസ്‌മാന്റെ ഷോട്ട് അഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റായയുടെ കൈയിൽ തട്ടിത്തെറിച്ചപ്പോൾ അടിതൊടുക്കാൻ ജിയുലിയാനോ ഓടിയെത്തിയതാണ്. എന്നാൽ തക്കസമയത്തുള്ള ഡെക്ലൻ റൈസിന്റെ ഇടപെടൽ അഴ്‌സണലിനെ രക്ഷിച്ചു.
ആദ്യപകുതിയുടെ അവസാന ഘട്ടത്തിലായിരുന്നു ഗോൾ. പ്രതിരോധമേഖലയിൽനിന്ന് ഗബ്രിയേൽ തൊടുത്ത ലോങ്‌പാസ് ബോക്‌സിനരികെവച്ച് വിക്ടർ യോക്കെറെസ് പിടിച്ചെടുത്തു. ഒറ്റയ്‌ക്ക് കുതിച്ച സ്വീഡിഷുകാരൻ ബോക്‌സിന്റെ വലതുമൂലയിൽനിന്ന് ബോക്‌സിലേക്ക് ക്രോസ് പായിച്ചു. ലിയാൻഡ്രോ ട്രൊസാർഡിനാണ് കിട്ടിയത്. പ്രതിരോധക്കാർക്കിടയിലൂടെ വല ലക്ഷ്യമാക്കി കരുത്തുറ്റ അടിയും തൊടുത്തു. പന്ത് ഗോൾ കീപ്പർ യാൻ ഒബ്ലാക്കിന്റെ കൈയിൽ തട്ടിത്തെറിക്കുകയായിരുന്നു. ഗോൾമുഖത്തുണ്ടായ സാക്കയ്‌ക്ക് അധ്വാനിക്കേണ്ടിവന്നില്ല.
രണ്ടാംപകുതിയിൽ അത്‌ലറ്റികോയ്‌ക്ക് മികച്ച അവസരം കിട്ടി. ഗോൾ കീപ്പർ റായയെ പരീക്ഷിച്ച് ഗോൾമുഖത്ത് തകർപ്പൻ നീക്കം നടത്തിയ ജിയുലിയാനോയ്‌ക്ക് ഷോട്ട് ഉതിർക്കാനായില്ല. അതിനുമുന്പ് ഗബ്രിയേൽ അത്‌ലറ്റികോ താരത്തെ കൃത്യമായി പൂട്ടി. പെനൽറ്റിക്കായി അത്‌ലറ്റികോ വാദിച്ചെങ്കിലും റഫറി നിരാകരിച്ചു. അവസാന നിമിഷങ്ങളിൽ ആക്രമണനിരയെ ഒന്നടങ്കം കളത്തിലേക്ക് വിട്ടിട്ടും സ്‌പാനിഷ് ക്ലബ്ബിന് ഗോൾ മടക്കാനായില്ല.
കളിയുടെ അവസാന നിമിഷം ലീഡുയർത്താൻ അഴ്‌സണലിന് സുവർണാവസരം കിട്ടി. പകരക്കാരനായെത്തിയ പിയറി ഹിൻകാപിയെ തൊടുത്ത ക്രോസ് ഗോൾമുഖത്ത് കൃത്യം യോക്കെറസിന് കിട്ടി. പക്ഷേ, സ്വീഡിഷുകാരൻ ഗതിയറിയാതെ കാൽവച്ചതോടെ പന്ത് ബോക്‌സിന് മുകളിലൂടെ പറന്നു.
2006ലാണ് അഴ്‌സണൽ അവസാനമായി ഫൈനലിൽ കടന്നത്. അന്ന് ബാഴ്‌സലോണയോട് തോറ്റു. 2003ലായിരുന്നു അവസാന കിരീടം.
സീസണിൽ നാല് കിരീടങ്ങൾ ലക്ഷ്യമിട്ടിറങ്ങിയ അഴ്‌സണലിന് ഇടയ്‌ക്ക് പതർച്ചയുണ്ടായി. എഫ്‌എ കപ്പിലും ലീഗ് കപ്പിലും പുറത്തായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ അവസാന കളിയിൽ തകർപ്പൻ ജയം നേടാനായി. ലീഗും ചാന്പ്യൻസ് ലീഗും നേടുകയാണ് കോച്ച് അർടേറ്റയുടെ ലക്ഷ്യം. അത്‌ലറ്റികോ കിരീടമൊന്നുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നു.









0 comments