print edition പീരങ്കിമുഴക്കം

ലണ്ടൻ : ഇരുപത്തിരണ്ട് വർഷത്തിനുശേഷം ഇംഗ്ലീഷ് ഫുട്‌ബോളിൽ അഴ്‌സണലിന്റെ മുഴക്കം. ഒരു കളി ശേഷിക്കെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൈക്കേൽ അർടേറ്റയുടെ സംഘം ജേതാക്കളായി. രണ്ടാമതുള്ള മാഞ്ചസ്‌റ്റർ സിറ്റി ബോണിമൗത്തിനോട് സമനില വഴങ്ങിയതോടെയാണ് കളത്തിലിറങ്ങുംമുന്പ് പീരങ്കിപ്പട കിരീടമുറപ്പിച്ചത്. 2003–04 സീസണിനുശേഷമുള്ള ആദ്യ നേട്ടം. ആകെ നാല് കിരീടങ്ങളായി. രണ്ട് കളി ശേഷിക്കെ അഴ്‌സണലുമായി അഞ്ച് പോയിന്റ് പിന്നിലായിരുന്ന സിറ്റിക്ക് ബോണിമൗത്തിനോട് ജയം അനിവാര്യമായിരുന്നു. പക്ഷേ, ജൂനിയർ ക്രൗപിയെന്ന പത്തൊന്പതുകാരൻ പെപ് ഗ്വാർഡിയോളയുടെ കരുത്തൻ പടയെ ഞെട്ടിച്ചു.
തകർപ്പൻ ഗോളിലൂടെ ആദ്യപകുതി അവസാനിക്കുംമുന്പ് ക്രൗപി ബോണിമൗത്തിനെ മുന്നിലെത്തിച്ചു. ബോണിമൗത്തിനൊപ്പം അഴ്‌സണൽ ആരാധകരും ആ നിമിഷം ആഘോഷിച്ചു. തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളൊക്കെ വിഫലമായി. പരിക്കുസമയത്തിന്റെ അവസാന നിമിഷമാണ് ഒരെണ്ണം മടക്കാനായത്. എർലിങ് ഹാലണ്ടിന്റെ കരുത്തുറ്റ ഷോട്ട് വലയിൽ കയറി. ആ ഗോൾ മതിയാകുമായിരുന്നില്ല സിറ്റിക്ക്.
സീസണോടെ ക്ലബ് വിടാനൊരുങ്ങുന്ന ഗ്വാർഡിയോളയ്‌ക്ക് മറ്റൊരു പ്രീമിയർ ലീഗ് കിരീടം കൂടി ശേഖരത്തിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും സീസണിൽ എഫ് എ കപ്പും ലീഗ് കപ്പും നേടാനായത് ആശ്വാസമായി.
മറുവശത്ത്, പടിക്കൽ കലമുടയ്‌ക്കുന്നവർ എന്ന പരിഹാസപ്പേര് മാറ്റിയാണ് അഴ്സണൽ മുന്നേറിയത്. സീസണിന്റെ തുടക്കം മുതൽ നിലനിർത്തിയ ആധിപത്യം ഇടയ്‌ക്കൊന്ന് ഉലഞ്ഞെങ്കിലും അർടേറ്റയുടെ സംഘം വിട്ടുകൊടുത്തില്ല. തുടർച്ചയായ രണ്ട് തോൽവികൾക്കുശേഷം നാലെണ്ണത്തിൽ വിജയക്കൊടി നാട്ടിയാണ് സിറ്റിയുടെ വെല്ലുവിളി മറികടന്നത്. അവസാന മത്സരങ്ങളിൽ അപരാജിതരായി തുടർന്ന സിറ്റിക്ക് എവർട്ടണോടേറ്റ സമനില കുരുക്കായി. ഒടുവിൽ ബോണിമൗത്തിനോടും കുരുങ്ങിയതോടെ അഴ്‌സണലിന്റെ വഴി തെളിയുകയായിരുന്നു. ഞായറാഴ്‌ച ക്രിസ്‌റ്റൽ പാലസുമായാണ് അഴ്സണലിന്റെ അവസാന കളി.
സീസണിൽ 25 കളിയിൽ അഴ്‌സണൽ ജയിച്ചു. ഏഴ് സമനില, അഞ്ച് തോൽവി. ആകെ 82 പോയിന്റ്. മാഞ്ചസ്‌റ്റർ സിറ്റിക്ക് 78.









0 comments