പന്തിൽ പാതിരാ സ്വപ്നം: ആ കപ്പിൽ ആര് മുത്തമിടും?

ഒരേയൊരു സ്വപ്‌നം. അതിലൊരു പന്തൊഴുകുന്നു. അർജന്റീനയുടെയും സ്‌പെയ്‌നിന്റെയും ഹൃദയമാകുന്നു ആ പന്ത്. മുപ്പത്തെട്ട് ദിനങ്ങൾക്കൊടുവിലെ പാതിരാത്രിയിൽ, ഇന്ത്യൻ സമയം ഞായർ 12.30ന് ലോകം ഒരു ചാമ്പ്യനെ കാണും. കാൽപ്പന്ത് ലോകം അവരെ വാഴ്‌ത്തും. അർജന്റീനയുടെ തുടർച്ചയോ സ്‌പെയ്‌നിന്റെ വീണ്ടെടുപ്പോ? ലാറ്റിനമേരിക്കയുടെ കളിയഴകോ യൂറോപ്പിന്റെ അച്ചടക്കമോ...അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കയിലെ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ ആരവങ്ങൾ തുടങ്ങി.
ലാറ്റിനമേരിക്കയുടെയും യൂറോപ്പിന്റെയും ചാമ്പ്യൻമാർ തമ്മിലാണ് മുഖാമുഖം. ലയണൽ മെസിയുടെ സംഘം തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുന്നു. പതിനാറ് വർഷത്തെ ഇടവേളയ്‌ക്കുശേഷമാണ് സ്‌പെയ്‌ൻ കപ്പ് തേടുന്നത്. അതിമനോഹരമായ കളി ജീവിതത്തിന്റെ അവസാന അധ്യായത്തിലാണ് മെസി. നാല് വർഷത്തിനിടെ മൂന്നാം -ഫൈനലിനിറങ്ങുന്നു. അച്ചടക്കത്തിന്റെ മറുവാക്കാകുന്നു സ്‌പെയ്‌ൻ. സൂപ്പർ താരങ്ങളല്ല, കൂട്ടായ്‌മയാണ് അവരുടെ കരുത്തും ആത്മവിശ്വാസവും. കൗമാര വിസ്‌മയം ലമീൻ യമാൽ കണ്ണിന് വിരുന്നേകും.











0 comments