ad
Deshabhimani

print edition നാടകീയം അർജന്റീന

Argentina Team Celebration 2026
വെബ് ഡെസ്ക്

Published on Jul 09, 2026, 12:00 AM | 2 min read

അറ്റ്‌ലാന്റ : ഒരിക്കൽക്ക‍ൂടി അർജന്റീന ഉയിർത്തു. ഇ‍ൗജിപ്‌തിനെതിരെ 79–ാം മിനിറ്റ്‌വരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം ലോകകപ്പ്‌ ഫുട്‌ബോൾ ചരിത്രത്തിലെ അത്ഭുതകരമായ തിരിച്ചുവരവ്‌. 14 മിനിറ്റിൽ മൂന്ന്‌ ഗോളടിച്ച്‌ 3–2ന്റെ ജയത്തോടെ ക്വാർട്ടറിലേക്കും ചാന്പ്യൻമാർ മുന്നേറി. തോറ്റെങ്കിലും പോരാട്ടത്തിന്‌ പുതിയ മാനം പകർന്ന്‌ ഇ‍ൗജിപ്‌ത്‌ മടങ്ങി. മുഹമ്മദ്‌ സലായ്‌ക്കും സംഘത്തിനും വീരോചിത മടക്കം.


വിവാദം കത്തിയ കളിയിൽ ക്യാപ്‌റ്റൻ ലയണൽ മെസിയുടെ ഉശിരൻ പ്രകടനമാണ്‌ അർജന്റീനയ്‌ക്ക്‌ ജയമൊരുക്കിയത്‌. ക്രിസ്‌റ്റ്യൻ റൊമേറോയുടെ ആദ്യ ഗോളിന്‌ അവസമൊരുക്കിയ മുപ്പത്തൊന്പതുകാരൻ തകർപ്പൻ ഗോളിലൂടെ സമനില നൽകി. പരിക്കുസമയത്ത്‌ എൺസോ ഫെർണാണ്ടസ്‌ ഹെഡറിലൂടെ ജയമൊരുക്കി. ഇ‍ൗജിപ്‌തിനായി യാസെർ ഇബ്രാഹിമും മൊസ്‌ത-ഫ സീക്കോയും ലക്ഷ്യം കണ്ടു. മെസിയുടെ പെനൽറ്റി ഉൾപ്പെടെ തടഞ്ഞ ഗോൾകീപ്പർ മൊസ്‌തഫ ഷൊബെയ്‌റിന്റെ പ്രകടനവും ശ്രദ്ധേയമായി.


സീക്കോ ആദ്യം നേടിയ ഗോൾ ‘വാർ’ പരിശോധനയിലൂടെ റദ്ദാക്കിയതും അർജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിന്‌ മുന്പ്‌ മുഹമ്മദ്‌ സലായെ ബോക്‌സിൽവച്ച്‌ ജൂലിയൻ അൽവാരസ്‌ ഫ‍ൗൾ ചെയ്‌തതിന്‌ റഫറി ‘വാർ’ പരിശോധന അനുവദിച്ചില്ലെന്ന്‌ ഇ‍ൗജിപ്‌ഷ്യൻ ടീം ആരോപിച്ചു. ഹൊസം ഹസൻ പരിശീലിപ്പിക്കുന്ന ഇ‍ൗജിപ്‌ത്‌ ലോക ചാന്പ്യൻമാരെ വെള്ളംകുടിപ്പിച്ചു. പതിനഞ്ചാം മിനിറ്റിൽ മർവാൻ അട്ടിയയുടെ ക്രോസിൽ ഇബ്രാഹിം തലവയ്‌ക്കുന്പോൾ അർജന്റീന ഞെട്ടി. പിന്നാലെ നിക്കോളാസ്‌ താഗ്ലിയാഫിക്കോയെ ബോക്‌സിൽവച്ച്‌ ഹസെം ഹൊസെയ്‌ൻ ചവിട്ടിയതിന്‌ പെനൽറ്റി. പക്ഷേ‍, മെസിയുടെ ദുർബല കിക്ക്‌ ഗോൾകീപ്പർ മൊസ്‌തഫ ഷൊബെയ്‌ർ കുത്തിയകറ്റി. അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററുടെയും അൽവാരസിന്റെയും ശ്രമങ്ങളും തടഞ്ഞു.


ഇ‍ൗജിപ്‌ത്‌ മുന്നേറ്റം വീണ്ടും കുതിച്ചു. ഹസെം ഹൊസെയ്‌ന്റെ മിന്നുന്ന നീക്കം. ഇ‍ൗജിപ്‌ത്‌ ഗോൾമേഖലയിൽനിന്നുള്ള കുതിപ്പിനെ ആർക്കും പിടിച്ചുകെട്ടാനായില്ല. തുടർന്ന്‌ സുന്ദരമായ ക്രോസ്‌. സീക്കോയുടെ ഷോട്ട്‌ എമിലിയാനോ മാർട്ടിനെസിനെ മറികടന്ന്‌ വലയിൽ. പക്ഷേ, ‘വാർ’ പരിശോധനയിൽ നീക്കത്തിന്‌ മുന്പ്‌ അർജന്റീന പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസിനെ ചവിട്ടിയതിനാൽ ഗോൾ റദ്ദാക്കി. പക്ഷേ, 67–ാം മിനിറ്റിൽ അവർ അർഹിച്ച ഗോൾ നേടി. ഇക്കുറിയും സമാന നീക്കം. മുഹമ്മദ്‌ സലായും ഒപ്പം ചേർന്നു. സീക്കോയുടെ മിന്നുന്ന ഗോൾ. തുടർന്നാണ്‌ കളിഗതി മാറിയത്‌. പരിശീലകൻ ലയണൽ സ്‌കലോണി മുന്നേറ്റക്കാരായ നിക്കോ ഗൊൺസാലസിനെയും ല‍ൗതാരോ മാർട്ടിനെസിനെയും ഇറക്കി. കളംനിറഞ്ഞുകളിച്ച ലിയാൻഡ്രോ പരദെസും ജയത്തിൽ നിർണായക പങ്കുവഹിച്ചു.


79–ാം മിനിറ്റിൽ മെസിയുടെ തകർപ്പൻ ക്രോസിൽ റൊമേറോ തലവച്ചതോടെ കളി അർജന്റീനയുടെ വരുതിയിലായി. പിന്നാലെ മെസി ഒപ്പമെത്തിച്ചു. പരിക്കുസമയത്ത്‌ അർജന്റീന ബോക്‌സിൽനിന്നുള്ള കുതിപ്പ്‌. ഇ‍ൗജിപ്‌ഷ്യൻ പ്രതിരോധം ശൂന്യമായിരുന്നു. വലതുവശത്തുനിന്ന്‌ ല‍ൗതാരോ മാർട്ടിനെസ്‌ തൊടുത്ത ക്രോസ്‌ എൺസോ അനായാസം വലയിലാക്കി. 3–2ന്റെ ജയത്തോടെ ചാന്പ്യൻമാർ കയറി. 12ന്‌ സ്വിറ്റ്‌സർലൻഡുമായി ക്വാർട്ടർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home