ad
Deshabhimani

ചാമ്പ്യൻമാരെ വിറപ്പിച്ച് നീല സ്രാവുകൾ; ഒടുവിൽ തലയുയർത്തി മടക്കം

Argentina.jpg
avatar
നിധിൻ രാജു

Published on Jul 04, 2026, 10:22 AM | 4 min read

ശ്വാസനിശ്വാസങ്ങളുടെ താളക്കണക്ക്‌ തെറ്റിച്ച 120 മിനിറ്റുകൾക്കൊടുവിൽ ലോക ചാമ്പ്യൻമാർ വിജയം രുചിക്കുന്നു. നോക്ക്ഔട്ടിലെ ആദ്യ മത്സത്തിൽ കേപ് വെർദെയെ എതിരാളിയായി ലഭിച്ചപ്പോൾ അതിത്രവലിയ അഗ്നിപരീക്ഷയാണെന്ന് അർജന്റീനക്കാർ സ്വപ്‌നത്തിൽപോലും വിചാരിച്ചിരുന്നില്ല. ‘നീല സ്രാവുകൾ’ എന്നാണ്‌ കേപ് വെർദെ ദേശീയ ടീമിന്റെ വിളിപ്പേര്‌. അത്‌ എന്തുകൊണ്ടെന്ന്‌ അർജന്റീനക്കാർക്ക്‌ ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. കന്നിലോകകപ്പിനെത്തിയ ദ്വീപ്‌ രാഷ്‌ട്രം അവസാന സെക്കൻഡുവരെ അർജന്റീനയോട്‌ പൊരുതിനിന്നു. ത്രില്ലർ, അബ്‌സല്യൂട്ട്‌ സിനിമ!!


സമാനതകളില്ലാത്ത പ്രകടനത്തോടെ ചരിത്രപുസ്തകത്തിൽ ഇടംനേടിയാണ് അഞ്ചര ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കൊച്ചു ദ്വീപുരാഷ്ട്രം നാട്ടിലേക്ക്‌ മടങ്ങുന്നത്.


കേപ്‌ വെർദെ അത്ര എളുപ്പത്തിൽ കീഴടങ്ങുന്നവരല്ലെന്ന് നേരത്തെതന്നെ തെളിയിച്ചിരുന്നു. മുൻ ചാമ്പ്യൻമാരായ സ്‌പെയ്‌നും ഉറുഗ്വേയും അവരുടെ പോരാട്ടവീര്യം തൊട്ടറിഞ്ഞവരാണ്. മികച്ച ഗോൾ വ്യത്യാസത്തിന്റെ ബലത്തിലാണ്‌ അവർ മൂന്നാം സ്ഥാനക്കാരായി നോക്ക‍ൗട്ട്‌ ടിക്കെറ്റെടുത്തത്‌. എന്നാൽ, മുന്നിലെത്തിയ എതിരാളികളെയെല്ലാം അനായാസം മറികടന്നാണ്‌ അർജന്റീന റ‍ൗണ്ട്‌ ഓഫ്‌ 32ലെത്തിയത്‌. ലോകഫുട്‌ബോളിൽ മേൽവിലാസമില്ലാത്ത, നിലവിൽ 64–ാം റാങ്കിലുള്ള കേപ്‌ വെർദെ പേപ്പറിലും കളത്തിലും അവർക്ക്‌ ഒരു എതിരാളിയേ ആയിരുന്നില്ല, മയാമി സ്റ്റേഡിയത്തിൽ ആദ്യ നോക്ക‍ൗട്ട്‌ പോരിനായി ഇറങ്ങുംവരെ!


മക്‌ അലിസ്റ്ററിനെ പിവോട്ട്‌ റോളിൽ നിർത്തി, 4–-1–-2–-3 ഫോർമേഷനിലാണ്‌ സ്‌കലോണി തന്റെ ടീമിനെ ഇറക്കിയത്‌. മറുഭാഗത്ത്‌ 4–1–4–1 എന്ന ആക്രമണത്തിനും പ്രതിരോധത്തിനും ബാലൻസ്‌ഡായ വിന്യാസമാണ്‌ ബുബിസ്റ്റ അവലംബിച്ചത്‌.


കേപ് വെർദെയുടെ ടച്ചോടെ മത്സരമാരംഭിക്കുന്നു. അർജന്റീന തുടക്കത്തിൽ തന്നെ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്‌. എന്നാൽ എട്ടാം മിനിറ്റിൽതന്നെ ക‍ൗണ്ടർ അറ്റാക്കിലൂടെ കേപ്‌ വെർദെ മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. വലതുവിങ്ങിലൂടെ കുതിച്ച റയാൻ മെൻഡിസ്, പെനാൽറ്റി ബോക്സിലേക്ക് വെട്ടിയൊഴിഞ്ഞുകയറി ഷോട്ടുതിർക്കുന്നു. പ്രതിരോധ താരത്തിന്റെ ശരീരത്തിൽതട്ടി വേഗത കുറഞ്ഞാണ്‌ പന്ത്‌ കീപ്പറുടെ കൈകളിലെത്തുന്നത്‌.


മത്സരമാരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ കേപ് വെർദെ ഡിഫെൻസീവ് സ്ട്രക്ചറിന്റെ മൂർത്തമായ രൂപം തന്നെ പ്രദർശിപ്പിച്ചിരുന്നു. ബസ് പാർക്കിങ് പോലുള്ള ഹൈ ഡിഫെൻസിവ് ടക്റ്റിക്സിലേക്ക് അവർ നീങ്ങുമെന്ന് തോന്നിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പന്ത് ലഭിച്ചപ്പോഴൊക്കെയും സ്വതസിദ്ധമായ ഗെയിം തന്നെയാണ്‌ അവർ പുറത്തെടുക്കുന്നത്‌.

28–ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി.


ഹൈഡ്രേഷൻ ബ്രേക്കിന്‌ തൊട്ടുപിന്നാലെ മെസി പൂട്ടുപൊട്ടിച്ചു. സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനസിന്റെ കാലിൽനിന്ന്‌ അകലുന്ന പന്ത്‌ പ്രതിരോധവേലിയുടെ മുകളിലൂടെ ഗോൾ ഏരിയയിലേക്ക്‌ താഴ്‌ന്നിറങ്ങുന്നു. പന്ത് വിശുദ്ധമായ മെസിയുടെ ഇടതുകാലിന്റെ സ്പർശമേറ്റുവാങ്ങി പാകത്തിന് നിന്നു. പിന്നെ അയാൾ കളിയുടെ കണക്കു പുസ്‌തകത്തിലേക്ക് ഒരു ഗോൾകൂടി കോരിയിട്ടു. അർജന്റീന ഒന്ന്‌, കേപ്‌ വെർദെ പൂജ്യം!


ഗോൾ വീണതോടെ കേപ്‌ വെർദെ ടാക്‌ടിക്‌സിൽ കാര്യമായ മാറ്റം വരുത്തി. ചാമ്പ്യൻമാർക്കൊരു ഇ‍ൗസി വാക്കോവർ അവർ ഒരിക്കലും ഓഫർ ചെയ്യുന്നില്ല. കളി തിരിച്ചുപിടിക്കാൻ തന്നെയായിരുന്നു അവരുടെ തീരുമാനം. മുന്നോട്ട് കയറിക്കളിക്കുക, ഗോളവസരങ്ങൾക്ക്‌ വഴിതുറക്കുക_ നയം വ്യക്തമായിരുന്നു. എങ്കിലും ക്രിസ്റ്റ്യൻ റൊമേറോയും ലിസാൻഡ്രോ മാർട്ടിനസും അടങ്ങുന്ന അർജന്റീനൻ പ്രതിരോധം അവർക്കൊരു ഹിമാലയൻ വെല്ലുവിളിയായിരുന്നു. കേപ്‌ വെർദെ ചില ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും പകുതിക്ക്‌ പിരിയുമ്പോൾ ചാമ്പ്യൻമാർ ഏകഗോളിന്റെ ലീഡ്‌ സംരക്ഷിച്ചുനിർത്തി.


53–ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുനിന്ന്‌, അകത്തേക്ക് വെട്ടിയൊഴിഞ്ഞുകയറിയ ഡെറോയ് ഡുവാർട്ടെ ഒരു പവർഫുൾ ഷോട്ട് തൊടുക്കുന്നുണ്ട്‌. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഫുൾ ഡൈവിലാണ്‌ ആ ശ്രമം വിഫലമാക്കുന്നത്‌. വരാൻ പോകുന്നതിന്റെ ട്രെയ്‌ലർ മാത്രമായിരുന്നു അത്‌. എന്നാൽ ബോക്‌സിന്‌ പുറത്ത്‌ അർജന്റീനൻ പ്രതിരോധം കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഗോളിലേക്ക് തൊടുക്കാനോ ത്രൂ ബോളുകൾക്കോ കളിക്കാർ തമ്മിൽ വിടവ് അനുവദിച്ചുകൊടുത്തിരുന്നില്ല.


പക്ഷെ 59–ാം മിനിറ്റിൽ അവരുടെ അധ്വാനത്തിന്‌ ഫലമുണ്ടാകുന്നു. മൊറേറ വലതുവിങ്ങിലേക്ക്‌ കൈമാറിയ പന്ത്‌ റയാൻ മെൻഡിസ് ലിസാൻഡ്രോ മാർട്ടിനസിന്റെ കാലുകൾക്കിടയിലൂടെയാണ്‌ ബോക്‌സിലേക്ക്‌ കടത്തുന്നത്‌. കാത്തുനിന്ന ഡെറോയ് ഡുവാർട്ടെ അരനിമിഷം പാഴാക്കാതെ ഡിഫിക്കൾട്ട്‌ ആംഗിളിൽനിന്നും സെക്കൻഡ്‌ പോസ്റ്റിലേക്ക്‌ തൊടുത്തു. മാർട്ടിനെസ് ഹെൽപ്‌ലെസാണ്.

ഗോൾ, 1–1 !!


ഗോൾ നേടിയതിന് പിന്നാലെ സ്‌കലോണിയുടെ ഡബിൾ സബ്സ്റ്റിട്യൂഷൻ. ജൂലിയൻ അൽവാരസും ഗോൺസ്വാലസും കളത്തിലേക്ക്. പിന്നീട് ആക്രമണത്തിന്റെ സാധ്യമായ എല്ലാ പ്രരൂപങ്ങളിലേക്കും അർജന്റീന പരിവർത്തനപ്പെടുന്നുണ്ട്. മൈതാനത്തിന്റെ എല്ലാ മേഖലയിൽ നിന്നും ഇടതടവില്ലാതെ ആക്രമണങ്ങൾ. എന്നാൽ പെനാൽറ്റി ഏരിയക്ക് മുൻവശം കൃത്യമായി കേപ്‌ വെർദെ കെട്ടിയടച്ചിരുന്നു. ആക്രമണം ബോക്സിന്റെ പാർശ്വങ്ങളിലേക്ക് ഒഴുകി.


73–ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുള്ള ‘ഡി'-യുടെ ഇടതുവശത്തുനിന്ന്‌ അർജന്റീനക്ക്‌ ഒരു ഫ്രീകിക്ക്‌ ലഭിക്കുന്നുണ്ട്‌. മെസി പന്ത് സെറ്റ് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ഗോൾ കീപ്പർ വൊസീന്യ സൂക്ഷ്‌മമായി പ്രതിരോധമതിൽ ക്രമീകരിക്കുകയായിരുന്നു. കീപ്പർ ഒ‍ൗട്ട്‌ഓഫ്‌ പൊസിഷനിലാണെന്ന്‌ മനസ്സിലാക്കിയ മെസി അതിവേഗം പന്ത് വലയിലേക്ക്‌ തൊടുക്കുന്നുണ്ട്‌. പന്ത്‌ അടിച്ചതിനുശേഷം മാത്രം പൊസിഷനിലെത്തുന്ന വൊസീന്യ, അവസാന മൈക്രോസെക്കൻഡിലാണ്‌ പന്ത് തട്ടിയകറ്റുന്നത്‌. ഇത്‌ തന്റെ കൂടി ദിവസമാണെന്ന്‌ അയാൾ നേരത്തേതന്നെ പ്രകടനം കൊണ്ട്‌ പ്രഖ്യാപിച്ചിരുന്നു. മെസിയുടെ മറ്റൊരു ഫ്രീകിക്ക്‌ കൂടി പൊസിഷനിങ്ങിലെ മികവുകൊണ്ട്‌ അയാൾ കൈപ്പിടിയിലാക്കുന്നുണ്ട്‌. ടാർഗറ്റിലേക്ക്‌ തൊടുത്ത പത്തിലേഴ്‌ ഷോട്ടുകളും പുറത്ത്‌ അതിലേറെ അവസരങ്ങളും അയാൾ രക്ഷപ്പെടുത്തിയിരുന്നു.


നിശ്ചിതസമയം അവസാനിക്കുമ്പോൾ അർജന്റീനയെ കേപ്‌ വെർദെ സമനിലയിൽ തളച്ചിട്ടു. ചാമ്പ്യൻമാർക്കെതിരെ കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടിയെടുത്തപ്പോൾ തന്നെ ദ്വീപുകാർ വിജയിച്ചിരുന്നു.


അധികസമയത്തിന്റെ മൂന്നാം മിനിറ്റിൽ മാർട്ടിനസിലൂടെ അർജന്റീന വീണ്ടും മുന്നിൽ. വീണ്ടും നാടകീയത!! മെസിയുടെ കോർണർ കിക്ക് ഗോൾ ഏരിയയിലേക്ക്. രണ്ട് ടച്ചുകൾക്ക് ശേഷം ബോക്സിന്റെ വലതുഭാഗത്ത്‌ നിന്നിരുന്ന ലിസാൻഡ്രോ മാർട്ടിനസിലേക്ക്. കീപ്പർ വൊസീന്യ കൃത്യം പൊസിഷനിലാണ്. എന്നാൽ മാർട്ടിനസ്‌ തൊടുത്ത ബുള്ളറ്റ്‌, റിഫ്ലക്‌ഷനുള്ള സമയം അനുവദിക്കാത്ത വിധം പോസ്റ്റിന്റെ റൂഫിലേക്കാണ് പതിക്കുന്നത്‌.


എന്നാൽ അധികസമയം വൈകാതെ കേപ്‌ വെർദെ വീണ്ടും ഗോൾ മടക്കുന്നു. അവിശ്വസനീയതയിൽനിന്നും ഒരു കബ്രാൾ പിറക്കുന്നു. 104–ാം മിനിറ്റിലാണ്‌ ബോക്‌സിന്റെ ഇടതുമൂലയിൽനിന്നുള്ള ഷോട്ട്‌ വരുന്നത്‌. ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ്‌ അകത്തേക്ക്‌ കയറിയശേഷം സമയമെടുത്താണ്‌ ഗോളിലേക്ക്‌ ലക്ഷ്യം വയ്ക്കുന്നത്‌. ബ്ലോക്ക്‌ ചെയ്യാൻ സ്‌പെയ്‌സിടുന്ന മൊളീന പന്തിലേക്ക്‌ അടുക്കുന്നില്ല. ആ ചെറുപിഴവാണ്‌ ഗോളിന്‌ വഴി തുറക്കുന്നത്‌. വായുവിലുയർന്ന്‌ വളയുന്ന പന്ത്‌ പോസ്റ്റിന്റെ വലത്തേമൂലയിലേക്കാണ്‌ താഴ്‌ന്നിറങ്ങുന്നത്‌. അബ്‌സല്യൂട്ട്‌ ബ്ലൈൻഡർ!! എമി മാർട്ടിനസിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ലോക ചാമ്പ്യന്മാർ ഞെട്ടിത്തരിച്ചു! ഈ ടീം അത്രപെട്ടെന്നൊന്നും കീഴടങ്ങാൻ തയ്യാറല്ലെന്ന്‌ അവർ ഒരിയ്ക്കൽകൂടി ഓർമിപ്പിച്ചു!


---പക്ഷെ ഒടുവിൽ വിധി അവരോട്‌ ക്രൂരതകാട്ടി. 111–ാം മിനിറ്റിൽ മെസി തൊടുത്തൊരു കോർണർകിക്ക്‌ ബോക്സിലെ അപകടമേഖലയിൽനിന്ന്‌ ക്രിസ്റ്റ്യൻ റൊമേറോ ഗോളിലേക്ക്‌ തിരിച്ചുവിട്ടു. ഡിനെയുടെ ദേഹത്ത്‌ തട്ടിയ പന്ത് വൊസീന്യയെ മറികടന്ന് വലയ്ക്കുള്ളിലേക്ക്.


രണ്ട് തവണ പിന്നിൽനിന്ന ശേഷവും ചാമ്പ്യൻമാരെ വിഷമവൃത്തത്തിലാക്കി ഒപ്പമെത്താൻ കേപ് വെർദെക്ക് കഴിയുന്നുണ്ട്. നോക്ക‍ൗട്ടിൽ 110 മിനിറ്റുവരേയും അവർ തോൽക്കാൻ തയ്യാറല്ലെന്ന്‌ പറഞ്ഞുകൊണ്ടേയിരുന്നു.



അറ്റ്‌ലാന്റിക്‌ സമുദ്രത്തിലെ പത്ത്‌ ദ്വീപുകളുടെ കൂട്ടായ്‌മയാണ്‌ കേപ് വെർദെ. ഭൗതികമായ ദാരിദ്ര്യത്തെപ്പോലും തങ്ങളുടെ സാംസ്കാരിക സമ്പന്നത കൊണ്ടും ജീവസുറ്റ പുഞ്ചിരികൊണ്ടും തോൽപ്പിക്കുന്ന മനുഷ്യരാണ് അവിടെയുള്ളത്‌. അവരുടെ ജീവിതത്തെ നിർവചിക്കുന്ന വികാരത്തെ ‘സോദാദ്' എന്നാണവർ പറയുന്നത്‌. മറ്റൊരിടത്തും പകരം വയ്ക്കാനില്ലാത്ത, ഒന്നിനോടുള്ള ആഴത്തിലുള്ള ആഗ്രഹവും നഷ്ടബോധവും ചേർന്നൊരു ആത്മീയാവസ്ഥയാണത്. ആ ആത്മീയമായ ഉന്മത്താവസ്ഥയിലാണ്‌ അവർ ഹൃദയംകൊണ്ട്‌ പന്തുതട്ടിയത്‌. ലോകകപ്പിലെ അവരുടെ അവിശ്വസനീയമായ യാത്ര അവസാനിപ്പിച്ച്‌ മടങ്ങുമ്പോഴും കോടികോടി ജനങ്ങളുടെ ഹൃദയങ്ങളെ ജയിച്ച്‌ ഇ‍ൗ വരവ്‌ ‘വെർദെ’യല്ലെന്ന്‌ അവർ തെളിയിക്കുന്നു.

ഗുഡ്‌ ബൈ കേപ്‌ വെർദെ, വീണ്ടും കാണാം..

നിശ്ചയമായും!!




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home