കഥ
കോട

സിജാറാണി ആർ എസ്
Published on Jul 04, 2026, 11:05 AM | 7 min read
ഇലത്തലപ്പുകൾ കോടയുടെ വെള്ളപുതച്ച് ഉറങ്ങാൻ തുടങ്ങിയ നേരത്താണ് സുമിത്തിന്റെ വാടക വീട്ടിലേക്ക് ഞാൻ കയറി ചെല്ലുന്നത്. ഇത് രണ്ടാം തവണയാണ് ഞാനിവിടേക്ക് എത്തുന്നത്. പുറത്തുള്ളതിനേക്കാൾ തണുപ്പ് ആ വീടിനുള്ളിലാണെന്ന് എനിക്ക് തോന്നി. ഫ്ലവർവേസിലെ മഞ്ഞണിഞ്ഞ ഇളം വയലറ്റ് പൂക്കൾ എനിക്ക് നേരെ വിളറിയ ചിരി നീട്ടി. ഇന്നലെ വരുമ്പോൾ അവ തോട്ടത്തിൽ തലയാട്ടി നിന്നിരുന്നത് ഞാൻ ഓർത്തു.
‘വരൂ. ഇരിക്കൂ.' പ്രത്യേകിച്ച് അതിശയഭാവമൊന്നുമില്ലാതെ അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഇന്നലെ ആദ്യമായി ഇവിടേക്ക് വന്നപ്പോൾ അയാൾ ശരിക്കും അതിശയിച്ചിരുന്നു. വീടെവിടെയാണെന്നു എത്ര ചോദിച്ചിട്ടും അയാൾ പറഞ്ഞു തന്നിരുന്നില്ല. തേടിപ്പിടിച്ചു വരുമെന്ന് കരുതിയിരിക്കില്ല.
‘ഇപ്പൊ എങ്ങനെയുണ്ട്?പനി വിട്ടോ?'
എന്റെ ചോദ്യത്തിന് വളരെ നേർത്ത ഒരു ചിരിയായിരുന്നു സുമിത്തിന്റെ മറുപടി. എനിക്കഭിമുഖമായിട്ട കസേരയിൽ അയാൾ അങ്ങനെയിരിക്കുമ്പോൾ പലവട്ടം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൊരുക്കുകയും ബോധപൂർവം രണ്ടിലൊരാളത് പറിച്ചുമാറ്റുകയും ചെയ്‌തു. അധികനേരം അങ്ങനെയിരിക്കാൻ കഴിയില്ലെന്ന് തോന്നിയതിനാലാകണം,‘ഞാൻ ചായ എടുക്കാം' എന്ന ഔപചാരികതയിലേക്ക് അയാൾ തെന്നിമാറിയത്.
ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ
വളരെക്കുറച്ചു സാധനങ്ങളേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ചുവരിലെ ഒന്ന് രണ്ട് പെയിന്റിങ്ങുകൾ, പഴയ ഒരു റേഡിയോ, ഷെൽഫിലെ കുറച്ചു പുസ്‌തകങ്ങൾ, അമ്മയ്‌ക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള പഴയ ചില ഫോട്ടോകൾ എന്നിവ. പക്ഷെ ഇന്നലെ വരുമ്പോൾ കണ്ടതിൽനിന്നും മാറിയാണ് ഇന്നവയുടെ സ്ഥാനം എന്ന തിരിച്ചറിവ് ഒരു മിന്നൽപ്പിണറിനെ എന്റെ തലച്ചോറിലൂടെ കടത്തിവിട്ടു. ഞാൻ എഴുന്നേറ്റ് അടുക്കളയിലേക്ക് പാളിനോക്കി. സുമിത്ത് ചായ കൂട്ടുന്ന തിരക്കിലാണ്. ഹാളിനോട് ചേർന്നുള്ള പാതി ചാരിയിട്ടിരുന്ന അയാളുടെ ബെഡ്റൂമിലേക്ക് ഞാൻ പതിയെ കടന്നു. ഇന്നലെ മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പുസ്‌തകങ്ങളും പെൻകെയ്സുമെല്ലാം വളരെ വൃത്തിയായി അടുക്കി വച്ചിരുന്നു. ഒരാധിയോടെ മുറിയുടെ മൂലയിൽ വച്ചിരുന്ന തുണി സ്‌റ്റാൻഡിനരികിലേക്ക് ഞാൻ നടന്നു. ഇന്നലെ മടക്കിയിട്ടിരുന്ന തുണികളെല്ലാം അതിൽ അങ്ങനെ തന്നെയുണ്ടായിരുന്നു. സ്റ്റാൻഡിലെ പൈപ്പുകൾ തമ്മിൽ യോജിപ്പിച്ചിരുന്ന വലിയ കറുത്ത സ്‌ക്രൂവിന് മുകളിലായി പിടിപ്പിച്ചിരുന്ന രഹസ്യങ്ങളുടെ മൂന്നാം കണ്ണ് ഞാൻ ധൃതിപ്പെട്ടു വലിച്ചെടുത്തു ബാഗിലാക്കി തിരികെ നടന്നു. ചുളിവുകൾ വീണുകിടന്ന അയാളുടെ കിടക്കയിലേക്ക് അതിനിടയിലും പാളിനോക്കാൻ ഞാൻ മറന്നില്ല. അതിൽ വാടിക്കരിഞ്ഞുകിടന്നിരുന്ന മുല്ലപ്പൂക്കൾ മറ്റെന്തെങ്കിലുമായിരിക്കുമെന്നു വിശ്വസിപ്പിക്കാൻ ഒരുവട്ടംകൂടി ഞാൻ സൂക്ഷിച്ചു നോക്കി. ഇന്നലെയുടെ കൊഴിഞ്ഞുവീണ സ്വപ്‌നങ്ങൾ പോലെ അവ എന്നെ നിസ്സഹായമായി നോക്കി.
ആ തിരിച്ചറിവിൽ ഞാൻ വിയർത്തൊഴുകി. സോഫയിൽ പോയി തളർന്നിരുന്നു. അപ്പോഴേക്കും അയാൾ ചായയുമായെത്തി. എനിക്കപ്പോൾ അയാളുടെ മുഖത്തേക്ക് നോക്കുവാനേ കഴിയുമായിരുന്നില്ല. ഫോണെടുത്ത് ഗൂഗിളിൽ വെറുതെ എന്തൊക്കെയോ ഞാൻ പരതിനടന്നു. ഓരോ നിശ്വാസങ്ങളും ഓരോ ഉഷ്‌ണപ്രവാഹങ്ങളായി എനിക്ക് ചുറ്റുമുള്ള തണുത്ത വായുവിനെ തീപിടിപ്പിക്കുകയും ഞാൻ അതിൽ ഉരുകി ഒലിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. പുറത്തേക്കിറങ്ങി കോടയുടെ പുതപ്പിൽ ഒളിക്കാൻ മനസ്സ് വെമ്പൽകൊണ്ടു.
‘കുടിക്ക്', ചായക്കപ്പുകൾ ടീപ്പോയിൽ വച്ച് അയാൾ പറഞ്ഞു. എത്ര ഒളിക്കാൻ ശ്രമിച്ചിട്ടും ആ തണുപ്പിലും ഞാൻ വിയർത്തൊഴുകുന്നത് അയാൾ കണ്ടുപിടിച്ചു.
‘അയ്യോ! ഇതെന്തുപറ്റി. നന്നായി വിയർക്കുന്നല്ലോ. സുഖമില്ലേ?'
‘ചെറിയൊരു തലവേദന. ബിപി പെട്ടെന്നു താഴ്‌ന്നതിന്റെയാവും.'
ചായ കുടിച്ചുകൊണ്ട് അങ്ങനെ ഒരു നുണ പറയാനാണ് എനിക്കപ്പോൾ തോന്നിയത്.
‘ഞാനിറങ്ങട്ടെ. അസുഖം മാറിയ നിലയ്‌ക്ക് നാളെ സുമിത്ത് ഓഫീസിൽ എത്തുമല്ലോ. സ്റ്റോപ്പിൽ നിന്നാൽ മതി. ഞാൻ പിക്ക് ചെയ്‌തോളാം.'
എത്രയും വേഗം അവിടുന്ന് പുറത്തു കടക്കാനായി എഴുന്നേറ്റുകൊണ്ട് ഞാൻ പറഞ്ഞു.
‘ഒറ്റയ്‌ക്ക് പോകേണ്ട. ഞാൻ കൂടി ടൗൺവരെവരാം.’ ഒരു ഞെട്ടലോടെയാണ് ഞാനയാളുടെ മറുപടി കേട്ടത്.
‘വേണ്ട കാറിലല്ലേ, ഞാൻ പൊയ്‌ക്കോളാം. സുമിത്ത് വിശ്രമിച്ചോളൂ.' അയാളെ ഒഴിവാക്കാനായി പറഞ്ഞെങ്കിലും, ‘ഇല്ല. എനിക്ക് ടൗൺ വരെ പോകേണ്ട ഒരാവശ്യമുണ്ട്'എന്നയാൾ അതിനെ വളരെ എളുപ്പം നിസ്സാരപ്പെടുത്തിക്കളഞ്ഞു.
‘ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിവരാം... ഒരു മിനിറ്റ്.' എന്റെ അനുവാദത്തിനു കാക്കാതെ സുമിത്ത് മുറിയിലേക്കു പോയി. എന്റെ ബാഗിനുള്ളിലെ വലിയ രഹസ്യങ്ങളുടെ കുഞ്ഞിക്കണ്ണിന് വല്ലാത്ത കനം വയ്‌ക്കുന്നതായി എനിക്ക് തോന്നി. കാറിനുള്ളിൽ കയറി എത്രയും വേഗം സ്‌ക്രീനിൽ കണക്ട് ചെയ്‌ത് അത് കാണണമെന്ന് കരുതിയതാണ്. അയാളുടെ രഹസ്യങ്ങളിലേക്കുള്ള ദൈർഘ്യം എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങി.
ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ
മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം, അത്ര നല്ലതല്ലെന്ന ഉത്തമബോധ്യം ഉണ്ടായിട്ടും ഞാനിത് ചെയ്യുവാൻ ധൈര്യപ്പെട്ടതിൽ ഞാൻ എന്നോട് തന്നെ നിരത്തുന്ന ചില വിശദീകരണങ്ങൾ ഉണ്ട്.
സുമിത്ത് ഇവിടേക്ക് സ്ഥലം മാറിവന്നിട്ട് ഒരു വർഷത്തോളം ആകുന്നേയുള്ളൂ. ഒരു തെക്കൻ എന്തിനാണ് ഇങ്ങ് വയനാട്ടിലേക്ക് കഷ്ടപ്പെട്ട് സ്ഥലംമാറ്റം ചോദിച്ചു വാങ്ങി വന്നതെന്ന ഞങ്ങളുടെ സംശയത്തിന്, ‘വയനാട് അത്രയ്‌ക്കും സുന്ദരമല്ലേ' എന്നായിരുന്നു അയാളുടെ മറുപടി. വളരെ ശാന്തവും സൗമ്യവുമായ പെരുമാറ്റം. കൃത്യമായ അകലം പാലിച്ചു മാത്രമുള്ള ഇടപെടൽ. പക്ഷെ കുടുംബത്തെക്കുറിച്ചോ മറ്റു സ്വകാര്യതകളെക്കുറിച്ചോ അയാൾ ആരോടും ഒന്നും പറഞ്ഞില്ല,നാൽപ്പതു വയസ്സിലും അവിവാഹിതനാണെന്നതൊഴികെ. അയാളെക്കുറിച്ച് ഓഫീസിൽ പലരും പലതും പറഞ്ഞുനടന്നു. അയാളൊരു ഗേ ആയിരിക്കുമെന്നും ചിലപ്പോൾ കടുത്ത പ്രണയനൈരാശ്യം ബാധിച്ചിട്ടുണ്ടാകാമെന്നും മറ്റുചിലപ്പോൾ രഹസ്യ കാമുകിമാരാരെങ്കിലും ഉണ്ടാകാമെന്നും, ഭീകരമായ ഏതെങ്കിലും അസുഖത്തിന് അടിമയാകാമെന്നും വരെ ആ കഥകൾ നീണ്ടു. പക്ഷെ അയാളെ അതൊന്നും ബാധിച്ചില്ല. അയാൾ എല്ലാവരോടും ചിരിച്ചു. വിനയത്തോടെ പെരുമാറി.
ഓഫീസിലേക്കുള്ള വഴിയിൽ ബസ് കാത്തുനിൽക്കുന്നത് കണ്ടാണ് ആദ്യമായി ഞാനയാളെ കാറിലേക്ക് ക്ഷണിച്ചത്.
‘കയറിക്കോളൂ സാർ, ഞാനും ഓഫീസിലേക്കാണ്' ആ ക്ഷണം അയാൾ സ്വീകരിച്ചു, ഒറ്റ നിബന്ധനയോടെ. ‘സാർ വിളി വേണ്ട.പേര് വിളിച്ചാൽ മതി. അതാണിഷ്ടം. പ്രായക്കുറവും കൂടുതലും ഒന്നും അതിന് പ്രശ്നമല്ല.’ അന്നുമുതൽ ഓഫീസിലേക്കും തിരിച്ച് അയാളുടെ സ്റ്റോപ്പ് വരെയും ഒന്നിച്ചായി യാത്ര.
വഴിക്കാഴ്‌ചകൾക്കും കോടമൂടിയ താഴ്‌വരകൾക്കും പതിവിലുമേറെ ചന്തമുണ്ടായിരുന്ന ഒരുദിവസമാണ് അയാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ഞാനാദ്യമായി ശ്രമിച്ചത്. സുമിത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് വഴിയരികിലേക്ക് കാർ ഒതുക്കിയത്. ആഴങ്ങളിലേക്ക് കുടഞ്ഞിട്ട കോടയുടെ പഞ്ഞി പുതപ്പിലേക്ക് പറന്നിറങ്ങാൻ കൊതിച്ച് അങ്ങനെ നിൽക്കുമ്പോൾ ഞാൻ തിരക്കി.
‘സുമിത്ത് എന്താണ് വിവാഹം കഴിക്കാത്തത്? എത്രനാളിങ്ങനെ ഒറ്റയ്‌ക്ക്...'
അതുകേട്ടയാൾ ഉറക്കെ ചിരിച്ചു. പിന്നെ മറ്റൊരു ചോദ്യംകൊണ്ട് എന്റെ വായടപ്പിച്ചു.
ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ
‘ഭർത്താവു മരിച്ചുപോയ സ്‌ത്രീകൾ ഒറ്റയ്‌ക്ക് എന്നുമിങ്ങനെ കഴിയാമോ?' ഞാൻ വിളറിവെളുക്കുന്നതു കണ്ടിട്ടാവും അയാൾ ആദ്യമായി എനിക്ക് മുന്നിൽ മനസ്സ് തുറന്നത്. പ്രാണന് തുല്യം സ്‌നേഹിച്ചിരുന്ന പ്രണയിനി അവരുടെ വിവാഹത്തിന് തലേന്നാൾ ഒരപകടത്തിൽ മരിച്ചുപോയി എന്നയാൾ പറഞ്ഞു. അയാളുടെ ഉള്ളിലെ ഉറഞ്ഞുപോയ സങ്കടത്തിന്റെ കോട എനിക്ക് മുമ്പിൽ ഉരുകിയിറങ്ങി. എനിക്ക് വല്ലാതെ സങ്കടം തോന്നി.
‘ശരിയാണ്. ചില മനുഷ്യരിൽ നിന്ന് അത്രപെട്ടെന്നൊന്നും ഇറങ്ങിപ്പോരാൻ നമുക്ക് കഴിയില്ല. അകലങ്ങളിലിരുന്നുകൊണ്ടുതന്നെ അവർ നമ്മളെ അനുഭവപ്പെടുത്തിക്കൊണ്ടേയിരിക്കും. മണമായി, കാറ്റായി, ചില നേർത്ത ശബ്ദങ്ങളായി, വെളിച്ചപ്പൊട്ടുകളായി...'
എന്റെ കണ്ണുകൾ നിറയുന്നത് അയാൾ കണ്ടിരുന്നു. ഒരു നിമിഷം അയാൾ എന്നെ ചേർത്തുപിടിച്ചു, കണ്ണുകളിൽ അമർത്തിച്ചുംബിച്ചു. ഒരു തളിരിലത്തണ്ടിനോളം നേർത്തുപോയ ആ നിമിഷത്തിൽ ഞാൻ അയാളിലേക്ക് ചാഞ്ഞു. ചുണ്ടുകളിലേക്ക് ഒരു ശലഭംപോലെ അയാൾ പറന്നിറങ്ങാൻ വെമ്പുന്നതു കണ്ട് കണ്ണുകൾ കൂമ്പിയടഞ്ഞുപോയ അതേ നിമിഷം പെട്ടെന്നയാൾ കൈകളയച്ച് പിന്നിലേക്ക് മാറി. വീണ്ടും പരസ്‌പരം അജ്ഞാതരായ രണ്ടു മനുഷ്യരെപ്പോലെ ഒന്നും മിണ്ടാതെ കോടയുടെ നിഗൂഢതകളിലേക്ക് നോക്കി ഞങ്ങൾ നിന്നു.
‘ആരഭീ... ഈ സന്ധ്യ ഞാൻ കടമിടുന്നു. ഓർമകളെ അതിജീവിക്കാൻ കഴിയുന്നൊരു ദിവസം നമുക്ക് രണ്ടുപേർക്കുമുണ്ടായാൽ അന്ന് തീർച്ചയായും ഞാനിതു വീട്ടിക്കൊള്ളാം.’ മടക്കയാത്രയിൽ അയാൾ മന്ത്രിച്ചു.
പിന്നീടൊരിക്കലും വിവാഹത്തെക്കുറിച്ച് ഞങ്ങൾ പരസ്‌പരം ഒന്നും സംസാരിച്ചിട്ടില്ല. ഒരുമിച്ചുള്ള യാത്രകളിൽ അയാൾ എനിക്കായി പഴയ ഹിന്ദി ഗാനങ്ങൾ പാടി. തമാശകൾ പറഞ്ഞു. സിനിമയെക്കുറിച്ചും സമകാലീന സംഭവങ്ങളെക്കുറിച്ചും ചർച്ചചെയ്‌തു. കഥകൾക്ക് ക്ഷാമമില്ലാത്ത സഹപ്രവർത്തകർ പുതിയ കഥകൾ ഉണ്ടാക്കി. ഞങ്ങൾ അതൊന്നും ഗൗനിച്ചതേയില്ല.
ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ
അങ്കിതയോടാണ് ഓഫീസിൽ എനിക്ക് കൂടുതൽ അടുപ്പമുണ്ടായിരുന്നത്. സംശയരോഗിയും മദ്യപാനിയുമായ ഭർത്താവിൽനിന്ന് വിവാഹമോചിതയായ അവൾ മകളോടൊത്ത് സമാധാനത്തോടെ കഴിയുന്നു.
അങ്കിതയാണ് സുമിത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വിവരങ്ങൾ എന്നോട് പറഞ്ഞത്. സുമിത്ത് ടൗണിൽനിന്ന് സാരിയും ചില ആഭരണങ്ങളും വാങ്ങുന്നത് കണ്ടുവെന്നും ആദ്യം കണ്ടപ്പോൾ ബന്ധുക്കൾക്കാർക്കെങ്കിലും ആകുമെന്നാണ് കരുതിയതെന്നും എന്നാൽ രണ്ടു മൂന്ന് പ്രാവശ്യം ഇതേ രീതിയിൽ അയാളെ കണ്ടിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നതിനിടയിൽ അവൾ ഓർമിപ്പിച്ചു.
‘നീ അയാളെ സൂക്ഷിക്കണം, ആരഭീ... വല്ലാത്ത ദുരൂഹത നിറഞ്ഞ ഒരു മനുഷ്യനാണയാൾ. അമ്മ മരിച്ചുപോയെന്നല്ലേ പറഞ്ഞത്? സഹോദരിമാരുമില്ല. ആകെയുള്ള രണ്ടു സഹോദരന്മാർ നാട്ടിൽ കുടുംബമായി കഴിയുന്നു. അപ്പോൾ പിന്നെ ഇതൊക്കെ ആർക്ക്? ഒന്നുകിൽ അയാൾക്കൊരു രഹസ്യഭാര്യയോ കാമുകിയോ ഉണ്ടാകും. തീർച്ചയായും അതിൽ ഒരു കുട്ടിയുമുണ്ടാകും. അയാൾ കളിപ്പാട്ടങ്ങൾ വാങ്ങുന്നതും മുല്ലപ്പൂ വാങ്ങുന്നതും ഞാൻ കണ്ടതാ. എന്തായാലും അയാളെ കുറിച്ച് പൂർണമായി അറിയാതെ ഇനി അധികം അടുപ്പത്തിന് പോകേണ്ട.’
തെളിവായി അയാളറിയാതെ അവളെടുത്ത ഫോട്ടോകൾ കൂടി എന്നെ കാണിച്ച് ബോധ്യപ്പെടുത്തി.
സുമിത്ത് എന്നോട് പറഞ്ഞ കഥകളൊന്നും കളവായിരിക്കരുതേയെന്നും അങ്കിതയുടെ ആരോപണങ്ങൾ ആർക്കും മെനയാവുന്ന കെട്ടുകഥകൾ മാത്രമായിരിക്കണേയെന്നും ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു.
സത്യം തിരഞ്ഞുപോകാനുള്ള വഴികൾ ആലോചിക്കുന്നതിനിടയിലാണ് സുഖമില്ലാത്തതിനാൽ രണ്ടു ദിവസം ലീവാണെന്നയാൾ വിളിച്ചുപറഞ്ഞത്. അസുഖവിവരം അന്വേഷിക്കുക എന്ന മറപറ്റി അയാളുടെ സ്വകാര്യതകളിലേക്ക് ഒരു മൂന്നാം കണ്ണ് തുറന്നുവയ്‌ക്കാൻ ഞാൻ തീരുമാനിച്ചത് അങ്ങനെയാണ്. സിറ്റി മുഴുവൻ തിരഞ്ഞാണ് അത് ഞാൻ കണ്ടെത്തിയത്.
ചുളിവുകൾ വീണ അയാളുടെ കിടക്കയിലെ വാടിക്കരിഞ്ഞ മുല്ലപ്പൂക്കൾ എന്റെ സ്വപ്‌നങ്ങളുടെ കല്ലറയ്‌ക്ക് മുകളിൽ ആരോ വിതറിയിട്ട മരിച്ച പൂക്കളെപ്പോലെ വീണ്ടും ഓർമയിൽ തെളിഞ്ഞു.
‘ഞാൻ റെഡി. പോകാം.' നിമിഷങ്ങൾക്കുള്ളിൽ പുതിയ ഡ്രെസ്സണിഞ്ഞ് അയാൾ മുന്നിൽ വന്നു നിന്നു. ഇന്നോളം സഞ്ചരിച്ച ഒരു യാത്രയും ഇത്രയും ദൈർഘ്യമുള്ളതായും വിരസമായും എനിക്കനുഭവപ്പെട്ടിട്ടില്ല. എത്രയും വേഗം അയാളെ ടൗണിൽ ഇറക്കണം. വീട്ടിലെത്തി രഹസ്യങ്ങളുടെ മൂന്നാം കണ്ണ് തുറക്കണം.
ഇരുളിനെ പുതഞ്ഞുനിന്ന കോടയുടെ കട്ടിപ്പുതപ്പ്, കാറിന്റെ മഞ്ഞവെളിച്ചത്തിൽ പകുത്ത് കീറിക്കൊണ്ട് ഞാനയാളെയും കൊണ്ട് ടൗണിലേക്ക് പറന്നു.
താഴ്‌വാരത്തിലേക്കുള്ള വളവു തിരിയുന്ന വശത്ത് കാർ ഒരൽപ്പം ഒതുക്കാമോയെന്ന് സുമിത്ത് ചോദിച്ചു. ആശങ്കയോടെ ഞാൻ കാർ ഒതുക്കി നിർത്തി. അയാൾ എന്നെ നോക്കി ചിരിച്ചു. ആ ചിരിയുടെ അർഥമെന്തെന്നു ഞാൻ ചിന്തിക്കുമ്പോഴേക്കും ‘ക്യാമറ ഈ സ്‌ക്രീനിൽ കണക്ട് ചെയ്യാമല്ലോ' എന്ന് ചോദിച്ചുകൊണ്ട് എന്റെ മടിയിലിട്ടിരുന്ന ബാഗ് പിടിച്ചെടുത്ത് അതിൽനിന്ന് രഹസ്യങ്ങളുടെ മൂന്നാം കണ്ണ് അയാൾ പുറത്തെടുത്ത് കാറിലെ സ്‌ക്രീനിൽ കണക്ട് ചെയ്‌ത് പ്ലേ ചെയ്‌തു. പ്രാചീനചരിത്രത്തിൽനിന്നിറങ്ങിവന്നൊരു ഗുഹാമനുഷ്യനെ പോലെ ഒന്നും മിണ്ടാനാകാതെ കണ്ണുമിഴിച്ചിരിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
സുമിത്തിന്റെ മുറി. അയാൾ കുളിച്ചു വരുന്നു. അലമാര തുറക്കുന്നു.അടുക്കിവച്ച പട്ടുസാരികളിൽ ഒന്നെടുത്ത് ഞൊറിഞ്ഞുടുക്കുന്നു! വാർമുടി കെട്ടി പൂമാല വയ്‌ക്കുന്നു! കണ്ണെഴുതി, പൊട്ടുകുത്തി, ആഭരണങ്ങൾ അണിഞ്ഞ് നിലക്കണ്ണാടിക്ക് മുമ്പിൽ സ്‌ത്രൈണഭാവത്തിൽ നൃത്തം വയ്‌ക്കുന്നു! ആ സ്‌ത്രീരൂപം അലമാരയുടെ രണ്ടാം പാളി തുറന്ന് അടുക്കിവച്ച കളിപ്പാട്ടങ്ങളിൽനിന്ന് സാമാന്യം വലിപ്പമുള്ള ഒരു പാവക്കുട്ടിയെ പുറത്തെടുക്കുന്നു! നെഞ്ചിൽ ചേർത്തുവയ്‌ക്കുന്നു! ഉമ്മകൾകൊണ്ട് മൂടുന്നു! പാട്ടുകൾ പാടുന്നു! അതിനെ കെട്ടിപ്പിടിച്ച് കട്ടിലിൽ വീണു മയങ്ങുന്നു!
ഭീതിദമായ ചില പകൽ സ്വപ്‌നങ്ങളിൽ ശ്വാസം വിടാനാകാതെയും നിലവിളിക്കാനാകാതെയും ഞാൻ ഉറഞ്ഞുപോകാറുണ്ട്. മുന്നിലെ സ്‌ക്രീനിലെ ആ അജ്ഞാത സുന്ദരിക്ക് മുമ്പിൽ അതുപോലെ ഞാൻ ഉറയാൻ തുടങ്ങി.
നിശ്ചേതനമായിരുന്ന എന്റെ കാതുകളിൽ സുമിത്തിന്റെ വാക്കുകൾ വീണു പൊള്ളി.
‘ഞാനൊരു സ്‌ത്രീയാണ് ആരഭീ. പക്ഷെ എനിക്ക് കിട്ടിയത് അപൂർണനായ ഒരു പുരുഷന്റെ ശരീരമാണ്. ലോകം മുഴുവൻ ആണായി എന്നെ കാണുന്നു. ഞാൻ മാത്രം എന്നെ ഞാനായി കാണുന്നു. എന്റെ സ്വത്വം പുരുഷനായി തന്നെ മറ്റുള്ളവർ അറിയാനാണ് ഞാനിഷ്ടപ്പെട്ടത്. അതിനായി നിന്നോട് ഞാൻ ചില കള്ളങ്ങൾ പറഞ്ഞിട്ടുമുണ്ട്. എനിക്കൊരിക്കലും നിനക്കൊരു ജീവിതം തരാൻ ആകില്ല. പക്ഷെ ഞാനൊരു പെണ്ണായി ജീവിക്കാൻ തീരുമാനിച്ചാൽ നീയുൾപ്പെടെയുള്ള സമൂഹം ചിരിച്ചുകൊണ്ട് ചിറി കോട്ടും. പാടിപ്പുകഴ്‌ത്തിക്കൊണ്ട് മറഞ്ഞിരുന്നു കല്ലെറിയും.
വേണ്ട. അങ്ങനെ പരിഹാസ്യയാകാൻ നിന്നുതരില്ല ഞാൻ. ആർക്കും ശല്യമാകാതിരിക്കാൻ, കുടുംബത്തിനും ബന്ധുക്കൾക്കും നാണക്കേടുണ്ടാക്കാതിരിക്കാൻ, ഓടിയൊളിക്കാനൊരിടം തേടി വന്നതാണ് ഞാൻ. പക്ഷെ, നീ... എന്റെ സ്വകാര്യതകളുടെ മഞ്ഞുകൊട്ടാരത്തെ നിന്റെ മൂന്നാംകണ്ണിന്റെ നീലവെളിച്ചത്തിൽ ഉരുക്കി കളഞ്ഞു. മറ്റാരുമറിയാതെ നാളിതുവരെ ഞാൻ കാത്തുവച്ച രഹസ്യം, അതിനി മറ്റൊരാൾ അറിയാനിടവരരുത്.’
അയാളുടെ കൈകൾ എന്റെ കഴുത്തിൽ അമരുന്ന തൊട്ടടുത്ത നിമിഷത്തിനായി ഞാൻ കണ്ണുകളടച്ചു കാത്തിരുന്നു. എന്നാൽ ക്യാമറയുമായി സുമിത്ത് പുറത്തിറങ്ങി. വലിയൊരു കല്ലുപൊക്കിയെടുത്ത് അത് തല്ലിത്തകർത്ത് കോടയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ആ കല്ലുമായി അയാൾ എനിക്കുനേരെ നടന്നടുക്കുന്നത് ഞാൻ കണ്ടു. ഇപ്പോൾ ആ കരിങ്കല്ല് എന്റെ തലയ്‌ക്ക് മുകളിൽ ഉയർന്നുതാഴുമെന്നെനിക്കറിയാം. മാപ്പർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്‌തതെന്ന് പൂർണമായ ബോധ്യം എനിക്കുണ്ടായിരുന്നതിനാൽ അയാൾ തരുന്ന ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ മനസ്സ് പാകപ്പെടുത്തി. അതിനു മുമ്പ് എനിക്കയാളോട് ചെയ്‌തത് തെറ്റാണെന്നു ഏറ്റുപറയണമെന്ന് തോന്നി.
കാറിനകത്തേക്കയാൾ തലനീട്ടി. ‘പേടിക്കേണ്ട. എനിക്കാരെയും കൊല്ലാൻ കഴിയില്ല, അറിയാം, ഓർമയുണ്ട്... കടം പറഞ്ഞൊരു സന്ധ്യയും അപൂർണമായ വാക്കും. ഈ ഓർമകളെ അതിജീവിക്കാൻ... പൂർണനാകാൻ എനിക്കൽപ്പം സമയം തരൂ.'
സുമിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആ ഇരുട്ടിലും ഞാൻ വ്യക്തമായി കണ്ടു. എന്റെ ചുണ്ടുകളിൽ വിരലുകൾകൊണ്ട് മൃദുവായി തഴുകി അയാൾ തിരിച്ചു നടന്നു. മറ്റെന്തെങ്കിലും ചിന്തകൾക്കിടം കിട്ടുംമുമ്പേ രഹസ്യങ്ങളുടെ മൂന്നാം കണ്ണ് പൊട്ടിച്ചു വലിച്ചെറിഞ്ഞ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് കോടയുടെ വെള്ളകീറിമുറിച്ചുകൊണ്ട് അയാൾ പറന്നിറങ്ങുന്നത് ഒന്ന് നിലവിളിക്കാൻ പോലുമാകാതെ ഞാൻ നോക്കിനിന്നു .











0 comments