ഹോർമുസിൽ കപ്പലിനുനേരെ അജ്ഞാതവസ്തുവിന്റെ ആക്രമണം; എണ്ണ ചോർച്ചയെന്ന് ആശങ്ക

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ അജ്ഞാതവസ്തുവിന്റെ ആക്രമണം. ഒമാൻ തീരത്താണ് സംഭവം. കപ്പലിന്റെ എൻജിൻ റൂമിന് കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) വ്യക്തമാക്കി.
കപ്പലിനെക്കുറിച്ചോ ചരക്കിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്ത് വസ്തുവിൽ നിന്നാണ് ആക്രമണമുണ്ടായതെന്നും സ്ഥിരീകരിക്കാനായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി ഒമാൻ തീരസംരക്ഷണ സേനയും യുകെഎംടിഒയും രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ ഹോർമുസിലൂടെയുള്ള ഇറാൻ കപ്പൽ ഗതാഗതത്തിനും ചരക്കുനീക്കത്തിനും അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. താത്കാലിക സമാധാനക്കരാർ കാലാവധി ഇന്നലെ (തിങ്കളാഴ്ച) അവസാനിച്ചതിനെ തുടർന്ന് മേഖലയിൽ യുദ്ധപ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
ഇറാൻ സ്വമേധയാ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ ഭീഷണി. എന്നാൽ തിരിച്ചടിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് ഇറാൻ. അമേരിക്ക ഇറാനുമായുള്ള വ്യവസ്ഥകൾ പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
മധ്യസ്ഥചർച്ചകൾക്കായി പശ്ചിമേഷ്യൻ രാജ്യങ്ങൾ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കപ്പലിന് നേരെ അജ്ഞാത ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ അസ്വാരസ്യങ്ങൾക്ക് ആക്കം കൂട്ടും എന്നാണ് വിലയിരുത്തുന്നത്.









0 comments