ad
Deshabhimani

"ഇഷ്ടം പോലെ ആളുകൾ വന്ന് കണ്ടുകാണുമെന്നേ"; എംഡിഎംഎ കേസ് പ്രതിയുമായുള്ള ബന്ധത്തിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

V D Satheesan MDMA Case Accused

എംഡിഎംഎ കേസ് പ്രതി മുഹമ്മദ്‌ ഹുസൈനൊപ്പം മുഖ്യമന്ത്രി വി ഡി സതീശൻ

വെബ് ഡെസ്ക്

Published on Aug 18, 2026, 06:29 PM | 1 min read

തിരുവനന്തപുരം: തന്റെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററായിരിക്കെ എംഡിഎംഎയുമായി അറസ്റ്റിലായ യൂത്ത്‌ കോൺഗ്രസ്‌ നേതാവുമായുള്ള ബന്ധത്തിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ്‌ ഹുസൈനെ മൂന്ന് വർഷം മുൻപ് മാത്രമാണ് പരിചയപ്പെട്ടതെന്ന പഴയ വാദത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.


ഏഴ്‌ ജില്ലയിൽ എംഡിഎംഎ മൊത്ത വിതരണക്കാരനായിരുന്ന പ്രതി സതീശനൊപ്പം നിൽക്കുന്ന 2021 മുതലുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ദീർഘകാലമായി സതീശനുമായി അടുപ്പമുണ്ടെന്ന് ഹുസൈന്റെ സോഷ്യൽമീഡിയ പോസ്റ്റുകളിൽനിന്നും വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോടാണ് മുഖ്യമന്ത്രി തൊടുന്യായം പറഞ്ഞ് ഒഴിവായത്.


"ഇഷ്ടം പോലെ ആളുകൾ വന്ന് കണ്ടുകാണുമെന്നേ. അതിനെന്താ കുഴപ്പം? ഞാൻ പരിചയപ്പെട്ടത് അന്നാണ്. അതൊക്കെ അന്ന് പറഞ്ഞുതീർത്തതാണ്."- എന്ന് മാത്രം പറഞ്ഞ് ചോദ്യത്തോട് കൂടുതൽ പ്രതികരിക്കാതെ. ചോദ്യത്തോട് ഒഴിഞ്ഞുമാറി.


മുഖ്യമന്ത്രിയും എംഡിഎംഎ കേസ് പ്രതിയുമായുള്ള ആത്മബന്ധം അരക്കിട്ടുറപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിലുണ്ട്. പ്രതി തന്നെയാണ് ഇവയൊക്കെയും പങ്കുവെച്ചതും.


ലാത്തിച്ചാർജിൽ മുഹമ്മദ്‌ ഹുസൈന്‌ പരിക്കേറ്റെന്നും ചികിത്സതേടിയെന്നും അതിനുശേഷം വീട്ടിലെത്തിയപ്പോഴാണ്‌ കണ്ടതെന്നും പിന്നീട്‌ മൂന്നോ, നാലോ തവണയാണ്‌ കണ്ടതെന്നുമായിരുന്നു സതീശൻ നേരത്തെ അവകാശപ്പെട്ടത്. എന്നാൽ ഇയാൾക്ക്‌ പരിക്കേറ്റതായോ ചികിത്സ തേടിയതായോ വാർത്ത വന്നിട്ടില്ല. നവകേരള സദസ്സിന്റെ ബസിന്‌ ഇയാൾ കരിങ്കൊടി കാണിക്കുന്ന ദൃശ്യമുണ്ട്‌. പൊലീസുകാർ തടയുന്നതോ മർദിക്കുന്നതോ ഇല്ല. അറസ്റ്റിനുശേഷം പൊലീസ്‌ വാഹനത്തിൽ നിൽക്കുന്നതിന്റെയും അതിൽനിന്നിറങ്ങിപ്പോകുന്നതിന്റെയും ദൃശ്യങ്ങളിലൊന്നിലും മർദനമേറ്റതിന്റെ ലാഞ്ചനയില്ല. ഇ‍ൗ വർഷവും നിരവധി തവണ സതീശന്റെ വസതിയിലും ഓഫീസിലും ഹുസൈൻ കൂടിക്കാഴ്‌ച നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്‌.


ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ്‌ കാസർകോട് കാലിക്കടവിൽ മുഹമ്മദ്‌ ഹുസൈനും അബ്‌ദുൾ സലാമും എംഡിഎംഎയുമായി പിടിയിലായത്‌. ഇവരെ നേരിൽ അറിയാമെന്ന്‌, നിവൃത്തികേടുകൊണ്ട്‌ സമ്മതിച്ച മുഖ്യമന്ത്രി, രക്ഷപ്പെടാനായി പറഞ്ഞ കള്ളമാണ്‌ തെളിവ്‌ പുറത്തുവന്നതോടെ പൊളിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home