ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ അടിയന്തര നടപടിവേണം; പ്രതിപക്ഷനേതാവ് വ്യോമയാന മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡുവിന് കത്തയച്ചു.
അവധിക്കാലവും ഗള്‍ഫ് രാജ്യങ്ങളിലെ സ്കൂളുകള്‍ തുറക്കുന്നതും മൂലം യാത്ര ആവശ്യമായിവരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. സാധാരണ നിരക്കിന്‍റെ അഞ്ചും ആറും മടങ്ങ് ഈടാക്കി വിമാനക്കമ്പനികള്‍ വന്‍തോതിലുള്ള അന്യായ ലാഭം നേടുകയാണ്.
സാധാരണ 6,000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ അമിതമായ നിരക്കിലാണ് ലഭിക്കുന്നത്. പല റൂട്ടുകളിലും ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്ക് 1,17,000 കടന്നിരിക്കുകയാണ്. ചില സന്ദര്‍ഭങ്ങളില്‍ ഇത് 1.5 ലക്ഷം രൂപ വരെ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അയല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം പ്രകടമാണ്. കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ 30,000 നിരക്കില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വലിയ വ്യത്യാസം കേരള-ഗള്‍ഫ് റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ സ്വീകരിക്കുന്ന നിരക്ക് നിര്‍ണ്ണയ രീതികളെക്കുറിച്ച് ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.
കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥയില്‍ പ്രവാസി സമൂഹത്തിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. സംസ്ഥാനത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ക്ഷേമത്തിന് അവര്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ട്. കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാ നെത്തുന്നവര്‍ യാത്രയ്ക്കായി വലിയ തോതില്‍ കടം വാങ്ങേണ്ടിവരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്.
പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഡി.ജി.സി.എയും അടിയന്തരമായി ഇടപെട്ട് വിമാന നിരക്കുകള്‍ കുറയ്ക്കുന്നതിനും കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്ന പരിഹാരം ഉണ്ടാക്കണം. സാധ്യമാകുന്നിടത്ത് ചാര്‍ട്ടേഡ് സര്‍വീസുകള്‍ ഉള്‍പ്പെടെ, ഏര്‍പ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.









0 comments