ചരിത്രത്തിൽ ആദ്യമായി പൊതുയോഗം മാറ്റിവെച്ച് ടാറ്റ സൺസ്; ഭിന്നത രൂക്ഷം

മുംബൈ: ടാറ്റ സൺസിന്റെ വാർഷിക പൊതുയോഗം 108 വർഷത്തെ ചരിത്രത്തിലാദ്യമായി മാറ്റിവെച്ചു. ക്വാറം തികയാത്തതിനാലാണ് 108–ാമത് വാർഷിക യോഗം മാറ്റിവെച്ചത്. ടാറ്റ സൺസിന്റെ 51.5 ശതമാനം ഓഹരികൾ കൈവശം വച്ചിരിക്കുന്ന സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് (SDTT), സർ രത്തൻ ടാറ്റ ട്രസ്റ്റ് (SRTT) എന്നിവയുടെ സംയുക്ത പ്രതിനിധി യോഗത്തിന് എത്തിയില്ല. രണ്ടരയ്‌ക്ക് തുടങ്ങേണ്ടിയിരുന്ന യോഗം മാറ്റിവെക്കുന്നതായി മൂന്ന് മണിയോടെ അറിയിക്കുകയായിരുന്നു.
സർ രത്തൻ ടാറ്റ ട്രസ്റ്റിന് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് മഹാരാഷ്ട്ര ചാരിറ്റി കമീഷണർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഭരണനിർവഹണം, സാമ്പത്തിക കാര്യങ്ങൾ എന്നിവയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനും വിലക്കുണ്ട്. ടാറ്റ സൺസിന്റെ നിയമാവലി പ്രകാരം, സംയുക്ത ട്രസ്റ്റ് പ്രതിനിധി ഉൾപ്പെടെ കുറഞ്ഞത് അഞ്ച് അംഗങ്ങൾ പങ്കെടുത്താൽ മാത്രമേ ക്വാറം പൂർത്തിയാകൂ.
ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ മൂന്നാമൂഴം തേടില്ലെന്നും കാലാവധിപൂർത്തിയാകുന്ന 2027 ഫെബ്രുവരിയിൽ സ്ഥാനമൊഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു. ടാറ്റ ഡിജിറ്റൽ, സെമികണ്ടക്ടർ നിർമ്മാണം, എയർ ഇന്ത്യ തുടങ്ങിയ പുതിയ ബിസിനസുകളിലെ മൂലധന വിനിയോഗത്തെക്കുറിച്ച് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയും ചന്ദ്രശേഖരനും തമ്മിൽ വിയോജിപ്പുകളുണ്ട്. ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഭിന്നത വർധിപ്പിച്ചു. ടാറ്റ സൺസ് ആസ്ഥാനമായ ദക്ഷിണ മുംബൈയിലെ ബോംബെ ഹൗസിൽ നിശ്‌ചയിച്ചിരുന്ന വാർഷിക പൊതുയോഗത്തിൽ ചന്ദ്രശേഖരൻ നേരിട്ടും നോയൽ ടാറ്റ ഉൾപ്പെടെയുള്ള മറ്റ് ഡയറക്ടർമാർ ഓണ്‍ലൈനിലും പങ്കെടുക്കാൻ ഒരുങ്ങിയിരുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയാണ് ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ്. 1917- ൽ വ്യാപാര സംരംഭമായാണ് സ്ഥാപിതമായത്. പ്രധാനമായും ടാറ്റ ഗ്രൂപ്പിന്റെ ലാഭത്തിന്റെ മേൽനോട്ടത്തിലും അവയെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ്. ടാറ്റാ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനികളിലെയും ഇന്ത്യയിലുടനീളമുള്ള ഭൂമി, തേയിലത്തോട്ടങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ എന്നിവയിലെയും ഓഹരി പങ്കാളിത്തത്തിന്റെ ഭൂരിഭാഗവും ടാറ്റാ സൺസിന്റെ ഉടമസ്ഥതയിലാണ്. ഈ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതത്തിൽ നിന്നാണ് ടാറ്റാ സൺസ് വരുമാനം നേടുന്നത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത ടാറ്റാ വ്യാപാരമുദ്രയും ഇവരുടെ ഉടമസ്ഥതയിലാണ്.









0 comments