ad
Deshabhimani

വായന

കമ്യൂണിസ്റ്റ് ധാർമികതയുടെ ജീവചരിത്രം

ബുക്ക്‌
avatar
ഡോ. അനിൽ ചേലേമ്പ്ര

Published on Jul 04, 2026, 10:45 AM | 8 min read


ഭാനുപ്രകാശ് എഴുതിയ ‘സഖാവ് പുഷ്പൻ’ എന്ന ജീവചരിത്രം പലതുകൊണ്ടും ശ്രദ്ധേയമാണ്. ജീവചരിത്രം എന്ന രചനാസങ്കേതത്തിന്റെ സാധ്യതകളെ ഈ കൃതി ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അക്ഷരാർഥത്തിൽ പുഷ്പന്റെ ശരീരം ഇരുപത്തിനാലാം വയസ്സിൽ നിശ്ചലമായി. ഇരുപത്തിനാല് വയസ്സിനുമുമ്പ് ഏതൊരു ചെറുപ്പക്കാരനെയുംപോലെ ഒരു സാമാന്യജീവിതമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന പൊലീസ് വെടിവെപ്പാണ് അദ്ദേഹത്തിന്റെ ശരീരത്തെ നിശ്ചലമാക്കിയത്. ഒരേ കിടപ്പിൽ അദ്ദേഹം മുപ്പത് വർഷം കിടന്നു. പുഷ്പനെ സ്‌നേഹിക്കുന്നവരും കമ്യൂണിസ്റ്റ് വിപ്ലവകാരികളും നിരന്തരം പുതുക്കുടി വീട്ടിലെത്തി. ഇടതടവില്ലാത്ത മനുഷ്യസാന്നിധ്യമായിരിക്കണം അദ്ദേഹത്തെ അതിജീവിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ അമ്പത്തിനാല് വയസ്സുവരെ ജീവിച്ച ഒരു സാമാന്യമനുഷ്യനുള്ള അനുഭവങ്ങളൊന്നും പുഷ്പനില്ല. അനന്യമായ ഒരനുഭവത്തിന്റെ തീക്ഷ്ണതയിൽ കത്തിയാളിയ ഒരു കൊള്ളിയാൻ ജീവിതം. അതിനെ മുൻനിർത്തി ഒരു ജീവചിത്രം എഴുതുക അത്ര എളുപ്പമല്ല. ആ വെല്ലുവിളിയാണ് ഭാനുപ്രകാശ് ഏറ്റെടുത്തത്.

പുഷ്പൻപുഷ്പൻ

അനുഭവങ്ങളുടെ ആധാരം ശരീരമാണല്ലോ. അത് നിശ്ചലമാകുമ്പോൾ അനുഭവങ്ങൾ റദ്ദ് ചെയ്യപ്പെടുന്നു. പുഷ്പന്റെയും അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരുടെയും ഓർമകൾ, പലതരം രേഖകൾ, അഭിമുഖങ്ങൾ എന്നിവയിലൂടെ ഭാനുപ്രകാശ് ഒരു ജീവിതം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. യാഥാർഥ്യവും ഭാവനയും ഇതിൽ കൂടിക്കുഴയുന്നുണ്ട്. യാഥാർഥ്യത്തിന് വിപരീതമാണ് ഭാവന എന്ന പതിവ് കാഴ്‌ചയിൽനിന്ന് വിട്ടുനിന്നാലേ ഭാനുപ്രകാശിന്റെ രചനാസങ്കേതത്തെ ഉൾക്കൊള്ളാനാവൂ. യാഥാർഥ്യത്തേക്കാൾ യഥാതഥമാണ് കഥയിലെ യാഥാർഥ്യം എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയണം. ലോകത്തെ മികച്ച ജീവചരിത്രങ്ങളെല്ലാം ഈ സംഘർഷത്തെ ക്രിയാത്മകമായി ഉൾക്കൊണ്ടിട്ടുണ്ട്.

കല്ലും മഴവില്ലുംപോലെ വസ്‌തുതകളും കഥകളും പരസ്‌പരം ചേരാത്തവിധം ഇടകലർന്നുവരുന്ന എഴുത്തുരൂപമാണ് ജീവചരിത്രമെന്ന് വെർജീനിയാ വുൾഫ് പറയുന്നുണ്ട്. വസ്‌തുതകളും ഭാവനയും തമ്മിലുള്ള ഉദ്ഗ്രഥനമല്ല അവ തമ്മിലുള്ള വൈരുധ്യമാണ് ജീവചരിത്രത്തിന്റെ കാതൽ എന്നാണ് വുൾഫിന്റെ അഭിപ്രായം. യഥാർഥത്തിൽ ജീവചരിത്രത്തിലെ ഭാവന ജീവചരിത്ര രചയിതാവിന്റെ സ്വതന്ത്രഭാവനയല്ല, അയാളുടെ വ്യാഖ്യാനമാണ്. ഈ വ്യാഖ്യാനത്തിലൂടെ മാത്രമേ ജീവചരിത്രത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തിയുടെ വ്യക്തിത്വത്തിലേക്ക് പ്രവേശിക്കാനാവൂ. ജീവചരിത്രത്തിലെ പല ഭാഗങ്ങളും നാടകീയമായാണ് രചയിതാവ് രേഖപ്പെടുത്തുന്നത്. ഒരുപക്ഷേ രംഗത്ത് അവതരിപ്പിച്ചാൽ മികച്ച നാടകമാകാവുന്ന രംഗങ്ങൾ ജീവചരിത്രത്തിന്റെ ലക്ഷണമാണ്. പുഷ്പന്റെ ജീവചരിത്രത്തിൽ കെ വി സുധീഷിന്റെ കൊലപാതകം നടക്കുന്ന സന്ദർഭത്തെ വിവരിക്കുന്നുണ്ട്. വാസ്‌തവത്തിൽ പുഷ്പനും സുധീഷും തമ്മിൽ വ്യക്തിപരമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ സുധീഷിന്റെ കൊലപാതകം പുഷ്പനെ വല്ലാതെ നടുക്കിയ ഒരു സംഭവമായിരുന്നു എന്ന് ജീവചരിത്രകാരന് മനസ്സിലാക്കാൻ കഴിഞ്ഞു. മാത്രമല്ല, രക്തസാക്ഷിയായിത്തീർന്ന സുധീഷിനേയും മരണത്തെ മുന്നിൽക്കണ്ട് പതിറ്റാണ്ടുകളായി ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി’ക്കഴിയേണ്ടിവന്ന പുഷ്പനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തീക്ഷ്ണമായ കമ്യൂണിസ്റ്റ് വിപ്ലവബോധത്തിന്റെ അദൃശ്യമായ പാരസ്‌പര്യത്തെ അവതരിപ്പിക്കുകയാണ് ജീവചരിത്രകാരന്റെ ലക്ഷ്യം. ഇവിടെ ജീവചരിത്രം ഒറ്റ ജീവിതത്തെക്കവിഞ്ഞുപോകുകയും ഒരു ജീവിതദർശനത്തിന്റെ ചരിത്രമായിത്തീരുകയും ചെയ്യുന്നു. സുധീഷിന്റെ കൊലപാതകത്തെ ഒരു വിവരണമായല്ല ഗ്രന്ഥകർത്താവ് അവതരിപ്പിച്ചിട്ടുള്ളത്. പഠിക്കുന്ന കാലത്ത് കെഎസ്‌യു നേതാവായിരുന്ന സുരേഷ്‌ കുമാറിന്റെ കല്യാണത്തലേന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തുന്ന സുധീഷിനെ ഭാനുപ്രകാശ് അവതരിപ്പിക്കുന്നത് നാടകീയമായാണ്. വ്യത്യസ്‌ത രാഷ്‌ട്രീയാശയങ്ങൾ പുലർത്തുമ്പോഴും ഇരുവരും ആത്മാർഥ സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദത്തിന്റെ ഊഷ്മളത അത്രമേൽ ഹൃദയസ്‌പർശിയായാണ് ഗ്രന്ഥകർത്താവ് ആവിഷ്‌കരിച്ചിരിക്കുന്നത്. രാത്രി കല്യാണവീട്ടിൽനിന്നിറങ്ങിപ്പോയ സുധീഷിനെക്കാത്തിരുന്നത് അതിനിഷ്ഠുരമായ അതിക്രമമായിരുന്നു. ആർഎസ്എസുകാരുടെ വെട്ടേറ്റ് നുറുങ്ങിയ ആ ശരീരം കാണാൻ പുഷ്പൻ എന്തുകൊണ്ടോ പോയില്ല. പിറ്റേന്ന് ആ രക്തസാക്ഷിയുടെ ചിത കത്തിയൊടുങ്ങുന്നത് ദൂരെനിന്ന് നോക്കുകമാത്രമാണ് ചെയ്‌തത്. ആഴ്‌ചകൾക്കുശേഷം സുധീഷിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് അദ്ദേഹം കൂട്ടുകാർക്കൊപ്പം പോകുന്നുണ്ട്. പക്ഷേ അവിടെ അധികനേരം തങ്ങാൻ കഴിയാത്തതുകൊണ്ട് വേഗം മടങ്ങി. “അടച്ചിട്ട വീടിന്റെ മുന്നിലെ ദുഃഖഭരിതമായ മൂകതയിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. മേനപ്രത്തെ സഖാക്കളോടൊപ്പം പുഷ്പൻ അവിടെനിന്ന് ഹൃദയഭാരത്തോടെ മടങ്ങി. തിരിച്ച് കൂത്തുപറമ്പിലേക്ക് നടക്കുമ്പോഴും പുഷ്പന്റെ കൺമുന്നിൽ ഒരിക്കലും നേരിൽ കാണാനാവാതെ പോയ ആ പോരാട്ടവീര്യത്തിന്റെ തീപാറും പ്രസംഗത്തിൽ ജ്വലിക്കുന്ന മുഖമായിരുന്നു. മൂടിയ ചിതയ്‌ക്കകത്ത് ചാരമാകാൻ കൂട്ടാക്കാത്ത കനലുപോലെ ആ മുഖം പുഷ്പനെ പിന്തുടർന്നു.” അതിമനോഹരമായ ഒരു നോവൽ ഭാഗത്തെ ഓർമിപ്പിക്കുന്നതാണ് ഈ പ്രകരണം. തീർച്ചയായും ഇതിൽ രചയിതാവിന്റെ ഭാവനയുണ്ട്. പക്ഷെ ആ ഭാവന വസ്‌തുതാപരമായ യാഥാർഥ്യത്തേക്കാൾ ഉയർന്ന തരത്തിലുള്ള സത്യത്തെയാണ് ആവിഷ്‌കരിക്കുന്നത്. എഴുതപ്പെടുന്നയാളുടെ ജീവിതത്തിലെ സംഭവങ്ങളെ വസ്‌തുതാപരമായി വിവരിക്കുന്നതല്ല ജീവചരിത്രം. മറിച്ച് അത് അയാളുടെ മനോനിലകളെ കണ്ടെടുക്കലാണ്. എഴുതപ്പെടുന്നയാളുടെ മനസ്സിലേക്കുള്ള സഞ്ചാരമാണ് ജീവചരിത്രമെങ്കിൽ അതിൽ എഴുതുന്നയാളുടെ ഭാവനയ്‌ക്കും അതുവഴിയുള്ള വ്യാഖ്യാനത്തിനും പ്രധാന പങ്കുണ്ടെന്ന് അംഗീകരിക്കേണ്ടിവരും.

ഭാനുപ്രകാശ്ഭാനുപ്രകാശ്

യൂറോപ്പിൽ മധ്യകാലത്ത് എഴുതപ്പെട്ട നാൾവഴിപ്പുസ്തകങ്ങൾ സംഭവങ്ങൾക്കും പ്രവൃത്തികൾക്കുമാണ് പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ ജയിംസ് ബോസ് വെല്ലിന്റെ കാലംമുതൽ ജീവചരിത്രങ്ങൾ വ്യക്തിത്വത്തിനും വ്യക്തിബന്ധങ്ങൾക്കുമാണ് ഊന്നൽ നൽകിയത്. സാമുവൽ ജോൺസന്റെ ജീവചരിത്രരചനയിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് ജയിംസ് ബോസ് വെൽ. 1791‐ലാണ് ഈ ജീവചരിത്രം രചിച്ചത്. വിക്ടോറിയൻ കാലഘട്ടത്തിൽ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചവരുടെ ജീവചരിത്രങ്ങൾ മാത്രമേ പുരസ്‌കരിക്കപ്പെട്ടുള്ളൂ. എന്നാൽ ആധുനികതയുടെ സന്ദർഭത്തിൽ വസ്‌തുതകളെയും വ്യക്തിയുടെ വൈകാരികതയേയും സന്തുലനം ചെയ്‌തുകൊണ്ടാണ് ജീവചരിത്രമെഴുതേണ്ടതെന്ന് സ്ഥാപിക്കപ്പെട്ടു. അതായത് വ്യക്തിയുടെ ആന്തരികജീവിതത്തിലേക്ക് കയറിച്ചെല്ലാൻ ജീവചരിത്രങ്ങൾക്ക് കഴിയണം എന്നതായിരുന്നു മാറിയ സങ്കൽപ്പം. ജീവചരിത്രം കഥയ്‌ക്കും വസ്‌തുതാവിവരണത്തിനും ഇടയ്‌ക്ക് കടന്നുവരുന്ന ജനുസ്സാണ്. ഒരർഥത്തിൽ ജീവചരിത്രത്തിലൂടെയാണ് ഒരാളുടെ ജീവിതം ഉണ്ടായിവരുന്നതെന്നും പറയാം. എന്നാൽ ഒരു ജീവചരിത്രത്തിനും പൂർണമായി ഒരു ജീവിതത്തെ ആവിഷ്‌കരിക്കാനാവില്ല. പുഷ്പന്റെ ജീവചരിത്രത്തിൽ നിരവധി ചരിത്രവസ്‌തുതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലുമുള്ള പ്രധാന രാഷ്‌ട്രീയചലനങ്ങളോട് ഇഴപിരിച്ചാണ് പുഷ്പന്റെ ജീവിതം നെയ്‌തെടുക്കുന്നത്.

സ്‌കൂൾ പഠിപ്പ് അവസാനിപ്പിച്ച് നെല്ലിക്കണ്ടി കണാരന്റെ പീടികയിൽ പുഷ്പൻ സഹായത്തിന് പോയി എന്നത് മാത്രമാണ് വസ്‌തുത. പുഷ്പന്റെ തീരുമാനത്തേയും ജോലിയിൽ പ്രവേശിച്ചതിനേയും തീർത്തും നാടകീയമായാണ് ഗ്രന്ഥകർത്താവ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ അവതരണത്തിൽനിന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ നിരവധി വശങ്ങൾ തുറന്നുകിട്ടും. അതാണ് ജീവചരിത്രത്തിലെ ഭാവനാംശത്തിന്റെ പ്രത്യേകത. പാർടിക്കുവേണ്ടി ഒളിവിൽ പ്രവർത്തിക്കുന്നതും അക്കാര്യത്തിൽ പുഷ്പൻ പുലർത്തുന്ന സത്യസന്ധതയും വെളിപ്പെടുത്താനാണ് ജീവചരിത്രകാരൻ ചില സന്ദർഭങ്ങൾ ഭാവനയിൽ നെയ്‌തെടുക്കുന്നത്. രാഷ്‌ട്രീയ ചലനങ്ങളും പുഷ്പന്റെ വ്യക്തിത്വവും മാത്രമല്ല, വടക്കൻ കേരളത്തിന്റെ സാംസ്‌കാരികമായ സവിശേഷതകളും ഭാനുപ്രകാശ് ഒരു ക്യാമറയിലെന്നവണ്ണം പകർത്തിയെടുക്കുന്നുണ്ട്. “അക്കാലത്ത് കടവത്തൂർ ഭാഗങ്ങളിൽ വർഷത്തിലൊരിക്കൽ സർക്കസ് ടെന്റുകളുയരും. ജമിനി, ഗ്രേറ്റ് ഇന്ത്യൻ, ജംബോ പോലുള്ള വലിയ സർക്കസ്സൊന്നുമല്ല, ഒരാനയും ഒരു കുതിരയും എട്ടോ പത്തോ മനുഷ്യരുമുള്ള ചെറിയതരം സർക്കസ്സുകൾ. ഇത്തരം സർക്കസ്സുകളിൽപ്പോലും അമ്പരപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന കാഴ്‌ചകളുണ്ടാവും. ടിക്കറ്റൊന്നിന് ഒരു രൂപയാണ്. ആണ്ടിപ്പീടികയിൽ ജോലിയുള്ളതുകൊണ്ട് മെഹ്റൂഫിനും ടിക്കറ്റെടുക്കുന്നത് പുഷ്പനാണ്. കണാരേട്ടനോട് സർക്കസ് കാണാനാണെന്ന് പറഞ്ഞ് നേരത്തെ ഇറങ്ങും. ആറുമണിക്കുള്ള ഷോ തുടങ്ങുംമുമ്പേ പുഷ്പനും മെഹ്റൂഫും കടവത്തൂരിൽ നടന്നെത്തിയിട്ടുണ്ടാവും. എട്ടും പത്തും തവണ ഒരേ സർക്കസ്സുതന്നെ പുഷ്പൻ കാണും.” ഈ വിവരണം പുഷ്പന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ടതല്ല. അക്കാലത്ത് ഒരു ഉൾനാടൻ പ്രദേശത്ത് ജനിച്ച എല്ലാവരുടേയും ആത്മകഥയാണ്. അതായത്, ജീവചരിത്രം ഒരു കാലത്തിന്റെ ചരിത്രവസ്‌തുതകളും ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന്റെ മിഴിവുറ്റ ചിത്രവും വായനക്കാരുടെ ആത്മകഥാംശവും ഇടകലർന്നുവരുന്നതാണെന്ന് പറയാം.

ബുക്ക്‌

ഈ ജീവചരിത്രത്തിലുടനീളം ഒരു സമൂഹം ഇരമ്പുന്നത് കാണാം. കൂത്തുപറമ്പ് വെടിവെപ്പിൽ നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായ പുഷ്പൻ പിന്നീട് ഒരു മനുഷ്യനായല്ല, ഒരു സമൂഹമായാണ് ജീവിച്ചത്. തങ്ങളുടെ സഖാവിന്റെ ജീവൻ രക്ഷിക്കാനും അദ്ദേഹത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനും അവർ നടത്തുന്ന ശ്രമങ്ങൾ വായനക്കാരെ അമ്പരപ്പിക്കും. മനുഷ്യരിലും പ്രസ്ഥാനങ്ങളിലുമുള്ള പ്രതീക്ഷയെ ജാജ്വല്യമാക്കുന്ന തരത്തിലാണ് ഈ ഭാഗം എഴുതിയിട്ടുള്ളത്. ‘ഞാനറിയാത്ത ആയിരങ്ങളുമായി നീ എനിക്ക് ബന്ധം തന്നു’ എന്ന് നെരൂദ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് പറഞ്ഞത് പുഷ്പന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയായിരുന്നു. കൂത്തുപറമ്പിൽ വെടിയേറ്റുവീണ പുഷ്പനെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോൾ വഴിയിലുടനീളം തടസ്സമായിരുന്നു. വെടിവെപ്പിനോടുള്ള പ്രതിഷേധ സൂചകമായി പ്രഖ്യാപിച്ച ഹർത്താലായിരുന്നു അതിന് കാരണം. എന്നാൽ പുഷ്പന്റെ ആംബുലൻസിന് ഒന്നും തടസ്സമായില്ല. അടഞ്ഞുകിടന്ന റെയിൽവേ ഗേറ്റ് പോലും തുറന്നുകൊടുക്കാൻ ഗേറ്റ് കീപ്പർ തയ്യാറായി. ഹോസ്‌പിറ്റലിൽ പുഷ്പനെക്കാത്ത് പാർടിയുടെ സമുന്നത നേതാക്കളെല്ലാമുണ്ടായിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ ഒരു സംഘം പുഷ്പന് അത്രമേൽ കരുതൽ നൽകി. പുഷ്പൻ ഒരിക്കലും ഒറ്റയ്‌ക്കായിരുന്നില്ല. വെടിയേറ്റ് വീണ നിമിഷംമുതൽ മരണംവരെ അദ്ദേഹം മനുഷ്യർക്കിടയിലായിരുന്നു. യാതനാപൂർണമായ ദിനങ്ങളെ അദ്ദേഹം മറികടന്നത് മനുഷ്യർ നൽകിയ ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ്. അപകടനില തരണംചെയ്‌തുകഴിഞ്ഞപ്പോഴാണ് ഇനി ഒരിക്കലും പഴയപോലെ നടക്കാൻ കഴിയില്ലെന്ന യാഥാർഥ്യം ഡോക്ടർമാർ പറയുന്നത്. അതിന് ലോകത്ത് എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ആ വഴി പോകാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഖാക്കളും തയ്യാറായിരുന്നു. അവർ അതിനായി ആധുനിക ചികിത്സമുതൽ നാട്ടുവൈദ്യംവരെ എല്ലാ വഴികളും തേടി. ഭാനുപ്രകാശ് എഴുതുന്നു: “ഇതിനിടയിൽ വയനാട്ടിലെ ഒരു നാട്ടുവൈദ്യനെക്കൊണ്ട് ചികിത്സിപ്പിക്കാൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. അതിനായി വൈദ്യരെ മേനപ്രത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചികിത്സയ്‌ക്കായി പ്രത്യേകം ഓലപ്പുരയുണ്ടാക്കി. പച്ചമരുന്നുകൾ പലയിടത്തുനിന്നായി ഡിവൈഎഫ്ഐ പ്രവർത്തകർ തേടിപ്പിടിച്ചു. പ്രഭാതത്തിലെ ചികിത്സ മൂന്ന് മണിക്കൂറെടുക്കും. പിന്നെ വിശ്രമമാണ്. വൈകിട്ട് മൂന്നരയ്‌ക്ക് വീണ്ടും തുടരും. ഒന്നരമണിക്കൂർ കഴിയുമ്പോൾ അവസാനിക്കും. കിഴിയും ധാരയും ലേപനവും ഉഴിച്ചിലുമൊക്കെയായി ഒരു മാസം. പഥ്യങ്ങളുമേറെയായിരുന്നു. പാൽക്കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം. കഷായം കുടിക്കാൻ പ്രയാസമില്ലെങ്കിലും പാൽക്കഞ്ഞി പുഷ്പന് ഇഷ്ടമല്ല. സാധാരണ കഞ്ഞി മതിയെന്ന പുഷ്പന്റെ താൽപ്പര്യത്തിനനുസരിച്ചായിരുന്നു ഭക്ഷണം നൽകിയത്. ആ ചികിത്സാകാലത്തും പുഷ്പനുവേണ്ടി കയ്യും മെയ്യും മറന്ന് പണിയെടുക്കാൻ പാർടി പ്രവർത്തകർ തയ്യാറുണ്ടായിരുന്നു. ആയുർവേദമായാലും അലോപ്പതിയായാലും പുഷ്പൻ എഴുന്നേറ്റ് നടക്കണമെന്ന് മാത്രമാണ് അവർ ആഗ്രഹിച്ചത്. അതിനുവേണ്ടി മാത്രമാണ് വീട്ടിലായാലും ആശുപത്രിയിലായാലും അവർ ഉറക്കമിളച്ച് കൂട്ടിരുന്നത്. ചികിത്സയുടെ കനത്ത സാമ്പത്തിക ബാധ്യതകളെല്ലാം പാർടിയും ഡിവൈഎഫ്ഐയുമാണ് വഹിച്ചത്.”

മനുഷ്യൻ സാമൂഹ്യബന്ധങ്ങളുടെ ആകത്തുകയാണെന്നത് മാർക്‌സിന്റെ വളരെ പ്രസിദ്ധമായ നിരീക്ഷണമാണല്ലോ. പുഷ്പന്റെ ജീവിതം അതിന്റെ നേർസാക്ഷ്യമാണ്. ഭരണകൂടം പുഷ്പന്റെ ശരീരത്തെ ചിതറിത്തെറിപ്പിച്ചപ്പോൾ സഖാക്കൾ അതിൽ ജീവന്റെ നാമ്പുകൾ ഉണ്ടാകുന്നതിന് സാക്ഷിയാകാൻ ഉറക്കമിളച്ച് കാത്തിരുന്നു. അതിനാൽ പുഷ്പനെ സംരക്ഷിക്കുക, അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഭരണകൂട താൽപ്പര്യത്തിനെതിരെയുള്ള സമരം തന്നെയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ധാർമിക വിജയമാണ് പുഷ്പന്റെ ശിഷ്ടജീവിതം. അത് വൈദ്യശാസ്‌ത്രത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്ന് ഭാനുപ്രകാശ് അടിവരയിട്ട് പറയുന്നു. ഭരണകൂടത്തിന്റെ എല്ലാ ശാസനകളും പ്രവർത്തിക്കുന്നത് പൗരശരീരത്തിലാണ്. ഭരണകൂടത്തിന്റെ ശിക്ഷയും ശിക്ഷണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടതാണ് പൗരശരീരം എന്നതാണ് ആധുനികതയുടെ അനുഭവം. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അതിന്റെ എല്ലാ വാചാടോപങ്ങളും മൂലധനസ്വാതന്ത്ര്യത്തിന്റെ അതിർത്തി ലംഘിക്കുന്നതുവരെ മാത്രമേ കാണൂ. സ്വാശ്രയ കോളേജുകൾക്കെതിരായ സമരം മൂലധനതാൽപ്പര്യങ്ങൾക്കെതിരായ സമരമായിരുന്നു. ഒരുതരത്തിലും അത് വച്ചുപൊറുപ്പിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഭരണകൂടം അതിന്റെ വിശ്വരൂപം പുറത്തെടുത്ത് ഉറഞ്ഞുതുള്ളിയത്. മനുഷ്യശരീരത്തിന്റെ നിസ്സഹായമായ ഏതൊരവസ്ഥയും സാമൂഹികമായിക്കൂടി നിർണയിക്കപ്പെടുന്നതാണെന്ന കാര്യം നാം പലപ്പോഴും മനസ്സിലാക്കാറില്ല. വ്യക്തിവാദം മുമ്പൊന്നുമില്ലാത്തവിധം ശക്തിപ്പെട്ട് വരികയാണ്. എന്റെ സൗഭാഗ്യങ്ങൾക്കും നിർഭാഗ്യങ്ങൾക്കും ഞാൻ തന്നെയാണ് ഉത്തരവാദിയെന്ന് കമ്പോളവും മൂലധനവും നിരന്തരം ഓർമിപ്പിക്കുന്നു. രക്ഷപ്പെടാൻ എല്ലാത്തരം കുറുക്കുവഴികളും അന്വേഷിച്ചിട്ടും പരാജയപ്പെടുമ്പോഴാണ് മനുഷ്യർ ആത്മഹത്യ ചെയ്യുന്നത്. വ്യക്തിവാദത്തിന്റെ ഏറ്റവും ഉയർന്ന പ്രകടനമാണ് ആത്മഹത്യ. ഈ പ്രവണതകളെല്ലാം അനുദിനം വർധിച്ചുവരുന്ന കേരളമെന്ന ഉപഭോഗസമൂഹത്തിന്റെ മുന്നിൽ പ്രതീക്ഷയുടേയും മാനവികതയുടേയും സാമൂഹ്യമായ കരുതലിന്റേയും നിത്യസ്മാരകമായി പുഷ്പന്റെ ജീവിതം അടയാളപ്പെടും.

പുഷ്പൻപുഷ്പൻ

ഈ കൃതിയിൽ ഒരധ്യായം അവസാനിക്കുന്നത് ഇങ്ങനെയാണ്: അലെയ്ഡ (ചെഗുവേരയുടെ മകൾ) മാത്രമല്ല രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ പുഷ്പനെ കാണാനായി മേനപ്രത്തെ വീട്ടിലേക്ക് വന്നു. സാധാരണക്കാർ മുതൽ ദേശീയ നേതാക്കൾവരെ. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, സീതാറാം യെച്ചൂരി, സുനിത് ചോപ്ര, സുധ സുന്ദർ രാമൻ, കല്ലോൽ റോയ്, റിതബ്രതാ ബാനർജി, ശൈലേന്ദ്ര കാംബ്ലെ, തപൻ സിൻഹ തുടങ്ങി എത്രയെത്ര പേർ... പുഷ്പനെ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ ശബ്ദം കേൾക്കാത്ത ഒരു പുലരിപോലും മേനപ്രത്ത് പുലർന്നില്ല. പുഷ്പനിലൂടെ രാജ്യത്തിന്റെ അതിർത്തിയും കടന്ന് മേനപ്രവും അറിയപ്പെട്ടുതുടങ്ങി. ജീവിതംകൊണ്ട് ചരിത്രമെഴുതിയ സഖാവിന് ഉപഹാരങ്ങൾ നൽകിയും അഭിവാദ്യങ്ങൾ നേർന്നും വന്നവരെല്ലാം മടങ്ങുമ്പോൾ പുഷ്പൻ കൂടുതൽ കൂടുതൽ ഊർജസ്വലനാകുന്നത്, കരുത്താർജിക്കുന്നത് കാണാമായിരുന്നു. തന്നെ കാണാനെത്തുന്നവരുമായുള്ള ഇടപഴകൽ അതിജീവനത്തിന്റെ സിദ്ധൗഷധം പോലെയായിരുന്നു പുഷ്പന്.” മനുഷ്യരെ ചേർത്തുപിടിക്കുമ്പോഴാണ് നാം എല്ലാ പരാധീനതകളേയും മറികടക്കുന്നത്. ചേർത്തുനിർത്തുക എന്ന അർഥത്തിലുള്ള ‘ധൃ’ എന്ന ധാതുവിൽനിന്നാണ് ധർമം എന്ന വാക്ക് ഉണ്ടാകുന്നത്.

ധർമത്തെക്കുറിച്ചാണല്ലോ ഇന്ന് നമ്മുടെ സമൂഹം ചർച്ച ചെയ്യുന്നത്. സനാതനധർമത്തെ എല്ലാറ്റിനും മുകളിൽ സ്ഥാപിക്കാനാണ് ശ്രമം. സനാതനധർമം എന്നത് വർണാശ്രമധർമമല്ലാതെ മറ്റൊന്നുമല്ല. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തിലെ പൗരരെ ചേർത്ത് നിർത്തേണ്ടത് ജാതിധർമമല്ല എന്ന് നമ്മുടെ ഭരണഘടനതന്നെ ഓർമിപ്പിക്കുന്നു. ഏതൊരു സമൂഹത്തിലും അറിവിനും രാഷ്‌ട്രീയത്തിനും മുന്നോടിയായി വരുന്നത് ധാർമികതയാണെന്ന് ലെവിനാസ് പറയും. ഇക്കാര്യം തന്നെയാണ് അംബേദ്ക്കറും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ ബ്രാഹ്മണർക്ക് ധാരാളം അറിവുണ്ടായിരുന്നു, പക്ഷെ അതിന് മുന്നോടിയായി ഉണ്ടാവേണ്ട ധാർമികതയിൽ അവർ വിശ്വസിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ അറിവ് ചൂഷണത്തിനുള്ള ഉപാധിയായി മാറി. ഒരു വ്യക്തിക്ക് സമൂഹത്തിലെ മറ്റുള്ളവരോടുള്ള ഉത്തരവാദിത്വമെന്തെന്നതിനെക്കുറിച്ച് ആ സമൂഹം പുലർത്തുന്ന ധാരണയാണ് ധാർമികത. ചിന്തിക്കുന്ന ജീവിയാണ് മനുഷ്യൻ എന്നതിനെ ധാർമികതയുള്ള ജീവിയാണ് മനുഷ്യൻ എന്ന് ലെവിനാസ് തിരുത്തുന്നു. നമ്മുടെ മുന്നിൽ നാം കാണുന്ന ഒരു മുഖം യഥാർഥത്തിൽ കേവലമായ ഒരു മുഖമല്ല, അത് ദുർബലനോ ദുർബലയോ ആയ അപരത്തിന്റെ സാന്നിധ്യമാണ്. ഇക്കാര്യം തിരിച്ചറിയുന്ന ഒരു സമൂഹത്തിൽ മാത്രമേ ധാർമികത പുലരുന്നുണ്ടെന്ന് പറയാനാവൂ. യഥാർഥത്തിൽ മറ്റുള്ളവരോടുള്ള നമ്മുടെ ഉത്തരവാദിത്വം അതിരുകവിഞ്ഞതാണ്. മാത്രമല്ല മറ്റൊരാൾ എന്നോട് പുലർത്തുന്ന ഉത്തരവാദിത്വത്തേക്കാൾ അധികമായ ഉത്തരവാദിത്വം എനിക്ക് അയാളോടുണ്ടെന്ന് കരുതുന്ന സമൂഹത്തിൽ മാത്രമേ നീതി പുലരൂ എന്ന് ലെവിനാസ് പറയുന്നുണ്ട്. ഈ ധാർമികതയിലാണ് അറിവും രാഷ്‌ട്രീയവുമെല്ലാം അവയുടെ അസ്‌തിവാരമുറപ്പിക്കേണ്ടത്. പുഷ്പനെയും സഖാക്കളേയും വെടിവച്ച ഭരണകൂടം ധാർമികതയില്ലാത്ത രാഷ്‌ട്രീയത്തിന്റെ നിദർശനമാണ്. എന്നാൽ അപരത്തിൽനിന്ന് ഒന്നും തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും ഭരണകൂടം തകർത്ത ഒരു ശരീരത്തിന് കാവലിരുന്ന് അതിൽ ജീവന്റെ നാമ്പുകൾ വിരിയിച്ച സാഹോദര്യത്തിന്റെ പര്യായമാണ് ധാർമികത. സനാതനധർമം തുടങ്ങിയ ജടിലോക്തികൾ മുഴങ്ങുന്ന ഒരു സമൂഹത്തിൽ യഥാർഥ ധാർമികതയെക്കുറിച്ചുള്ള പാഠങ്ങൾ പകർന്നുതന്ന അനുഭവമാണ് പുഷ്പന്റെ ജീവിതത്തിൽനിന്ന് പൊതുസമൂഹത്തിന് ലഭിക്കാനുള്ളത്. ഈ ധാർമികത കൈമോശം വരാതെ സൂക്ഷിക്കുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുതലാളിത്താനന്തരകാലത്തും അതിജീവിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പാർലമെന്ററി രാഷ്‌ട്രീയത്തിനപ്പുറം ദൈനംദിനത്തിൽ പുലർത്തുന്ന ധാർമികമായ ഈ ജാഗ്രതയെ ഭാനുപ്രകാശ് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ജീവനറ്റതോ പാതിജീവൻ മാത്രം അവശേഷിച്ചതോ ആയ ശരീരം ഉപേക്ഷിക്കപ്പെടേണ്ടതല്ലെന്നും അവയിൽനിന്ന് അർഥമുൽപ്പാദിപ്പിക്കാൻ കഴിയുമെന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കരുതുന്നു. ആഖ്യാനങ്ങളിലൂടെയും ഓർമകളിലൂടെയും ഈ അർഥങ്ങളെ പൊലിപ്പിച്ചെടുക്കാനും അവർ എല്ലായ്‌പോഴും ശ്രമിക്കുന്നു. ഇതുവഴി തീർത്തും സെക്കുലർ എന്ന് വിളിക്കാവുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കപ്പെടുന്നു. കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് ഭാനുപ്രകാശ് നൽകിയ കരുത്തുറ്റ സംഭാവനയാണ് ‘സഖാവ് പുഷ്പൻ’ എന്ന ജീവചരിത്രം.


കമ്യൂണിസ്റ്റുകാർ എല്ലായ്‌പോഴും ധാർമികതയുടെ പേരിലാണ് വിമർശിക്കപ്പെട്ടിട്ടുള്ളത്. അവരുടെ നയങ്ങളേക്കാളേറെ ധാർമികതയാണ് പൊതുസമൂഹം ചർച്ച ചെയ്‌തിട്ടുള്ളത്. ധാർമികത അവകാശപ്പെട്ടിട്ടും അത് ജീവിതത്തിൽ പകർത്താത്തവരാണ് കമ്യൂണിസ്റ്റുകാർ എന്ന് വരുത്തിത്തീർക്കാൻ വലതുപക്ഷ മാധ്യമങ്ങളും രാഷ്‌ട്രീയ സംഘടനകളും എല്ലായ്‌പോഴും ശ്രമിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റുകാരുടെ ജീവിതശൈലി, ദൈവവിശ്വാസം, തൊഴിൽ, വരുമാനം, പ്രതിബദ്ധത, അധികാരത്തോടുള്ള സമീപനം എന്നിവയെല്ലാം നിരന്തരം പരിശോധനയ്‌ക്ക് വിധേയമാക്കപ്പെടാറുണ്ട്. ഒരർഥത്തിൽ വലതുപക്ഷ രാഷ്‌ട്രീയ പാർടികൾക്കില്ലാത്ത ഒരധികബാധ്യത ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പാർടികൾക്ക് പൊതുസമൂഹം കൽപ്പിച്ച് നൽകിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ത്യാഗത്തെക്കുറിച്ച് ധാരാളം ആഖ്യാനങ്ങൾ വാമൊഴിയിലും വരമൊഴിയിലും നിലനിൽക്കുന്നുണ്ട്. അർപ്പണബുദ്ധികളായ കമ്യൂണിസ്റ്റുകാർ ഒരു പഴങ്കഥയാണെന്നും പുതിയ കാലത്ത് കമ്യൂണിസ്റ്റുകാർക്ക് അതൊക്കെ കൈമോശം വന്നിരിക്കുന്നു എന്നും സ്ഥാപിക്കാനുള്ള ധാരാളം ശ്രമങ്ങൾ എക്കാലത്തും നടന്നിട്ടുണ്ട്. ഈ സന്ദർഭത്തിലാണ് ‘സഖാവ് പുഷ്പൻ’ എന്ന ജീവചരിത്രം കമ്യൂണിസ്റ്റുകാരുടെ ധാർമികാധഃപതനത്തെക്കുറിച്ചുള്ള എല്ലാ കെട്ടുകഥകളേയും പൊളിച്ചടുക്കി ഒരു ധീരവിപ്ലവകാരിയുടേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടേയും ജീവിതങ്ങൾക്ക് അടിവരയിടുന്നത്.

ഈ പുസ്തകം സമൃദ്ധമാക്കുന്നതിൽ അതിലെ ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. വ്യക്തികൾ, സംഭവങ്ങൾ, ഭാവങ്ങൾ എന്നിവയെല്ലാം ഒപ്പിയെടുത്ത നിരവധി ചിത്രങ്ങൾ ഈ ജീവചരിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില ചിത്രങ്ങൾ ദീർഘമായ എഴുത്തിന് പകരമായി പാഠത്തിന്റെ പശ്ചാത്തലമായിത്തീരുന്നുണ്ട്. വെടിവെപ്പ് നടക്കുന്നതിന് മുമ്പുള്ള കൂത്തുപറമ്പിന്റെ ഒരു ഫോട്ടോയുണ്ട്. ശാന്തമായ ഒരങ്ങാടി. പഴയരീതിയിൽ ഓടുമേഞ്ഞ കടകൾ. കുറേ പെൺകുട്ടികൾ നടന്നുപോകുന്നതിന്റെ നിഴൽച്ചിത്രം. ഒരു സിനിമയുടെ ആദ്യഷോട്ട് പോലെ അത് കഥയുടെ പ്രവേശകമാകുന്നു. പുഷ്പന്റെ മുഖത്തിന്റെ നിരവധി ക്ലോസ് അപ് ഫോട്ടോകൾ ഉണ്ട്. അവയിൽ ചിലതിൽ അദ്ദേഹത്തിന്റെ നിറഞ്ഞതും നിഷ്‌കളങ്കവുമായ ചിരി പടർന്നത് കാണാം. ഈ ചിത്രങ്ങൾ ആ ധീരവിപ്ലവകാരിയുടെ മനസ്സിന്റെ ഉള്ളറകളെ പ്രകാശിപ്പിക്കുന്നുണ്ട്. എന്നാൽ തീർത്തും ബ്ലാക്ക് ആൻഡ്‌ വൈറ്റിൽ ജനലരികിൽ കിടക്കുന്ന പുഷ്പന്റെ മുഖത്തിന്റെ ചിത്രമുണ്ട്. പാർശ്വഭാഗത്തുനിന്നെടുത്ത നിഴൽരൂപത്തിലുള്ള ഈ ഫോട്ടോ ഓർമകളിലൂടെ മാത്രമുള്ള അദ്ദേഹത്തിന്റെ സഞ്ചാരത്തെ വേദനയോടെ വായനക്കാരിലെത്തിക്കുന്നു. പുഷ്പന്റെ അന്ത്യശുശ്രൂഷക്കെത്തിയ ജനസാഗരത്തിന്റെ ചിത്രത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്. പുഷ്പന്റെ ജീവിതത്തിൽ വന്നുപോയ മുഴുവൻ മനുഷ്യരേയും പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. ഫോട്ടോ കൂടാതെ ചില രേഖാചിത്രങ്ങളും പുസ്തകത്തിലുണ്ട്. ഒരു കാലത്തിന്റെ, സമരത്തിന്റെ, രക്തസാക്ഷിത്വങ്ങളുടെ, ഒരു പ്രദേശത്തിന്റെ, ജനതയുടെ ചരിത്രം കൊത്തിവെച്ച ഒരു രേഖാലയം തന്നെയാണ് ഈ ജീവചരിത്രം. അതേസമയം വസ്തുതകൾക്കപ്പുറമുള്ള സത്യത്തെ വീണ്ടെടുക്കുന്ന കഥനത്തിന്റെ സൗന്ദര്യവും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ഈ രേഖപ്പെടുത്തലിന് ഇടതുപക്ഷ പ്രസ്ഥാനം ഭാനുപ്രകാശിനോട് കടപ്പെട്ടിരിക്കുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home