കവർസ്റ്റോറി
വേൾഡ് കപ്പ്: ഒരു സൗത്ത് ആഫ്രിക്കൻ ഓർമ

ഉല്ലേഖ് എൻ പി
Published on Jul 04, 2026, 11:25 AM | 11 min read
ഫിഫ ഫുട്ബോൾ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണല്ലോ. വേൾഡ് കപ്പ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഇരച്ചുവരുന്നത് 2010-ൽ നടന്ന സൗത്ത് ആഫ്രിക്ക വേൾഡ് കപ്പാണ്; പ്രത്യേകിച്ച് നെതർലാൻഡ്‌സും സ്‌പെയിനും തമ്മിൽ നടന്ന ഫൈനൽ മത്സരം. വിഖ്യാത കലാകാരൻ റിയാസ് കോമുവും ഞാനും ഒരുമിച്ചു കണ്ട ആ മത്സരം ഒരർഥത്തിൽ ഞങ്ങളുടെ സൗത്ത് ആഫ്രിക്കൻ ടൂറിന്റെ ഹൈലൈറ്റ് ആയിരുന്നു.
ഏകദേശം ഒരു മാസത്തോളം നീണ്ട യാത്രയിൽ സൗത്ത് ആഫ്രിക്കയിലെ പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിക്കുകയും വിവിധ മേഖലകളിലുള്ള ആളുകളെ കാണുകയും ചെയ്‌തു. സ്റ്റേഡിയങ്ങളിലും ബീച്ചുകളിലും പോയി ജനക്കൂട്ടത്തിന്റെയിടയിൽനിന്ന് ഫുട്ബോൾ കണ്ടു. ഫൈനൽ മത്സരം നല്ല ആഡംബരത്തിൽ മുൻനിരയിലുള്ള സീറ്റിൽ വച്ചാണ് കണ്ടതെങ്കിൽ മറ്റുചില മത്സരങ്ങൾ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് കഷ്ടപ്പെട്ട് മരത്തിൽ വലിഞ്ഞുകയറി കാണേണ്ടിയും വന്നു.
റോബൻ ദ്വീപിലെ വഴികാട്ടി
ഫോട്ടോ: റിയാസ് കോമു
Photograph from South Africa - 2010
റിയാസ് കോമുവിന്റെ ഫുട്ബോൾ തീമായി വരുന്ന SUBRATO to CESAR എന്ന സോളോ എക്‌സിബിഷന്റെ ഉൽഘാടനത്തിന് ശേഷമാണ് ഞങ്ങളുടെ യാത്ര സംഭവിക്കുന്നത്. ബോംബയിലെ ഗ്യാലറി മസ്‌കാരയിൽ അപ്പോഴും അത് തുടർന്നുകൊണ്ടിരിക്കയായിരുന്നു. പെട്ടെന്നാണ് എല്ലാം തീരുമാനിച്ചത്. പാസ്‌പോർട്ട് കാലാവധി തീരാൻ ഒരു മാസം മാത്രമേ ബാക്കിയുള്ളൂ എന്നതുകൊണ്ട് ഡൽഹിയിലുള്ള ഞാൻ കോഴിക്കോട്ടേക്ക് പറന്ന് ഒരു ദിവസംകൊണ്ട് ചില ബന്ധങ്ങൾ ഉപയോഗിച്ചും കാലുപിടിച്ചും പാസ്‌പോർട്ട് പുതുക്കി തിരിച്ചു ബോംബെയിലേക്ക് തന്നെ മടങ്ങി. രാത്രിവരെ കാത്തിരുന്ന് സൗത്ത് ആഫ്രിക്കൻ കോൺസുലേറ്റിൽനിന്നും റിയാസിന്റെ കൂടെ വിസ തരപ്പെടുത്തി നേരെ പോയത് എയർപോർട്ടിലേക്കാണ്. ഞങ്ങൾ ജോഹാന്നസ്‌ബർഗിലേക്കു പറന്നു. പാസ്‌പോർട്ട് ശരിപ്പെടുത്താൻ അന്ന് എന്നെ സഹായിച്ചത് കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. ഷിത്തോർ രാമനും സുഹൃത്തുക്കളുമായിരുന്നു. ഈ യാത്രയ്‌ക്ക് ഞാൻ അവരോടുകൂടി കടപ്പെട്ടിരിക്കുന്നു. അതുപോലെ ദിവസം മുഴുവൻ ബോംബെയിൽ ഞങ്ങളുടെ കൂടെ അലഞ്ഞുതിരിഞ്ഞ റിയാസിന്റെ ഡ്രൈവർ ബാവുവിനെയും നന്ദിപൂർവം സ്‌മരിക്കുന്നു.
ഫ്ലൈറ്റിൽ കയറിയ ഉടനെ റിയാസ് ഉറങ്ങി. കിടന്ന ഉടനെ ഉറങ്ങുക‐ റിയാസിന് മാത്രം സാധിക്കുന്ന കാര്യമായിരുന്നു അത്. ഞാൻ സൗത്ത് ആഫ്രിക്കൻ ചരിത്രത്തെപ്പറ്റിയുള്ള തടിച്ച ഒരു പുസ്‌തകം തുറന്ന് വായന തുടങ്ങി. നേരത്തെ സുഹൃത്തായ സിദ്ധാർഥ് സിങ്ങിൽനിന്ന് തരപ്പെടുത്തി കൈവശം വച്ചതായിരുന്നു ആ പുസ്‌തകം. ജോഹന്നസ്‌ബർഗിൽ ഇറങ്ങുമ്പോൾ ആ പുസ്‌തകം ഏകദേശം വായിച്ചു തീർന്നിരുന്നു.
ജോഹന്നസ്‌ബർഗിൽ കാൽ കുത്തുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞുനിന്നത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് നടത്തിയ ഐതിഹാസിക വിമോചനസമരവും ക്രിസ് ഹാനി, സ്റ്റീവ് ബികോ, ജോ സ്ലോവോ, ഒലിവർ താംബൊ, അഹമ്മദ് കത്രാട തുടങ്ങിയ പേരുകളുമായിരുന്നു. നെൽസൺ മണ്ടേല, വാൾട്ടർ സിസിലു, വിന്നി മണ്ടേല എന്നീ പേരുകൾ എത്രയോ മുമ്പേ നമുക്ക് ഹൃദിസ്ഥമായിരുന്നല്ലോ. സൈമൺ കൂപ്പർ എഴുതിയ Football Against the Enemy എന്ന പുസ്‌തകത്തിൽ നിന്ന് മറ്റൊരു പേര് കൂടി എനിക്ക് കിട്ടിയിരുന്നു ‐ ഇന്ത്യൻ വംശജനായ പണ്ഡിതനായ എസോപ്പ് പഹാഡ്.
ജോഹന്നസ്‌ബർഗിലെ ഒലിവർ താമ്പോ വിമാനത്താവളത്തിൽ ചെന്നിറങ്ങിയതിന് ശേഷം നല്ല സൗകര്യമുള്ള ഒരു ഹോട്ടലിലേക്കാണ് ഞങ്ങൾ പോയത്. അപ്പോൾ ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഫുട്ബോൾ ഫീവർ എന്ന പ്രതീതി വന്നിരുന്നില്ല. എന്നിരുന്നാലും താമസിയാതെ ഫിഫയാണ് ആ രാജ്യം കീഴടക്കാൻ പോകുന്നത് എന്ന് മനസ്സിലായി.
ഒരുപാട് ക്രൂരകൃത്യങ്ങൾ നടക്കുന്ന സൗത്ത് ആഫ്രിക്കയിലെ ക്രൈം ക്യാപിറ്റൽ ആണ് ജോബർഗ് എന്ന് ചുരുക്കത്തിൽ വിളിക്കപ്പെടുന്ന ജോഹന്നസ്‌ബർഗ്. യാത്രയ്‌ക്ക് ഹോട്ടലിലെ ആഡംബരക്കാറുകൾ വേണ്ട, പകരം സാധാരണക്കാർ യാത്രചെയ്യുന്ന ടാക്‌സി മതി എന്ന് ഞാനും റിയാസും തീരുമാനിച്ചു. ടീഷർട്ടും ജീൻസുമായിരുന്നു ഞങ്ങളുടെ വേഷം. നല്ല തിരക്കുള്ള ടാക്‌സിയിൽ കയറി ജോബർഗിലെ സിറ്റി സെന്ററിലേക്ക് ടിക്കറ്റ് എടുത്തു. ദാരിദ്ര്യവും ദുരിതവും പേറുന്ന മുഖങ്ങളായിരുന്നു ചുറ്റിലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. 1994ൽ അവർക്ക് സ്വാതന്ത്ര്യം കിട്ടി; നെൽസൺ മണ്ടേല പ്രസിഡന്റായി. 2010 ആവുമ്പോഴേക്കും മൂന്നാമത്തെ പ്രസിഡന്റാണ് സൗത്ത് ആഫ്രിക്കയുടെ ഭരണച്ചുമതലയിലുണ്ടായിരുന്നത്. എംബെക്കി പോയി സുമ വന്നു. സ്വാതന്ത്ര്യം ഒരുതരം അന്തസ്സ് ജനങ്ങളിൽ കൊണ്ടുവന്നിട്ടുണ്ടായിരുന്നു എന്നത് ശരിതന്നെ. പക്ഷെ ദാരിദ്ര്യം അതിന്റെ പ്രഭയെ മങ്ങലേൽപ്പിച്ചു.
Photograph from South Africa - 2010
ഞങ്ങൾ സഞ്ചരിച്ച വഴികൾ അൽപ്പം പേടിപ്പെടുത്തുന്നതായിരുന്നു. ഒരു ടാക്‌സി റാങ്കിൽ നിർത്തി (അങ്ങനെയാണ് അവിടെ ടാക്‌സി സ്‌റ്റാൻഡിനെ വിളിക്കുക) ജോബർഗിലേക്കു മറ്റൊരു ടാക്‌സിയിൽ കയറിയശേഷം റിയാസ് ഒരാളോട് സംസാരിച്ചു. വെൽക്കം ടു സൗത്ത് ആഫ്രിക്ക എന്നൊക്കെ അയാൾ പറഞ്ഞു; പിന്നീട് അദ്ദേഹം പോയി. സിറ്റി സെന്ററിൽ ഇറങ്ങുന്നതിനുപകരം ഞങ്ങൾ ചെന്നിറങ്ങിയത് മറ്റേതോ സ്ഥലത്താണ്. ആരോടും ഒന്നും ചോദിക്കാൻ നിൽക്കാതെ ഞങ്ങൾ തെരുവിലൂടെ ഇറങ്ങിനടന്നു. കുറെ നടന്നപ്പോൾ അലൻ പാറ്റൺ എഴുതിവച്ചപോലുള്ള നൂറുവർഷം മുമ്പുള്ള സൗത്ത് ആഫ്രിക്ക ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞുവരാൻ തുടങ്ങി. തെരുവിൽ ഇഷ്ടികകൾ വച്ച് പാചകം ചെയ്യുന്നവരെ ഞങ്ങൾ കണ്ടു. പിന്നെയും നടന്നു. ഒരിടത്തുവച്ച് ആരോ തെരുവിലെ ബെഞ്ചുപോലുള്ള തട്ടിൽ കുറെ ചോറും ഇറച്ചിയും വച്ച് മാറിനിൽക്കുന്നത് ഞങ്ങൾ കണ്ടു. നാലഞ്ചു ചെറുപ്പക്കാർ എവിടെനിന്നോ വന്ന് അത് എടുത്തു കഴിച്ചശേഷം പിരിഞ്ഞു പോയി.
പ്രൈവറ്റ് ടാക്‌സി പിടിച്ചു സിറ്റി സെന്ററിലേക്ക് പോവാൻ തുനിഞ്ഞ ഞങ്ങളെ പൊലീസ് വിളിച്ചിറക്കി പരിശോധിച്ചു. ഇന്ത്യക്കാരാണ് എന്ന് മനസ്സിലായതോടെ വിട്ടയച്ചു. പൊലീസുകാരിൽ ഒരാൾ പാകിസ്ഥാൻ വംശജനായിരുന്നു; മറ്റൊരാൾ ബംഗ്ലാദേശിയും. ഫുട്ബോൾ കാണാനാണ് വന്നതെന്നും മറ്റു പല നഗരങ്ങളിലേക്കും പോകുന്നുണ്ട് എന്നും പറഞ്ഞപ്പോൾ അവർക്കു വളരെ സന്തോഷമായി. അവിടെനിന്ന് ഞങ്ങൾ നേരെ സിറ്റി സെന്ററിലേക്ക് പോയി. ഞങ്ങൾ കടന്നുപോയ വഴികളിൽ ബ്രീ സ്ട്രീറ്റ് എന്ന കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ സ്ഥലവും പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മറ്റൊരു പൊലീസുകാരൻ പറഞ്ഞപ്പോഴാണ്.
സൗത്ത് ആഫ്രിക്കയിൽ ആരൊക്കെയാണ് ഫുട്ബോൾ കാണുന്നത്? ആരൊക്കെ കാണുന്നില്ല? (റിയാസിന്റെ എക്‌സിബിഷനുമായി ഈ ചോദ്യങ്ങൾക്ക് ബന്ധമുണ്ട്.ലോകത്തെമ്പാടുമുള്ളവർ, പ്രത്യേകിച്ചും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ, മികച്ച ഫുട്ബോൾ കളിക്കാരിൽ തങ്ങളെത്തന്നെ കാണുന്നു അല്ലെങ്കിൽ അവർക്ക് ഈ കളിക്കാരോട് സാഹോദര്യം തോന്നുന്നു എന്നതാണ് SUBRATO to CESAR ന്റെ പ്രമേയം). സൗത്ത് ആഫ്രിക്കയിൽ ഫിഫ വേൾഡ് കപ്പ് വന്നപ്പോൾ അത് തകർന്നു കാണാനാണ് അവിടത്തെ വെള്ളക്കാർ ആഗ്രഹിച്ചിരുന്നത് എന്ന് മുൻ മന്ത്രി ആയിരുന്ന എസോപ്പ് പഹാഡ് പ്രസ്‌താവിക്കുകയുണ്ടായി. ആ പ്രസ്‌താവ ന തീകൊളുത്തിയ കോലാഹലങ്ങൾക്ക് നടുവിലേക്കായിരുന്നു ഞങ്ങൾ കടന്നുചെന്നത്. 2010 ജൂണിൽ ഞങ്ങളവിടെ എത്തുന്നതിന് ഒന്നോ രണ്ടോ മാസം മുമ്പ് യൂജിൻ ടർ ബ്ലോൻഷ് (Eugene Terre'Blanche) എന്ന, വലതുപക്ഷ വെള്ളക്കാരുടെ ഒരു നേതാവ് വധിക്കപ്പെട്ടിരുന്നു. അതിനു പിന്നിൽ വംശീയത അല്ലെന്നും കൂലിയുടെ പേരിലുള്ള തർക്കമാണെന്നും പിന്നീട് കോടതി കണ്ടെത്തി.
ദിദിയർ ദ്രോഗ്ബ സൗത്ത് ആഫ്രിക്കൻ ലോകകപ്പിൽ ഫോട്ടോ: റിയാസ് കോമു
അപ്പാർതൈഡ് നിലനിന്ന കാലത്ത് സൗത്താഫ്രിക്കയിൽ കറുത്തവർക്കും ഇന്ത്യക്കാർക്കുമൊക്കെ ഫുട്ബോളിൽ അവസരങ്ങൾ വളരെ കുറവായിരുന്നു. വെള്ളക്കാരുടെ കൂടെ അവർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. പുറമെനിന്ന് ചില ക്ലബ്ബുകൾ സൗത്ത് ആഫ്രിക്കയിൽ കളിക്കാൻ വരുമ്പോൾ ആതിഥേയർക്ക് വേണ്ടി ഹർഷാരവം മുഴക്കുക എന്നതിനപ്പുറം കറുത്തവർക്കും ഇന്ത്യക്കാർക്കും അതിൽ ഒരു റോളും ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിന്റെ ഒരു മൂലയിലായിരുന്നു വെള്ളക്കാരല്ലാത്തവർക്ക് ഇടം അനുവദിച്ചിരുന്നത്. വെള്ളക്കാർക്ക് ഫുട്ബോൾ എന്നുപറഞ്ഞാൽ പൊതുവെ നാമുദ്ദേശിക്കുന്ന സോക്കർ ആയിരുന്നില്ല. റഗ്‌ബിയായിരുന്നു. അതുപോലെ ക്രിക്കറ്റായിരുന്നു അവരുടെ മറ്റൊരു കമ്പം. നമ്മുടെ സോക്കർ കറുത്തവരുടെ കളിയായിരുന്നു എന്നാണ് സൗത്ത് ആഫ്രിക്കയിലെ പല വെള്ളക്കാരും കണക്കിലാക്കിയിരുന്നത്. അതുകാരണമാണ് താൻ അത്തരം ഒരു പ്രസ്‌താവന നടത്തിയത് എന്ന് എസോപ്പ് പഹാഡ് പിന്നീട് ഒരു നീണ്ട ഇന്റർവ്യൂയിൽ ഞങ്ങളോട് പറയുകയുണ്ടായി. പക്ഷെ സൗത്ത് ആഫ്രിക്കയിൽ നടന്ന വേൾഡ് കപ്പ് പരാജയപ്പെടണം എന്ന് അവിടത്തെ വെള്ളക്കാർ ആഗ്രഹിച്ചിരുന്നു എന്ന് ഞങ്ങൾക്ക് തോന്നിയില്ല.
അപ്പാർതൈഡ് കാരണം പീഡനങ്ങൾ അനുഭവിക്കുകയും അവസരങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്‌ത പ്രതിഭാധനരായ കറുത്തവരും ഇന്ത്യക്കാരുമായ ഫുട്ബോൾ കളിക്കാരെ കാണാനുള്ള അവസരം ഈ യാത്രയിൽ ഞങ്ങൾക്ക് ലഭിച്ചു. അതിനെപ്പറ്റി വഴിയേ പറയാം.
ബ്രീ സ്ട്രീറ്റിൽനിന്ന് സിറ്റി സെന്ററിൽ എത്തിയ ഞങ്ങളെ കാത്തുനിന്നത് വക്കീൽ വസ്‌ത്രമുടുത്ത മഹാത്മാ ഗാന്ധിജിയാണ്. അത്തരം ഒരു പ്രതിമ ഞങ്ങൾ രണ്ടുപേരും നേരത്തെ കണ്ടിട്ടുണ്ടായിരുന്നില്ല. അതിനടുത്തുള്ള ഒരു ബിൽഡിങ്ങിലായിരുന്നു ഗാന്ധിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പക്ഷെ അത് ഏതാണെന്നു കണ്ടുപിടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഗാന്ധിയുടെ പ്രതിമയ്‌ക്കും ചുറ്റും കുറെസമയം ചെലവഴിച്ചശേഷം ഞങ്ങൾ ബ്രീ സ്ട്രീറ്റിലേക്കു പോയി. അപ്പോഴേക്കും രാത്രിയായിരുന്നു. അറിയുന്ന ഒരു പ്രൈവറ്റ് ടാക്‌സിക്കാരനെ റിയാസ് ഫോണിൽ വിളിച്ചു. അദ്ദേഹത്തിന്റെ കൂടെ ആ ഭാഗത്തു നടക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തു.
ദിവസങ്ങൾക്കുശേഷം കണ്ട പ്രായമുള്ള മറ്റൊരു ടാക്‌സിക്കാരനോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ അേദ്ദഹം ഞങ്ങളെ ശകാരിച്ചു. രാത്രി ബ്രീ സ്‌ട്രീറ്റിൽ ആരും പോവില്ല. കാരണം പറഞ്ഞത് "mixup’ എന്ന പ്രയോഗം ഉപയോഗിച്ചാണ്. ഒരുപാട് പാകിസ്ഥാനി-‐ഇന്ത്യൻ-‐ബംഗ്ലാദേശി വംശജർ ഉള്ള സ്ഥലംകൂടിയാണ് അത്. എന്നാൽ അവരെ മാത്രമല്ല അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇതൊന്നും നിയന്ത്രിക്കാൻ കഴിയാത്ത സർക്കാരിനെയും കൂടിയാണ്. പാവപ്പെട്ട വെള്ളക്കാരും അവിടെ ഉണ്ടായിരുന്നു. പബ്ലിക് ടാക്‌സികളിൽ യാത്രചെയ്യുന്നവരും വീടില്ലാത്തവരുമായ വെള്ളക്കാർ. പറുദീസ നഷ്ടപ്പെട്ടവരെ പോലെ അലയുന്നവർ. കുബേരരായ വെള്ളക്കാർ ജോബർഗിൽ താമസിക്കുന്നത് സാൻടൺ പോലുള്ളയിടങ്ങളിലാണ്. അവിടെയാണ് അന്നൊക്കെ ഏറ്റവുമധികം കവർച്ചകൾ നടന്നിരുന്നത്. ജയിലിനെ ഓർമിപ്പിക്കും വിധം വീടിനുചുറ്റും മതിലുകൾ പണിത് അതിനു മുകളിൽ വൈദ്യുതി ചലിക്കുന്ന വയറുകൾ കൊണ്ട് സ്വയം സുരക്ഷ തീർക്കുന്ന വെള്ളക്കാരുടെയും പുത്തൻപണക്കാരായ കറുത്തവരുടെയും രാഷ്‌ട്രീയക്കാരുടെയും ഇന്ത്യക്കാരുടെയും ജോബർഗ് വേറൊരു ജോബർഗാണ്. സാധാരണക്കാരുടെ ജീവിതവുമായി അവർക്ക് ബന്ധമില്ല. അതുപോലൊരു വീട്ടിലാണ് മണ്ടേലയും താമസിച്ചിരുന്നത്. പക്ഷെ ഞങ്ങൾ കണ്ട ഇന്ത്യൻ വംശജരായ സ്‌മൈലി മൂസ, അദ്ദേഹത്തിന്റെ സഹോദരൻ തുടങ്ങിയവർ താമസിച്ചിരുന്നത് ലോഡിയം പോലുള്ള ഗ്രൂപ്പ് ഏരിയാസ് ആക്ട് പ്രകാരം ഉണ്ടാക്കപ്പെട്ട ഇന്ത്യൻ ടൗൺഷിപ്പിലായിരുന്നു.
ഉല്ലേഖ് എൻ പിയും റിയാസ് കോമുവും സൗത്ത് ആഫ്രിക്ക വേൾഡ്കപ്പ് മത്‌സരം കാണുന്നു
ജോബർഗിൽനിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നതിനുമുമ്പ് പ്രസിദ്ധ ഫുട്ബോൾ എഴുത്തുകാരനും ഗ്രന്ഥകാരനുമായ സൈമൺ കൂപ്പറെ ഹോട്ടലിൽ പോയിക്കണ്ട് അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം കഴിച്ചു. ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. റിയാസ് അദ്ദേഹത്തിന്റെ പടങ്ങൾ എടുത്തു. അദ്ദേഹവുമായുള്ള ഇന്റർവ്യൂവും പടവും പിറ്റേദിവസത്തെ ഇന്ത്യൻ എക്സ്പ്രസിൽ പ്രാധാന്യത്തോടെ അടിച്ചുവന്നു.
പിന്നീട് ഞങ്ങൾ പോയത് എംപൂമലങ്ക (Mpumalanga) എന്ന സ്ഥലത്തേക്കാണ്. Nelspruit എന്നായിരുന്നു അതിന്റെ പഴയ പേര്. വിമാനത്തിൽ ഒരുപാട് വെള്ളക്കാരുണ്ടായിരുന്നു. അവിടെ എത്തിയതിനുശേഷം പെട്ടെന്ന് മനസ്സിലായി, വെള്ളക്കാർ കുറച്ച് ധാർഷ്ട്യത്തോടെ ജീവിക്കുന്ന സ്ഥലമാണതെന്ന്. അവിടെവച്ചാണ് സ്റ്റേഡിയത്തിൽ പോയി രണ്ടാമത്തെ കളി കാണുന്നത്. ഐവറി കോസ്റ്റ് താരം ഡ്രോഗ്ബയുടെ അവസാന വേൾഡ് കപ്പ് മാച്ചായിരുന്നു അത് എന്നാണ് അന്നുള്ള പൊതുവായ ധാരണ. ഒരു വിടപറയൽ മാച്ചിന്റെ പ്രതീതി ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം വേൾഡ് കപ്പിൽനിന്ന് വിരമിച്ചത് 2014 ബ്രസീൽ വേൾഡ് കപ്പിലാണ്. അന്ന് നോർത്ത് കൊറിയക്കെതിരെ മൂന്ന് ഗോൾ അടിച്ചു ഐവറികോസ്റ്റ്. പക്ഷെ ആ ഗ്രൂപ്പിൽ മുന്നോട്ടുപോകണമെങ്കിൽ ബ്രസീലിനോട് പോർച്ചുഗൽ ഭീകരമായി തോൽക്കണം എന്ന് മാത്രമല്ല, ഒമ്പതു ഗോളെങ്കിലും കൊറിയക്കെതിരെ അടിച്ചാൽ മാത്രമേ അടുത്ത റൗണ്ടിലേക്ക് ഡ്രോഗ്ബയുടെ ടീം കയറുമായിരുന്നുള്ളൂ. ഡ്രോഗ്ബയുടെ പടങ്ങൾ റിയാസ് എടുക്കുകയും പിന്നീട് അദ്ദേഹത്തിന്റെ പല ഫുട്ബോൾ പ്രൊജക്ടുകളുടെ ഭാഗമായി അത് വരികയും ചെയ്‌തു. അതിനുമുമ്പ് തന്നെ റിയാസ് ഫുട്ബോളുമായി ബന്ധപ്പെട്ട ആർട്ട് വർക്കുകൾ ചെയ്‌തിട്ടുണ്ട്. Left Legs സീരീസ് അതിൽ പെടുന്നതാണ്. അതിലൊന്നിൽ കാറ്റലോഗ് ഉണ്ടാക്കിയപ്പോൾ ഒരു ഇൻട്രൊഡക്ഷൻ ഞാനെഴുതിയത് ഓർമയുണ്ട്.
ജൂലിയസ് സെസാർ: പരാജയത്തിന്റെ നിമിഷം ഫോട്ടോ: റിയാസ് കോമു
അവിടെ അധികം ഞങ്ങൾ തങ്ങിയില്ല. അർജന്റീന മത്സരം കാണണമെന്ന് ഞങ്ങൾ തീരുമാനിച്ചതുതന്നെ കാരണം. ടിക്കറ്റൊക്കെ പലതും അവസാന നിമിഷമാണ് കിട്ടുന്നത്. നേരിട്ട് വാങ്ങാനുള്ള സമയം കഴിഞ്ഞിരിക്കുന്നു. എന്നാലോ വിൽക്കാൻ പലരും കാത്തിരിക്കുന്നു. പ്രീറ്റോറിയയിൽ തൊട്ടടുത്തിരുന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്ന മലപ്പുറംകാരായ ഭാര്യാഭർത്താക്കന്മാരിൽ നിന്നായിരുന്നു ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് ലഭിച്ചത്. എവിടെനിന്നോ ഒരു കൃപപോലെ അവർ വന്നെത്തുകയായിരുന്നു. അതിനെക്കുറിച്ച് പിന്നാലെ പറയാം.
ഞങ്ങൾ ജോബർഗിലേക്കു തിരിച്ചു വിമാനം കയറി. കുറെയൊക്കെ കറങ്ങിയടിച്ചശേഷം ചിലരെയൊക്കെ കണ്ട് ടിക്കറ്റ് സംഘടിപ്പിച്ചു. അർജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള മത്സരം ജൂൺ 27‐നായിരുന്നു. റിയാസിനും എനിക്കും വെവ്വേറെ സ്ഥലങ്ങളിലാണ് സീറ്റുകൾ. അവിടെവച്ച് മറഡോണയെ ആദ്യമായി ഞങ്ങൾ കണ്ടു. കളി തുടങ്ങുന്നതിനു മുമ്പ് തന്നെ ഫോട്ടോ സംഘത്തിന്റെ സമീപത്തേക്കു അദ്ദേഹം നീങ്ങുന്നു. അവിടെ ജനക്കൂട്ടം. പിന്നെ തിരിച്ചു നടക്കുന്നു. അവിടെയും ജനക്കൂട്ടം. സ്റ്റേഡിയം മുഴുവൻ നോക്കുന്നത് മറഡോണയെ. സൗത്ത് ആഫ്രിക്ക സ്വന്തം രാജ്യംപോലെയാണ് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അവരുടെ വിമോചനസമരത്തെ പ്രകീർത്തിച്ചിരുന്നു. മെസ്സി തുടങ്ങിയവർ ഉണ്ടായിരുന്നെങ്കിലും താരം മറഡോണ തന്നെ. മെക്‌സിക്കോ തോറ്റു, 3-‐1. കാർലോസ് ടെവസ് രണ്ട് ഗോളടിച്ചത് ഓർമയുണ്ട്. മെക്‌സിക്കോ തിരിച്ചടിച്ചതും ആവേശമുണ്ടാക്കി. കാരണം, എനിക്കുചുറ്റും മെക്‌സിക്കോക്കാരായിരുന്നു. അവസാനം തണുപ്പ് തണുപ്പേന ശാന്തി എന്ന് വിചാരിച്ചുകൊണ്ട് തണുത്ത ബിയർ കുടിച്ച് തണുപ്പിനെ പ്രതിരോധിച്ചു.
അടുത്ത സ്റ്റോപ്പ് പോർട്ട് എലിസബത്താണ്. അവിടെയാണ് ജൂലൈ രണ്ടിന് ബ്രസീൽ ‐ നെതർലൻഡ്‌സ് മത്സരം. ടിക്കറ്റ് അധികം കഷ്ടപ്പെടാതെ കിട്ടി. ഇന്ത്യൻ എക്സ്പ്രസിലേക്ക് ഇടയ്‌ക്കിടെ പടങ്ങളും വാർത്തകളും അയക്കുകയും അവ വരികയും ചെയ്‌തുകൊണ്ടിരുന്നു. എഡിറ്റർ ഉണ്ണിരാജൻ ശങ്കറിന് ഞങ്ങൾ പോർട്ട് എലിസബത്തിൽ കളി കാണാൻ കയറുന്നുണ്ടെന്ന് അവിടെനിന്നെടുത്ത നമ്പറിൽനിന്ന് ഒരു ടെക്‌സ്‌റ്റ് വിടുകയും ചെയ്‌തു. വാർത്ത പെട്ടെന്ന് എഴുതേണ്ടിവരും എന്ന് വിചാരിച്ചിരുന്നില്ല. പക്ഷെ ബ്രസീൽ തോറ്റു. നിരാശനായ ഒരു ബ്രസീൽ ആരാധകനെ റിയാസ് ഫോട്ടോ എടുത്തു. അയാൾ തിരിച്ചു നടുവിരൽ നമസ്‌കാരം കൊടുത്തു. അതും ഫോട്ടോ എടുത്തു.
അന്നത്തെ ട്രാജിക് ഹീറോ സെസാർ (CESAR ) ആണ്. റിയാസ് കോമുവിന്റെ Subrato to CESAR ലെ CESAR. റിയാസ് അവസരം പാഴാക്കിയില്ല. വിഷണ്ണനായ സെസാറിനെ റിയാസ് ഓടിനടന്ന് ഒപ്പിയെടുത്തു. പിറ്റേദിവസം റിയാസിന്റെ ബോംബെയിലെ എക്‌സിബിഷനിലെ സെസാറിന്റെ പടത്തോടൊപ്പം വിഷണ്ണനായ സെസാറും ഇന്ത്യൻ എക്സ്പ്രസ് സ്‌പോർട്സ് പേജിൽ നിറഞ്ഞുനിന്നു. കുറച്ചു വൈകിയെങ്കിലും ഞാനും സ്റ്റോറി അയച്ചു. അത് ഒന്നാം പേജിൽ അടിച്ചുവന്നു. വാർത്തകൾ വരുന്നതിനേക്കാൾ ഹരം ഞങ്ങൾ തയ്യാറാക്കിയ സൗത്ത് ആഫ്രിക്കയിലെ ഫുട്ബോളുമായി ബന്ധപ്പെട്ട കഥകളായിരുന്നു. പടങ്ങളും ക്യാപ്ഷനുകളും കഥപറയുന്ന രണ്ടോ മൂന്നോ റിപ്പോർട്ടുകൾ കൂടി അയച്ചുകൊടുത്തു.
പോർട്ട് എലിസബത്തിൽ പോകുന്നതിനുമുമ്പ് ഒരു ചെറിയ യാത്ര ഡർബനിലേക്കും പീറ്റർമാരിറ്റ്സ്ബർഗിലേക്കും മറ്റും പോയിരുന്നു‐ ഗാന്ധിജിയുടെ കാൽപ്പാടുകൾ തേടി. അദ്ദേഹത്തെ തള്ളിപ്പുറത്താക്കിയ പീറ്റർമാരിറ്റ്സ്ബർഗിലെ മ്യൂസിയത്തിൽ കുറെ സമയം ചെലവഴിച്ചു. പിറ്റേദിവസം ഫീനിക്‌സ് സെറ്റിൽമെന്റ് സന്ദർശിച്ചു. ഞങ്ങളുടെ ഗൈഡ് ഇന്ത്യൻ വംശജയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകയുമായിരുന്ന ഊർമിളയായിരുന്നു. അവരുടെ ഭർത്താവ് സണ്ണി സിങ് ബിഹാറിൽനിന്ന് പോയ കർഷകത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ആളായിരുന്നു; സൗത്ത് ആഫ്രിക്കൻ കമ്യൂണിസ്റ്റ് പാർടി നേതാവും സായുധ സേനയുടെ പഴയ പോരാളിയുമായിരുന്നു. പത്തു വർഷം അദ്ദേഹം റോബൻ ഐലൻഡിൽ തടവുകാരനായി കഴിഞ്ഞു. പിന്നീട് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അംഗോളയിലും മൊസാമ്പിക്കിലും സൗത്ത് ആഫ്രിക്കയിലുമായി ക്രിസ് ഹാനിയടക്കമുള്ളവരുടെ കൂടെ സായുധസേനയിൽ സജീവ പ്രവർത്തകനായിരുന്നു.
സൊവെറ്റോയിലെ മണ്ടേലയുടെ വീടിന് പുറത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ ഫോട്ടോ: റിയാസ് കോമു
ഫുട്ബോളിനെ കുറിച്ച് നീളത്തിൽ സംസാരിച്ചുകൊണ്ട് ഞങ്ങൾ സണ്ണി സിങ്ങിന്റെയും ഭാര്യയുടെയും കൂടെ മണിക്കൂറുകൾ ചെലവഴിച്ചു. റോബൻ ഐലൻഡിലെ ജീവിതത്തെപ്പറ്റി അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങൾ എത്രയോ ശരിയായിരുന്നുവെന്ന് ആഴ്‌ചകൾക്കുശേഷം അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്. ക്രൂരതയുടെ സ്മാരകമാണ് ആ സ്ഥലം എന്ന് അദ്ദേഹം വിശദീകരിച്ചു. എങ്ങനെയാണ് താങ്കൾ അവിടെ നിന്ന് ജീവനോടെ പുറത്തുവന്നത് എന്ന ചോദ്യത്തിന് സണ്ണി സിങ് പറഞ്ഞത് ഇതാണ്: "മനുഷ്യന്റെ അതിജീവന സഹജാവബോധത്തെ ഒരിക്കലും കുറച്ചു കാണരുത്.’ അവർ റോബൻ ഐലൻഡിൽ ഫുട്‌ബോൾ കളിച്ചിരുന്നു. ക്രിക്കറ്റ് ആയിരുന്നെങ്കിൽ അവർ അത് മുടക്കിയേനെ. കാരണം, ഫുട്ബോൾ പാവപ്പെട്ടവന്റെ കളിയല്ലേ. വളരെ മോശമായാണ് വാർഡൻമാരും മറ്റധികൃതരും തടവുകാരെ കൈകാര്യം ചെയ്‌തത്. കാരണം അവർ ഞങ്ങളെ മനുഷ്യരായേ കണ്ടിരുന്നില്ല.
പോർട്ട് എലിസബത്തിലെ ബ്രസീലിന്റെ തോൽവിക്കുശേഷം ഞങ്ങൾ റോഡ് വഴി ജോർജിൽ പോയി. അവിടെനിന്നും വിമാനമാർഗം കേപ്പ് ടൗണിൽ എത്തി. അവിടെവച്ചു സൈമൺ കൂപ്പറെ പിന്നെയും കണ്ടു. ഫുട്ബോളിനെപ്പറ്റി സൈമൺ സംസാരിക്കുന്നത് പ്രത്യേക രീതിയിലാണ്. ഒരു മാത്തമാറ്റിക്കൽ സൂക്ഷ്മത വച്ചാണ് അദ്ദേഹം ഫുട്ബോളിനെ കാണുന്നത്. ഫുട്ബാളിനോട് സൈമണിന് റൊമാൻസ് ഇല്ല എന്ന് ഞാൻ പറയില്ല. ഒരുപക്ഷെ ഡച്ച് ഫുട്‌ബോളിന്റെ മാസ്മരികതയോട് അദ്ദേഹത്തിന് താൽപ്പര്യമുണ്ട് എന്ന് പറയാം. യോഹാൻ ക്രൈഫ് ആരാധകനാണ്. മെസ്സിയോട് വലിയ മമതയുണ്ട്. അതിനപ്പുറം അദ്ദേഹം ഫുട്ബോളിനെ കാണുന്നത് ഡാറ്റ നോക്കിയാണ്. Soccernomics എന്ന പുസ്‌തകം അത് വ്യക്തമാക്കുന്നു. മറ്റൊരുകാര്യം അദ്ദേഹമെഴുതിയ ‘ഫുട്ബോൾ മെൻ’ എന്ന പുസ്‌തകത്തിൽ പ്രകടമാണ്. പലരെയും കൂടുതൽ അറിയുമ്പോൾ അവരുടെ സാധാരണത്വം മനസ്സിലാവുന്നു എന്നതാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ ശരി എന്ന് തോന്നുന്നു. ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്ന സൈമൺ ജിജ്ഞാസുവാണ്. ഓക്‌സ്‌ഫോർഡിലും ഹാർവാഡിലും പഠിച്ച സൈമൺ പലരാജ്യങ്ങളിലും,- സൗത്ത് ആഫ്രിക്കയിലടക്കം -, ജീവിക്കുകയും പല ഭാഷകൾ സംസാരിക്കുന്നയാളുമാണ്. ഈയിടെ ‘വേൾഡ് കപ്പ് ഫീവർ’ എന്ന പുതിയ പുസ്‌തകം പുറത്തുവന്നു. എനിക്ക് ഒരു ഇന്റർവ്യൂ ഈയിടെ അദ്ദേഹം തന്നു, --ട്രംപിനെയും ഫിഫയെയും വിമർശിച്ചുകൊണ്ട്. അന്ന് സൗത്ത് ആഫ്രിക്ക എന്ന രാജ്യം ഫിഫയ്‌ക്ക് അടിമപ്പെട്ടായിരുന്നു കാണപ്പെട്ടത്. ഇന്നിപ്പോൾ ട്രംപിന് അടിമപ്പെട്ടാണ് ഫിഫ.
കേപ്പ് ടൗണിൽ വച്ചാണ് പല ലോക്കൽ കക്ഷികളെയും കണ്ടുമുട്ടിയത്‐ വെള്ളക്കാരെയും കറുത്തവരെയും. ഒരുപാട് പണമുള്ള കുറച്ചുപേരും പണമില്ലാത്ത ഒരുപാട് പേരും ജീവിക്കുന്ന ഒരു രാജ്യത്തിന്റെ പ്രതീകമാണ് കേപ്പ്‌ടൗൺ എന്നാണ് എനിക്ക് തോന്നിയത്. കാരണം, സിറ്റിക്കു ചേർന്ന് സിറ്റിയേക്കാൾ കൂടുതലധികം ജനങ്ങൾ ജീവിക്കുന്ന വലിയൊരു ചേരി ഉണ്ടവിടെ. poverty amidst plenty എന്നത് വളരെ വ്യക്തമായി കേപ്പ് ടൗണിൽ കാണാം. ഫുട്‌ബോൾ ലഹരി കാരണം ജനങ്ങൾ അവരുടെ കഷ്ടപ്പാടുകൾ തലക്കാലം മറന്നോ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. ഇവിടെനിന്നാണ് ഞങ്ങൾ റോബൻ ഐലൻഡിലേക്ക് പോയത്. ജൂലൈ നാലാം തീയതി. ഇവിടെവച്ചാണ് ഒരു വെള്ളക്കാരി സുഹൃത്ത് ഫുട്‌ബോൾ കളി കണ്ടിരുന്നപ്പോൾ പറഞ്ഞത്, അവർ ഇതുവരെ റോബൻ ഐലൻഡിൽ പോയിട്ടില്ല എന്ന്. കുറ്റബോധത്തോടെയാണ് അവരതു പറഞ്ഞത്.
ലാസ്‌റ്റ് പാസ്സ് ‐ റിയാസ് കോമുവിന്റെ ഇൻസ്‌റ്റലേഷൻ
റോബൻ ഐലൻഡിൽവച്ച് റിയാസെടുത്ത പല പടങ്ങളും അദ്ദേഹത്തിന്റെ മറ്റു എക്‌സിബിഷനുകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. മണ്ടേല കിടന്ന സെല്ലും റോബൻ ഐലൻഡിനെക്കുറിച്ച് വ്യക്തമായ രാഷ്‌ട്രീയ വിദ്യാഭ്യാസം ഞങ്ങൾക്ക് തന്ന തന്റേടമുള്ള റാസ്റ്റഫറിയാൻ ജടയുള്ള ഒരു ചെറുപ്പക്കാരനും അത്തരം വർക്കുകളിൽ പെടുന്നു.
ഫുട്ബോൾ പ്രേമികളായ പലരെയും ഈ യാത്രകളിൽ കാണാൻ പറ്റി‐ പല രാജ്യങ്ങളിൽനിന്നും വരുന്നവർ, പല ഭാഷ സംസാരിക്കുന്നവർ, പല നിറത്തിലുള്ളവർ, ആണും പെണ്ണും, ഇതിൽ രണ്ടിലും പെടാത്തവരും. ലോകത്ത് ഇത്രയധികം ജനങ്ങളെയും രാജ്യങ്ങളെയും യോജിപ്പിക്കുന്ന മറ്റൊരു കായിക മത്സരമില്ല. വേൾഡ് കപ്പ് വളർന്നുകൊണ്ടേയിരിക്കുന്നു. ഫിഫ ഉദ്യോഗസ്ഥരെയും രാഷ്‌ട്രീയക്കാരെയും പണക്കൊതിയന്മാരെയും ഫുട്ബോൾ മറികടക്കും എന്ന് മനസ്സിലാവുന്നത് സ്റ്റേഡിയങ്ങളിൽവച്ചും സ്റ്റേഡിയത്തിനു പുറത്തുമുള്ള ഫുട്ബോൾ പ്രേമികളുടെ കൂടെയിരിക്കുമ്പോഴുമാണ്.
കേപ്പ് ടൗണിൽ ഞങ്ങൾ ഉള്ളപ്പോഴാണ് സാംസ്‌കാരികയുദ്ധം എന്ന് പറയാവുന്ന നെതർലൻഡ്‌സ് ‐ ഉറൂഗ്വേ മത്സരം നടക്കുന്നത്. ഡിയേഗോ ഫോർലാൻ നല്ല ഫോമിലായിരുന്നു. ജർമനിയോട് തോറ്റതോടെ ബ്രസീലിനു പിറകെ അർജന്റീനയും പുറത്തായിരുന്നു.
രാഷ്‌ട്രീയവും സ്‌പോർട്‌സും നമുക്ക് മാറ്റിവയ്‌ക്കാനേ കഴിയില്ല. എസോപ്പ് പഹാഡ് ഞങ്ങളോട് പിന്നീട് പറഞ്ഞു, എങ്ങനെ അപ്പാർതൈഡ് കാലത്ത് സ്‌പോർട്സ് ഉപയോഗിച്ച് വംശീയതക്കെതിരെ പോരാടി എന്ന്. അന്ന് കേപ്പ് ടൗണിലെ ചർച്ച ഡച്ച് ടീമിനെ പറ്റിയായിരുന്നു. അപ്പാർതൈഡ് നിലവിൽ കൊണ്ടുവന്ന ഡച്ച് കുടിയേറ്റക്കാർ സൗത്ത് ആഫ്രിക്കയുടെ മണ്ണിൽ ജയിച്ചാൽ അത് കളങ്കമാണ് എന്നൊരുപക്ഷം. കളി കളിയാണ്, സ്‌പോർട്സ്മാൻസ്‌പിരിറ്റ് വേണമെന്ന് മറുപക്ഷം. അവസാനം സെമിഫൈനലിൽ നെതർലൻഡ്‌സ് ജയിച്ചു. ഉറൂഗ്വേ തോറ്റു. പക്ഷെ ഫോർലാൻ ഗോൾഡൻ ബോൾ അവാർഡ് കരസ്ഥമാക്കി.
അങ്ങനെ സംഭവബഹുലമായ കേപ്പ് ടൗൺ ദിനങ്ങൾ അവസാനിച്ചു. ഞങ്ങൾ തിരിച്ചു ജോബർഗിലേക്കു പറന്നു. അവിടെനിന്ന് റോഡ് മാർഗം രാജ്യത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് തലസ്ഥാനമായ പ്രീറ്റോറിയയിലേക്ക്. നേരത്തെ കേപ്പ് ടൗണിൽവച്ചു കണ്ട ഒരു ലോക്കൽ ഫുട്ബോൾ ചരിത്രകാരൻ പീറ്റർ റാത്ത് കാണണം എന്ന് പറഞ്ഞ് ചില പഴയ ഫുട്ബോൾ കളിക്കാരുടെ നമ്പറുകൾ തന്നിരുന്നു. അതിൽ ഞങ്ങൾ ആദ്യം കണ്ടത് കീത് ബ്രോഡ് എന്ന പേരുള്ള വെള്ളക്കാരനെയായിരുന്നു. ആദ്യമായി ഒരു ബ്ലാക്ക് ക്ലബ്ബിൽ കളിച്ച സൗത്ത് ആഫ്രിക്കക്കാരൻ. ഒർലാന്ടോ പൈറേറ്റ്സ് എന്ന സോവെറ്റോയിലുള്ള ക്ലബ്ബിലാണ് അദ്ദേഹം കളിച്ചത്.
സൊവെറ്റോ ജോഹന്നസ്ബർഗിനടുത്തുള്ള പ്രധാനപ്പെട്ട പഴയ ബ്ലാക്ക് ടൗൺഷിപ്പാണ്. അവിടെയായിരുന്നു മണ്ടേലയുടെയും ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടുവിന്റേയും പഴയ വീടുകൾ. മണ്ടേലയുടെ വീട്ടിൽ അദ്ദേഹം ജയിലിലായിരുന്നപ്പോൾ വിന്നി മണ്ടേലയും കുട്ടികളും താമസിച്ചിരുന്നു. നിരന്തരം അവരെ പൊലീസ് പിന്തുടർന്നിരുന്നു. പലപ്പോഴും അറസ്റ്റ് ചെയ്‌ത് തുറുങ്കിലടയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. അപ്പാർതൈഡ് വിരുദ്ധ സമരത്തിന്റെ കേന്ദ്രമായിരുന്നു സൊവെറ്റൊ. അവിടെ ഞങ്ങൾ പോയിരുന്നു. അവിടെവച്ചാണ് 1976ൽ 13 വയസ്സുള്ള ഹെക്ടർ പീറ്റേഴ്സൺ എന്ന കുട്ടിയ വർണവെറിയന്മാരായ പൊലീസ് വെടിവച്ചുകൊന്നത്. ഫുട്ബോളുമായും സൊവെറ്റൊയ്‌ക്ക് നല്ല ബന്ധമുണ്ട്. പ്രശസ്‌തമായ ഒർലാണ്ടോ സ്റ്റേഡിയം ഇവിടെയാണ്. ചുരുക്കിപ്പറഞ്ഞാൽ ചരിത്രം മാടിവിളിക്കുന്ന ടൗൺഷിപ്പാണ് സൊവെറ്റൊ.
വെള്ളക്കാരും കറുത്തവർഗക്കാരും കീത് ബ്രോഡിനെതിരെ വധഭീഷണി മുഴക്കി. വെള്ളക്കാർക്ക് അയാൾ അപമാനമായി തോന്നി. കറുത്തവർഗക്കാർക്ക് അവരോട് അനീതികാട്ടുന്ന വെള്ളക്കാരുടെ കൂട്ടത്തിലെ ഒരുത്തൻ എന്തിന് ഞങ്ങളുടെ കൂടെ കളിക്കുന്നു എന്ന ഭാവം. പക്ഷെ അവസാനം അത്തരം പ്രശ്നങ്ങൾ അവസാനിക്കുകയും ബ്രോഡ് തുടർന്ന് കളിക്കുകയും ചെയ്‌തു. പീറ്റർ റാത്തിനെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും അദ്ദേഹം കാരണമാണ് ബ്രോഡിനെ കാണാൻ പറ്റിയത്. ബ്രോഡാണ് ഒരുകാലത്തെ ഇതിഹാസമായിരുന്ന, പക്ഷെ മറ്റുജോലികൾ ചെയ്‌ത് ജീവിക്കേണ്ടിവന്ന, സ്മൈലി മൂസയെ പരിചയപ്പെടുത്തിയത്. റേസിങ് കമന്ററി നടത്തിയാണ് ഞങ്ങൾ കാണുമ്പോൾ അദ്ദേഹം ജീവിച്ചിരുന്നത്.
പ്രീറ്റോറിയയിൽ എത്തിയശേഷം അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ഞങ്ങളെ കാണാൻ വരികയും വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. സ്മൈലി മൂസയുടെ അനുജനും മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. വീടിനടുത്ത് കുട്ടികൾക്ക് ഫുട്ബോൾ ട്രെയിനിങ്ങും അദ്ദേഹം കൊടുത്തിരുന്നു. പിന്നീട് റിയാസിന്റെ ക്ഷണം സ്വീകരിച്ച് മൂസ കൊച്ചിയിൽ വരികയുണ്ടായി. ഒരുകാലത്ത് സൗത്ത് ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നത്രെ അദ്ദേഹം. അപ്പാർതൈഡ് നിയമങ്ങൾ കാരണം അദ്ദേഹത്തിന് സന്ദർഭങ്ങൾ ലഭിക്കാതെ പോയി.
ആഫ്രിക്കക്കാർക്കിടയിൽ ഇന്ത്യക്കാർക്ക് ഫുട്ബോൾ കളിക്കാനറിയില്ല എന്ന വാദം തകർത്ത കളിക്കാർ കൂടിയാണ് എസോപ്പ് സ്മൈലി മൂസയും അനുജൻ സെയ്‌നും. സൂറത്തിൽനിന്ന് 1900‐ന്റെ തുടക്കത്തിൽ പ്രീറ്റോറിയയിൽ വ്യാപാരം നടത്താൻ എത്തിയവരിൽ പെടുന്നവരാണ് ഇദ്ദേഹത്തിന്റെ പൂർവികർ.
പിറ്റേന്നാണ് ആകസ്മികമായി ഫൈനലിന്റെ ടിക്കറ്റുകൾ കിട്ടിയത്. വെറുതെ ടിവി നോക്കി ഇരിക്കേണ്ടിവരും എന്നാലോച്ച് ഇരുന്നപ്പോഴാണ് രാവിലെ ബ്രേക്‌ഫാസ്റ്റ് സമയത്ത്, മുകളിൽ പറഞ്ഞ, ടിക്കറ്റ് തരാൻ താൽപ്പര്യമുള്ള ദമ്പതികളെ കണ്ടുമുട്ടിയത്. പിന്നെ നടന്നതെല്ലാം സ്വപ്‌നം പോലെയായിരുന്നു. സ്റ്റേഡിയത്തിനകത്ത് അടുത്ത ദൂരത്തിൽ ഷക്കീറ, വീൽചെയറിൽ നെൽസൺ മണ്ടേല.
പിന്നെ പ്രസരിപ്പുള്ള കളിക്കാർ. വീണ്ടും വീണ്ടും കാണണമെന്നു തോന്നുന്ന ഫുട്ബോൾ. അങ്ങനെ അവസാനം സൗത്ത് ആഫ്രിക്കയുടെ മണ്ണിൽ ഡച്ച് ഫുട്ബോൾ പട തോറ്റു. ഡച്ച് കുടിയേറ്റക്കാർ ഉണ്ടാക്കിയ വിവേചനസമ്പ്രദായത്തെ തുടച്ചുമാറ്റിയ ജനതയ്‌ക്ക് മുമ്പിൽ, ലോകത്തിനു മുമ്പിൽ അവർ കീഴടങ്ങി. എക്സ്ട്രാ ടൈമിൽ സ്‌പെയിനിന്റെ ആദ്യ വേൾഡ് കപ്പ് വിജയം ഇനിയസ്റ്റയുടെ ഗോളിലൂടെ.
തിരിച്ചു വരുന്നതിനുമുമ്പ് എസോപ്പ് പഹാഡിനെ കണ്ടു. മണിക്കൂറുകളോളം സംസാരിച്ചു‐ ഫുട്‌ബോളിനെപ്പറ്റിയും ഇന്ത്യയെപ്പറ്റിയും ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സസ്സെക്‌സ് യൂണിവേഴ്സിറ്റി നാളുകളെക്കുറിച്ചും മറ്റും... വെള്ളക്കാർ ഫുട്‌ബോൾ വേൾഡ് കപ്പ് നന്നായി നടക്കുന്നതു കാണാൻ ഇഷ്ടപ്പെടുന്നില്ല എന്ന് തുടക്കത്തിൽ പറഞ്ഞ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, വേൾഡ് കപ്പ് കാരണം നാഷണൽ യൂണിറ്റി ഉണ്ടായി എന്നാണ്.
വുവുസേലകളും പുസ്‌തകങ്ങളുമായി തിരിച്ചു പറക്കുമ്പോൾ മനസ്സ് മുഴുവൻ ഫുട്ബോൾ; ആ രാജ്യത്തു കണ്ട പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ഫുട്ബോൾ പ്രേമികളായ ആളുകളുടെ മുഖങ്ങൾ. അധികാരത്തിനും പണത്തിനുമപ്പുറം വലിയ ശക്തിയാണ് ജനശക്തി എന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഫുട്ബോൾ .
(പത്രപ്രവർത്തകനും
ഗ്രന്ഥകാരനുമാണ് ലേഖകൻ)











0 comments