ഇ റിക്ഷ ആപ്പ് ദുരുപയോഗം; ബാറ്ററി മാനേജ്‌മെന്റ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇ-റിക്ഷകളുടെ ബാറ്ററി പ്രവർത്തനങ്ങൾ റിമോട്ട് വഴി നിയന്ത്രിച്ച് വാഹനം പാതിവഴിയിൽ നിർത്തിയിടാൻ ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെന്റ് ആപ്പുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഇ-റിക്ഷാ ബാറ്ററികളുടെ ചാർജ്, വോൾട്ടേജ്, താപനില എന്നിവ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം ആപ്പുകളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
ഈ ആപ്പുകൾ വഴി പാസ്സ്‌വേർഡോ പിൻ നമ്പറോ ഇല്ലാതെ തന്നെ വാഹനങ്ങളുടെ ബാറ്ററി ഓഫാക്കാൻ സാധിക്കും. യാത്രയ്ക്കിടെ വാഹനം പെട്ടെന്ന് നിർത്തിയിടുന്ന രീതിയിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനിൽ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പൊലീസ് പിടികൂടിയിരുന്നു.
വാഹനം നിർത്തിയിട്ട ശേഷം അത് ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഡ്രൈവർമാരിൽ നിന്ന് ഇവർ പണം ഈടാക്കുകയാണ് ചെയ്തിരുന്നത്. ഷെൻസെൻ ഗ്രീനർജി ടെക്നോളജി, ഷെൻസെൻ റൂയിചുവാങ് ലിനെങ് ടെക്നോളജി, ഡാലി ബിഎംഎസ് തുടങ്ങിയ കമ്പനികളുടെ ആപ്പുകളാണ് പ്രധാനമായും ഇത്തരം സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഇ-റിക്ഷകളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്താത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഇത്തരം ആപ്പുകൾക്ക് ഇന്റർനെറ്റ് സൗകര്യമില്ലാതെ തന്നെ ബ്ലൂടൂത്ത് വഴി പ്രവർത്തിക്കാൻ സാധിക്കുമെന്നത് വലിയ വെല്ലുവിളിയാണ്. ഇ-റിക്ഷകളെ തടസ്സപ്പെടുത്തുന്നത് കുറ്റകരമാണെന്നും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ആപ്പുകൾ പ്ലേ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യുന്ന നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.











0 comments