print edition ജീവനക്കാരെ സർക്കാർ ശത്രുക്കളായി കാണരുത്: പിണറായി വിജയൻ

സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : ജീവനക്കാരെ ശത്രുക്കളായി കാണുന്നത് ഭരണസംവിധാനത്തിന്റെ മുന്നോട്ടുപോക്കിന് ഗുണകരമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജീവനക്കാരെ ജില്ലകൾക്കപ്പുറത്തേക്കുൾപ്പെടെ തലങ്ങും വിലങ്ങും മാറ്റിയും അവർക്കെതിരെ തെറ്റായ പ്രചാരണം നടത്തിയും ആനുകൂല്യങ്ങൾ കവർന്നും ദ്രോഹിക്കുന്ന സമീപനമാണ് സർക്കാരിന്. സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌ത് പിണറായി പറഞ്ഞു.
കഴിഞ്ഞ പത്തുവർഷം സാമ്പത്തികമായി പ്രയാസത്തിലായിരുന്ന ഘട്ടത്തിലും സർക്കാർ ജീവനക്കാരെ കൈവിട്ടില്ല. കോവിഡ് കാലത്ത് രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശമ്പളമുൾപ്പെടെ മുടങ്ങിയപ്പോൾ കേരളത്തിലങ്ങനെയുണ്ടായില്ല. പ്രതിസന്ധികളിലും സംതൃപ്‌തകാലമായിരുന്നു. ജീവനക്കാരെ സർക്കാർ വിശ്വാസത്തിലെടുത്തു. അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണമെന്ന തത്വം പാലിക്കാനാണ് കമീഷനെ നിയമിച്ചത്. യുഡിഎഫ് വന്നതോടെ കമീഷൻ പ്രവർത്തനം നിലച്ചു.
പത്തുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണമെന്ന കേന്ദ്രനയം കേരളത്തിലും നടപ്പാക്കാൻ പോകുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നതോടെ, സംസ്ഥാന വരുമാനത്തിന്റെ 80 ശതമാനവും ജീവനക്കാർക്കും പെൻഷൻകാർക്കുമായാണ് നീക്കിവയ്‌ക്കുന്നത് എന്നായിരുന്നു പ്രചാരണം. ഇങ്ങനെ തെറ്റായ പ്രചാരണം നടത്തി ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനായിരുന്നു നീക്കം. ജൂൺ ഒന്നുവരെ സംസ്ഥാന ജീവനക്കാർക്ക് ലീവ് സറണ്ടർ ഉണ്ടായിരുന്നു. യുഡിഎഫ് സർക്കാരാണ് നിർത്തിയത്. എന്നാൽ, എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫ് തെറ്റായ പ്രചാരണം നടത്തുകയാണ്. ഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി നൽകാൻ എൽഡിഎഫ് സർക്കാർ ബജറ്റിൽ പണം വകയിരുത്തി. യുഡിഎഫ് അതും നിർത്തി. ജീവനക്കാരോടുള്ള പ്രതികാര മനോഭാവം സർക്കാർ അവസാനിപ്പിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.








0 comments