print edition പിഎസ്‍സിക്ക് മരണമണി; ലക്ഷ്യം സമാന്തര ബോർഡുകൾ

എസ് കിരൺബാബു
Published on Nov 27, 2026, 02:33 AM | 1 min read
തിരുവനന്തപുരം : ഭരണഘടനാ സ്ഥാപനമായ കേരള പിഎസ്‌സിയുടെ സ്വയംഭരണാധികാരം തകർക്കാനുള്ള സർക്കാർ ശ്രമം സമാന്തര നിയമന ബോർഡുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട്. ഒഴിവുകൾ റിപ്പോർട്ട്ചെയ്‌ത ശേഷം മാത്രം വിജ്ഞാപനമിറക്കി റാങ്ക് പട്ടിക തയ്യാറാക്കിയാൽ മതിയെന്ന സർക്കാർ നയവും റാങ്ക് പട്ടിക പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിയെ നിയോഗിച്ചതും ഇതിന്റെ ഭാഗം.
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും വിവിധ തസ്‌തികകൾക്ക് പ്രത്യേകം നിയമന ബോർഡുകളാണുള്ളത്. ഇത്തരം ബോർഡുകൾ നിലവിൽ വരുന്നതോടെ സംവരണതത്വം അട്ടിമറിക്കപ്പെടും. സമാന്തര ബോർഡുകളോ താൽക്കാലിക, കരാർ സംവിധാനങ്ങളോ രൂപീകരിക്കുമ്പോൾ പിഎസ്‌സി പിന്തുടരുന്ന റൊട്ടേഷൻ -സംവരണ രീതിയും സുതാര്യ പരിശോധനകളും ഇല്ലാതാകും. റാങ്ക് പട്ടികകളുടെ എണ്ണവും വ്യാപ്തിയും വെട്ടിക്കുറച്ചാൽ പിന്നീട് നിയമനം ലഭിക്കാത്തവരുടെ പരാതികളും ഉദ്യോഗാർഥികളുടെ സംഘടിത സമരങ്ങളും ഉയരില്ലെന്നാണ് സർക്കാർ കരുതുന്നത്.
കേന്ദ്രവും ബിജെപി–ആർഎസ്എസ് നേതൃത്വവും ഗവർണറും പിഎസ്‌സിക്കുമേലുള്ള കടന്നുകയറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പലയിടത്തും സമാന്തര ബോർഡുകളിൽ അധ്യക്ഷരെയും ഇഷ്‌ടക്കാരെയും നിയമിക്കുന്നത് പണം വാങ്ങിയാണ്. നിശ്ചിത ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നുമില്ലാത്ത രീതി നടപ്പാക്കുന്നതോടെ സ്വജനപക്ഷപാതവും അഴിമതിയും അരങ്ങുവാഴും.
താൽക്കാലിക–കരാർ നിയമനങ്ങള്‍ കൂടും
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ മുതൽ ആസൂത്രണ ബോർഡ് ചീഫ് വരെ ആയിരക്കണക്കിന് തസ്‌തികകളിലെ ഒഴിവുകൾ മുൻകൂട്ടി നിശ്‌ചയിക്കാൻ സർക്കാരിനാണ് സാധിക്കുക. വിരമിക്കലില്‍ മാത്രമല്ല, ജോലി മാറിപ്പോകുന്നതുവഴിയും ഒഴിവുണ്ടാകുന്നുണ്ട്. മുൻകൂട്ടി ഒഴിവ് റിപ്പോർട്ട് ചെയ്യാതെ ഒഴിവ് വന്നശേഷം മാത്രം വിജ്ഞാപനമിറക്കിയാൽ മതിയെന്ന നിർദേശം പിഎസ്‌സിയെ നോക്കുകുത്തിയാക്കും.
ഒരു റാങ്ക് പട്ടിക അവസാനിക്കുന്നതിന്റെ തൊട്ടടുത്തദിവസം പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ് രീതി. പുതിയ നയം നടപ്പായാൽ റാങ്ക് പട്ടികകളില്ലാതെ വകുപ്പുകളുടെ പ്രവർത്തനം തകിടംമറിയും. തസ്‌തികകളിൽ ആളില്ലാതാക്കി താൽക്കാലിക–കരാർ–ദിവസവേതന നിയമനം വ്യാപകമാകും. അതോടെ അഭ്യസ്‌തവിദ്യർ വഴിയാധാരമാകും.








0 comments