ad
Deshabhimani

ജൂൺ മഴ കേരളത്തിൽ ഓരോ വര്‍ഷവും 1.4 മില്ലിമീറ്റർ കുറയുന്നു; ഇത്തവണ 34 ശതമാനത്തിന്റെ വ്യത്യാസം

rain
വെബ് ഡെസ്ക്

Published on Jul 04, 2026, 12:05 PM | 2 min read

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഏകദേശം 34% മഴയുടെ കുറവ് രേഖപ്പെടുത്തി. പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നതാണ് ഇത്തവണ പൊതുവെ കാലവർഷം ദുർബലമാകാൻ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിലോ അറബിക്കടലിലോ ഈ സീസണിൽ ശക്തമായ ന്യൂനമർദ്ദങ്ങളോ ചക്രവാതച്ചുഴികളോ രൂപപ്പെടാതിരുന്നതും മേഘങ്ങളുടെ സാന്നിധ്യം കുറച്ചു. എന്നാൽ കേരളത്തിൽ ജൂൺ മഴ സ്ഥിരമായി കുറയുകയാണെന്ന് ഐഎംഡി ഡാറ്റാ വിശകലനം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ജൂണിലെ മഴ കുറവ് ഒരു ദീര്‍ഘകാല പ്രതിഭാസമാവുകയാണ്.


കേരളത്തിലെ മഴ മാറുന്നു


ഇന്ത്യയിലെ ആകെ മഴക്കുറവിന് കാരണം താൽക്കാലികമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ആണെങ്കിൽ കേരളത്തിൽ ജൂൺ മാസത്തിൽ ലഭിക്കുന്ന മഴയുടെ കുറവ് ഒരു ദീർഘകാല പ്രതിഭാസത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കേരളത്തിലെ ജൂൺ മാസത്തെ മഴക്കുറവ് എൽ നിനോ കൊണ്ട് മാത്രം ഉണ്ടായതല്ല, മറിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി തുടരുന്ന ഘടനാപരമായ മാറ്റമാണ് എന്നാണ് ഡാറ്റകൾ വ്യക്തമാക്കുന്നത്. ഓരോ വർഷവും ജൂൺ മാസത്തിൽ ലഭിക്കുന്ന മഴയിൽ ശരാശരി 1.4 മില്ലിമീറ്റർ കുറവ് രേഖപ്പെടുത്തുന്നുണ്ട്.


1901 നും 2026 നും ഇടയിൽ ജൂൺ മാസത്തെ ശരാശരി മഴയിൽ 175 മില്ലിമീറ്ററോളം കുറവുണ്ടായി. പണ്ടത്തെ ദീർഘകാല ശരാശരി 648.3 മില്ലിമീറ്റർ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂൺ മാസം സാധാരണയായി 600 മുതൽ 800 മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. എന്നാൽ 1960-കളോടെ ജൂൺ മാസത്തെ മഴ സ്ഥിരമായി 600 മില്ലിമീറ്ററിന് താഴേക്ക് പതിക്കാൻ തുടങ്ങി.


മഹാപ്രളയത്തിന് കാരണമായ 2018-ൽ ജൂൺ മാസത്തിൽ 751.5 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ 8 വർഷത്തിനിടെ ഒരേയൊരു തവണ മാത്രമാണ് ജൂണിൽ മഴ 600 മില്ലിമീറ്റർ കടന്നത് (2025-ൽ, 620.4 mm).


ജൂണിലെ കുറവ് നികത്താൻ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിശക്തമായ മഴ പെയ്യുന്ന രീതിയിലേക്ക് (Extreme rainfall events) കേരളത്തിലെ കാലാവസ്ഥ മാറുന്നു എന്നാണ് ഇത് കാണിക്കുന്നത്. ഇത് പ്രളയ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മേൽ മണ്ണിന്റെ ഘടന മാറാനും ഫലഭൂയിഷ്ഠി നഷ്ടമാവാനും ഇത് ഇടവെക്കും.


മഴ

ഈ ജൂണിൽ


സാധാരണയായി ജൂൺ മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 648.2 മില്ലിമീറ്റർ ആണ്. എന്നാൽ ഇത്തവണ ലഭിച്ചത് ഏകദേശം 427.3 മില്ലിമീറ്റർ മാത്രമാണ്. കേരളത്തിലെ 14 ജില്ലകളിൽ തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 13 ജില്ലകളിലും മഴയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മാത്രം സാധാരണയേക്കാൾ 5% അധികം മഴ ലഭിച്ചു.


ജൂലൈ ആദ്യ വാരം മഴ കുറവ് നികത്തപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജൂലൈ മാസത്തിലും സംസ്ഥാനത്ത് ശരാശരിയിൽ കുറവ് മഴയേ ലഭിക്കൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പ്രവചനം.


വയനാട് ജില്ലയിൽ മാത്രം ജൂണിൽ രേഖപ്പെടുത്തിയത്‌ അഞ്ചുവർഷത്തെ ഏറ്റവും കുറവ്‌ മഴയാണ്. 270 മില്ലിമീറ്റർ മഴ മാത്രമാണ് കഴിഞ്ഞ മാസം പെയ്‌തത്‌. 2022-ൽ 581 മില്ലിമീറ്ററും 2023-ൽ 318 ഉം 2024-ൽ റെക്കോഡായ 777ഉം 2025-ൽ 634 മില്ലിമീറ്റർ മഴയും ജൂണിൽ ലഭിച്ചിരുന്നു. ഏറ്റവും മഴക്കുറവ് നേരിട്ടത് വയനാടാണ്. തൃശൂരും കണ്ണൂരും വയനാടിനൊപ്പം ഏറെ പിന്നിലാണ്. തിരുവനന്തപുരത്തിന് പുറമെ കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് സാധാരണ അളവിൽ മഴ ലഭിച്ചത്.


രാജ്യം മുഴുവൻ ഈ പ്രവണത തുടരുന്നതായാണ് കണക്കുകൾ. വിവിധ സംസ്ഥാനങ്ങളിൽ നടപ്പുസീസണിൽ ലഭിക്കേണ്ട മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ അറിയിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബിഹാർ, ജാർഖണ്ഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകളാണ് മഴക്കുറവ് മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യയിലെ പ്രധാന കാർഷിക സീസണായ 'ഖരീഫ്' വിളക്കാലമാണ്. ഈ സമയത്ത് നെല്ല്, പരുത്തി, പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ വിതയ്ക്കുന്നത് മഴയെ ആശ്രയിച്ചാണ്. മൺസൂൺ മഴയെ പ്രതീക്ഷിച്ചിരിക്കുന്ന കോടിക്കണക്കിന് കർഷകർ ആശങ്കയിലാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home