ആഭ്യന്തര മന്ത്രി വിളിച്ച് പറഞ്ഞിട്ടും കേസെടുക്കാത്ത പൊലീസാണോ കേരളത്തിലേത്? - അൻസിബ ഹസൻ

കൊച്ചി: കേരള പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമർശനവും ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത്. സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞിട്ടും കേസെടുക്കാൻ തയാറാകാത്ത പൊലീസ് സ്റ്റേഷനുകളാണോ കേരളത്തിലുള്ളതെന്ന് അൻസിബ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. പരാതിയുമായി എത്തുന്ന സ്ത്രീകളോട് പൊലീസ് പെരുമാറുന്ന രീതി അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമാണ്. സംസ്ഥാനത്ത് 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള പൊലീസ് നടപടികൾ നടക്കുന്നു. സ്റ്റേഷനുകളിൽ എത്തുന്ന സാധാരണക്കാരുടെ പരാതികൾ പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. സ്റ്റേഷനുകളിലെത്തുന്ന കേസുകൾ കൃത്യമായി രജിസ്റ്റർ ചെയ്യുന്നുണ്ടോ എന്ന് ആഭ്യന്തര മന്ത്രി അന്വേഷിക്കണമെന്നും താരം ആവശ്യപ്പെട്ടു.
ഒരു പെൺകുട്ടിയെ പരമാവധി അപമാനിച്ച ശേഷവും പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുൻപ് യാതൊരു നോട്ടീസും നൽകാതെ തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചു. എഫ്ഐആർ പോലുമില്ലാത്ത ഒരു കാര്യത്തിനാണ് തന്നെ അന്ന് മാനസികമായി തളർത്തിയത്. ഇതിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല. തുടർന്ന് നടൻ ടിനി ടോമിനെതിരെ കടവന്ത്ര സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഒടുവിൽ കോടതിയെ സമീപിച്ച ശേഷമാണ് ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കോടതി നിർദ്ദേശപ്രകാരം കേസ് എടുത്തതിന് പിന്നാലെ നടി ലക്ഷ്മി പ്രിയ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മൂന്ന് ഭാഗങ്ങളുള്ള വീഡിയോ പുറത്തുവിട്ടതായി അൻസിബ പറഞ്ഞു. ഭീഷണിയുടെ സ്വരത്തിലുള്ളതും മ്ലേച്ഛവുമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കാൻ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിനെതിരെ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ അങ്ങനെയൊരു പരാതി കണ്ടിട്ടേയില്ലെന്ന മറുപടിയാണ് സ്റ്റേഷനിൽ നിന്ന് ലഭിച്ചത്. ലക്ഷ്മി പ്രിയയ്ക്ക് ഇത്രമാത്രം സ്വാധീനമുണ്ടോ എന്ന് താൻ ആശ്ചര്യപ്പെട്ടുപോയെന്നും നടി പറഞ്ഞു.
പൊലീസ് നടപടിയുണ്ടാകാത്തതിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് അൻസിബ കാര്യം ധരിപ്പിച്ചു. അദ്ദേഹം വിളിച്ച് സംസാരിക്കാമെന്ന് ഉറപ്പുനൽകിയതിന് പിന്നാലെ അഞ്ച് മിനിറ്റിനുള്ളിൽ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് ഫോൺകോൾ വരികയും പരാതി സ്വീകരിച്ചതിനുള്ള അക്നോളജ്മെന്റ് നൽകുകയും ചെയ്തു. എന്നാൽ, ഒരു സ്ത്രീയെ അധിക്ഷേപിച്ചത് വ്യക്തമായിട്ടും എഫ്ഐആർ ഇടാൻ 14 ദിവസത്തെ പ്രാഥമിക അന്വേഷണം വേണമെന്നാണ് പൊലീസ് നിലപാട്. ഈ വിഷയത്തിൽ തൃക്കാക്കര എംഎൽഎ ഉമ തോമസ്, ബിന്ദു കൃഷ്ണ എന്നിവരുമായി സംസാരിച്ചെങ്കിലും നീതി ലഭിച്ചില്ല. കോടതിയെ മാത്രം വിശ്വസിച്ച് പൗരന്മാർക്ക് ജീവിക്കേണ്ടി വരുന്ന അവസ്ഥയാണെങ്കിൽ രാജ്യത്ത് പൊലീസ് സ്റ്റേഷനുകൾ എന്തിനാണെന്നും നേരിട്ട് കോടതിയിൽ പോയാൽ പോരേയെന്നും അൻസിബ ചോദിക്കുന്നു.
'അമ്മ' സംഘടനയ്ക്കുള്ളിൽ നേരിട്ട അവഗണനകളെക്കുറിച്ചും അൻസിബ തുറന്നുപറഞ്ഞു. തനിക്കെതിരെ 'ജിഹാദി' വിളി ഉണ്ടായെന്നും, പ്രൊഡക്ഷൻ കൺട്രോളറെയും ടിനി ടോമിന്റെ ഡ്രൈവറെയും മതം മാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ചതായും താരം വെളിപ്പെടുത്തി. 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ തനിക്ക് 'ഡബിൾ ഡാഡി സിൻഡ്രോം' ആണെന്ന് ടിനി ടോം മെസേജ് അയച്ചു. ആ പരാമർശത്തിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്യാൻ പ്രസിഡന്റോ മറ്റ് ഭാരവാഹികളോ ഉണ്ടായിരുന്നില്ല. മെയ് 12ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു വനിതാ അംഗം നൽകിയ പരാതി പോലും പരിഗണിക്കാൻ സംഘടന തയാറായില്ല. അശ്ലീല പരാമർശങ്ങൾക്ക് മായ എന്നയാൾ ജനറൽ ബോഡിയിൽ വന്ന് സാക്ഷി പറഞ്ഞിട്ടും ആരോപണവിധേയനായ ടിനി ടോമിനെതിരെ ഒരു നടപടിയും എടുത്തില്ല. സ്ത്രീ സമത്വത്തെക്കുറിച്ച് പറയുന്നവർ പ്രവർത്തിയിൽ അത് കാണിക്കുന്നില്ലെന്നും താരം കുറ്റപ്പെടുത്തി.
ഇതിനിടെ, ടിനി ടോമും അൻസിബയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്നും അത് സംഘടനയ്ക്കുള്ളിൽ തീർപ്പാക്കിയതാണെന്നും സിറ്റി പൊലീസ് കമീഷണർ പറയുന്നത് കേട്ടു. എന്നാൽ ഈ പ്രശ്നം സംഘടനയ്ക്കുള്ളിൽ തീർപ്പാക്കിയിട്ടില്ല. ടിനി ടോം ഇതെല്ലാം തമാശയ്ക്ക് പറഞ്ഞതാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് ഒരു പൊലീസ് കമീഷണർക്ക് തമാശയായി കാണാൻ കഴിയുന്നതെന്ന് അൻസിബ ചോദിച്ചു. ഇത്രയും അനീതികൾ നടക്കുമ്പോഴും കേരളത്തിലെ ജനങ്ങളിൽ വിശ്വാസമുണ്ട്. സമൂഹത്തിലെ വർഗീയവൽക്കരണത്തെ ജനങ്ങൾ ചെറുക്കണം. പൊലീസ് സ്റ്റേഷനുകൾ വർഗീയവൽക്കരിക്കപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടണമെന്നും അൻസിബ കൂട്ടിച്ചേർത്തു.











0 comments