സെന്റ് പീറ്റേഴ്സ്ബർഗിൽ വ്യോമാക്രമണം; റഷ്യയുടെ തന്ത്രപ്രധാന തുറമുഖങ്ങൾക്ക് നേരെ ഉക്രെയ്ൻ ഡ്രോണുകൾ

പ്രതീകാത്മക ചിത്രം
മോസ്‌കോ : റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലും ചുറ്റുമുള്ള ലെനിൻഗ്രാഡ് മേഖലയ്ക്കും നേരെ ഉക്രെയ്ന്റെ വ്യോമാക്രമണം. ഇന്ന് പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളെയാണ് ഉക്രെയ്ൻ ലക്ഷ്യമിട്ടത്.
അറുപത് ലക്ഷത്തോളം ജനസംഖ്യയുള്ള സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിന് നേരെ വ്യാപകമായ ഡ്രോൺ ആക്രമണമാണ് ഉണ്ടായതെന്ന് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് സ്ഥിരീകരിച്ചു. ആക്രമണമുണ്ടായ കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. നഗരത്തിലെ പ്രധാന ഓയിൽ ടെർമിനലിൽ വലിയ തീപിടുത്തമുണ്ടായതായി പ്രാദേശിക മാധ്യമമായ 'ബുമാഗ' റിപ്പോർട്ട് ചെയ്തു.
സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് വടക്കുപടിഞ്ഞാറായി ഫിൻലാൻഡ് ഉൾക്കടലിന് സമീപം ഏകദേശം 170 കിലോമീറ്റർ അകലെയുള്ള വൈസോത്സ്ക് തുറമുഖത്തിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായതായി ലെനിൻഗ്രാഡ് റീജിയൻ ഗവർണർ അലക്സാണ്ടർ ദ്രോസ്ഡെങ്കോ അറിയിച്ചു.
എണ്ണ, ധാന്യങ്ങൾ, കൽക്കരി, എൽഎൻജി എന്നിവ കൈകാര്യം ചെയ്യുന്ന റഷ്യയുടെ ഏറ്റവും തന്ത്രപ്രധാനമായ തുറമുഖങ്ങളിലൊന്നാണിത്. ലെനിൻഗ്രാഡ് മേഖലയ്ക്ക് മുകളിലൂടെ പറന്ന 72 ഉക്രേനിയൻ ഡ്രോണുകൾ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതായും ഗവർണർ കൂട്ടിച്ചേർത്തു.
റഷ്യയുടെ സാമ്പത്തിക സ്രോതസുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം റഷ്യയിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഉക്രെയ്ൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇത് റഷ്യയുടെ ചില ആഭ്യന്തര മേഖലകളിൽ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമായിട്ടുണ്ട്.
ഉക്രെയ്ന്റെ നിയന്ത്രണത്തിലുള്ള അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഏകദേശം 900 കിലോമീറ്റർ ദൂരെയുള്ള സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് ഡ്രോണുകൾ എത്തിച്ചേരുന്നത് റഷ്യൻ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിനിടെയും നഗരത്തിലെ ഓയിൽ ടെർമിനലും അവിടെ നങ്കൂരമിട്ടിരുന്ന ഒരു യുദ്ധക്കപ്പലും ഉക്രെയ്ൻ ഡ്രോണുകൾ ലക്ഷ്യമിട്ടിരുന്നു.











0 comments