യുഎസ് - ഇറാൻ കരാർ; എണ്ണ കയറ്റുമതിയിൽ റെക്കോഡിട്ട് ഗൾഫ് രാജ്യങ്ങൾ

പ്രതീകാത്മക ചിത്രം
ദുബായ് : മാസങ്ങളായി നീണ്ടുനിന്ന പശ്ചിമേഷ്യൻ പ്രതിസന്ധികൾക്ക് ശേഷം തന്ത്രപ്രധാന കടൽപ്പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് സാധാരണ നിലയിലേക്ക് മടങ്ങുന്നു. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയിൽ 30 ലക്ഷത്തിലധികം ബാരലിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ മേഖലയിൽ നിന്നുള്ള പ്രതിദിന എണ്ണ കയറ്റുമതി 1 കോടി ബാരൽ കടന്നു.
യുഎസ് സൈന്യത്തിന്റെ സുരക്ഷാ മേൽനോട്ടത്തിൽ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമായതാണ് ഈ പെട്ടെന്നുള്ള തിരിച്ചുവരവിന് കാരണമായത്. എങ്കിലും, യുദ്ധത്തിന് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇപ്പോഴും 40 ശതമാനം കുറവാണ്.
ഗൾഫ് വിപണിയിൽ കെട്ടിക്കിടന്ന ദശലക്ഷക്കണക്കിന് ബാരൽ അസംസ്‌കൃത എണ്ണ അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ വഴിയൊരുക്കി യുഎഇ ആണ് ഈ മേഖലയുടെ ആഗോള വിപണിയിലേക്കുള്ള തിരിച്ചുവരവിന് നേതൃത്വം നൽകിയത്. ഇതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില സംഘർഷത്തിന് മുൻപുള്ള നിരക്കിലേക്ക് താഴ്ത്താൻ ഉത്പാദകർക്ക് സാധിച്ചു.
കെപ്ലർ, വോർട്ടെക്സ, എൽഎസ്ഇജി എന്നിവയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ജൂണിൽ യുഎഇയുടെ കയറ്റുമതി റെക്കോർഡ് നിരക്കായ 37 ലക്ഷം മുതൽ 38 ലക്ഷം ബിപിഡി വരെയായി ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിനം 10 ലക്ഷത്തിലധികം ബാരലിന്റെ വർധനവാണിത്. മുൻപ് സംഘർഷ സമയത്ത് ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനായി അഡ്‌നോക് (ADNOC) പ്രത്യേക 'ടാങ്കർ ഷട്ടിൽ സർവീസ്' ഉപയോഗിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ജൂൺ 17ന് യുഎസും ഇറാനും തമ്മിലുണ്ടാക്കിയ കരാറിന് ശേഷം കടലിൽ കപ്പലുകളിൽ കെട്ടിക്കിടന്നിരുന്ന എണ്ണയുടെ അളവ് വേഗത്തിൽ കുറഞ്ഞതായി കെപ്ലർ വ്യക്തമാക്കി. ഏപ്രിൽ അവസാനത്തോടെ കടലിടുക്കിലെ ഫ്ലോട്ടിങ് സ്റ്റോറേജ് 9.6 കോടി ബാരലിലെത്തി പരമാവധിയിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ വേഗത്തിലുള്ള നീക്കം വഴി ഇനി ഏകദേശം 2.3 കോടി ബാരൽ എണ്ണ കൂടി മാത്രമേ ഈ ജലപാതയിലൂടെ കടന്നുപോകാൻ ബാക്കിയുള്ളൂ.
ജൂൺ 22നും ജൂൺ 28നും ഇടയിൽ മാത്രം 98 ടാങ്കറുകളാണ് കടലിടുക്ക് കടന്നത്. അതായത് പ്രതിദിനം ശരാശരി 14 കപ്പലുകൾ. ഇതിൽ എണ്ണ നിറച്ച് പുറത്തേക്ക് പോയ 47 ടാങ്കറുകളും, ഗൾഫിലേക്ക് പ്രവേശിച്ച 41 ചരക്കില്ലാത്ത കപ്പലുകളും ഉൾപ്പെടുന്നു. കപ്പലുടമകൾ ഈ റൂട്ടിലേക്ക് തങ്ങളുടെ സർവീസുകൾ ധൈര്യപൂർവ്വം പുനഃസ്ഥാപിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജൂൺ മാസത്തിൽ സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതി പ്രതിദിനം 7,68,000 ബാരൽ വർധിച്ച് മൊത്തം 45.2 ലക്ഷം ബിപിഡിയായി ഉയർന്നു. റാസ് തനൂറയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിച്ചതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയിലെ ശരാശരി കയറ്റുമതി പ്രതിദിനം 63 ലക്ഷം ബാരലോളമെത്തിയിരുന്നു.
സംഘർഷസമയത്ത് സൗദിക്കും യുഎഇക്കും പൈപ്പ്‌ലൈനുകൾ വഴി എണ്ണ തിരിച്ചുവിടാൻ സാധിച്ചിരുന്നെങ്കിലും ഇറാഖിനും കുവൈത്തിനും അതിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ സാഹചര്യം മാറിയതോടെ ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി യഥാക്രമം പ്രതിദിനം 8 ലക്ഷം ബാരൽ വീതമായി വീണ്ടെടുത്തു. കുവൈത്തിന്റെ ആകെ എണ്ണ ഉൽപാദനം പ്രതിദിനം 16.5 ലക്ഷം ബാരലായി കുത്തനെ ഉയർന്നു.
യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഇളവ് വന്നതോടെ ജൂണിൽ ഇറാനും തങ്ങളുടെ കയറ്റുമതി 70 ശതമാനത്തിലധികം വർദ്ധിപ്പിച്ച് പ്രതിദിനം 6,40,000 ബാരലിൽ എത്തിയിട്ടുണ്ട്.











0 comments