ഭര്‍ത്താവിന്റെ അപഥ സഞ്ചാരങ്ങൾക്ക് സ്വകാര്യതയുടെ സംരക്ഷണമില്ല, ഭാര്യയ്ക്ക് വിവരങ്ങൾ കൈമാറാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പരസ്ത്രീബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനായി ഭര്‍ത്താവിന്റെ കോൾ വിവരങ്ങളും ഹോട്ടൽ ബുക്കിംഗ് രേഖകളും ഉൾപ്പെടെ വിവരങ്ങൾ ശേഖരിക്കാൻ ഭാര്യയ്ക്ക് കോടതിയുടെ സഹായം തേടാമെന്ന വിധി ശരിവെച്ച് സുപ്രീം കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ അപ്പീൽ ജസ്റ്റിസുമാരായ മൻമോഹൻ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം പരിധികളില്ലാത്ത ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുതാൽപ്പര്യം മുൻനിർത്തി ഇതിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. നിയമപരമായ വിവാഹബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുകയും അപഥ സഞ്ചാരം നടത്തുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് സ്വകാര്യതയുടെ മറപിടിച്ച് നിയമത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. അതിന് കോടതി കൂട്ടുനിൽക്കുന്നത് പൊതുതാൽപ്പര്യത്തിന് നിരക്കുന്നതല്ല എന്നും കോടതി പറഞ്ഞു.
ഇന്ത്യൻ തെളിവ് നിയമപ്രകാരം സ്വീകാര്യമല്ലാത്തതോ പ്രസക്തമല്ലാത്തതോ ആയ തെളിവുകൾ പോലും, കുടുംബ കോടതിയിലെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ബോധ്യപ്പെട്ടാൽ സ്വീകരിക്കാൻ സെക്ഷൻ 14 കോടതികൾക്ക് പ്രത്യേക അധികാരം നൽകുന്നുണ്ട്. പരസ്ത്രീബന്ധം പോലുള്ള കാര്യങ്ങളിൽ നേരിട്ടുള്ള തെളിവുകൾ ലഭിക്കുക വളരെ ബുദ്ധിമുട്ടായതിനാൽ ഇത്തരം സാഹചര്യങ്ങളിൽ കോടതിക്ക് ഇടപെടാം.
കേസിൽ കുടുംബ കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിധികൾ ശരിവെച്ചാണ് സുപ്രീം കോടതി നിര്‍ണ്ണായകമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. ഈ കേസിൽ, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിൽ ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് ഭാര്യ കുടുംബകോടതിയെ സമീപിച്ചിരുന്നു. കാമുകിയുമായി ചേര്‍ന്ന് ഇരുവരും ഒന്നിച്ച് താമസിച്ച ഹോട്ടലിലെ ബുക്കിംഗ് വിവരങ്ങൾ, ഐഡി പ്രൂഫ്, പേയ്‌മെന്റ് രേഖകൾ എന്നിവ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ഫാമിലി കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഭർത്താവ് സ്വകാര്യത അവകാശപ്പട്ട് നൽകിയ ഹർജിയാണ് ഇപ്പോൾ സുപ്രീം കോടതിയും തള്ളിയത്.
വിവാഹ നിയമപ്രകാരം പരസ്ത്രീബന്ധം എന്നത് വിവാഹമോചനം നേടാനുള്ള ശക്തമായ കാരണമാണ്. ഭർത്താവിന്റെ വാദം കേവലം സ്വകാര്യതയിൽ മാത്രം ഊന്നിയുള്ളതാണെങ്കിൽ, ഭാര്യയുടെ ആവശ്യം നിയമപരമായ അവകാശങ്ങളിലും ധാർമ്മികതയിലും അധിഷ്ഠിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഹോട്ടൽ രേഖകളും കോൾ വിവരങ്ങളും വഴി ഭർത്താവ് ഭാര്യയല്ലാത്ത മറ്റൊരു സ്ത്രീക്കൊപ്പമാണോ താമസിച്ചതെന്ന് വ്യക്തമാകും. കൂടാതെ, ഫോൺ കോളുകളുടെ ദൈർഘ്യവും ആവർത്തനവും പരിശോധിക്കുന്നതിലൂടെ അത് സഹപ്രവർത്തകർ തമ്മിലുള്ള ബന്ധത്തിനപ്പുറമാണോ എന്ന് തെളിയിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.










0 comments