ad
Deshabhimani

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ട്

rain

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jul 04, 2026, 02:36 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.


ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ


ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.


തിങ്കളാഴ്ച (06/07/2026) കണ്ണൂർ, കാസറഗോഡ്

ചൊവ്വാഴ്ച (07/07/2026) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്


മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. ഇന്ന് (04/07/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടാണ്.


ഞായറാഴ്ച (05/07/2026) കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മുന്നറിയിപ്പുണ്ട്.


തിങ്കളാഴ്ച (06/07/2026) എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാ​ഗ്രതാ നിർദേശം.


ചൊവ്വാഴ്ച (07/07/2026) എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് ബാധകമായിരിക്കും.


ബുധനാഴ്ച (08/07/2026) ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ശക്തമായ മഴ തുടർന്നേക്കും.


പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രത നിർദേശങ്ങൾ


ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലോ ക്യാമ്പുകളിലോ പകൽ സമയത്ത് തന്നെ മാറി താമസിക്കേണ്ടതാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാം.


ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കുക.


മഴ ശക്തമാകുമ്പോൾ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പാടില്ല.


ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കുക. ജലാശയങ്ങൾ കരകവിഞ്ഞ് ഒഴുകുന്ന റോഡുകളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.


സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ കോതി ഒതുക്കാനും ബോർഡുകളും മതിലുകളും സുരക്ഷിതമാക്കാനും ശ്രദ്ധിക്കുക. ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്.


കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home