ad
Deshabhimani

സഹകരണ അവാർഡിൽ തുടർച്ചയായി ഒന്നാംസ്ഥാനം

ടാസ്‌കിന്‌ രജതജൂബിലി സമ്മാനമായി സംസ്ഥാന പുരസ്‌കാരം

 തളിപ്പറമ്പ്‌ സഹകരണ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്‌ (-ടാസ്‌ക്‌)
വെബ് ഡെസ്ക്

Published on Jul 04, 2026, 02:30 PM | 1 min read

തളിപ്പറമ്പ്‌

രജതജൂബിലി വർഷത്തിൽ പുരസ്‌കാരപ്പെരുമയോടെ തളിപ്പറമ്പ്‌ സഹകരണ ആർട്സ് ആൻഡ്‌ സയൻസ് കോളേജ്‌ (-ടാസ്‌ക്‌). സംസ്ഥാന സഹകരണ അവാർഡിൽ വിദ്യാഭ്യാസ വിഭാഗത്തിൽ തുടർച്ചയായി രണ്ടാംവർഷവും ഒന്നാം സ്ഥാനം നിലനിർത്തിയാണ്‌ തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷണൽ സൊസൈറ്റി മികവ്‌ പ്രകടിപ്പിച്ചത്‌. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം ലഭിച്ച സൊസൈറ്റിക്കിത്‌ ആറാമത്‌ സംസ്ഥാന പുരസ്‌കാരമാണ്‌. 1981 ജൂലൈ 15ന്‌ രജിസ്റ്റർ ചെയ്‌ത സൊസൈറ്റിയുടെ പ്രവർത്തന പരിധി തളിപ്പറമ്പ് ബ്ലോക്കിലെ 13 പഞ്ചായത്തുകളും തളിപ്പറമ്പ്, ആന്തൂർ, ശ്രീകണ്ഠാപുരം നഗരസഭകളുമാണ്‌. 1998വരെ സമാന്തരമേഖലയിൽ തളിപ്പറന്പ്‌ കോ–-ഓപ്പറേറ്റീവ് കോളേജുമുണ്ടായി. 1999ൽ കണ്ണൂർ സർവകലാശാല സഹകരണത്തോടെ കംപ്യൂട്ടർ കോഴ്സ്‌ ആരംഭിച്ചു. 2002–-03 അധ്യയനവർഷത്തിലാണ്‌ സംസ്ഥാനത്ത്‌ ആദ്യമനുവദിച്ച സ്വാശ്രയ സഹകരണ ആർട്സ് ആൻഡ്‌ സയൻസ് കോളേജായി കാഞ്ഞിരങ്ങാട്ട്‌ 22.8 ഏക്കറിൽ ടാസ്‌ക്‌ ആരംഭിച്ചത്‌. നിലവിൽ ബിരുദാനന്തരബിരുദമുൾപ്പടെ 12 കോഴ്‌സുകളിൽ 922 വിദ്യാർഥികളുണ്ട്‌. ലാബ്, 8200 പുസ്തകങ്ങളുള്ള ലൈബ്രറി, എൻഎസ്എസ്, പ്ലേസ്മെന്റ്സെൽ, മൈതാനം, കാന്റീൻ, കോളേജ് ബസ്, യോഗാ പരിശീലനം, എയ്റോബിക് പ്രാക്ടീസും കോളേജിലുണ്ട്‌. ഉയർന്ന വിജയശതമാനമുൾപ്പെടെ അനവധി സർവകലാശാലാ റാങ്കുകളും നേടി. കലോത്സവങ്ങളിലും സജീവസാന്നിധ്യമാണ്‌. ശുചിത്വ–-മാലിന്യ സംരക്ഷണം, ജലസുരക്ഷ, ഊർജ്ജ–-ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക്‌ എ പ്ലസ് ഗ്രേഡോടെ ഹരിതകലാല പുരസ്‌കാരവും നേടി. നാക്‌ അക്രഡിറ്റിഷേനുവേണ്ടി ശ്രമിക്കുന്ന കോളേജിന്റെ പ്രിൻസിപ്പൽ ഡോ. കെ വി ഉണ്ണികൃഷ്‌ണനാണ്‌. സഹകരണ ജീവനക്കാരെ തെരഞ്ഞെടുക്കാനാള്ള പരീക്ഷ നടത്തുന്ന ഔട്ട്സൈഡ് ഏജൻസിയും സഹകരണ ബാങ്ക് കോച്ചിങും സൊസൈറ്റിക്ക്‌ കീഴിലുണ്ട്‌. സഹകരണപ്രസ്സ്, അക്ഷയ സെന്റർ, സുഭിക്ഷ കേരളം, മത്സ്യകൃഷി എന്നിവയുമുണ്ട്‌. ഐ വി നാരായണൻ പ്രസിഡന്റും പി എൻ സുലേഖ സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയിൽ 60 ജീവനക്കാരുണ്ട്‌. രജതജൂബിലിയോടനുബന്ധിച്ച്‌ വിപുലമായ ആഘോഷവും ഇ‍ൗ വർഷം സംഘടിപ്പിക്കുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home