ad
Deshabhimani

കെപിസിസി പ്രസിഡന്റ് സ്ഥാനം തീരുമാനിക്കുന്നത് ഫ്‌ളക്‌സുകൾ നോക്കിയല്ല: കെ മുരളീധരൻ

k muraleedharan
വെബ് ഡെസ്ക്

Published on Jul 04, 2026, 01:50 PM | 1 min read

തിരുവനന്തപുരം: ​കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തീരുമാനിക്കുന്നത് ഫ്‌ളക്‌സുകൾ നോക്കിയല്ലെന്ന് കെ മുരളീധരൻ. പ്രസിഡന്റ് സ്ഥാനത്തിനായി നേതാക്കളുടെ പേരുകൾ നിർദേശിച്ച് നടക്കുന്ന ഫ്ളക്സ് ബോർഡ് യുദ്ധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ രാത്രിയും പകലും ആരെങ്കിലും വയ്ക്കുന്ന ബോർഡ് നോക്കിയില്ല പ്രസിഡന്റിനെ തീരുമാനിക്കുകയെന്നും ഹൈക്കമാൻഡ് അതിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഫൈനൽ യുദ്ധം ജോസഫ്‌ വാഴയ്‌ക്കനും കൊടിക്കുന്നിൽ സുരേഷും തമ്മിലെന്ന്‌ സൂചന. ഇരുവരും ഡൽഹിയിൽ അവസാന കരു നീക്കത്തിൽ. ഇരട്ടപ്പദവി വിഷയം കൊടിക്കുന്നിലിനെയും മുഖ്യമന്ത്രി വി ഡി സതീശന്റെ നോമിനിയെന്നത്‌ വാഴയ്‌ക്കനെയും ബാധിച്ചേക്കും. കെ സി വേണുഗോപാലിന്റെ നിലപാട്‌ നിർണായകമാകും.


നിയമസഭയിൽ സീറ്റ്‌ നൽകാത്തപ്പോൾ നൽകിയ ഉറപ്പും ദീർഘകാലമായി പദവിയില്ലാതെ മാറിനിന്നതുമാണ്‌ വാഴയ്‌ക്കൻ നിരത്തുന്ന കാരണം. ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ രമേശ്‌ ചെന്നിത്തലയുടെ പിന്തുണയുമുണ്ട്‌. ദളിത്‌ പ്രസിഡന്റ്‌ വേണമെന്ന ദീർഘകാലത്തെ ആവശ്യം എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖർഗെയെ കണ്ട്‌ അറിയിച്ചുവെന്ന്‌ കൊടിക്കുന്നിൽ പ്രതികരിച്ചു. ദീർഘകാലമായി എംപി സ്ഥാനത്തുള്ള കൊടിക്കുന്നിലിന്‌ സോണിയ ഗാന്ധിയോടുള്ള അടുപ്പം തുണയാകും. സർക്കാരും പാർടിയും യോജിച്ചുപോകാൻ സഹായമായ നിലപാടേ എടുക്കാവൂവെന്ന നിബന്ധനയാണ്‌ മുഖ്യമന്ത്രി മുന്നോട്ടുവയ്‌ക്കുന്നത്‌. ബജറ്റിനുശേഷം മതി പുനഃസംഘടനയെന്ന സതീശന്റെ അഭ്യർഥന ഹൈക്കമാൻഡ്‌ തള്ളിയിരുന്നില്ല.


അടൂർ പ്രകാശ്‌, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി എന്നിവരാണ്‌ രംഗത്തുള്ള മറ്റ് എംപിമാർ. മാത്യു കുഴൽനാടൻ എംഎൽഎയും നിയമസഭയിലേക്ക്‌ മത്സരിച്ച്‌ പരാജയപ്പെട്ട വി എസ്‌ ശിവകുമാറും ടി ശരത്ചന്ദ്രപ്രസാദും മോഹികളായുണ്ട്‌. എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കേണ്ടെന്നും മന്ത്രിസഭയിൽ വലിയ പ്രാതിനിധ്യമുള്ള ന്യൂനപക്ഷ സമുദായങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചാൽ സമവാക്യം മാറാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home