മഹാരാഷ്ട്രയിൽ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടൽ, ഗതാഗതം തടസപ്പെട്ടു

പുനെയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ| Photo:PuneNow/X
പുനെ : പശ്ചിമ മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മൺസൂൺ മഴയെത്തുടർന്ന് വരാന്ധാ ഘട്ടിലും പുനെയിലെ സിംഹഗഡ് കോട്ടയുടെ പ്രവേശന കവാടത്തിന് സമീപവും ഉരുൾപൊട്ടലുണ്ടായി. ഇതേത്തുടർന്ന് കോട്ടയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി നിരോധിക്കുകയും പ്രധാന പാതയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഭോർ താലൂക്കിലെ ഷിർഗാവ് മേഖലയിൽ ഭോർ-മഹാദ് റോഡിലാണ് (ദേശീയപാത 965DD) വരാന്ധാ ഘട്ടിലെ ഉരുൾപൊട്ടൽ ഉണ്ടായത്. വൻതോതിൽ പാറകളും ചെളിയും മരങ്ങളും അവശിഷ്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സിംഹഗഡ് കോട്ടയുടെ പ്രധാന പ്രവേശന കവാടത്തിന് സമീപവും ഉരുൾപൊട്ടൽ ഉണ്ടായി. മുൻകരുതൽ നടപടിയായി വനംവകുപ്പ് കോട്ട താൽക്കാലികമായി അടച്ചു.
ശക്തമായ മഴ പുനെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 14 ഓളം സ്ഥലങ്ങളിൽ മരങ്ങൾ വീണതായി ഫയർഫോഴ്‌സ് അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഹാരാഷ്ട്രയിൽ മൺസൂൺ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുനെ, സത്താറ, കൊങ്കൺ മേഖലകളിലെ ഘട്ട് പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറായി അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പുണെയിലെ ഘട്ട് മേഖലകളിൽ ജൂലൈ 5 വരെ റെഡ് അലേർട്ടും, ജൂലൈ 6, 7 തീയതികളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.











0 comments