1800 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾക്ക് ദുബായ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ അംഗീകാരം

ദുബായ്: 18 ബില്യൺ ദിർഹം ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതികൾക്ക് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ഇതിൽ പ്രധാന പദ്ധതിയായി ഷെയ്ഖ് സായിദ് റോഡിന് സമാന്തരമായി മൂന്ന് വരി വീതമുള്ള 15 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് റോഡ് നിർമിക്കുന്നതിനും അനുമതിയായി.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. സംസ്കാരം, വ്യാപാരം, അടിസ്ഥാനസൗകര്യം, സ്വദേശിവത്കരണം, ധനകാര്യം, നിക്ഷേപം, നഗരാസൂത്രണം, ജനസംഖ്യാ ഡാറ്റാ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു.
'ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് ഡെവലപ്‌മെന്റ് പ്ലാനിന്റെ' ഭാഗമായാണ് പുതിയ റോഡ് നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ തിരക്കേറിയ സമയങ്ങളിൽ ഷെയ്ഖ് സായിദ് റോഡിലെ യാത്രാസമയം 51 ശതമാനം വരെ കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 26 ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അൽ ബർഷ, അൽ ഖൂസ്, ബിസിനസ് ബേ, മെയ്ദാൻ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതവും സുഗമമാകും. 2027-ലെ മൂന്നാം പാദത്തിൽ നിർമാണം ആരംഭിച്ച് 2030-ലെ നാലാം പാദത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗതത്തെ ബാധിക്കാതെ അതിവേഗ നിർമാണത്തിനായി ആധുനിക സാങ്കേതിക വിദ്യകൾ വിനിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.
യോഗത്തിൽ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രത്തിനും അംഗീകാരം നൽകി. 2033-ഓടെ സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് 3,000 എമിറാത്തി പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. അധ്യാപക പരിശീലന-അംഗീകാര അക്കാദമി, വിരമിച്ച അധ്യാപകരെ വീണ്ടും സേവനത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതി എന്നിവയും ഇതിന്റെ ഭാഗമാകും.
ദുബായിലെ എല്ലാ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഏകോപിപ്പിക്കുന്ന 'ദുബായ് ഇൻവെസ്റ്റർ രജിസ്റ്റർ' രൂപീകരിക്കാനും കൗൺസിൽ തീരുമാനിച്ചു. വിവിധ സ്വതന്ത്ര സാമ്പത്തിക മേഖലകളിൽ വീണ്ടും രജിസ്റ്റർ ചെയ്യാതെ തന്നെ കമ്പനികൾക്കും നിക്ഷേപകർക്കും പ്രവർത്തിക്കാൻ ഇത് സഹായിക്കും. 2033-ഓടെ 650 ബില്യൺ ദിർഹം വിദേശ നിക്ഷേപം ആകർഷിക്കുകയെന്ന 'ഡി33' സാമ്പത്തിക അജണ്ടയുടെ ലക്ഷ്യത്തിന് ഈ സംവിധാനം കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.
ദുബായുടെ വിലാസ സംവിധാനത്തിന് പുതിയ ദൃശ്യ ഐഡന്റിറ്റിയും അംഗീകരിച്ചു. നഗരത്തിന്റെ ഭൂപ്രകൃതിക്കും പ്രത്യേകതകൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്യുന്ന പുതിയ വിലാസ-സൂചനാ സംവിധാനം 2029-ഓടെ 186 പ്രദേശങ്ങളിൽ നടപ്പാക്കും. ഗതാഗത, പാർപ്പിട സേവനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
'ദുബായ് കൾച്ചറൽ സ്ട്രാറ്റജി 2033'നും യോഗം അംഗീകാരം നൽകി. 6,000-ത്തിലധികം പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുകയും 6,000-ത്തിലധികം അന്തർദേശീയ കലാപ്രതിഭകളെ ദുബായിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. സാംസ്കാരിക മേഖലയിലൂടെ സംസ്ഥാന ജി.ഡി.പിയിലേക്കുള്ള സംഭാവന 5.4 ശതമാനമായി ഉയർത്താനും 40 പുതിയ സംരംഭങ്ങൾ നടപ്പാക്കാനും പദ്ധതിയുണ്ട്. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഇതോടൊപ്പം 'ദുബായ് കസ്റ്റംസ് സ്ട്രാറ്റജി 2030'ക്കും അംഗീകാരം നൽകി. വ്യാപാരം കൂടുതൽ സുഗമമാക്കുക, സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക, സുരക്ഷയും നിയമപാലനവും ഉറപ്പാക്കുക, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. നഗരാസൂത്രണം, നിക്ഷേപ ആകർഷണം, ജനസംഖ്യാ വിവരങ്ങളുടെ തത്സമയ നിരീക്ഷണം, പുതിയ സാമ്പത്തിക മേഖലകളുടെ വികസനം തുടങ്ങിയ എല്ലാ മേഖലകളിലും ഭാവിയെ മുൻകൂട്ടി കണ്ടുള്ള ആസൂത്രണമാണ് ദുബായ് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായെ ആഗോള നിലവാരത്തിലുള്ള നവീനവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുകയെന്ന ഭരണനേതൃത്വത്തിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











0 comments