ad
Deshabhimani

ഇ-20 ഇന്ധനം വേണ്ടെന്ന് ഭൂട്ടാൻ; ആശങ്കകളിൽ മറുപടിയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

e20
വെബ് ഡെസ്ക്

Published on Jul 04, 2026, 12:59 PM | 2 min read

ന്യൂഡൽഹി: ഇന്ത്യയിൽ ഇ-20 പെട്രോൾ വ്യാപകമാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഫർ നിരസിച്ച് ഭൂട്ടാൻ. സാധാരണ പെട്രോൾ ലഭ്യമാകുന്നിടത്തോളം കാലം തങ്ങൾക്ക് അത് തന്നെ നൽകണമെന്ന് ഭൂട്ടാൻ ഇന്ത്യയോട് ആവശ്യപ്പെട്ടതായി തദ്ദേശ മാധ്യമമായ 'ദി ഭൂട്ടാനീസ്' റിപ്പോർട്ട് ചെയ്യുന്നു.


ഇ-20യും ഭൂപ്രകൃതിയും

തമ്മിൽ എന്താണ്


എന്തുകൊണ്ടാണ് ഹിമാലയൻ രാജ്യമായ ഭൂട്ടാൻ എഥനോൾ കലർന്ന പെട്രോളിനോട് 'നോ' പറഞ്ഞത് എന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കത്തിന് എതിരെ ഉയര്‍ന്നിരിക്കുന്ന ആശങ്കയുടെ ഭാഗവുമാണ്. ഈ ജൈവമിശ്രിത ഇന്ധനത്തിന് ക്ഷമത കുറവായിരിക്കും എന്നതാണ് ആദ്യത്തേത്. ഭൂട്ടാന്റെ കുത്തനെയുള്ള മലയോര പാതകളിലൂടെയുള്ള യാത്രയ്ക്ക് വാഹനങ്ങൾക്ക് പരമാവധി കരുത്ത് ആവശ്യമാണ്. ഇ20 പെട്രോൾ ഇത്തരം മലയോര മേഖലകളിൽ വാഹനങ്ങൾക്ക് സ്ഥിരതയാർന്ന പ്രകടനം നൽകില്ലെന്ന് വിശദീകരിക്കപ്പെടുന്നു.


സാധാരണ പെട്രോളിൽ നിന്നും വ്യത്യസ്തമായി 20% എഥനോളും 80% പെട്രോളും അടങ്ങിയതാണ് ഇ20 ഇന്ധനം. ഇതിലടങ്ങിയിരിക്കുന്ന 'ഹൈഡ്രോക്സിൽ ഗ്രൂപ്പ്' ഘടകങ്ങൾ ഇന്ധനത്തിന് 'ഹൈഗ്രോസ്കോപിക്' സ്വഭാവം നൽകും. ഇത് അന്തരീക്ഷത്തിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കും. എന്നാൽ ശുദ്ധമായ പെട്രോൾ ഇങ്ങനെ വെള്ളം വലിച്ചെടുക്കില്ല.


ഇ20 ഇന്ധനത്തിലേക്ക് വെള്ളം കലർന്നാൽ അവ പിന്നീട് വേർതിരിക്കുക എളുപ്പമല്ല. ഇത് സ്റ്റീൽ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും തുരുമ്പെടുക്കലിന് കാരണമാവുകയും ദീർഘകാലാടിസ്ഥാനത്തിൽ വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുകയും ചെയ്യും എന്നും ദി ഭൂട്ടാനീസ് റിപ്പോര്‍ടിൽ ആശങ്കയായി ഉന്നയിക്കുന്നു. ഭൂട്ടാനിലെ ഇന്ധന സംഭരണ ടാങ്കുകൾ ഭൂരിഭാഗവും ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ പഴയതായതിനാൽ ടാങ്കുകളിലേക്ക് വെള്ളം ചോർന്നിറങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതും പ്രതിസന്ധിയാണ്.


ഇന്ത്യ അബദ്ധത്തിൽ ഇ20 ഇന്ധനം ഭൂട്ടാനിലേക്ക് അയച്ചാൽ അത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നും വാര്‍ത്ത പറയുന്നു. കാരണം, നേരിയ തോതിൽ വെള്ളം കലർന്നാൽ പോലും ഇ20 ഇന്ധനത്തിന്റെ നിറം പാലിന് സമാനമായി മാറും. എഥനോൾ മിശ്രിതത്തിന്റെ അളവ് കൂട്ടാനോ പൂർണ്ണമായും എഥനോൾ ഇന്ധനത്തിലേക്ക് മാറാനോ ഇന്ത്യ തീരുമാനിക്കുകയാണെങ്കിൽ ഭൂട്ടാന് മുൻകൂട്ടി നോട്ടീസ് നൽകണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഭൂട്ടാൻ തങ്ങൾക്ക് ആവശ്യമുള്ള ഇന്ധനം പൂർണ്ണമായും ഇന്ത്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഉയർന്ന കയറ്റുമതി ഗുണനിലവാരമുള്ള (Higher-export quality) പെട്രോളും ഡീസലുമാണ് ഭൂട്ടാൻ വാങ്ങുന്നത്. ഇതിന് ഇന്ത്യൻ പെട്രോൾ പമ്പുകളിൽ ലഭിക്കുന്ന ഇന്ധനത്തേക്കാൾ വില കൂടുതലാണ്. ഇന്ത്യൻ എണ്ണക്കമ്പനികളായ ഐഒസിഎൽ ബിപിസിഎൽ എച്ച്പിസിഎൽ എന്നിവർ മുന്നോട്ടുവെച്ച ഇ20 ഓഫറിനോട് ഭൂട്ടാൻ വാണിജ്യ മന്ത്രാലയം പൂർണ്ണമായും വിയോജിക്കുകയായിരുന്നു.


ഇന്ത്യയിലെ ഇ20 വിവാദം


ഇന്ത്യയിൽ 2023-ന് മുൻപ് നിർമ്മിച്ച പെട്രോൾ വാഹനങ്ങളുടെ ഉടമകളിൽ നിന്ന് ഇ20 ഇന്ധനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മൈലേജ് കുറയുന്നതായും വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ കൂടുന്നതായും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. മൈലേജ് നേരിയ തോതിൽ കുറയുമെങ്കിലും മികച്ച ആക്സിലറേഷനും എഞ്ചിൻ പ്രകടനവും ഇ20 നൽകുമെന്നാണ് സർക്കാർ വാദം. ഇതിനിടെ ഇന്ത്യ 25% എഥനോൾ അടങ്ങിയ ഇ25 (E25) പെട്രോളിന്റെ പരീക്ഷണവും വാഹനങ്ങളിൽ ആരംഭിച്ചതായി 'ദി ഇക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന വാദത്തിനിടെ, ഇ20 നയം ഒരു "പരീക്ഷണം" മാത്രമാണെന്നും ഇതിന്റെ ഫലം അടുത്ത വർഷമേ അറിയാൻ കഴിയൂ എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് വലിയ വിവാദമായതോടെ സർക്കാർ ഈ പ്രസ്താവന നിഷേധിച്ചെങ്കിലും, അറ്റോർണി ജനറൽ കോടതിയിൽ ഈ വാദം ഉന്നയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.


Related News

ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുക്കാതെ എല്ലാ വാഹനങ്ങൾക്കും മേഖലകൾക്കും ഒരേ ഇന്ധന നയം (One-size-fits-all model) പ്രായോഗികമല്ലെന്നാണ് ഭൂട്ടാൻ പോലുളള രാജ്യങ്ങളുടെ പ്രതികരണത്തിൽ നിന്നും ഉയര്‍ന്നു വരുന്നത്. ഇന്ത്യയിലെ പ്രതിഷേധത്തിനൊപ്പം ഭൂട്ടാനിലും ആശങ്ക ഉയര്‍ന്നതോടെയാണിത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home