ad
Deshabhimani

കവർസ്റ്റോറി

രാമു അരവിന്ദനും നീളുന്ന നോട്ടവും

രാമു അരവിന്ദൻ
avatar
തുളസി സ്വർണലക്ഷ്‌മി

Published on Jul 04, 2026, 11:49 AM | 4 min read



സംഭവങ്ങളെ ഉടനെ രേഖപ്പെടുത്തുന്ന മാധ്യമം ‐ ആസന്നതയുടെ മാധ്യമം ‐ എന്ന തരത്തിലാണ് ഫോട്ടോഗ്രഫിയെ തുടക്കം മുതൽ ഇന്ത്യയിൽ കണക്കാക്കിവരുന്നത്. സ്റ്റുഡിയോ ചിത്രങ്ങൾ, നരവംശ-സർവേ ചിത്രങ്ങൾ, പിൽക്കാലത്ത് വലിയ സ്വാധീനം ചെലുത്തിയ ഫോട്ടോ ജേർണലിസം, സോഷ്യൽ ഡോക്യുമെന്ററി; ഇത്തരം ശാഖകളിലെല്ലാം തന്നെ സംഭവങ്ങളോട് പെട്ടെന്നുള്ള പ്രതികരണമായാണ് ഫോട്ടോഗ്രഫി പ്രവർത്തിച്ചിട്ടുള്ളത്. പരിചിതമായ സാമൂഹിക പശ്ചാത്തലങ്ങളോട് ചേർത്താണ് അതിന്മേലുള്ള മൂല്യനിർണയം. ഇതുമൂലം, ചിത്രീകരിച്ച് ഒട്ടും കാലതാമസമില്ലാതെ വെളിവാക്കപ്പെടേണ്ടവയാണ് ഫോട്ടോഗ്രാഫുകൾ എന്ന അവസ്ഥയാണുള്ളത്.

രാമു അരവിന്ദൻരാമു അരവിന്ദൻ

ഈ മാതൃകയുടെ പരിധിക്ക്‌ പുറത്തേക്ക്‌്‌ വളരുന്നവയാണ്‌ രാമു അരവിന്ദന്റെ ചിത്രങ്ങൾ. ഫോട്ടോയിലൂടെ കാര്യങ്ങളെ വിശദമാക്കുന്ന, ഉപസംഹരിക്കുന്ന, രീതിയിൽനിന്ന് മാറിയാണവ നിൽക്കുന്നത്. കാഴ്ച തുടർന്നുപോകുന്ന, നോട്ടത്തിന് വലിയ പ്രാധാന്യമുള്ള ഒരു ദൃശ്യരീതിയാണ് അദ്ദേഹത്തിന്റെ ഫോട്ടോകളിലുള്ളത്. ഈയൊരു ആശയം രാമുവിന്റെ ഔദ്യോഗികവും വ്യക്തിപരവുമായ സൃഷ്ടികൾ തമ്മിലുള്ള വൈരുധ്യം പരിശോധിച്ചാൽ മനസ്സിലാകും. രാമുവിന്റെ സ്റ്റുഡിയോയിൽ ‐ ‘ലാൻഡീറ്റർ ഡിസൈൻ & ഡോക്യുമെന്റേഷൻ’ ‐നിന്നുള്ളവയടക്കമുള്ള ഔദ്യോഗിക സൃഷ്ടികളിൽ, ഫോട്ടോഗ്രാഫുകൾക്ക് കൃത്യമായ ഒരു ധർമമുണ്ട്. ആശയവിനിമയം, അതിന്റെ പ്രായോഗികത തുടങ്ങിയ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവ സൃഷ്ടിക്കപ്പെടുന്നത്. ആശയസ്‌പഷ്ടത ഇത്തരം ചിത്രങ്ങളുടെ അവിഭാജ്യ ഘടകമാണ്.

ഇതോടൊപ്പമാണ് രാമു തനതായ ദൃശ്യങ്ങളും സൃഷ്ടിക്കുന്നത്. പക്ഷെ, പ്രയോഗപരമായ അനുബന്ധങ്ങൾ ഇല്ലാതെയാണ് അവ രൂപപ്പെടുന്നത്. ഒരുവശത്ത് കൃത്യമായി നിർവചിക്കപ്പെട്ട ദൃശ്യങ്ങൾ ഉണ്ടാകുമ്പോൾ, നോട്ടത്തിന്റെയും അതിന്റെ അകമ്പടിയായ ആത്മപ്രതിഫലനത്തിന്റെയും ആകെത്തുകയായ തുറസ്സായ ഇടമാണ് മറുവശത്തുള്ളത്. തന്റെ ഉദ്യോഗം ആവശ്യപ്പെടുന്ന പരിധികളോടുള്ള പ്രതികരണം കൂടിയാണ്, ഒരു രീതിയിൽ, രാമുവിന്റെ വ്യക്തിപരമായ സൃഷ്ടികൾ.


കാലത്തോട് ബന്ധപ്പെട്ട ഒരു രീതിയിലൂടെയാണ് രാമു ഇതുചെയ്യുന്നത്. അദ്ദേഹത്തിന്റെ ദൃശ്യങ്ങളിൽ ഒരൊറ്റ കൂടിക്കാഴ്‌ചയിൽ നിന്നുണ്ടാവുന്ന സൃഷ്ടികൾ കുറവാണ്. സ്ഥലങ്ങളുമായി പലപ്പോഴായുള്ള സമ്പർക്കങ്ങളിൽ കൂടെയാണ് ഇവിടെ ദൃശ്യങ്ങൾ രൂപപ്പെടുന്നത്. ഏതെങ്കിലുമൊരു ഹ്രസ്വനിമിഷത്തെ പിടിച്ചെടുക്കാനല്ല ക്യാമറ ശ്രമിക്കുന്നത്. മറിച്ച്, കുറേയധികം സമയം ഒരിടത്ത് ചെലവഴിച്ച്, ആ സ്ഥലത്തിന്റെ ഉൾലോകത്തെ അനാവരണം ചെയ്യുകയാണ് രാമു ചെയ്യുന്നത്. ഇതിനെ നിശ്ചലമായ സാന്നിധ്യം എന്ന് വേണമെങ്കിൽ വിളിക്കാം.

രാമുവിന്റെ നിശ്ചലദൃശ്യങ്ങളിൽ സ്ഥലം വെറുമൊരു പശ്ചാത്തലമല്ല. ഒറ്റപ്പെട്ട സംഭവങ്ങളാൽ രൂപപ്പെട്ടത് എന്ന തരത്തിലല്ല, തുടർച്ചയായ ഉപയോഗവും ആൾതാമസവുംമൂലം കാലം സൃഷ്ടിച്ചത് എന്ന നിലയിലാണ് സ്ഥലങ്ങളെ രാമുവിന്റെ ചിത്രങ്ങൾ വീക്ഷിക്കുന്നത്. പരിചിതമായ ഇടനാഴികൾക്കും, സാംസ്‌കാരിക കേന്ദ്രങ്ങൾക്കും കുറച്ചുമാറി കിടക്കുന്ന ഇടങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ക്യാമറ മടങ്ങിച്ചെല്ലുന്നത്. തുടർച്ചയായ ആവാസം അവശേഷിപ്പിക്കുന്ന അടരുകൾ ഇവിടെ ബാക്കിയുണ്ട്. അതേസമയം, ശ്രദ്ധാകേന്ദ്രമായി വരേണ്ട എന്തെങ്കിലുമൊന്ന് ഉയർത്തിക്കാണിക്കാനല്ല ക്യാമറ ഈ ഇടങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രത്യേകിച്ചൊരു വീക്ഷണകോണിലൂടെയല്ലാതെ ഈ സ്ഥലങ്ങളെ നോക്കാൻ രാമുവിന്റെ ദൃശ്യങ്ങളിലൂടെ സാധിക്കും. മാത്രമല്ല, ഈ ദൃശ്യങ്ങളിലെ മനുഷ്യസാന്നിധ്യം തികച്ചും പരോക്ഷമാണ്. കാലത്തിന്റെ പോക്കിനനുസരിച്ച് സ്ഥലത്തിന്റെ അടരുകളിൽ പ്രത്യക്ഷപ്പെടുന്ന അടയാളങ്ങളിലൂടെയാണ് രാമുവിന്റെ ചിത്രങ്ങളിൽ മനുഷ്യസാന്നിധ്യം വെളിവാക്കപ്പെടുന്നത്. സാധാരണ ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകളിൽ മനുഷ്യർ പ്രത്യക്ഷപ്പെടുന്നതുപോലെ, ദൃശ്യത്തിന്റെ കേന്ദ്രമായി രാമു മനുഷ്യരെ കാണുന്നില്ല. സ്ഥലത്തോടും സാധനങ്ങളോടുമൊപ്പം കാഴ്‌ചക്കാരന്റെ ശ്രദ്ധയെ പങ്കിടുന്ന ഒരു ഘടകം മാത്രമാണ് ഈ ചിത്രങ്ങളിലെ മനുഷ്യർ.


മനുഷ്യരെ ഉപയോഗിച്ച് ദൃശ്യത്തിന് അർഥം നിശ്ചയിക്കാതെ, അതിൽനിന്ന് അകലം പാലിച്ചാണ് രാമുവിന്റെ ഫോട്ടോഗ്രാഫുകൾ നിലകൊള്ളുന്നത്. ഇവിടെ എല്ലാത്തിന്റെയും സാന്നിധ്യം രേഖപ്പെടുത്തപ്പെടുന്നുണ്ട്, പക്ഷേ ഒന്നിനും പ്രത്യേകം മുൻഗണന ഊന്നിപ്പറയുന്നില്ല. ജാഗ്രതയോടെയുള്ള നോട്ടത്തിലേക്കാണ് ദൃശ്യം ക്ഷണിക്കുന്നത്, അതേ സമയം ആധികാരികമായ എന്തെങ്കിലുമൊരു വ്യാഖ്യാനം അത് അവകാശപ്പെടുന്നില്ല.

മിക്കവാറും എല്ലാ ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകളിലും ഒരു വിഷയം ചിത്രീകരിക്കുന്നത് അതിന്റെ പ്രാധാന്യം വെളിപ്പെടുത്താനായിരിക്കും. അതുപോലെ, ദൃശ്യം ചിട്ടപ്പെടുത്തുന്നത് അതിന്റെ അർഥം ഊന്നിപ്പറയാനായിരിക്കും. ഇത്തരമൊരു യുക്തിക്ക് വഴങ്ങാത്തവയാണ് രാമുവിന്റെ ചിത്രങ്ങൾ. എന്തിന്റെയെങ്കിലും തെളിവായോ, മാതൃകയായോ അവ ഒതുങ്ങുന്നില്ല. ഭാഗികമായേ അവ വെളിപാടുകൾ നടത്തുന്നുള്ളൂ. വ്യാഖ്യാനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാത്തതിനാൽ, വിഷയത്തിന്റെ രത്നച്ചുരുക്കം ദൃശ്യത്തിൽനിന്ന് വായിച്ചെടുക്കാൻ സാധിക്കാതെ വരുന്നു. പരിസമാപ്തിയില്ലാത്ത സാമീപ്യമാണ് ഇതിന്റെ ഫലമായി ഉരുത്തിരിഞ്ഞുവരുന്നത്. കണ്ടുമുട്ടുന്ന ഇടങ്ങളും ഫോട്ടോഗ്രാഫും തമ്മിലുള്ള അടുപ്പം തുടരുന്നതുമൂലം, വിശദീകരണങ്ങൾ ഇല്ലാതെ അവയ്‌ക്ക്‌ സ്വയം പ്രകാശിതമാകാൻ കഴിയും.


സമയത്തിന്റെ ഒരു ബിന്ദുവിൽ അർഥം സ്വയം അനാവൃതമാകുമെന്ന വിശ്വാസത്തിൽ ഊന്നിയുള്ള ‘നിർണായക നിമിഷം’ (the decisive moment) എന്ന ചിന്തയാണ് ഇരുപതാം നൂറ്റാണ്ടിൽ ഫോട്ടോഗ്രഫിയെ നയിച്ചത്. രൂപവും സമയവും കൃത്യമായി അണിനിരന്നാൽ ഫോട്ടോഗ്രാഫർക്ക് അവയെ ഉപയോഗപ്പെടുത്തി മികച്ചൊരു ഫോട്ടോഗ്രാഫിന് ജന്മംകൊടുക്കാൻ സാധിക്കും എന്നതായിരുന്നു വിശ്വാസം. സുപരിചിതമായ നിരവധി മികച്ച സൃഷ്ടികൾ ഈയൊരു ദർശനത്തെ അടിസ്ഥാനമാക്കി ഉണ്ടായിട്ടുണ്ട്. നിശ്ചിതത്വം, വേഗത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഫോട്ടോഗ്രാഫുകൾക്ക് മൂല്യം കൽപ്പിക്കുന്ന ഒരു സാമ്പത്തികവ്യവസ്ഥ ഈ വിശ്വാസം മൂലം ഉടലെടുത്തു. ഇതിൽനിന്ന് വിഭിന്നമായ ഒരു സമയക്രമമാണ് രാമുവിന്റെ ദൃശ്യങ്ങൾ പിന്തുടരുന്നത്. അർഥം ഏതെങ്കിലുമൊരു പ്രത്യേക നിമിഷത്തിൽ കേന്ദ്രീകരിക്കുന്നതിന് പകരം, സമയം ഫോട്ടോഗ്രാഫിലുടനീളം ദൃശ്യമാകുന്നു. ഇവിടെ അർഥം ഒരു നിമിഷ ബിന്ദുവിൽ വന്നടിയുന്നില്ല.

അനക്കമില്ലായ്‌മയെ ചലനത്തിന്റെ അഭാവമായല്ല, സമഗ്രമായ ഏകാഗ്രതയ്‌ക്കുള്ള ഉപാധിയായാണ് രാമു കാണുന്നത്. ഫോട്ടോഗ്രാഫ് ചലനത്തിന്റെ ശകലമല്ല; അകത്തേക്ക് പ്രവേശിക്കാവുന്ന ഒരിടമാണ്. ഒരേയിടത്തിൽ ഒരുപാട് സമയം ചെലവഴിച്ച് ആ അന്തരീക്ഷത്തിന്റെ ഉള്ളടക്കങ്ങൾ തിരിച്ചറിയുക എന്ന രീതിയാണ് ഫോട്ടോഗ്രാഫർ പിന്തുടരുന്നത്. ഏതെങ്കിലുമൊരു പ്രവൃത്തിയുടെയോ, കഥാന്ത്യത്തിന്റെയോ ചുറ്റിലുമായല്ല ഇവിടെ ദൃശ്യങ്ങൾ രൂപപ്പെടുന്നത്. രാമു ഫോട്ടോഗ്രാഫുകൾ സൃഷ്ടിക്കുന്ന രീതിയിൽനിന്ന് ഇത് മനസ്സിലാക്കാം. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും സംയോജിപ്പിച്ച (composited) ഫോട്ടോഗ്രാഫുകൾ ആണ്. അവ രൂപപ്പെടുന്നത് തുടർച്ചയായുള്ള നോട്ടത്തിലൂടെയും ക്യാമറയുടെ ശ്രദ്ധാപൂർവമുള്ള സ്ഥാനമാറ്റങ്ങളിലൂടെയുമാണ്. ഇങ്ങനെ സംയോജിപ്പിച്ച ഫോട്ടോഗ്രാഫുകൾ വെളിച്ചത്തിന്റെയും അന്തരീക്ഷത്തിന്റെയും ഫോക്കസിന്റെയും വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന നേർത്ത ക്രമരാഹിത്യങ്ങളെ ഉൾക്കൊള്ളുന്നു. ഈ വ്യതിയാനങ്ങൾ ഒരൊറ്റ പ്രതലത്തിലേക്ക് അദൃശ്യമാക്കാതെ രാമുവിന്റെ ഫോട്ടോഗ്രാഫുകളിൽ തുറന്നിട്ടിരിക്കുന്നു. ഓരോ ദൃശ്യവും സൃഷ്ടിക്കാൻ എടുക്കുന്ന സമയദൈർഘ്യത്തിന്റെ സൂചനകൂടിയാണ് ഇത്: നിരവധി നിമിഷങ്ങളുടെ ശ്രദ്ധയെ അടുക്കിവച്ചുള്ള ഒരൊറ്റ ചിത്രം.


രാമുവിന്റെ ഫോട്ടോഗ്രാഫുകളിൽ ചില ഇടങ്ങൾ ആവർത്തിക്കുന്നത് കാണാം. ആവാസം ചുരുങ്ങുകയും ഭൂഭാഗത്തിന് കൃത്യമായ അതിരുകൾ ഇല്ലാതാവുകയും ചെയ്യുന്ന ഇടനാഴികളാണ് ആ സ്ഥലങ്ങൾ. ഏതെങ്കിലും ഒരാശയത്തിന്റെ രൂപകമോ മാറ്റത്തിന്റെ ചിത്രീകരണമോ ആയി മാറാതെ നോട്ടത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കുകയാണ് അവ ചെയ്യുന്നത്. ഈ അവ്യക്ത സ്വഭാവംമൂലം, അവയെ തിരിച്ചറിയുന്നതിന് ക്ഷണനേരത്തിലേറെ സമയം വേണ്ടിവരുന്നു.

സമകാലിക ദൃശ്യസംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ, രാമു ചിത്രങ്ങൾ എടുക്കുന്നത് നിഷ്‌പക്ഷമായ ഇടങ്ങളിലാണ് എന്ന് പറയാൻ സാധിക്കില്ല. പുരോഗതിയോ അധോഗതിയോ വിവരിക്കാൻ ആവശ്യമായ സ്രോതസ്സ് എന്ന നിലയിലാണ് മിക്കവാറും ഫോട്ടോഗ്രാഫർമാർ പ്രാന്തങ്ങളിലുള്ള, മാറ്റത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ഥലങ്ങളെ ഉപയോഗിക്കുന്നത്. ഇത്തരം ചിത്രങ്ങളിൽ സ്ഥലങ്ങളെ വൃത്താന്തമാക്കി മാറ്റുന്ന പ്രവൃത്തിയാണ് ക്യാമറ ചെയ്യുന്നത്. രാമുവിന്റെ ചിത്രങ്ങൾ ഈ ഗണത്തിൽ പെടുന്നില്ല. അർഥം സൃഷ്ടിക്കാനുള്ള ഒരു സ്രോതസ്സായല്ല അദ്ദേഹം സ്ഥലത്തോട് ഇടപെടുന്നത്.

ആവർത്തനം അങ്ങനെ ഒരു പ്രധാനപ്പെട്ട ഭാവമായി മാറുന്നു. ശ്രദ്ധയെ നിലനിർത്താനുള്ള ഒരു വഴിയാണ് ആവർത്തിച്ചുള്ള സന്ദർശനങ്ങൾ; താരതമ്യ പഠനം, മാറ്റങ്ങളുടെ രേഖപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ഓരോ തവണയുമുള്ള കൂടിക്കാഴ്‌ചയ്‌ക്കും അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചുള്ള പ്രത്യേകതകളുണ്ട്.

ആത്യന്തികമായി, അളവുകോലുകളുമായുള്ള വൈരുധ്യമാണ് രാമുവിന്റെ ശൈലിയെ വ്യത്യസ്‌തമാക്കുന്നത്. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ പുറമേക്ക് അവകാശവാദങ്ങളോ, തരംതിരിവുകളോ, സാമാന്യവൽക്കരണങ്ങളോ നടത്തുന്നില്ല; എന്തിന്റെയെങ്കിലും പ്രതീകമായി കണക്കാക്കപ്പെടാൻ ആവശ്യപ്പെടുന്നുമില്ല. ഓരോ ചിത്രവും അത് സൃഷ്ടിക്കപ്പെട്ട സാഹചര്യങ്ങളുമായും സ്ഥലവുമായും സമയവുമായും കെട്ടുപിണഞ്ഞു കിടക്കുന്നു. ആവർത്തനങ്ങളും കാഴ്‌ചകളും അതിൽ തന്നെ പൂർത്തീകരിക്കപ്പെടുന്നു. അത് അനുഭവത്തെ തെളിവായോ, സ്ഥലത്തെ ആദർശമായോ പരിവർത്തനം ചെയ്യുന്നില്ല. കൂടിക്കാഴ്‌ചയുടെ തലത്തിൽ തന്നെ ഫോട്ടോഗ്രാഫുകൾ തുടരുന്നു. വലിയ കഥകളുടെ ഭാഗമാകാൻ വേണ്ടി ദൃശ്യങ്ങൾക്ക് നൽകപ്പെടുന്ന ന്യായീകരണത്തിന്റെയോ അഭിജാത്യത്തിന്റെയോ ഭാഗമാകാൻ ഈ ചിത്രങ്ങൾ വിസമ്മതിക്കുന്നു.

തുടർച്ചയായി പ്രചരിക്കാനും, സമീപസാഹചര്യങ്ങക്കും അപ്പുറത്തേക്ക് പ്രാധാന്യം കൈവരിക്കാനും ദൃശ്യങ്ങൾ നിർബന്ധിതമാകുന്ന സമകാലിക ഫോട്ടോഗ്രഫി സംസ്‌കാരത്തിനുള്ളിൽ വലിയ പ്രാധാന്യമുള്ള ശക്തിയാണ് അളവുകോലുകളുടെ അഭാവം. സൂക്ഷ്മതയെക്കുറിച്ചുള്ള ബോധം രാമുവിന്റെ ദൃശ്യങ്ങളിൽ അടങ്ങിയിരിക്കുന്നു: സ്ഥലത്തിന്റെ നിബിഡത, ഉപയോഗത്തിന്റെ അവശേഷിപ്പുകൾ, സമയം പോകുന്തോറും ശ്രദ്ധയിൽ വരുന്ന വ്യതിയാനങ്ങൾ; ഇവയെല്ലാം അതിന്റെ ഭാഗങ്ങളാണ്. എന്തിന്റെയെങ്കിലും സംക്ഷിപ്ത വിവരണമായി മാറുന്നതിന് പകരം, ഫോട്ടോഗ്രാഫ് അതിന്റെ പരിമിതികൾ നിലനിർത്തുന്നു. വിഷയങ്ങളെ പൂർണമാക്കുകയോ, കാഴ്‌ചയിലൂടെ ദൃശ്യത്തെ സമഗ്രമാക്കുകയോ ചെയ്യുന്നില്ല. ഇതിലൂടെ ഒരു പ്രത്യേകതരം ഫോട്ടോഗ്രഫിക് ശൈലിയാണ് നമുക്ക് മുമ്പിൽ പ്രകടമാകുന്നത്: സ്ഥിരതയ്‌ക്ക്‌ വിപുലീകരണത്തേക്കാളും, സൂക്ഷ്മതയ്‌ക്ക്‌ പ്രചാരത്തേക്കാളും വില നൽകുന്ന ഒന്ന്. അതുകൊണ്ടാണ് സ്ഥലങ്ങളുമായുള്ള ഇടപെടലിന്റെ അതേ വലിപ്പത്തിൽ രാമുവിന്റെ ദൃശ്യങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത് .





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home