ad
Deshabhimani

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണം എന്ന് വ്യവസ്ഥയുണ്ട്; നടന്നത് ആലോചിച്ച് ഉറപ്പിച്ച കച്ചവടം: പിണറായി വിജയൻ

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jul 04, 2026, 12:08 PM | 1 min read

കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിന് സർക്കാരിന്റെ മുൻ‌കൂർ അനുമതി വേണം എന്ന് വ്യവസ്ഥയുണ്ടെന്നും നിലവിൽ നടന്നിട്ടുള്ളത് ആലോചിച്ച് തീരുമാനിച്ച കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒറ്റയ്ക്കോ കൂട്ടായോ 25 ശതമാനത്തിനു മുകളിൽ ഓഹരി കൈമാറുന്നതിന് മുൻ‌കൂർ അനുമതി വേണം.


സംസ്ഥാന സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ അദാനിക്ക് ഓഹരി കൈമാറാൻ കഴിയില്ല എന്ന് കരാറിൽ ഉണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻ‌കൂർ അനുമതി തേടുക എന്നത് കേവലമായ ഒരു സാങ്കേതികതയല്ല. ഇത്തരമൊരു കൈമാറ്റത്തിന്റെ ആവശ്യകത പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. അദാനിക്ക് എങ്ങനെ സർക്കാരിനെ അറിയിക്കാതെ ഓഹരിക്കൈമാറ്റം നടത്താനുള്ള ധൈര്യം കിട്ടി എന്നും അദ്ദേഹം ചോദിച്ചു.


ഇതൊക്കെ ലംഘിച്ചാണ് കൈമാറ്റം നടന്നിട്ടുള്ളത്. 49 % ഓഹരിയാണ് ഇപ്പോൾ കൈമാറിയിട്ടുള്ളത്. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട സഹായം നൽകുമോ എന്നാണ് ഇനി പരിശോധിക്കാനുള്ളത്. മന്ത്രിസഭ സത്യപ്രതിജ്ഞചെയ്‌തിട്ടും വകുപ്പു വിഭജനം നീണ്ടുപോയത് ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകൾ വിട്ടുകൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയായിരുന്നു.


തുറമുഖവും നിയമവും വിട്ടുകൊടുക്കണമെന്ന ഹൈക്കമാൻഡിന്റെ നിർദേശം തള്ളിയ സതീശൻ, മുഖ്യമന്ത്രി എന്ന വിവേചനാധികാരം ഉപയോഗിച്ചാണ്‌ വകുപ്പുകൾ വിഭജിച്ചത്‌. മുഖ്യമന്ത്രിമാർ ഇത്രയും പ്രധാന വകുപ്പുകൾ ഒരുമിച്ചു വഹിക്കുന്ന രീതി മുമ്പുണ്ടായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലായിരുന്നു പിന്നീടുള്ള ഇടപെടൽ.


തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു. തടസ്സമുണ്ടാക്കുമെന്ന് കരുതിയവരെ നീക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച രത്തൻ കേൽക്കറെ തന്നെ തുറമുഖ സെക്രട്ടറിയുമാക്കി. വിഴിഞ്ഞം തുറമുഖത്തിന്റെ നേതൃത്വത്തിൽനിന്ന്‌ ദിവ്യ എസ്‌ അയ്യരെ നീക്കി താരതമ്യേന ജൂനിയറായ ജെറോമിക്‌ ജോർജിനെ സിഎംഡിയാക്കി.


തുടർന്നാണ് ഓഹരി വിൽപ്പനയ്‌ക്ക് അദാനി നീക്കം തുടങ്ങിയത്‌. ജൂൺ 29ന്‌ "സെബി'ക്ക്‌ കത്ത്‌ അയച്ചിട്ടും താൻ അറിഞ്ഞില്ലെന്ന്‌ തുറമുഖ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറയുന്നത്‌ വിശ്വസനീയമല്ല. ഇത്‌ ശരിയല്ലെന്ന്‌ അദാനി ഗ്രൂപ്പിന്റെ പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തം. യുഡിഎഫ്‌ സർക്കാരിന്റെ ധവളപത്രവും ബജറ്റും സ്വകാര്യവൽക്കരണ ഭീഷണി ഉയർത്തുന്നതാണെന്ന എൽഡിഎഫ്‌ വിമർശനം ശരിവയ്‌ക്കുന്നതാണ്‌ സർക്കാരിന്റെ ഓരോ നടപടികളും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home