ഇൻസ്റ്റന്റ് നൂഡിൽസിലൂടെ സാൽമൊണെല്ല ബാക്ടീരിയ ബാധ; യൂറോപ്പിൽ 106പേർ ചികിത്സയിൽ, ഉറവിടം യുക്രെയ്ൻ കമ്പനി

പ്രതീകാത്മക ചിത്രം |Photo:Canva.com
ലണ്ടൻ : ഫ്ലേവേർഡ് ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലും യുകെയിലുമായി 100ലധികം പേർക്ക് ഗുരുതരമായ സാൽമൊണല്ല ബാധ സ്ഥിരീകരിച്ചു. 13 യൂറോപ്യൻ രാജ്യങ്ങളിലും യുകെയിലുമായി 106 പേർക്കാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണ്. യുക്രെയ്‌നിലെ ഒരു പ്രമുഖ ഇൻസ്റ്റന്റ് നൂഡിൽസ് ഉൽപ്പാദകരിൽ നിന്നാണ് രോഗബാധ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റിയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 'സാൽമൊണല്ല സ്റ്റാൻലി' എന്ന ബാക്ടീരിയ വിഭാഗമാണ് രോഗബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തിയത്. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്തോണിയ, ഫ്രാൻസ്, ജർമ്മനി, ഹംഗറി, ലാത്വിയ, ലിത്വാനിയ, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, സ്വീഡൻ, യുകെ എന്നീ രാജ്യങ്ങളിലാണ് നിലവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഡെന്മാർക്കിലാണ് ഈ രോഗബാധ ആദ്യം തിരിച്ചറിഞ്ഞത്.
യുക്രെയ്‌നിലെ പേര് വെളിപ്പെടുത്താത്ത ഒരു കമ്പനി നിർമിച്ച ചിക്കൻ, ഹോട്ട് ചിക്കൻ, ബീഫ്, ഡക്ക്, ചെമ്മീൻ, കറി, വെജിറ്റബിൾ ഫ്ലേവറുകളിലുള്ള ഇൻസ്റ്റന്റ് ന്യൂഡിൽസുകളാണ് വില്ലനായത്. ഈ വർഷം ജനുവരി മുതൽ പോളണ്ടിലെ ഒരു മൊത്തവ്യാപാരി വഴിയാണ് ഇവ ജർമ്മനി, ലിത്വാനിയ, ഡെന്മാർക്ക്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിപണിയിൽ എത്തിയത്. ജർമ്മനിയിലും ലിത്വാനിയയിലും വിൽപനയ്ക്കുണ്ടായിരുന്ന ചിക്കൻ, ഹോട്ട് ചിക്കൻ ഫ്ലേവർ പാക്കറ്റുകളിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
കമ്പനിയിൽ നിന്നുള്ള വിവിധ ബാച്ചുകളിൽ നടത്തിയ പരിശോധനയിൽ സാൽമൊണല്ലയുടെ മറ്റ് മൂന്ന് വകഭേദങ്ങൾ കൂടി (റിച്ച്മണ്ട്, ന്യൂപോർട്ട്, സെൻഫ്റ്റൻബെർഗ്) കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഉൽപ്പാദന ഘട്ടത്തിൽ ഒന്നിലധികം ചേരുവകളിൽ നിന്നോ ഫാക്ടറിയിലെ സുരക്ഷാ വീഴ്ചയിൽ നിന്നോ ആകാം ബാക്ടീരിയ പടർന്നതെന്നാണ് നിഗമനം.
രോഗം ബാധിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം ഈ ബ്രാൻഡിന്റെ ന്യൂഡിൽസ് പാക്കറ്റുകൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ ഏജൻസികൾ ഉത്തരവിട്ടിട്ടുണ്ട്. എങ്കിലും, ഇൻസ്റ്റന്റ് ന്യൂഡിൽസ് പാക്കറ്റുകൾ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നവ ആയതിനാൽ ആളുകൾ നേരത്തെ വാങ്ങി വീട്ടിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് വഴി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ ഈ രോഗബാധ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നിവയാണ് സാൽമൊണല്ല ബാധയുടെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി മുതിർന്നവർ ചികിത്സയില്ലാതെ തന്നെ ഇതിൽ നിന്ന് സുഖം പ്രാപിക്കാറുണ്ടെങ്കിലും കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഈ ബ്രാൻഡിന്റെ ന്യൂഡിൽസ് കയ്യിലുള്ളവർ അത് ഉപയോഗിക്കരുതെന്നും പാക്കറ്റിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് മാത്രം ഭക്ഷണസാധനങ്ങൾ പാകം ചെയ്യണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.










0 comments