സിനിമകളും ഒടിടി ഉള്ളടക്കങ്ങളും വ്യാജമായി പ്രചരിപ്പിക്കുന്നു; ടെലഗ്രാമിന് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളും പകർപ്പവകാശ ലംഘനം നടത്തി ടെലഗ്രാം വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാർ നടപടിയിലേക്ക്. ടെലഗ്രാം പ്ലാറ്റ്‌ഫോമിലെ അനധികൃത പ്രചാരണം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാർത്താവിനിമയ മന്ത്രാലയം നിർദ്ദേശം നൽകി.
പുതുതായി റിലീസ് ചെയ്യുന്ന സിനിമകൾ, വെബ് സീരീസുകൾ, മറ്റ് പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ എന്നിവ ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളിലും ചാനലുകളിലും ലിങ്കുകളായും ഫയലുകളായും വ്യാപകമായി പങ്കുവെക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
ഇത്തരം പ്രവൃത്തികൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ചലച്ചിത്ര മേഖലയ്ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന പരാതി ശക്തമാണ്. പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ അനധികൃതമായി പ്രചരിപ്പിക്കുന്നത് തടയാൻ ടെലഗ്രാം അടിയന്തര നടപടികൾ സ്വീകരിക്കണം.
സ്വീകരിച്ച നടപടികൾ വിശദീകരിച്ചു കൊണ്ടുള്ള 'ആക്ഷൻ ടേക്കൺ റിപ്പോർട്ട്' 15 ദിവസത്തിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കണം. സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.











0 comments