ad
Deshabhimani

ജൂലൈ 3 മുതൽ യുഎഇയിൽ അതിതീവ്ര വേനൽക്കാലം; 40 ദിവസം കനത്ത ചൂട് തുടരും

Gulf heat

പ്രതീകാത്മക ചിത്രം, (Photo: Khaleej Times)

വെബ് ഡെസ്ക്

Published on Jul 04, 2026, 01:13 PM | 2 min read

ദുബായ്: യുഎഇയിലെയും അറേബ്യൻ ഉപദ്വീപിലെയും ഏറ്റവും ചൂടേറിയതും വരണ്ടതുമായ വേനൽക്കാലഘട്ടമായ 'ജംറത് അൽ ഖൈത്' (Jamrat Al Qayth) ജൂലൈ 3 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 10 വരെ തുടരുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. 40 ദിവസം നീളുന്ന ഈ കാലയളവിലാണ് വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുന്നത്.


എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാന്റെ വിശദീകരണപ്രകാരം, പ്രഭാതത്തിന് മുമ്പ് കിഴക്കൻ ആകാശത്ത് ജെമിനി നക്ഷത്രസമൂഹത്തിലെ ആദ്യ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെയാണ് 'ജംറത് അൽ ഖൈത്' ആരംഭിക്കുന്നത്.


ഈ കാലയളവിൽ തീരദേശ മേഖലകളിൽ പകൽ താപനില സാധാരണയായി 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയാകും. ഉൾപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും ഇത് 45 മുതൽ 46 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തും. ഉഷ്ണതരംഗം രൂപപ്പെടുന്ന ദിവസങ്ങളിൽ ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസും കടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


അറേബ്യൻ ഉപദ്വീപിലെ പരമ്പരാഗത വേനൽക്കാലത്തെ മൂന്ന് ഘട്ടങ്ങളായാണ് കണക്കാക്കുന്നത്. പ്ലീയാഡ്സ് (തൃശങ്കു) നക്ഷത്രസമൂഹത്തിന്റെ ഉദയത്തോടെയാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. ജെമിനി നക്ഷത്രങ്ങളുടെ ഉദയത്തോടെയാണ് ഏറ്റവും കഠിനമായ 'ജംറത് അൽ ഖൈത്' ഘട്ടം തുടങ്ങുന്നത്. തുടർന്ന് സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെ ഈർപ്പം വർധിക്കുന്ന 'കത്തത് അൽ സുഹൈൽ' കാലഘട്ടത്തിലേക്ക് പ്രവേശിക്കും.


'ജംറത് അൽ ഖൈത്' കാലത്ത് അതിശക്തമായ ചൂടിനൊപ്പം വരണ്ട കാലാവസ്ഥയും 'സമൂം' എന്നറിയപ്പെടുന്ന ചൂടേറിയ മരുഭൂമിക്കാറ്റുകളും സാധാരണമാണ്. ഓരോ വർഷവും ഉഷ്ണതരംഗങ്ങളുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകുമെന്നും, സാധാരണ സീസണൽ ശരാശരിയേക്കാൾ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാകുന്ന സാഹചര്യങ്ങളെയാണ് ഉഷ്ണതരംഗമായി കണക്കാക്കുന്നതെന്നും അൽ ജർവാൻ വ്യക്തമാക്കി.


നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെയും ലോഹവസ്തുക്കളുടെയും ഉപരിതല താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിന്റെ അവസാനത്തോടെ അറബിക്കടലിൽ നിന്ന് കാറ്റിനാൽ എത്തുന്ന ഈർപ്പം ഹജർ പർവതനിരകളിൽ മേഘരൂപീകരണത്തിനും പ്രാദേശിക മഴയ്ക്കും അനുകൂല സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും, മരീചിക, പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളും ഈ സമയത്ത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home