കവർസ്റ്റോറി
കാഴ്‌ചയുടെ പാഠങ്ങൾ

രാമു അരവിന്ദൻ / തുളസി സ്വർണലക്ഷ്‌മി
Published on Jul 04, 2026, 12:03 PM | 16 min read
നോക്കാൻ പഠിക്കുന്നു
തുളസി സ്വർണലക്ഷ്‌മി: നമുക്ക് തുടക്കത്തിൽനിന്ന് ആരംഭിക്കാം. താങ്കൾ എങ്ങനെയാണ് ഫോട്ടോഗ്രഫിയിലേക്ക് എത്തിയത്? എന്തായിരുന്നു പ്രചോദനം? അതോടൊപ്പം, താങ്കളുടെ കുടുംബ പശ്ചാത്തലംകൂടി പങ്കുവയ്‌ക്കാമോ?
രാമു അരവിന്ദൻ: ഒമ്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് എനിക്ക് ഫോട്ടോഗ്രഫിയിൽ താൽപ്പര്യം തുടങ്ങിയത്. എന്റെ രണ്ട് സുഹൃത്തുക്കൾക്കും എനിക്കും ക്യാമറകളെക്കുറിച്ച് മനസ്സിലാക്കാൻ വലിയ കൗതുകമായിരുന്നു. തിരുവനന്തപുരത്തെ ബ്രിട്ടീഷ് കൗൺസിൽ ലൈബ്രറിയിൽ പോയി ‘അമച്വർ ഫോട്ടോഗ്രാഫർ’ എന്ന വാരിക വായിച്ച് സമയം ചെലവഴിക്കുന്നത് പതിവായിരുന്നു. അതിലെ റിവ്യൂകൾ, പുതിയ സാങ്കേതിക വിവരങ്ങൾ, പരസ്യങ്ങൾ, വിലപ്പട്ടികകൾ; എല്ലാ പേജും ശ്രദ്ധയോടെ വായിച്ചു. പൗണ്ടിൽ കൊടുത്തിരുന്ന വില രൂപയിലേക്ക് മാറ്റി നിരാശപ്പെടുകയും ചെയ്‌തു. അന്ന് ഒരു പൗണ്ടിന് പതിനേഴ് അല്ലെങ്കിൽ പതിനെട്ട് രൂപയാണ് എന്നാണെന്റെ ഓർമ.
വീട്ടിൽ, അച്ഛന്റെ സിനിമ‐-കാർട്ടൂൺ സംബന്ധമായ ജോലികളും എന്നെ നിശ്ശബ്ദമായി സ്വാധീനിച്ചിരുന്നു. എന്റെ കൊച്ചച്ഛനും ചില കുടുംബ സുഹൃത്തുക്കളും ഫോട്ടോഗ്രഫി ഹോബിയായി ചെയ്‌തിരുന്നു. അവരുടെ കൈവശം ക്യാമറ കാണാനും പിടിച്ചുനോക്കാനും കിട്ടുന്നത് ഒരു വലിയ കാര്യമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അച്ഛനമ്മമാർ എനിക്കൊരു Nikon FM2 വാങ്ങിത്തന്നു. അത് അതിഗംഭീരമായ ഒരു മെക്കാനിക്കൽ SLR ക്യാമറയായിരുന്നു. ആ ക്യാമറ ഞാൻ പന്ത്രണ്ടു വർഷം ഉപയോഗിച്ചു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതുപയോഗിച്ച് കുറച്ച് വരുമാനവും ഉണ്ടാക്കി.
രാമു അരവിന്ദൻ
അക്കാലത്തുണ്ടായിരുന്ന ഒരാകർഷണം ക്യാമറയുടെ ഡിസൈനും പ്രതലങ്ങളും മറ്റുമാണ്. മനുഷ്യന്റെ കൈ ചെയ്യാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി കാണുന്നത് പോലെയുള്ള രൂപവും അതിന് പിന്നിലുള്ള യുക്തിയും മറ്റും.
ബ്ലാക്ക് ആൻഡ് വൈറ്റിലല്ല ഞാൻ ഫോട്ടോഗ്രഫി തുടങ്ങിയത്. എൺപതുകളുടെ തുടക്കത്തിൽ കിഴക്കൻ ജർമനിയിൽ നിന്നുള്ള ‘ORWO Chrom’ എന്ന കളർ റിവേഴ്സൽ ഫിലിം, 35 മില്ലിമീറ്റർ റോളിന് ഏകദേശം 40 രൂപയ്‌ക്ക് കിട്ടുമായിരുന്നു. ഒരു റോൾ ഒരു മാസത്തിലേറെ എനിക്ക് നീണ്ടുനിൽക്കും; അക്കാലത്തും അതൊരു വല്യ ചെലവല്ല. അങ്ങനെ, കളറിലാണ് ഞാൻ ഫോട്ടോഗ്രഫി തുടങ്ങിയത്. ഫോട്ടോ പഠനം പലപ്പോഴും ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റിൽ തുടങ്ങാറുണ്ട്. പക്ഷേ അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രോസസിങ്ങും പ്രിന്റിങ്ങും ചെയ്യാൻ സ്റ്റുഡിയോകളെ ആശ്രയിക്കണം. ആ രീതിയിൽ എനിക്ക് റിവേഴ്സൽ (സ്ലൈഡ്) ഫിലിം ലളിതമായി തോന്നിയിരുന്നു. പ്രോസസിങ്ങിനും കാർഡ്ബോർഡ് മൗണ്ടിങ്ങിനുമായി കൊടുത്താൽ മതി; അതിന് മറ്റൊരു 40 ‐ 50 രൂപയാകും. പ്രോസസിങ് കഴിഞ്ഞാലുടൻ ഇമേജ് നേരിട്ട് കാണാനാകും.
ഫിലിമിൽ തന്നെ ലെൻസിന് പുറകിൽ നേരിട്ട് രൂപപ്പെട്ടതിനാൽ പടങ്ങൾക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ, തൊടാവുന്നത് പോലൊരു സാന്നിധ്യവും ഉണ്ടായിരുന്നു. നിലത്തുകിടന്ന്, സ്ലൈഡുകൾ വെളിച്ചത്തിനെതിരെ പിടിച്ച്, ഒരു മാഗ്നിഫയിങ് ലെൻസിലൂടെ പടങ്ങൾ പരിശോധിക്കാൻ നല്ല രസമാണ്. ആ ശീലം ഇന്നും തുടരുന്നു. ഡിജിറ്റൽ ക്യാമറയിൽ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ പിന്നിലെ സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ വ്യൂഫൈൻഡറിലൂടെ നോക്കാനാണ് എനിക്കിഷ്ടം.
വളരെക്കാലം ഞാൻ ഒരു 50 മില്ലിമീറ്റർ ലെൻസാണുപയോഗിച്ചത്. വല്ലപ്പോഴും, തിരുവനന്തപുരത്ത് വഴിയിൽ കാണുന്ന വിദേശ സഞ്ചാരികളുടെ കൈയിൽ കുറച്ചുകൂടി വീതിയിൽ കാണാവുന്ന 35 എംഎം അല്ലെങ്കിൽ 28 എംഎം ലെൻസുകൾ കണ്ടിരുന്നു. ഇപ്പോൾ സാധാരണമായി തോന്നാവുന്ന ഇതെല്ലാം അക്കാലത്ത് അപൂർവമായിരുന്നു.
ബിസ്‌ക്കറ്റ് ഗല്ലി റോഡ്, അഹമ്മദാബാദ്, 1990 ഫോട്ടോ: രാമു അരവിന്ദൻ
1984ൽ ഞാൻ അഹമ്മദാബാദിലെ National Institute of Design (NID) ൽ ചേർന്നു. പ്രീഡിഗ്രി കഴിഞ്ഞുള്ള അഞ്ചര വർഷത്തെ പ്രൊഫഷണൽ കോഴ്സ് ആയിരുന്നു അന്ന്. അവിടെ എത്തിയശേഷമാണ് ഞാൻ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിക്കാൻ തുടങ്ങിയത്. കുറച്ച് വർഷങ്ങൾക്ക് ശേഷം, വിദ്യാർഥിയായിരിക്കെ, NID -ക്കായി ചില ഫോട്ടോ ഡോക്യുമെന്റേഷൻ പ്രോജക്ടുകൾ ചെയ്‌തിരുന്നു. അന്നവിടെ ഡോക്യുമെന്റേഷന് കൊഡാക്കിന്റെ Ektachrome ആണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. അതിനാൽ അതിലും ഞാൻ ധാരാളം ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇങ്ങനെയാണ് ഞാൻ ഫോട്ടോഗ്രഫിയിലേക്ക് കടന്നത്.
? തുടക്കത്തിൽ താങ്കളുടെ വിഷയങ്ങൾ എന്തൊക്കെയായിരുന്നു? താങ്കൾ സുഹൃത്തുക്കളോടൊപ്പം ഒരുപാട് യാത്ര ചെയ്യുമായിരുന്നു, അല്ലേ.
= അതെ, സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ യാത്രകൾ പോകുമായിരുന്നു. പക്ഷേ അന്ന് വിഷയം എന്താണെന്നതിനെപ്പറ്റി അധികം ആലോചിച്ചിരുന്നില്ല. വ്യൂഫൈൻഡറിലൂടെ കാണുന്ന രൂപങ്ങളിലും നിറങ്ങളിലും മറ്റുമായിരുന്നു താൽപ്പര്യം. എടുത്ത കാഴ്‌ചകൾ പിന്നീട് മറ്റൊരു രൂപത്തിൽ വീണ്ടും മുന്നിലേക്ക് തിരിച്ചെത്തുന്നത് എന്നെ ആകർഷിച്ചിരുന്നു. അതിലായിരുന്നു ശ്രദ്ധ മുഴുവൻ.
? അപ്പോൾ, കാണുന്നതിനോട് ക്യാമറയുപയോഗിച്ചുള്ള പ്രതികരണം എന്നതിനപ്പുറം ഒരു പ്രത്യേക വിഷയം അക്കാലത്ത് ഉണ്ടായിരുന്നില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രഫിയിലേക്കുള്ള മാറ്റം പെട്ടെന്നായിരുന്നോ. കളർ ഫിലിം തുടർന്നും ഉപയോഗിക്കുമായിരുന്നോ.
= അതെ, കാണുന്നതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് ക്യാമറ ഉപയോഗിച്ചിരുന്നത്. 1985-ൽ NID -യിൽ ഒരു ബേസിക് ഫോട്ടോഗ്രഫി കോഴ്‌സ് ഉണ്ടാകുന്നതുവരെ ഞാൻ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ എടുത്തിരുന്നില്ല. അവിടെ ഞങ്ങൾ ഹിന്ദുസ്ഥാൻ ഫോട്ടോ കെമിക്കൽസ് നിർമിച്ചിരുന്നു ‘ഇന്ദു’ ഫിലിം (ഫിലിമിലടങ്ങിയ Silver എന്ന അർഥത്തിൽ; പിന്നെ ഇന്ദിരാ ഗാന്ധിയുടെ പേരും കാരണമാണെന്ന് കേട്ടിരുന്നു.) ആണ് ഉപയോഗിച്ചിരുന്നത്. ഡാർക്ക് റൂമിൽ ജോലി ചെയ്യുന്നതും ഫിലിം പ്രോസസിങ്ങും പ്രിന്റുകൾ ഉണ്ടാക്കുന്നതും മറ്റും കോഴ്സിന്റെ ഭാഗമായിരുന്നു. NID -യിൽ ഫോട്ടോഗ്രഫിയിൽ താൽപ്പര്യമുണ്ടായിരുന്ന കുറെ സീനിയർ വിദ്യാർഥികളും ഉണ്ടായിരുന്നു.
അതിനുശേഷം കുറച്ചുനാൾ ഫോട്ടോഗ്രഫി എന്റെ ശ്രദ്ധയിൽനിന്ന് പിന്നിലേക്ക് മാറി; പ്രധാന പഠന വിഷയമായ വിഷ്വൽ ഡിസൈനിലേക്കും ടൈപ്പോഗ്രഫിയിലേക്കും ശ്രദ്ധ തിരിഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാന വർഷങ്ങളിൽ ഫോട്ടോഗ്രഫി കൂടുതൽ ആഴത്തിലുള്ള താൽപ്പര്യമായി തിരികെ വന്നു. വാസ്‌തവത്തിൽ ഫോട്ടോഗ്രഫിയുമായുള്ള എന്റെ ബന്ധം ഇങ്ങനെ ഇടവിട്ടതായിരുന്നു. അപൂർവമായി മാത്രമേ ഞാൻ മുഴുവൻസമയ ഫോട്ടോഗ്രാഫറായിരുന്നിട്ടുള്ളൂ.
അരവിന്ദൻ
? വിഷയങ്ങളെ ഇപ്പോൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. ചിന്തിച്ച്, ആസൂത്രണം ചെയ്‌ത് വിഷയത്തെ രൂപപ്പെടുത്തുകയാണോ ചെയ്യാറുള്ളത്. അതോ എന്തെങ്കിലും നിങ്ങളെ ആദ്യം സ്‌പർശിക്കണമോ. ഫോട്ടോഗ്രഫി ഒരു ധ്യാനാത്മക പ്രക്രിയയാണ് എന്ന് താങ്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് വിവരിക്കാവുന്ന രീതിയിലല്ല താങ്കൾ ഫോട്ടോഗ്രാഫുകളിലൂടെ വിഷയം അനാവരണം ചെയ്യുന്നത്; നിരീക്ഷണത്തിലൂടെ പതുക്കെ വികസിക്കുന്ന രീതിയാണ് അവയ്‌ക്കുള്ളത്. സംയമനത്തോടെയുള്ള ഒരുതരം നാടകീയത അവയിലുണ്ട്. താങ്കൾ എങ്ങനെയാണ് ഇതിനെ കാണുന്നത്.
= പടങ്ങളെടുക്കുമ്പോൾ ഞാൻ അധികം ചിന്തിക്കാറില്ല. പക്ഷെ അതിനുമുമ്പ്, പ്രത്യേകിച്ച് ദീർഘകാല പ്രോജക്ടുകളുടെ കാര്യത്തിൽ, പലതരം തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വെളിച്ചം, ഭൂപ്രദേശത്തിന്റെ കിടപ്പ്, മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം, കുറച്ച് ഭൂമിശാസ്‌ത്രം ‐ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കും. മാപ്പു നോക്കലും കുറിപ്പുകളും സമയമെടുത്ത് ചെയ്യും; സ്ഥലങ്ങൾ കാണുമ്പോഴുള്ള സാധ്യതകൾ സങ്കൽപ്പിക്കാൻകൂടി ചെയ്യുന്നതാണത്. ഒരു സ്ഥലത്തെ മനസ്സിൽ കണ്ടുകഴിഞ്ഞ് പിന്നെ നേരിട്ട് കാണുമ്പോഴുള്ള രസത്തിനുംകൂടി വേണ്ടി. സ്ഥലത്തെത്തി ഷൂട്ടിങ് തുടങ്ങുന്നതോടെ ആ ചിന്തകളെല്ലാം പിന്നിലേക്ക് പോകും.
എന്റെ കാര്യത്തിൽ ഫോട്ടോഗ്രഫി, ഡിസൈനിനെ അപേക്ഷിച്ച്, ഒരു ഇന്റ്യൂഷനിൽ ഊന്നി ചെയ്യുന്ന കാര്യമാണ്. കൂടുതൽ വ്യക്തിപരമായ ഒരു പണിയാണത്. ഞാനത് എപ്പോഴും ആസ്വദിക്കാറുണ്ട്. സ്ഥലങ്ങളിലൂടെ പോകുന്നതും ക്യാമറയിലൂടെ നിരീക്ഷിക്കുന്നതും തമ്മിൽ രൂപപ്പെട്ട ശക്തമായ ഒരു ബന്ധം ക്രമേണ എന്റെ ഫോട്ടോഗ്രഫിയുടെ ഭാഗമായി. ട്രൈപോഡിനുമേൽ ക്യാമറയുമായി സമയമെടുത്ത് ഷൂട്ട് ചെയ്‌തും, പടങ്ങൾ ശരിയായി വരാനായി സമയം ചെലവഴിച്ചും, വീണ്ടും ആ സ്ഥലങ്ങളിൽ തിരികെ ചെന്നും ഒക്കെയാവാം അങ്ങനെയായത്.
സ്ഥലങ്ങളും ചുറ്റുമുള്ള വസ്‌തുക്കളും തമ്മിലുള്ള ബന്ധങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ തെളിഞ്ഞുവരും എന്ന ഊഹത്തോടെയാണ് ഞാൻ ചില സ്ഥലങ്ങളിൽ പടങ്ങളെടുക്കുന്നത്. ഇതെല്ലാം എന്റെ മനസ്സിൽ മാത്രമുള്ള കാര്യങ്ങളായിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്, പക്ഷേ എന്റെ പ്രവർത്തനരീതിയെ ഞാൻ മനസ്സിലാക്കുന്നത് അങ്ങനെയാണ്.
? ഇന്ത്യയിലെ മുഖ്യധാരാ ഫോട്ടോഗ്രഫിയിൽ നിന്ന് വ്യത്യസ്‌തമായ ഒരു അനുഭവമാണ് താങ്കളുടെ ഫോട്ടോഗ്രാഫുകൾ കാണുമ്പോൾ ലഭിക്കുന്നത്. ഏതെങ്കിലും കാഴ്‌ചയോ സംഭവമോ അല്ല അവയുടെ പിറകിലുള്ളത്. എങ്കിലും, സാധാരണ ഇടങ്ങളിലൂടെയും ദീർഘമായ നിരീക്ഷണത്തിലൂടെയും ഈ ദൃശ്യങ്ങൾ ശ്രദ്ധയെ ആകർഷിക്കുന്നു. ഫോട്ടോഗ്രഫിക് പാരമ്പര്യങ്ങളിൽ നിന്നുള്ള ബോധപൂർവമായ ഒരു മാറിനിൽപ്പായിട്ടാണോ ഇത്തരമൊരു രീതി പിന്തുടരുന്നത്, അതോ താങ്കളുടെ കാഴ്‌ചയിലൂടെ സഹജമായി രൂപപ്പെട്ടതാണോ.
= അല്ല, വ്യത്യസ്‌തമായ ഒരു രീതി പിന്തുടരാൻ ശ്രമിച്ചതല്ല. കുറെ ചിത്രങ്ങൾ കണ്ട് ക്രമേണ ചിലതരം ദൃശ്യശൈലികളോട് അടുപ്പം തോന്നിയതായിരിക്കാം.
ഫോട്ടോഗ്രഫിയിൽ താൽപ്പര്യം തോന്നിയ ആദ്യ നാളുകളിൽ സാങ്കേതിക ഗൈഡ് ബുക്കുകൾ കുറെ നോക്കിയിരുന്നു. ലൈബ്രറിയിൽ നിന്നെടുത്ത് കണ്ട ഫോട്ടോ പുസ്‌തകങ്ങൾ മിക്കതിലും എഴുതിയ ആശയങ്ങൾക്കുള്ള എഡിറ്റോറിയൽ ഇലസ്ട്രേഷൻ എന്ന രീതിയിൽ ആകർഷകമായ, എന്നാൽ രണ്ടുമൂന്നു തവണ നോക്കിക്കഴിയുമ്പോൾ മടുക്കുന്ന ചിത്രങ്ങളായിരുന്നു. എനിക്ക് കൂടുതൽ താൽപ്പര്യം തോന്നിയത് അവിടെ ചില മാസികകളിൽ കാണാൻകിട്ടിയ കുറെ കളർ പോസ്റ്റേഴ്സും, ഇന്ത്യൻ കലാകാരന്മാരുടെ ഒരു കാറ്റലോഗിലുള്ള എസ് എച്ച് റാസ, ജെ സ്വാമിനാഥൻ തുടങ്ങിവരുടെ പെയിന്റിങ്ങുകളും മറ്റുമാണ്. പിന്നെ, വീട്ടിൽ അച്ഛന്റെ കയ്യിലുണ്ടായിരുന്ന ഒരു പുസ്‌തകത്തിലെ ജോൺ മീറോയുടെയും പോൾ ക്ലേയുടെയും കുറച്ചു പെയിന്റിങ്ങുകളും. പിന്നീട് അവരുടെ ചിത്രങ്ങൾ ഞാൻ ആഴത്തിൽ പഠിച്ചില്ല, എങ്കിലും അവയിലെ അബ്സ്ട്രാക്ഷൻ താൽപ്പര്യത്തോടെ നോക്കിയിരുന്നു.
പിന്നീട്, NID ലൈബ്രറിയിൽ, 1940 ‐ 80 വരെയുള്ള യൂറോപ്യൻ ഫോട്ടോഗ്രഫി, 70 ‐ 80കളിലെ അമേരിക്കൻ ‘ക്യാമറ’ മാസികയുടെ പഴയ പതിപ്പുകൾ, ഇന്ത്യൻ ഫോട്ടോഗ്രഫിയുടെ പുസ്‌തകങ്ങൾ; എന്നിങ്ങനെ കുറെയേറെ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. അവിടെ ഇല്ലാതിരുന്ന ചില പുസ്‌തകങ്ങൾ ബറോഡയിൽ ഫൈൻ ആർട്സ് ഫാക്കൽറ്റിയിൽ പഠിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞുകേട്ട് അവരുടെ ലൈബ്രറിയിൽ പോയി നോക്കിയിരുന്നു. അവധിക്ക്, കേരളത്തിലേക്ക് മടങ്ങുന്ന വഴിയിൽ, പുണെയിലെ FTIIയിൽ പഠിച്ചിരുന്ന സുഹൃത്തുക്കളുടെ കൂടെ കുറച്ച് ദിവസം താമസിച്ചിരുന്നു. അവിടുത്തെ ലൈബ്രറിയും ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
അക്കാലത്ത് കണ്ടെത്തലുകളുടെ ഒരു ആവേശമുണ്ടായിരുന്നു. ഏതെങ്കിലും നിഗമനത്തിലെത്താനോ ഒരു സംഗ്രഹത്തിലേക്ക് ചുരുക്കാനോ തിരക്കുപിടിക്കാത്ത ചിത്രങ്ങളിലേക്കായിരിക്കാം ക്രമേണ അടുപ്പം തോന്നിയത്.
? 1985-‐86 കാലഘട്ടത്തിലാണ് താങ്കൾ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ. പക്ഷെ താങ്കളുടെ ജോലിയിലും ഡോക്യുമെന്ററി സൃഷ്ടികളിലും ഭൂരിഭാഗവും കളറിലാണ്. താങ്കളുടെ സൃഷ്ടികളിൽ ബ്ലാക്ക് ആൻഡ് വൈറ്റും കളറും തമ്മിലുള്ള ബന്ധത്തെ എങ്ങനെയാണ് കാണുന്നത്.
= അവയെ രണ്ടും വ്യത്യസ്‌ത മാധ്യമങ്ങളായിട്ടാണ് ഞാൻ കാണുന്നത്. തമ്മിൽ ബന്ധമുണ്ട്, പക്ഷേ ഷൂട്ട് ചെയ്യുമ്പോഴും പിന്നീട് കാണുമ്പോഴും അവയുടെ അനുഭവം വ്യത്യസ്‌തമാണ്. പെയിന്റിങ്ങിനും ഡ്രോയിങ്ങിനും, ഗ്രാഫിക് ആർട്സിനും ഇടയിലുള്ള വ്യത്യാസം പോലെ. അത് നിറത്തിന്റെ സാന്നിധ്യമോ അഭാവമോ കൊണ്ടു മാത്രമല്ല; ഇവ രണ്ടും നോക്കുന്നവരെ അഭിസംബോധന ചെയ്യുന്നത് വ്യത്യസ്‌ത രീതിയിലാണ്; അവയുടെ ‘ഹാൻഡ്‌ഷേക്’ വേറെയാണ്.
? അതായത് രണ്ട് മാധ്യമങ്ങൾ എന്ന് താങ്കൾ പറയുന്നത് ഭാഷ എന്ന അർഥത്തിലാണോ.
= അതെ. പരസ്‌പരം ബന്ധപ്പെട്ടതാണെങ്കിലും ശബ്ദത്തിൽ വ്യത്യസ്‌തമായ രണ്ട് ഭാഷകൾ പോലെ.
ഓഗ്‌ടൻ റോഡിന്റെ കൈവഴി, കാൽഗരി, 1994 ഫോട്ടോ: രാമു അരവിന്ദൻ
? ആ വ്യത്യാസം ചിത്രങ്ങളിൽ എങ്ങനെയാണ് പ്രകടമാകുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റുമായി താരതമ്യം ചെയ്യുമ്പോൾ കളറിലൂടെ താങ്കൾ എന്താണ് ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്.
= ഒരു ചിത്രത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട (anecdotal) ഘടകങ്ങൾ നമ്മോട് സംസാരിക്കുന്ന രീതി ഒന്നാണ്. അതിലെ ഗ്രാഫിക് ഘടകങ്ങൾ സംസാരിക്കുന്ന രീതി മറ്റൊന്നാണ്. ഒന്നിനെ മറ്റൊന്നിനെതിരെ സ്ഥാപിക്കാനായല്ല, പക്ഷേ ഒരു ഡിസൈൻ പ്രോജക്ടിൽ രണ്ടും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അവ തമ്മിലുള്ള വ്യത്യാസങ്ങൾ പ്രകടമാണ്. അത് പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്.
പിന്നെ, ഇപ്പോൾ പ്രിന്റിങ് സാങ്കേതികവിദ്യകൾ വളരെ നന്നായ സമയത്ത്, ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിന്റെ അഭാവമായി കാണാറില്ല. നല്ല ടോണാലിറ്റി ലഭിക്കാൻ വേണ്ടി വളരെ നേരിയ നിറവ്യത്യാസങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് അതിന്റെ റീപ്രൊഡക്ഷനും പ്രിന്റിങ്ങും. അതുകൊണ്ട് കളറും ബ്ലാക്ക് ആൻഡ് വൈറ്റും തമ്മിലുള്ള വ്യത്യാസങ്ങൾ സൂക്ഷ്മവും കൂടിയാണ്.
എന്റെ കാര്യം പറയുകയാണെങ്കിൽ, എനിക്ക് കളറിൽ പണിചെയ്യാനാണ് ഇഷ്ടം. പക്ഷെ കളർ, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നതിനേക്കാൾ എന്താണ് ഷൂട്ട് ചെയ്യുന്നത്, ചിത്രം എന്താണ് ഉൾക്കൊള്ളുന്നത് എന്നതിലും മറ്റുമാണ് കൂടുതൽ ശ്രദ്ധ. പിന്നെ, അവ തമ്മിലുള്ള അനുബന്ധങ്ങളിലും, രസമുള്ള ഒരു ലേറ്റന്റ് ടെൻഷൻ എങ്ങനെ സജീവമായി നിലനിർത്താം തുടങ്ങിയ കാര്യങ്ങളിലുമാണ്.
? താങ്കളുടെ ഫോട്ടോഗ്രാഫുകളിലെ സാധാരണ നിമിഷങ്ങളിൽ പോലും ആ ടെൻഷൻ ദൃശ്യമാണ്.
രാമു: ശരിയാണ്, എനിക്കതിൽ എന്തോ താൽപ്പര്യമുണ്ട്.
സ്ഥലവും ദൂരവും
വിവരണങ്ങളുടെ
നിരാകരണവും
? ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ താങ്കളുടെ സൃഷ്ടികളെ നോക്കിക്കാണുന്നത് അർഥവത്താണോ. പ്രത്യേകിച്ച്, ഫോട്ടോഗ്രഫിയെ താങ്കൾ സമീപിക്കുന്ന രീതിയിൽ വന്ന മാറ്റങ്ങളെ നോക്കിക്കാണാൻ.
= ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ താങ്കളുടെ ചോദ്യത്തിന് മറുപടി പറയാനായി ശ്രമിക്കാം.
1984 മുതൽ ഏകദേശം 1989 വരെ ഞാൻ ഗ്രാഫിക് ഡിസൈൻ പഠിക്കുകയായിരുന്നു. അതേ സമയം ഫോട്ടോഗ്രഫിയും കുറെ ചെയ്‌തു, ക്യാമറയുമായി ധാരാളം കറങ്ങിനടന്നു.
1990 മുതൽ 1995 വരെ ‐ NID യിലെ ബിരുദപഠനത്തിന്റെ അവസാനകാലം, അതിനുശേഷം രണ്ടുവർഷം ജോലി ചെയ്‌തു, പിന്നെ ക്യാനഡയിലെ കാൽഗരി സർവകലാശാലയിൽ 2 വർഷം ഫോട്ടോഗ്രഫി മാസ്റ്റേഴ്സ് പ്രോഗ്രാം ചെയ്‌തു‐ എന്റെ പ്രധാന താൽപ്പര്യം ഡോക്യുമെന്ററി ഫോട്ടോഗ്രഫിയിലും അതിന്റെ ദൃശ്യ ഭാഷയിലുമായിരുന്നു. കാൽഗരിയിലെ ബിരുദാനന്തര പഠന സമയത്തും ആ രീതിയിലാണ് ഞാൻ ക്യാമറ ഉപയോഗിച്ചത്. ഫോട്ടോഗ്രഫിയിലെ ഡിജിറ്റൽ യുഗം വരുന്നതിന് തൊട്ടുമുമ്പുള്ള കാലമാണത്. അതിന്റെ വൈചിത്ര്യം, ഫിലിം ഇമൽഷനുകൾ സാങ്കേതികമായി ഉച്ചസ്ഥായിയിലെത്തിയ സമയം കൂടിയാണത് എന്നതാണ്. Kodak -ന്റെയും, Ilford -ന്റെയും, AGFA -യുടെയും വിവിധതരം ഫിലിമുകളും പ്രോസസിങ് ലായനികളും കാൽഗരിയിൽ കിട്ടുമായിരുന്നു. അങ്ങനെ താൽപ്പര്യം തോന്നിയ ഫിലിമുകളും ഫോർമാറ്റുകളും ഞാൻ ഷൂട്ട് ചെയ്‌ത് ഡെവലപ്പ് ചെയ്‌തിരുന്നു.
അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി. 1995 മുതൽ 1998 വരെ കൊൽക്കത്തയിൽ സുഹൃത്തുക്കൾ തുടങ്ങിയ ‘ഗ്രീൻ ഓറഞ്ച്’ എന്ന ഡിസൈൻ സ്റ്റുഡിയോക്കൊപ്പം പണിചെയ്‌തു. ഡിജിറ്റൽ ഇമേജ് കറക്ഷനും പ്രീ-പ്രസ്സ് സാങ്കേതികവിദ്യകളും മറ്റും വേഗത്തിൽ വളർന്ന് തുടങ്ങിയിരുന്നു. അനലോഗ് ലോകത്തുനിന്ന് വന്ന, ഈ മാറ്റങ്ങളുമായി വേണ്ടത്ര ബന്ധവും അറിവുമില്ലാത്ത ഒരാളായി എനിക്ക് സ്വയം തോന്നി. അസ്വസ്ഥത തോന്നി. ഇടയ്‌ക്കിടെ ഫോട്ടോഗ്രഫി ചെയ്‌തിരുന്നെങ്കിലും എന്റെ ശ്രദ്ധ പ്രധാനമായും ഡിസൈൻ പ്രോജക്ടുകളിലായിരുന്നു.
1998-ൽ ഞാൻ ബംഗളൂരുവിലേക്ക് മാറി. ഡിസൈൻ, ഫോട്ടോഗ്രഫി പ്രോജക്ടുകൾ കൂടുതൽ ചെയ്യാൻ തുടങ്ങി; പലപ്പോഴും രണ്ടും സംയോജിപ്പിച്ചുകൊണ്ട്. ഇപ്പോഴും ഞാനത് തുടരുന്നു. 2015 ആയപ്പോഴേക്കും ഡിജിറ്റൽ ക്യാമറകൾ ഗണ്യമായി പക്വത പ്രാപിച്ചു എന്നാണെന്റെ അഭിപ്രായം. അതോടെ അനലോഗ് ക്യാമറകൾ ഞാൻ ഉപയോഗിക്കാതെയായി.
? വിദ്യാർഥിയായിരുന്ന കാലത്ത് ഫോട്ടോഗ്രഫിയോടുള്ള താങ്കളുടെ സമീപനം എന്തായിരുന്നു.
= ഫോട്ടോഗ്രഫിയിലുള്ള ഡോക്യുമെന്ററി സമ്പ്രദായത്തിലാണ് ഞാനന്ന് ശ്രദ്ധിച്ചിരുന്നത്, അത് ഫോട്ടോഗ്രഫിയിൽ വികസിച്ചുവന്ന ഒരു ഭാഷ കൂടിയാണ്. അതിന്റെ ആശയപരമായുള്ള കാര്യങ്ങൾക്കുപരി പ്രായോഗികമായ കാര്യങ്ങളുമായുള്ള തഴക്കം പിന്നീട്, പ്രൊഫഷണൽ ജോലികൾ വഴിയാണ് വന്നത്.
ഇപ്പോൾ, എന്റെ സ്റ്റുഡിയോവഴി, പ്രോജക്ടുകളുടെ ആവശ്യത്തിനായി ഡോക്യുമെന്റേഷനും വിഷ്വൽ റിസർച്ചും ചെയ്യാറുണ്ട്. ഈ ജോലികൾ കുറേക്കൂടി പ്രമേയപരമാണ്. മിക്കപ്പോഴും ഞാനൊരു ടീമിനോടൊപ്പം പ്രവർത്തിക്കും. പരിചയമില്ലാത്ത മേഖലകൾ മനസ്സിലാക്കാൻ അവരെന്നെ സഹായിക്കും. ഒറ്റയ്‌ക്കൊറ്റയ്‌ക്കുള്ള, സമയമെടുത്ത് നിർമിക്കുന്ന ഇമേജുകളിൽനിന്ന് വ്യത്യസ്‌തമായി, സമയബന്ധിതമായ, കാണുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന, എന്നാൽ ഒരു നേരേറ്റീവ് ഘടനയെയും ഡിസൈനിനെയും മുന്നിൽകണ്ട് ചെയ്യുന്ന ഒരു രീതിയാണതിൽ. എനിക്കത് വളരെ രസകരമാണ്.
എന്റെ വ്യക്തിപരമായ ജോലി ഇതിന് സമാന്തരമായി നീങ്ങുന്നു, ചിലപ്പോൾ രണ്ടും ഇടകലർന്നിരിക്കും. രണ്ടും അൽപ്പം വ്യത്യസ്‌ത രീതികളിലായിരിക്കാം പ്രവർത്തിക്കുന്നത്.
? NID യിൽ ഉണ്ടായിരുന്ന കാലത്ത് താങ്കൾ എടുത്ത ഫോട്ടോഗ്രാഫുകളെക്കുറിച്ച് പറയാമോ.
= അഹമ്മദാബാദിലെ മാറിക്കൊണ്ടിരിക്കുന്ന ചിലയിടങ്ങളും അവിടെയുള്ള വസ്‌തുക്കളും, പിന്നെ യാത്രയ്‌ക്കിടയിൽ സ്ഥിരമായി പോകുന്ന ചില സ്ഥലങ്ങളുമായിരുന്നു അന്ന് വിഷയം. കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ചെറിയ പട്ടണങ്ങൾ, ഗുജറാത്തിലെയും രാജസ്ഥാനിലെ ചില ഭാഗങ്ങൾ ‐ വ്യത്യസ്‌ത സ്ഥലങ്ങളുടെ പശ്ചാത്തലം സൂചിപ്പിക്കുന്ന, എന്നാൽ ഒരുപക്ഷെ ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും കാണാവുന്ന കുറെ കാര്യങ്ങളാണ് ഞാൻ ഷൂട്ട് ചെയ്‌തിരുന്നത്. ഒരു പ്രമേയമായി അത് ക്രമേണ മാറി.
ആ പ്രമേയത്തിന്റെ പരിചയത്തിലാണ് പ്ലാൻ ചെയ്‌ത് ഒരു നീണ്ട ഫോട്ടോ പ്രൊജക്ട് ഞാനാദ്യമായി ചെയ്യുന്നത്. അഹമ്മദാബാദ് നഗരവും പ്രാന്തങ്ങളും സിറ്റിക്ക് കുറുകെ പോകുന്ന സബർമതി നദിയുടെ വശങ്ങളിലുള്ള സ്ഥലങ്ങളും വരണ്ട നദിയിൽ നടക്കുന്ന കൃഷിയും മറ്റും (ഇന്നതില്ല) കേന്ദ്രീകരിച്ച് എന്റെ ബിരുദത്തിനുള്ള ഒരു പ്രൊജക്ട് ആയി അത് മാറി; Reports on Likeness എന്ന പേരിൽ. എന്റെ അധ്യാപികയും ഡിസൈനറുമായ സുരഞ്ജന സത്വലേക്കറുടെ നിർദേശപ്രകാരം അതിന്റെ ചെറിയ ചെലവുകൾക്കായി NID ഒരു റിസർച്ച് ഗ്രാന്റും തന്നു.
അക്കാലത്ത് ബോംബയിലെ ‘ഫോട്ടോകീന’ സ്റ്റുഡിയോയും മറ്റുചിലരും കൊഡാക്കിന്റെ Tri-X pan ഫിലിം, 100- അടി റോളായി, വിദേശത്തുനിന്ന് വരുത്തി വയ്‌ക്കുമായിരുന്നു. ഗ്രാന്റ് തുക ഉപയോഗിച്ച് അത് വാങ്ങി, കാലിയായി കിട്ടിയിരുന്ന സ്‌പൂളുകളിൽ നിറച്ചാണ് ഷൂട്ട് ചെയ്‌തത്. നല്ല ഫിലിമിൽ ചെലവുകുറച്ച് പടമെടുക്കാനായി അന്ന് പലരുമിങ്ങനെ ചെയ്‌തിരുന്നു.
പ്രോജക്ടിന്റെ പ്രമേയം അഹമ്മദാബാദിന്റെ പ്രത്യേകതകളെ കുറിച്ചായിരുന്നില്ല. മറിച്ച്, ഇന്ത്യയിലെ മിക്ക ചെറു-പട്ടണങ്ങളിലും നഗരങ്ങളിലും കാണാവുന്ന ദൈനംദിന വസ്‌തുക്കളുടെ സമാനത എങ്ങനെ സ്ഥലങ്ങളുടെ സാംസ്‌കാരിക സവിശേഷതകളെ മറികടക്കാൻ തുടങ്ങുന്നു എന്നതായിരുന്നു.
പ്ലാസ്റ്റിക് വീട്ടുപകരണങ്ങൾ, പരസ്യ ഹോർഡിങ്ങുകൾ, പൊതുസ്ഥലങ്ങൾ, ഉടുപ്പുകൾ, കടകളുടെ മുൻഭാഗങ്ങൾ, അകത്തുള്ള സാധനങ്ങൾ ‐ ഇത്തരം കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് പടങ്ങൾ. പുറമേ നോക്കുമ്പോൾ കുഴഞ്ഞുമറിഞ്ഞതും ഒരു വ്യവസ്ഥയില്ലാത്തതുമായി തോന്നുന്ന കാര്യങ്ങൾക്കുള്ളിൽ പ്രാദേശികമായ ഒരു ദൃശ്യക്രമം കണ്ടെത്താനാവും എന്ന ബോധ്യത്തിലാണ് ഞാനത് വികസിപ്പിച്ചത്. ഒരേസമയം ആശയമായും ദൃശ്യമായും അതിനെ കാണാനാവുമോ എന്നതായിരുന്നു എന്റെ താൽപ്പര്യം.
തരംതിരിവുകൾ
ഇല്ലാതെയുള്ള
സൃഷ്ടികൾ
? താങ്കളുടെ ഫോട്ടോഗ്രാഫുകളിൽ ഡിസൈനിന്റെ സൂക്ഷ്മബോധം തീവ്രമായി കാണാം. അത് മനഃപൂർവം കൊണ്ടുവരുന്ന ഒന്നാണോ.
= അതെ. ഓരോ ഫ്രെയിമിനുള്ളിലും വിവരങ്ങൾ എങ്ങനെ ഒഴുകുന്നു എന്നത് ഡിസൈനുമായി ബന്ധപ്പെട്ട കാര്യമാണ്, അതുമായി ഇടപെടാൻ എനിക്കിഷ്ടമാണ്. പടങ്ങൾ എടുക്കുന്നത് അധികം ചിന്തിക്കാതെ, ഒരു വാസനയുടെ ബലത്തിലാണ്. അതിനെ ഡിസൈൻ ചിന്തകളിലൂടെ, ബാലൻസ് ചെയ്യുമ്പോഴാവാം അങ്ങനെ വരുന്നത്.
? ഫോട്ടോഗ്രഫിക്കൊപ്പം ചിത്രകലയും ഡിസൈനും താങ്കളുടെ കാഴ്‌ചയെ സ്വാധീനിക്കുന്നതായി തോന്നുന്നു. താങ്കളുടെ ജോലിയെ രൂപപ്പെടുത്തുന്ന മറ്റു സ്വാധീനങ്ങൾ എന്തൊക്കെയാണ്.
= ഫോട്ടോഗ്രഫിപോലെ തന്നെ ചിത്രകലയിലും ഡിസൈനിലും അതുമായി ബന്ധപ്പെട്ട ടെക്‌നോളജിയിലും നടക്കുന്ന കാര്യങ്ങൾ ഞാൻ നോക്കാറുണ്ട്. ഇന്ത്യൻ സംഗീതം, ഇന്ത്യയ്‌ക്കുവേണ്ടിയുള്ള ഡിസൈൻ സൊല്യൂഷൻസ്, വാഹനങ്ങളുടെ രൂപകൽപ്പന; കൂടാതെ യാത്ര, തുറന്ന സ്ഥലങ്ങൾ, ബഹിരാകാശ യാത്ര എന്നിവ കാണിക്കുന്ന സിനിമകൾ; ഇതൊക്കെ ഞാൻ പിന്തുടരാറുണ്ട്.
രാമു അരവിന്ദൻ
? മറ്റ് ഡിസൈനർമാരുമായോ കലാപ്രവർത്തകരുമായോ ചേർന്ന് ജോലിചെയ്യുന്നത് താങ്കളുടെ ചിന്താഗതിയെ അവർ എത്രത്തോളം രൂപപ്പെടുത്തിയിട്ടുണ്ട്.
= ഡിസൈനർ സുഹൃത്തുക്കളുമായി ചേർന്ന് ഞാൻ ചിലപ്പോഴൊക്കെ പണിയെടുക്കാറുണ്ട്, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാറുമുണ്ട്. എന്റെ സമീപനത്തിൽനിന്ന് വ്യത്യസ്‌തമായി പണി ചെയ്യുന്നവരാണ് ചിലരൊക്കെ. ഞങ്ങൾ ഡിസൈൻ പ്രക്രിയയെയും, അതുമായി ബന്ധപ്പെട്ട് സംഗതികളെ പുറകോട്ട് മാറിനിന്ന് നോക്കുന്നതിനെയും, ആശയങ്ങളിലെ വ്യക്തതയെയും കുറിച്ച് സംസാരിക്കും. ഡിസൈൻ സൊല്യൂഷൻസ് ഒടുവിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതൊക്കെ.
ഫോട്ടോഗ്രഫിയുടെ കാര്യത്തിൽ എന്റെ സമീപനം കുറെയേറെ ഇൻസ്റ്റിങ്‌ക്ടീവ് ആണ്. അതുകാരണംതന്നെ മറ്റ് ദിശകളിൽ നിന്നുള്ള വ്യത്യസ്‌ത ചിന്തകൾ, എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ പരിഗണിക്കുന്നില്ല എന്നതൊക്കെ, സഹായകരമാവാറുണ്ട്.
? ചിത്രപരമ്പരകളേക്കാൾ ഒറ്റയൊറ്റയായ ഫോട്ടോഗ്രാഫുകളോടാണോ താങ്കൾക്ക് കൂടുതൽ താൽപ്പര്യം.
= ശക്തമായ ആകർഷണം ഒറ്റ ചിത്രങ്ങളോടാണ്. മറ്റൊരു ചിത്രമോ കഥയോ ആഖ്യാനമോ ആവശ്യമില്ലാതെ, ഒരു മോണോലിത്ത് പോലെ വർത്തിക്കുന്ന ഒറ്റച്ചിത്രങ്ങളുടെ സാന്നിധ്യം എനിക്കിഷ്ടമാണ്. അത്തരം ദൃശ്യങ്ങൾ ഒരുമിച്ച് വയ്‌ക്കുമ്പോൾ, അവയ്‌ക്കിടയിൽ പല തരത്തിലുള്ള ബന്ധങ്ങളും പ്രതിധ്വനികളും രൂപപ്പെടാം. ചിലത് ആവശ്യമില്ലാത്തതായിരിക്കാം, ചിലത് അപ്രതീക്ഷിതമായിരിക്കാം. ദൃശ്യങ്ങളുടെ പരമ്പരകൾ സൃഷ്ടിക്കുന്നത്, ചിത്രങ്ങളുള്ള ഒരു പുസ്‌തകത്തിന്റെ പേജുകൾ സീക്വൻസ് ചെയ്യുന്നത് പോലെയൊരു വ്യത്യസ്‌ത കലയാണ്.
? താങ്കളുടെ ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകൾ വിവിധ സ്ഥലങ്ങളിലും രൂപങ്ങളിലുമായി ‐ സുദീർഘമായ നിരീക്ഷണങ്ങളും കോംപോസിറ്റ് ഇമേജുകളും വ്യത്യസ്‌ത വിഷയങ്ങളും ചേർന്ന് ‐ വ്യാപിച്ചുകിടക്കുകയാണ്. താങ്കൾ വികസിപ്പിച്ചെടുത്ത ഡോക്യുമെന്ററി ഫോട്ടോഗ്രഫി രീതിയെപ്പറ്റി, താങ്കളുടെ പ്രധാനപ്പെട്ട സൃഷ്ടികൾ ഉദാഹരണമാക്കി, വിവരിക്കാമോ.
= ശരിയാണ്. ഒരേ ക്രമങ്ങളുള്ള സാഹചര്യങ്ങളിൽ നിന്നോ, പ്രോജക്ടുകൾക്ക് വേണ്ടിയോ തുടങ്ങി വികസിച്ചവയല്ല എന്റെ ഫോട്ടോഗ്രാഫുകളിൽ പലതും. എങ്കിലും ഞാൻ പണിയെടുക്കുന്ന രീതി പൊതുവെ ഇങ്ങനെയാണ്:
‘ലാൻഡീറ്റർ ഡിസൈൻ & ഡോക്യുമെന്റേഷൻ’ എന്നാണ് എന്റെ കൺസൾട്ടൻസിയുടെ പേര്. ഒരു ഫോട്ടോഗ്രഫി യാത്രയ്‌ക്കിടെ ഒരാൾ നേരിടുന്ന സാങ്കൽപ്പിക ലാൻഡ്‌സ്‌കേപ്പുകൾ, സ്ഥലങ്ങൾ, ദൃശ്യാനുഭവങ്ങൾ എന്നിവയിൽ നിന്നാണ് ആ പേര്. പ്രോജക്ടുകൾക്കായുള്ള എന്റെ പ്ലാനിങ് കടലാസും പേനയും ഉപയോഗിച്ചാണ്; കൈകൊണ്ട് കുറിപ്പുകൾ എഴുതിയും ചാർട്ടുകളും ഡൂഡിലുകളും വരച്ചുമാണ് ഞാൻ അവ ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം എന്നെ ആ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളും വരയ്‌ക്കും. അവയുടെ പേര് ‘Landeater’ എന്നാണ്. അങ്ങനെയാണ് കൺസൾട്ടൻസിക്കും ആ പേര് വന്നത്.
മറ്റ് ജോലികളോടൊപ്പമാണ് എന്റെ ഫോട്ടോഗ്രഫി പ്രോജക്ടുകളും രൂപപ്പെടുന്നത്. ചിലപ്പോൾ കമീഷൻ ചെയ്യപ്പെട്ട ജോലിയുടെ ഭാഗമായി യാത്ര ചെയ്യുമ്പോഴാണ് വ്യക്തിപരമായ മറ്റൊരു പ്രൊജക്ട് വികസിക്കുന്നത്. മറ്റു ചിലപ്പോൾ, എനിക്കായി മാറ്റിവച്ച സമയങ്ങളിലാണ് പുതിയ ചിത്രങ്ങളിൽ പണി ചെയ്യുന്നത്. പടങ്ങൾ സമാഹരിച്ച് ഇടയ്‌ക്കിടെ പ്രസിദ്ധീകരിക്കാറാണ് പതിവ്.
ചിത്രങ്ങളിൽ വലിയൊരുപങ്കും നഗരവും ഗ്രാമവും ഇടകലരുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ്; ഇന്ത്യയിലെ പല നഗരങ്ങൾക്കുള്ളിലും കാണാവുന്ന ഗ്രാമ സ്വഭാവമുള്ള സെറ്റിൽമെന്റുകൾ ഉൾപ്പെടെ. ഈ സ്ഥലങ്ങളിൽ ദൃശ്യമായ, ചിലപ്പോൾ ക്ഷണികവുമായ, ചില അടയാളങ്ങളും സൂചകങ്ങളും ഉണ്ടാവും. അവ സമയമോ കാലാവസ്ഥയോ കാരണമുണ്ടായ ടെക്സ്ചറുകളോ, ആരൊക്കെയോ ഉപയോഗിച്ചതിന്റെ അവശേഷിപ്പുകളോ, അശ്രദ്ധമായി വച്ചതായി തോന്നിപ്പിക്കുന്ന വസ്‌തുക്കളോ ആകാം. ചിലപ്പോൾ ആളുകളുടെ സാന്നിധ്യം ഉണ്ടാകാം.
നിർബന്ധമായും ഒരു പ്രത്യേക സംഭവവുമായി അവയ്‌ക്ക് ബന്ധമുണ്ടാകണമെന്നില്ല. രേഖപ്പെടുത്തിയ ചരിത്രത്തേക്കാൾ, നിർമിക്കപ്പെട്ട ഒന്നാണ് അവ സൂചിപ്പിക്കുന്നത്. അതൊരു ചുമരെഴുത്താകാം, അല്ലെങ്കിൽ ഒരു ഗേറ്റിലെ നീലച്ചായം, ആൾക്കാരുടെ ആംഗ്യങ്ങൾ, ലാൻഡ്‌സ്‌കേപ്പിൽ ഉപേക്ഷിച്ച മാലിന്യം, വസ്‌തുക്കളിൽ വെളിച്ചം വീഴുന്ന രീതി ഇതൊക്കെയാകാം. കാലക്രമേണ ചിത്രങ്ങൾക്ക് ഒരു സ്ഥിരത കൈവരുന്നു. വിഷയത്തിൽനിന്ന് നോക്കുന്നതിനൊപ്പം ഞാൻ കാണുന്ന രീതിയിലൂന്നി നോക്കുന്നതിലും കൂടിയാണ് അത് രൂപംകൊള്ളുന്നത്.
ബഷീറും സുഹൃത്തുക്കളും, മട്ടാഞ്ചേരി, 2017. ഡിജിറ്റൽ കോംപോസിറ്റ്
? ദീർഘകാല പ്രോജക്ടുകൾ ചെയ്യുമ്പോൾ ഏറ്റവും വെല്ലുവിളി നിറഞ്ഞതായി തോന്നിയിട്ടുള്ളത് എന്താണ്.
= ഫീൽഡിൽ ഷൂട്ട് ചെയ്യുന്നതിനിടെ സംഭാഷണങ്ങളും വിശദീകരണങ്ങളും കൈകാര്യം ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. അതൊരു വെല്ലുവിളിയാവാം. പലപ്പോഴും മറ്റൊരാളായിരിക്കും പശ്ചാത്തല വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അവിടെ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത്. അതുകൊണ്ട് എനിക്ക് ചിത്രമെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ദീർഘകാല പ്രോജക്ടുകളുടെ സ്വഭാവം പണിചെയ്യുന്നതിനൊപ്പം പരിണമിക്കാറുണ്ട്. പക്ഷെ അതിനെ വെല്ലുവിളി എന്ന് വിളിക്കാൻ കഴിയില്ല.
? ഫോട്ടോഗ്രഫി പ്രക്രിയയുടെ ഏതൊക്കെ വശങ്ങളിൽ മുഴുകാനാണ് താങ്കൾക്ക് കൂടുതൽ താൽപ്പര്യം തോന്നിയിട്ടുള്ളത്.
= സ്ഥലങ്ങളിൽ പോയി ചിത്രമെടുക്കുന്നതാണ് എനിക്ക് ഏറ്റവും ആസ്വാദ്യകരം. വലിയൊരുകൂട്ടം ചിത്രങ്ങൾ ശേഖരിച്ചശേഷമാണ് സാധാരണയായി എഡിറ്റിങ്ങിനായി സമയം ചെലവഴിക്കുന്നത്. അതുകൊണ്ട് എഡിറ്റിങ് എന്നത് എനിക്ക് ദിവസേന ചെയ്യുന്ന ഒരു പ്രവൃത്തിയല്ല. എങ്കിലും അതും വളരെ ആസ്വാദ്യകരമാണ്.
ദൃശ്യത്തിനകത്തെ
സമയം
? താങ്കൾ ഫോട്ടോഗ്രഫിയിലേക്ക് പൂർണമായി മടങ്ങിയെത്തിയപ്പോൾ, കൂടിച്ചേർക്കപ്പെട്ട, അല്ലെങ്കിൽ കോംപോസിറ്റ് ചെയ്‌ത ദൃശ്യങ്ങൾ ഉടനടി ഉണ്ടാകാൻ തുടങ്ങിയോ. ഈയൊരു ശൈലി എങ്ങനെയാണ് താങ്കളുടെ ഫോട്ടോഗ്രഫിയിൽ ഉണ്ടായത്...
= ഡിജിറ്റൽ ക്യാമറകൾ ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണ് ഞാൻ ചിത്രങ്ങൾ കൂട്ടിച്ചേർക്കുന്ന രീതി തുടങ്ങിയത്. പ്രായോഗിക കാരണങ്ങളായിരുന്നു ഇതിന്റെ പുറകിൽ. 2004-ൽ താരതമ്യേന കുറഞ്ഞ റെസല്യൂഷനുള്ള ഒരു ക്യാമറയാണ് ഞാൻ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നിരന്തരം കൂടുതൽ വിശദാംശങ്ങൾ, ഡീറ്റെയിൽ, അന്വേഷിച്ചുകൊണ്ടിരുന്നു. ഒരു ചിത്രത്തിനായി മൂന്ന് ഫ്രെയിമുകൾ അടുക്കിവച്ച് നോക്കി. പിന്നീട് അവ കോംപോസിറ്റ് ചെയ്്‌തപ്പോൾ ലെൻസിങ് വ്യത്യസ്‌തമായി പെരുമാറുന്നതായി തോന്നി. ഞങ്ങളിൽ പലരും ഒറ്റ ദൃശ്യകോണിലൂടെ കാണുന്ന പ്രൈം ലെൻസുകളുമായാണ് ഫോട്ടോഗ്രഫി പഠിച്ചത്. അതിനാൽ ഓരോ ഫോക്കൽ ലെങ്ത്തിനും സ്വഭാവ സവിശേഷതകൾ ഉണ്ടെന്നുള്ള ധാരണയുണ്ട്. സ്റ്റിച്ചിങ്ങിലൂടെ ഉണ്ടാകുന്ന ആ നേർത്ത വ്യതിയാനം രസകരമായി തോന്നി. ഫോട്ടോയുടെ മുകളിൽ പുതിയൊരു അടര് ഉണ്ടായതുപോലെ.
2005ൽ, ഒരു കമീഷൻ ചെയ്‌ത പ്രോജക്ടിനായി, ഞാൻ കുറെ ഇമേജുകൾ കമ്പോസിറ്റ് ചെയ്‌തു. വളരെ നീണ്ട, ആ പ്രോജക്ടിന് അനുയോജ്യമായ ദൃശ്യങ്ങളുടെ ഒരു പരമ്പര ഉണ്ടാക്കിയെടുത്തു. 2017ൽ, കൊച്ചിയിലെ ഉരു ഗ്യാലറിയിൽ ‘മട്ടാഞ്ചേരി’ എന്ന പ്രദർശനത്തിനായി ‘Near and Far’ എന്ന പേരിൽ ദൃശ്യങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചു. ഓരോ ചിത്രവും ഒമ്പതോ പന്ത്രണ്ടോ വ്യത്യസ്‌ത ഫോട്ടോഗ്രാഫുകൾ സംയോജിപ്പിച്ചാണ് നിർമിച്ചത്; ചില സന്ദർഭങ്ങളിൽ 16 ഫോട്ടോഗ്രാഫുകൾവരെ ഉപയോഗിച്ചിരുന്നു. വലിയ ഫയലുകൾ ലഭിക്കാൻ ഉയർന്ന റെസല്യൂഷൻ ഉള്ള ക്യാമറയാണ് ഉപയോഗിച്ചത്. അവയെ പിന്നീട് ഡൗൺ-സാമ്പിൾ ചെയ്‌ത് പ്രിന്റ് ചെയ്‌തു. മുൻകാലങ്ങളിൽ ഞാൻ നടത്തിയ പനോരമിക് ഫോട്ടോഗ്രഫി പരീക്ഷണങ്ങളിൽ നിന്നാണ് അത് വളർന്നത്.
? ചിത്രങ്ങൾ ഇങ്ങനെ അടുക്കിച്ചേർക്കുന്നത് ഉടനെ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതല്ല. അത് മനഃപൂർവമായിരുന്നോ.
= അതെ. സ്റ്റിച്ചിങ് അതിന്റെ പ്രക്രിയ ആണ്, അതൊരു ശൈലി ആയി ചെയ്യുന്നതല്ല. കൂട്ടിയോജിപ്പിച്ചതിന്റെ സൂചനകൾ ചിത്രങ്ങളിൽ കുറവുമാണ്. ചില അവസരങ്ങളിൽ അതിനെക്കുറിച്ച് ഞാൻ ചുരുക്കത്തിൽ പറഞ്ഞിട്ടുണ്ട്. ചില കാണികൾ അല്ലാതെതന്നെ അത് തിരിച്ചറിഞ്ഞു. ചിത്രങ്ങളിലെ എന്തോ ഒന്ന് ഒരൊറ്റ ഉറച്ച ദൃഢതയിലേക്ക് പതിയുന്നില്ല. ഈയൊരു അസ്ഥിരതയിൽ എനിക്ക് താൽപ്പര്യമുണ്ട്. അതാണ് ചിത്രത്തെ സജീവമായി നിലനിർത്തുന്നത്.
? സ്ഥലം/ഇടം എന്ന ആശയത്തിലേക്ക് നമ്മൾ തിരിച്ചെത്തിയാൽ… സ്ഥലങ്ങൾക്ക് ഒരു സ്വഭാവമുണ്ട് എന്ന് താങ്കൾ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏകരൂപവൽക്കരണത്തിന്റെയും (ഹോമോജിനൈസേഷൻ) ആഗോളവൽക്കരണത്തിന്റെയും ഇന്നത്തെ വളർച്ച കണക്കിലെടുക്കുമ്പോൾ, താങ്കൾ മുമ്പ് പരിചയമുള്ള സ്ഥലങ്ങളിലേക്ക് മടങ്ങുമ്പോൾ ഇപ്പോഴും ആ സ്വഭാവബോധം അനുഭവപ്പെടുന്നുണ്ടോ? ഒരേ സ്ഥലങ്ങൾ നീണ്ട കാലഘട്ടത്തിനിടയിൽ പലതവണ സന്ദർശിക്കുമ്പോൾ, അവ വ്യത്യസ്‌തമായ എന്തെങ്കിലും വെളിപ്പെടുത്തുന്നുണ്ടോ, അതോ എന്തെങ്കിലും അവിടെനിന്ന് മായ്‌ക്കപ്പെടുന്നതായി താങ്കൾക്ക് തോന്നുന്നുണ്ടോ.
= പഴയ നഗരകേന്ദ്രങ്ങളിൽ താരതമ്യേന മാറ്റങ്ങൾ കുറവാണെന്ന് ഞാൻ കരുതുന്നു. പ്രാന്തപ്രദേശങ്ങൾ മാറിയിട്ടുണ്ട്. ചെറിയ പട്ടണങ്ങൾ മാറിയിട്ടുണ്ട്. അതിനോടൊപ്പം, അർധ-ഗ്രാമ പ്രദേശങ്ങളിലെ ചില സവിശേഷതകൾ കുറച്ച് കിലോമീറ്ററുകൾ അകലേക്ക് മാറ്റിവച്ചതുപോലെ തോന്നാറുണ്ട്. പലപ്പോഴും, വ്യാവസായിക വസ്‌തുക്കൾ, കൈകൊണ്ട് രൂപമാറ്റം വരുത്തിയ വസ്‌തുക്കൾ, പ്ലാസ്റ്റിക്കുകൾ, കോൺക്രീറ്റ്, പ്രകൃതിദത്ത വസ്‌തുക്കൾ; ഇവയെല്ലാം പരിസരങ്ങളിൽനിന്ന് വേർത്തിരിക്കാനാവാതെയാണ് കണ്ണിൽ പതിക്കുന്നത്. കുറച്ച് വർഷങ്ങളുടെ ഇടവേളയിൽ ചെറിയ പട്ടണങ്ങൾ വികസിക്കുന്നതും അടുത്തുള്ള പുറമ്പോക്കുകളെ ‐ അവ മിക്കപ്പോഴും തുറസ്സായ മേച്ചിൽപ്പുറങ്ങളാണ് ‐ മറികടക്കുന്നതും കാണാം. അതേസമയം, ഇന്ത്യയിൽ പലയിടങ്ങളിൽ ഇന്നും യന്ത്രങ്ങളുടെ സഹായമില്ലാതെ, വീടുകൾമുതൽ വേലികളും റോഡുകളുംവരെ കൈകൊണ്ട് നിർമിച്ചിരിക്കുന്ന ഗ്രാമങ്ങൾ കാണാൻ കഴിയും. അവിടെനിന്ന് ഇരുപത് കിലോമീറ്റർ സഞ്ചരിക്കുമ്പോഴേക്കും ചുറ്റുപാട് പതുക്കെ, പാളി പാളിയായി, മാറാൻ തുടങ്ങുന്നു.
അവഗണിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്‌തുക്കൾ പ്ലാസ്റ്റിക്കും ഫോയിലും ആണ്. അവ എല്ലായിടത്തും ചിതറിക്കിടക്കുന്നു. ഫോട്ടോ എടുക്കുമ്പോൾ അവയും ഞാൻ ഫ്രെയിമിൽ ഉൾപ്പെടുത്തും. ചിത്രങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ നിലത്ത് ചെറിയ പ്ലാസ്റ്റിക് റാപ്പറുകൾ കിടക്കുന്നത് കാണാം. ചിത്രത്തിന്റെ പ്രതലത്തെയും ടെക്സ്ചറിനെയും വൃത്തികേടാക്കുന്ന തരത്തിൽ അവ കുഴപ്പമുണ്ടാക്കും എന്ന് തോന്നിയാൽ, ഞാൻ ചിലപ്പോൾ അവയിൽ ചിലത് നീക്കം ചെയ്‌ത്, എന്റേതായ ഒരു ക്രമക്കേട് സൃഷ്ടിക്കും.
? ഒരു ദൃശ്യം സൃഷ്ടിക്കുന്ന പ്രക്രിയയിൽ താങ്കൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് ചോദിച്ചാൽ, എന്തായിരിക്കും മറുപടി...
= ഏറ്റവും പ്രധാനപ്പെട്ടത് ശ്രദ്ധയായിരിക്കണം. അതിൽ വലിയൊരു ഭാഗം വിശകലനമില്ലാതെയാണ് സംഭവിക്കുന്നത്. ഒരു ചിത്രം ഉണ്ടാക്കുന്ന സമയത്ത്, ഫോട്ടോഗ്രാഫ് ചെയ്യുന്ന സമയത്ത്, അതിന്റെ അർഥത്തെക്കുറിച്ച് ചിന്തിക്കാറില്ല. പ്രധാനമായി ആഗ്രഹിക്കുന്ന മറ്റൊരു കാര്യം, മിക്ക പടങ്ങളുടെ കാര്യത്തിലും, അടുത്തുചെന്ന് വായിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു ഓപ്റ്റിക്കൽ സ്വഭാവമാണ്.
രാമു അരവിന്ദൻ, കാൻഹ നാഷണൽ പാർക്ക്, 2007 ഫോട്ടോ: ശ്രീജ നമ്പ്യാർ
സ്വാധീനങ്ങളും
പ്രചോദനങ്ങളും
? താങ്കളുടെ ഓർമയിൽ തങ്ങിനിൽക്കുന്ന ഫോട്ടോഗ്രാഫർമാർ ആരൊക്കെയാണ്...
= ഫോട്ടോഗ്രാഫുകളിൽ താൽപ്പര്യം നന്നായി തോന്നിയ വിദ്യാർഥി കാലഘട്ടത്തിൽ, ആദ്യത്തെ സ്ട്രീറ്റ് ഫോട്ടോഗ്രാഫർമാരിൽ ഒരാളായ യൂജീൻ ആറ്റ്‌ഷെ-യുടെയും (Eugene Atget), പിൽക്കാലത്തെ അമേരിക്കൻ ഫോട്ടോഗ്രാഫർ വാക്കർ എവാൻസിന്റെയും (Walker Evans), അവരെ പിന്തുടർന്നുവന്ന ചിലരുടെയും സൃഷ്ടികൾ ഞാൻ നോക്കുമായിരുന്നു. അതുപോലെ, ബറോഡയിലെ സുഹൃത്തുക്കളിൽനിന്ന് കേട്ടറിഞ്ഞ് കാണാൻ കഴിഞ്ഞ ജ്യോതി ഭട്ടിന്റെ ചില ചിത്രങ്ങൾ മനസ്സിലുണ്ട്. പിന്നെ, സിൻഡി ഷെർമാന്റെ (Cindy Sherman) ഇമേജുകൾ എനിക്ക് വളരെ ഇഷ്ടമാണ്. ജോസഫ് കുഡെൽക്കയുടെ (Josef Koudelka) ഫോട്ടോഗ്രാഫുകളും വളരെ ഇഷ്ടമാണ്. ഒരു ഘട്ടത്തിൽ ലൂയിസ് ബാൾട്ട്സിന്റെ (Lewis Baltz) പുസ്‌തകങ്ങൾ ഞാൻ സമയമെടുത്ത് നോക്കാറുണ്ടായിരുന്നു. രഘുബീർ സിങ് (Raghubir Singh), ഹിരോഷി സുഗിമോട്ടോ (Hiroshi Sugimoto), ഗ്രെഗറി ക്രൂഡ്സൺ (Gregory Crewdson)... നിരവധി സൃഷ്ടികളും പരമ്പരകളും മനസ്സിലുണ്ട്; ഒരു ലിസ്റ്റിൽ ഒതുങ്ങാത്തതിലേറെ. ഞാൻ പല ശൈലികളിലുമുള്ള ചിത്രങ്ങൾ ആസ്വദിക്കാറുണ്ട്.
? താങ്കളുടെ അച്ഛന്റെ ‐ ജി അരവിന്ദന്റെ ‐ സൃഷ്ടികൾ ഇപ്പോൾ ആർക്കൈവ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. അതിനെക്കുറിച്ച് പറയാമോ...
= എന്റെ അച്ഛന്റെ സിനിമകളെ സംബന്ധിച്ചാണെങ്കിൽ, രണ്ട് സിനിമകൾ; തമ്പും കുമ്മാട്ടിയും, റിസ്റ്റോർ ചെയ്‌തു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനിലെ ശിവേന്ദ്രസിങ് ഡുങ്കർപൂർ ആണ് അതിനുപിന്നിൽ പരിശ്രമിച്ചത്. ഉയർന്ന കീഴ്‌വഴക്കങ്ങൾ പിന്തുടർന്ന് അദ്ദേഹമത് പൂർത്തിയാക്കി. ഈ സിനിമകളുടെ നിർമാതാവ് ജനറൽ പിക്ചേഴ്സിന്റെ രവീന്ദ്രനാഥൻ നായർ ആണ്. റിസ്റ്റോറേഷന്റെ കാര്യം പറയാനും അനുവാദം വാങ്ങാനും ഞാനദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ, അരവിന്ദന്റെ സിനിമകൾ നന്നായി കാണാൻ അവസരമൊരുക്കുന്നതിൽ, അതിൽനിന്ന് പണമൊന്നും ലഭിച്ചില്ലെങ്കിൽപോലും, സന്തോഷമാണെന്ന് പറഞ്ഞുകൊണ്ട് സമ്മതിച്ചു. അദ്ദേഹത്തിന്റെ മകൻ പ്രകാശ് നായരും ഉടനീളം പിന്തുണതന്നു.
സ്‌കാനുകൾ പരിശോധിക്കാനും കളർ ഗ്രേഡിങ്ങിനായും ചില കോഡിനേഷൻ ജോലികൾക്കും വേണ്ടി ശിവേന്ദ്രയോടൊപ്പം ഞാനുണ്ടായിരുന്നു. ഫിലിമിന്റെ ഗ്രെയിൻ, എഡിറ്റിങ്ങിലും ശബ്ദത്തിലും ദൃശ്യത്തിലും മറ്റും അന്ന് നിലനിന്നിരുന്ന ചെറിയ അസമത്വങ്ങൾ എന്നിങ്ങനെ സിനിമയുടെ മെറ്റീരിയാലിറ്റി നിലനിർത്തുന്ന രീതിയിലാണ് റിസ്റ്റോറേഷൻ ചെയ്‌തത്. പഴയ സബ്ടൈറ്റിലുകൾ മുഴുവൻ റീവർക്ക് ചെയ്‌തു; സിനിമാ-ഭാഷാ പഠന മേഖലയിലെ ഡോ. ഗായത്രി ദേവിയാണ് അത് ചെയ്‌തത്.
ആ സമയത്തെ പല സംവിധായകരുടേതും കാര്യത്തിലെന്നപോലെ അച്ഛന്റെ സിനിമകളുടെ ഒരു ഒറിജിനൽ നെഗറ്റീവ് പോലും അവശേഷിച്ചിട്ടില്ല. സ്‌കാൻ ചെയ്യാൻവേണ്ടി അധികം ഉപയോഗിക്കാത്ത, നല്ല പ്രിന്ററുകൾക്കായി ലോകത്തെ പല ആർക്കൈവ്സിലും തിരഞ്ഞു. പക്ഷെ സബ്ടൈറ്റിലുകൾ ഫിലിമിലേക്ക് അച്ചടിക്കാത്ത പ്രിന്റുകൾ ഒന്നും കിട്ടിയില്ല. അങ്ങനെ പുണെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ (NFAI) സൂക്ഷിച്ചിരുന്ന രണ്ട് പ്രിന്റുകളും ഒരു ഡ്യൂപ്പ്-നെഗറ്റീവും ആണുപയോഗിച്ചത്. അവയിലൊന്ന് പി കെ നായർ ഡയറക്ടറായിരുന്ന കാലത്തേതായിരുന്നു. മറ്റൊന്ന് അരവിന്ദന്റെ ഇളയ സഹപ്രവർത്തകരായ ബീന പോൾ, സണ്ണി ജോസഫ്, കെ ജി ജയൻ, വി ശശികുമാർ തുടങ്ങിയവരുടെ പരിശ്രമഫലമായി അവിടെ നിക്ഷേപിച്ചതായിരുന്നിരിക്കണം. ഷാജി എൻ കരുണും ചില പ്രിന്ററുകൾ അവിടെ നിക്ഷേപിച്ചിരുന്നു. അവരുടെ പരിശ്രമംമൂലം, ഈ സിനിമകൾ മാത്രമല്ല, കലാമൂല്യമുള്ള മറ്റു ചില സിനിമകളും NFAI-ൽ സംരക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
കാർട്ടൂണുകളുടെ കാര്യമെടുത്താൽ, അദ്ദേഹത്തിന്റെ കാർട്ടൂൺ പരമ്പരയായ ‘ചെറിയ മനുഷ്യരും വലിയ ലോകവും' മുഴുവനും സ്വതന്ത്രമായി ശേഖരിച്ച് ഉയർന്ന റെസല്യൂഷനിൽ സ്‌കാൻ ചെയ്‌ത് ഞാൻ സൂക്ഷിച്ചിട്ടുണ്ട്. 2024-ൽ ഡിസി ബുക്സ്, അരവിന്ദനുള്ള ആദരവായി, സമ്പൂർണ പതിപ്പ് എന്ന രീതിയിൽ അത് പ്രസിദ്ധീകരിച്ചു. പല സമയത്തായി വന്ന അനേകം ഒറ്റ പേജ് കാർട്ടൂണുകളും, നാടക സംവിധായകൻ ചന്ദ്രദാസൻ ചെയ്‌ത ഒരു അഭിമുഖവും, കാർട്ടൂണിസ്‌റ്റ് ഇ പി ഉണ്ണിയുടെയും, ഗവേഷകൻ ഗോകുൽ ഗോപാലകൃഷ്ണന്റെയും പഠനങ്ങളും ഉൾപ്പെടുന്ന ഒരു ആർകൈവ് ആയാണ് ആ പുസ്‌തകം ഡിസൈൻ ചെയ്‌തത്. കാലിഗ്രാഫർ നാരായണ ഭട്ടതിരി സ്‌കാനുകൾ ശ്രദ്ധാപൂർവം തിരുത്തി. പുസ്‌തകത്തിന്റെ എഡിറ്റിങ്ങും ഡിസൈനും അച്ചടിയുടെ മേൽനോട്ടവും ഞാൻ ചെയ്‌തു.
? അച്ഛന്റെ കലാപ്രവർത്തനങ്ങൾ താങ്കളെ ഏതെങ്കിലും രീതിയിൽ സ്വാധീനിച്ചിട്ടുണ്ടോ.
= തീർച്ചയായും. അച്ഛന്റെ സ്വാധീനം എന്റെ ഉള്ളിൽ സൂക്ഷ്മമായ രീതിയിലായിരിക്കാം ഉള്ളത്. എന്റെ ഭാഗമായതിനാൽ അതിനെക്കുറിച്ച് പ്രത്യേകം ചിന്തിക്കാറുമില്ല.
അച്ഛൻ പലപ്പോഴും വീട്ടിലിരുന്നാണ് പണിചെയ്‌തിരുന്നതും സുഹൃത്തുക്കളെ കണ്ടിരുന്നതും. പലരും അമ്മയ്‌ക്കും അടുത്തറിയുന്നവരായിരുന്നു. ആ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. തിരുവനന്തപുരത്ത് ഞാൻ സ്‌കൂളിൽ പഠിക്കുമ്പോഴേക്കും അദ്ദേഹം റബർ ബോർഡിലെ സ്ഥിരജോലി ഉപേക്ഷിച്ചിരുന്നു, അമ്മയാണ് ഒമ്പതുമുതൽ അഞ്ചുവരെ ഓഫീസിൽ പോയിരുന്നത്. പിന്നീട്, പഠിക്കാൻ പോയതിനുശേഷം, അവധിക്കാലത്ത് വീട്ടിൽ വരുമ്പോൾ, ഒരുമിച്ചുള്ള യാത്രകൾ പതിവായിരുന്നു, പിന്നെ കാറിൽ സ്റ്റുഡിയോയിൽ കൊണ്ടുവിടാനും മറ്റും. ജോലിയുടെ ഭാഗമായി അച്ഛൻ ബോംബെയിൽ വരുന്ന സമയത്ത് അവിടെവച്ച് ഞങ്ങൾ കണ്ടുമുട്ടുമായിരുന്നു. ഒരു കുടുംബമായി ഞങ്ങൾ ധാരാളം സമയം ചെലവഴിച്ചിരുന്നു. കലാപ്രവർത്തനം എന്നതുപോലെ ഒരുമിച്ചുള്ള സമയങ്ങളും സ്വാധീനിച്ചിട്ടുണ്ടാവും.
അതേസമയം, 17 വയസ്സ് മുതൽ ഞാൻ അഹമ്മദാബാദിൽ ആയിരുന്നു. ഡിസൈനിലും ദൃശ്യമേഖലയിലും പണിചെയ്യുന്ന അധ്യാപകരും സഹപാഠികളും സന്ദർശകരുമെല്ലാമായി ഒരു വിശാല അന്തരീക്ഷം NID യിലുണ്ടായിരുന്നു. അടുത്ത സൗഹൃദങ്ങളും ജോലിയോടുള്ള താൽപ്പര്യവും മറ്റും ഉണ്ടായിവന്നു. ഒരു രീതിയിൽ എന്റെ ഇരുപതുകൾക്ക് മുമ്പ് തന്നെ മറ്റനേകം സ്വാധീനങ്ങളും വന്നുചേർന്നിരിക്കണം.
ബിജുവിന്റെ യാർഡ്, മട്ടാഞ്ചേരി, 2017 ഫോട്ടോ: രാമു അരവിന്ദൻ
അധ്യാപനം
പരിശീലനം
മാറ്റങ്ങൾ
? ‘ഇന്ത്യൻ ഫോട്ടോഗ്രഫി’ എന്നൊന്നുണ്ടോ. 1980-‐കൾ മുതലുള്ള ഈ മേഖലയിലെ മാറ്റങ്ങൾ താങ്കൾ എങ്ങനെയാണ് കാണുന്നത്.
= ഫോട്ടോഗ്രഫിക്ക് ഒരു പ്രത്യേക ‘ഇന്ത്യൻ സമീപനം’ ഉണ്ടെന്ന ആശയത്തെക്കുറിച്ച് എനിക്ക് എപ്പോഴും ഉറപ്പില്ല. സാംസ്‌കാരികമായി ഇന്ത്യൻ എന്ന് കരുതപ്പെടുന്ന പല സംഗതികളും മറ്റൊരു കാലത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെട്ടവയാണ് എന്നാണെന്റെ സംശയം. അതിനെപ്പറ്റി കുറച്ച് ജാഗ്രതയോടെയാണ് ഞാൻ ചിന്തിക്കുന്നത്.
യുവതലമുറ സാംസ്‌കാരിക അനുമാനങ്ങളെ കൂടുതൽ പരസ്യമായി ചോദ്യം ചെയ്യുന്നവരാണ്. ഓൺലൈൻ വഴി, മറ്റ് സ്ഥലങ്ങളിൽ നിന്നുമുള്ള വ്യക്തിഗതമായ അനുഭവ കഥകളിലൂടെ, അവർക്ക് ലോകത്തെ അടുത്തറിയാനുള്ള അവസരമുണ്ട്. സ്വന്തം സംസ്‌കാരത്തെ വിലപിടിപ്പുള്ള ഒരു മാനദണ്ഡമായി കണക്കാക്കുന്നതിന് പകരം, അവർ കാര്യങ്ങളെ സാമൂഹിക ഘടനകളുമായി ബന്ധപ്പെടുത്തി കാണുന്നു. ഈയൊരു മാറ്റത്തിൽ എനിക്ക് താൽപ്പര്യം തോന്നുന്നുണ്ട്. അതിൽനിന്ന് പഠിക്കാനും ശ്രമിക്കാറുണ്ട്.
? ഒരു മാധ്യമം എന്ന നിലയിൽ ഫോട്ടോഗ്രഫിക്ക് പരിമിതികൾ ഉണ്ടെന്ന് തോന്നിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ.
= തീർച്ചയായും. പരിമിതികളുള്ള ഒരു മാധ്യമമാണ് ഫോട്ടോഗ്രഫി. വാക്കുകൾ, ദൃശ്യങ്ങൾ, ഇൻഫോഗ്രാഫിക്‌സ്, ശബ്ദം, മറ്റ് ഘടകങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന, ഡിസൈൻ ഉൾപ്പെടെയുള്ള ഹൈബ്രിഡ് മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫോട്ടോഗ്രഫി പരിമിതമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫോട്ടോഗ്രഫി എന്നത് ഞാനിഷ്ടപ്പെടുന്ന ഒരു ഏകാന്ത പ്രവൃത്തിയാണ്. ഷൂട്ട് ചെയ്യുന്ന കാര്യങ്ങളിലേക്ക് ആഴത്തിൽ ലളിതമായി ഇറങ്ങിച്ചെല്ലാൻ ഇതെന്നെ പ്രേരിപ്പിക്കുന്നു. സ്ഥലങ്ങൾ നോക്കിനടക്കാനും പലതരം ആളുകളെ കാണാനും എന്നെ അനുവദിക്കുന്നു; അതുപോലുള്ള വ്യക്തിപരമായ സന്തോഷങ്ങൾ ഉണ്ട്. ഇന്നും ആളുകൾ വരയ്‌ക്കുന്നുണ്ട്. അതിന്റെ പ്രായോഗിക മൂല്യം എല്ലായ്‌പ്പോഴും വ്യക്തമായിരിക്കണമെന്നില്ല. ഫോട്ടോഗ്രഫിയും ഏകദേശം സമാനരീതിയിൽ നിലനിൽക്കുന്നു .











0 comments