ad
Deshabhimani

'ശ്വേത മേനോന്റെ മടങ്ങിവരവ് രാഷ്ട്രീയ അജൻഡയുമായി; ബഹുരാഷ്ട്ര കമ്പനിയുമായി കോടികളുടെ ഡീല്‍', ആരോപണം

Amma Press Meet

ഉഷ ഹസീന, അന്‍സിബ ഹസന്‍, മാലാ പാര്‍വതി

വെബ് ഡെസ്ക്

Published on Jul 04, 2026, 12:00 PM | 3 min read

കൊച്ചി: നടിയും 'അമ്മ' പ്രസിഡന്റുമായ ശ്വേത മേനോനെതിരെ ​ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാ​​ഗം നടിമാർ. മാലാ പാർവതി, ഉഷ ഹസീന, അൻസിബ ഹസൻ, മായ വിശ്വനാഥ് തുട‌ങ്ങിയവരാണ് കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ നടി ശ്വേതയ്ക്കെതിരെ രം​ഗത്ത് വന്നത്.


അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് 'അമ്മ'യിൽ നടന്നതെന്ന് നടി മാലാ പാർവതി ആരോപിച്ചു. അദാനി ഗ്രൂപ്പിൽനിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോയുമായാണ് മാലാപാർവതി ആരോപണങ്ങൾ ഉന്നയിച്ചത്.


ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്നും മാലാ പാർവതി തങ്ങളുടെ നിലപാട് അറിയിച്ചു. നേരത്തെ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെവീണതെന്ന് അൻസിബ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുകയാണ് മാലാ പാർവതി പുറത്തുവിട്ട വീഡിയോ. കഴിഞ്ഞദിവസം പുറത്തുവന്ന ശ്വേതയും നടൻ രമേശ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണത്തിലെ ആരോപണങ്ങൾക്കും നടിമാർ അക്കമിട്ട് മറുപടി നൽകുകയും ചെയ്തു.


Maala Parvathy മാലാ പാര്‍വതി ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യം. ശ്വേത കോൺഗ്രസ് ആണെന്ന് പറയുന്നു. അവർക്ക് ഏത് പാർടി വേണമെങ്കിലും ആവാം. അതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അജൻഡകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും. അത് ചോദ്യം ചെയ്യുന്ന ആളായിരുന്നു അൻസിബ. അൻസിബയെന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദു ക്ഷേത്രത്തിൽനിന്ന് പണം വാങ്ങിയതിന്റെ പേരിൽ അവർ വർഗീയത നടപ്പിലാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, എന്റെ അനുഭവമമാണ്. എന്തുകൊണ്ടാണ് ശ്വേത എനിക്ക് മൈക്ക് തരാതെ ജനറൽ ബോഡിയിൽ വട്ടം പിടിച്ചുനിന്നത്? ഞാൻ സംസാരിക്കാൻ പാടില്ല, മാധ്യമങ്ങളിൽ പോവും എന്നാണ് പറഞ്ഞത്. രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം അജൻഡയോടുകൂടി അവർ പുറത്തുവിട്ടു. ഒരാൾ കൂടി ആ ഫോൺകോളിൽ ഉണ്ടായിരുന്നു. അൻസിബ നാലു പേരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ശ്വേത എന്നോട് പറഞ്ഞു. ശ്വേത എന്താണ് സംസാരിക്കുന്നത്, അങ്ങനെ പറയല്ലേ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ചെറിയ തർക്കമുണ്ടായി. നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞാൻ പുറത്തുപറയും, ഇത് സാമൂഹിക വിഷയമാണെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടാവില്ല എന്നായിരുന്നു ശ്വേതയുടെ മറുപടി. നിങ്ങൾ ഇൻഡസ്ട്രിയുടെ പുറത്താവും. നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണ് പറയുന്നത്, മാറി നിൽക്കണം. അൻസിബയുടെ പ്രശ്‌നത്തിൽ ഇടപെടരുതെന്ന്‌ ശ്വേത എന്നോട് പറഞ്ഞു. എന്താണ് ഇതിന്റെ അർത്ഥമെന്ന്‌ വളരെയധികം ആലോചിച്ച ശേഷമാണ് പ്രൊഡക്ഷൻ കൺട്രോളറെ ഞാൻ വിളിച്ചത്. ശ്വേതയുമായി തർക്കമുണ്ടായ ശേഷമാണ് ഞാൻ അവർക്ക് ഗൂഢാലോചനക്കാരിയായത്. ഗൂഢാലോചനയില്ല, ആലോചന നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്. ധ്രുവീകരണവും വർഗീയവാദവും നടത്തുന്ന, മനുഷ്യരെ ഒന്നായി കാണാൻ പറ്റാത്ത, ജാതിമതങ്ങളെ ഒന്നായി കാണാൻ പറ്റാത്ത, കലാകാരന്മാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആളുകളല്ല അമ്മയെ ഭരിക്കേണ്ടത് എന്നത് എന്റെ വിശ്വാസമാണ്. നാളെ വരാനിരിക്കുന്ന 'കേരള സ്റ്റോറി'യാണ് അവിടെ നടക്കുന്നതെന്നു മനസിലായതുകൊണ്ടും അതിനെ എതിർക്കണമെന്ന ഉത്തമവിശ്വാസം കൊണ്ടുമാണ് ഞാൻ അവിടെ പ്രതികരിച്ചത്. തട്ടമിടാത്ത, അമ്പലത്തിൽ വരെ പോകുന്ന, മലപ്പുറംകാരി മുസ്ലിം മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നുവെന്ന കഥ സിനിമയായി വന്നാൽ അത് ഉത്തരേന്ത്യയിലൊക്കെ നന്നായി ഓടും. ഈ കഥയാണ് സൃഷ്ടിക്കപ്പെടുന്നത് എന്നതുകൊണ്ടാണ് ഞാൻ എതിർത്തത്. ഒരു പ്രത്യേക പാർട്ടിയിൽനിന്ന് രണ്ടുകോടി രൂപ വാങ്ങിയില്ലേ എന്ന ബാബുരാജിന്റെ ആരോപണം ജനറൽ ബോഡി ഗൗരവമായി എടുത്തിരുന്നില്ല. ലക്ഷ്മിപ്രിയ പിറ്റേ ദിവസം പറയുമ്പോഴാണ് ഇത്രയും ഗൗരവമുണ്ടായിരുന്നോ എന്ന് ഞങ്ങൾ ആലോചിക്കുന്നത്. ആരോപണത്തിന് മറുപടി പറയാതെ അവർ അവിടെനിന്ന് ഇറങ്ങിയോടി. എന്തിനാണ് ഇറങ്ങിയോടിയതെന്ന് അറിയില്ല. കൈയും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല ഏൽപ്പിച്ചത്. ബോളിവുഡിൽ നടന്നപോലെ, സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്, സിനിമയെ മാറ്റി നാടിനെ വർഗീയവത്കരിക്കാനുള്ള ശ്രമത്തെ മുളയിലേ നുള്ളാൻ ശ്രമിച്ചു എന്ന ഗൂഢാലോചനാ കുറ്റമുണ്ടെങ്കിൽ അത് ചെയ്തിട്ടുണ്ട്. അശ്ലീലഭാഷ ഉപയോഗിച്ചിട്ടില്ല, രൂക്ഷമായി സംസാരിച്ചിട്ടുണ്ട്.





ansiba hasanഅന്‍സിബ ഹസന്‍ജനറൽ ബോഡി നടക്കാൻ വൈകുമെന്നതിനാലാണ് രാജിവെച്ച മോഹൻലാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി തുടർന്നത്. സഞ്ജീവനി പദ്ധതി സംബന്ധിച്ച തീരുമാനമെടുത്തത് രാജിവെച്ച കമ്മിറ്റിയാണ്. അത് നടപ്പാക്കുകയാണ് അഡ്‌ഹോക് കമ്മിറ്റി ചെയ്തത്. നല്ലൊരു കാര്യം ചെയ്തതിനെയാണോ കുറ്റപ്പെടുത്തുന്നത്? സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേത പ്രസിഡന്റായ കമ്മിറ്റി താഴെവീണത്. സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്നവരെ എങ്ങനെയാണ് അഡ്‌ഹോക് കമ്മിറ്റിയായി തുടരാൻ അനുവദിക്കാൻ ജനറൽ ബോഡിക്ക് തോന്നുക?




usha haseenaഉഷ ഹസീനജനറൽ ബോഡിയിൽ പ്രിന്റ് ചെയ്ത് തന്ന കണക്കും ബാബുരാജിന് തെറ്റി അയച്ച കണക്കും വേറെയായിരുന്നു. ജനറൽ ബോഡിയിൽ ആർക്കും സംസാരിക്കാൻ മൈക്ക് തന്നില്ല. അനൂപ് ചന്ദ്രന്റെ കൈയിൽ മാത്രമായിരുന്നു മൈക്ക്. ബാബുരാജിനെതിരെ ആരോപണം ഉയർന്നു. മറുപടി പറയാൻ അവസരം നൽകിയില്ല. ഇറങ്ങിപ്പോവുകയാണെന്ന് പറഞ്ഞപ്പോൾ പ്രസിഡന്റ് എഴുന്നേറ്റ് നിന്ന് ഇരിക്കടാ അവിടെ എന്ന് പറയുന്നതുപോലെ, ഞാനാണ് പ്രസിഡന്റ്, ഞാൻ പറയുന്നത് കേൾക്കണം, ഞാൻ പറഞ്ഞുകഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. അങ്ങനെയങ്കിൽ താൻ ഇറങ്ങിപ്പോവുകയാണെന്ന് ബാബുരാജ് പറഞ്ഞു. എങ്കിൽ ഇറങ്ങിപ്പൊക്കോ, പുറത്ത് വണ്ടി കിടപ്പുണ്ട് എന്നായിരുന്നു ശ്വേതയുടെ മറുപടി. അവരുടെ ഭാഗം പറയുന്നവരെ മാത്രമാണ് സംസാരിപ്പിച്ചത്. ആരും അശ്ലീലം പറഞ്ഞിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home