ജവാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; കാശിയിൽ മൂന്ന് പേർക്ക് പരിക്ക്

ലഖ്നൗ: ക്ഷേത്ര സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്റെ തോക്കിൽ നിന്നും വെടിപൊട്ടി മൂന്ന് പൂക്കച്ചവടക്കാർക്ക് പരിക്ക്. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഗേറ്റ് നമ്പർ 4ബിക്ക് സമീപമാണ് സംഭവം. ക്ഷേത്ര കവാടത്തിന് സമീപമുണ്ടായിരുന്ന നിഖിൽ ഗുപ്ത, റാം ബാബു, വികാസ് യാദവ് എന്നീ മൂന്ന് പ്രാദേശിക പൂക്കച്ചവടക്കാർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്റെ സർവീസ് കാർബൈൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് വിവരം. പിഎസി 48-ാം ബറ്റാലിയനിലെ ദിവാൻ അമർനാഥ് ചൗഹാന്റെ സർവീസ് ആയുധമാണ് അപകടമുണ്ടാക്കിയത്. ബെൽറ്റ് അഴിഞ്ഞതിനെ തുടർന്ന് തോക്ക് നിലത്ത് വീഴുകയായിരുന്നു. ആ ആഘാതത്തിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുണ്ട ഉതിരുകയുമാണുണ്ടായതെന്ന് ജവാൻ പറയുന്നു.
പരിക്കേറ്റവരുടെ വിരൽ, അരക്കെട്ട്, കാൽ എന്നിവിടങ്ങളിലാണ് വെടിയുണ്ടയുടെ കഷ്ണങ്ങൾ തറച്ചത്. ഇവരെ ഉടൻ തന്നെ കബീർ ചൗരയിലെ മണ്ഡലിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. സംഭവം തിരക്കേറിയ ക്ഷേത്രപരിസരത്ത് പരിഭ്രാന്തി പരത്തിയെങ്കിലും, സ്ഥിതിഗതികൾ ശാന്തമാക്കി സുരക്ഷ ഉറപ്പുവരുത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.











0 comments