നാശം വിതച്ച് മുംബൈയിൽ കനത്തമഴ; മരം കടപുഴകി വീണു: വ്യാപക നാശ നഷ്ടം, ഇന്ന് റെഡ് അലേർട്

മീനാതായി ഫ്ലവർ മാർക്കറ്റിലേക്ക് വൻമരം കടപുഴകി വീണു |Photo:NDTV
മുംബൈ : ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുംബൈ ദാദറിലെ പ്രശസ്തമായ മീനാതായി ഫ്ലവർ മാർക്കറ്റിലേക്ക് വൻമരം കടപുഴകി വീണു. പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. മാർക്കറ്റിന്റെ ഷെഡ്ഡിന് മുകളിലേക്കാണ് മരം പതിച്ചത്. ഇതേത്തുടർന്ന് മാർക്കറ്റ് കെട്ടിടത്തിന് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. കച്ചവടമില്ലാത്ത സമയത്താണ് അപകടമുണ്ടായതെന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മരം വീണതിനെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ മാർക്കറ്റിലേക്കുള്ള വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. കോർപ്പറേഷൻ അധികൃതരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മാർക്കറ്റിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതർ വിലയിരുത്തി വരികയാണ്.
മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ വകുപ്പ് ഇന്ന് (ശനിയാഴ്ച) റെഡ് അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലും സബർബൻ മേഖലകളിലും അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലെ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തെങ്കിലും നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ നിലവിൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ സബർബൻ മേഖലയായ ബാന്ദ്രയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (150.6 mm). ഐലൻഡ് സിറ്റിയിൽ പരേൽ (141.8 mm), മാതുംഗ-ദാദർ (135.2 mm), ഫോർട്ട് (120.8 mm) എന്നിവിടങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി.











0 comments