നോവൽ‐ 35
തെറം


പി വി ഷാജികുമാർ
Published on Jul 04, 2026, 11:13 AM | 5 min read
ചുവന്ന കാട്ടുപഴങ്ങള്‍
എരിയുടെ ശാഠ്യം മകള്‍ ഒട്ടുമേ വകവച്ചില്ല.
‘‘വാ... അപ്പാ...''
കാട്ടിലേക്ക് അവള്‍ അയാളെ വലിച്ചുകൊണ്ടുപോയി.
അപ്പോഴേക്കും ആളുകള്‍ കാട് വളഞ്ഞിരുന്നു. വളഞ്ഞുകിടന്നൊരു വയസ്സന്‍മരത്തിന്റെ ഉച്ചിയില്‍ കയറി, ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു എരി. കാറ്റ് കനത്തപ്പോള്‍ മരം ആടിയുലഞ്ഞു.
ഇലകള്‍ പൂക്കള്‍ പോലെ കൊഴിഞ്ഞുവീണു.
വൃക്ഷത്തലപ്പില്‍ എരിയുടെ തല വന്നവരുടെ കണ്ണ് വട്ടമിട്ടുപിടിച്ചു.
ആ മരത്തില്‍നിന്ന് ഈ മരത്തിലേക്കും ഈ മരത്തില്‍ നിന്ന് ആ മരത്തിലേക്കും കാടറിയുന്ന മനുഷ്യനായി ചാടിപ്പോയി എരി. എരിയുടെ അഭ്യാസം കണ്ട് ആളുകള്‍ അമ്പരന്നു. അയാളുടെ ചാട്ടം കണ്ട് ഒച്ചയെടുക്കാന്‍പോലും മറന്ന് അവര്‍ നിന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
ചതിക്കില്ലെന്ന് കരുതിയ ഒരു മരം എരിയോട് ചതി ചെയ്‌തു. മരത്തിന്റെ വഴുവഴുപ്പില്‍ വഴുതി എരി ചുവന്ന പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ചെടികള്‍ക്കിടയിലൂടെ പച്ചപ്പുല്ലുകള്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന മണ്ണിലേക്ക് വീണു.
ചുവന്ന പഴങ്ങള്‍ മഴപോലെ എരിക്ക് മുകളില്‍ പെയ്‌തു. അയാള്‍ ചുവന്ന പഴങ്ങളുടെ മനുഷ്യനായി.
ആളുകള്‍ അയാള്‍ക്ക് ചുറ്റിലും വട്ടംവച്ചു. അയാള്‍ മകളെ ഓര്‍മിച്ചു. അവളുടെ വേദനയില്‍ അയാള്‍ എല്ലാ വേദനകളും മറന്നു.
അടിമച്ചന്തയില്‍ എരിയുടെ മകളുടെ വിധി നാട് അറിഞ്ഞുകഴിഞ്ഞിരുന്നു. എരിയുടെ മകളുടെ വിധിയാണല്ലോ തങ്ങളുടെ സന്തതികളെയും കാത്തിരിക്കുന്നതെന്ന വിചാരത്തില്‍ അടിമകളാക്കപ്പെട്ട കുടുംബക്കാര്‍ സ്വയം നീറി. എരി പകരം വീട്ടിയതില്‍ അവര്‍ക്ക് അയാളോട് ആദരവും സ്‌നേഹവും ഏറി. മക്കളെ ഒറ്റയ്‌ക്ക് വിടാതിരിക്കാന്‍ അവര്‍ കരുതല്‍ കാണിച്ചു.
കച്ചവടക്കാരനെ കൊന്നതില്‍ എരിക്ക് പ്രത്യേകിച്ചൊരു ശിക്ഷയും നല്‍കിയില്ല. കച്ചവടക്കാരന്‍ ചെയ്‌തതിന്റെ ന്യായമാണതെന്നുള്ള തീരുമാനമൊന്നുമായിരുന്നില്ല. ബ്രിട്ടീഷുകാര്‍ വാങ്ങിയ അടിമകളില്‍ മൂന്നാമതായി എരിയുടെ പേര് ചേര്‍ക്കപ്പെട്ടിരുന്നു. അതോടെ എരി ചെയ്‌ത കൃത്യത്തിന് കണക്കെടുപ്പില്ലാതെയായി.
ആഫ്രിക്കയിലേക്കാണ് എരിയെയും മറ്റുള്ളവരെയും ബ്രിട്ടീഷുകാര്‍ കൊണ്ടുപോയത്. നരകമായിരുന്നു അവര്‍ക്ക് ആഫ്രിക്ക. അവിടെയുള്ള അടിമകള്‍ക്കൊപ്പം അവര്‍ക്ക് എല്ല് മുറിയെ പണിയെടുക്കേണ്ടി വന്നു. രോഗങ്ങള്‍ വന്ന് ഉടലാകെ വാരിച്ചുറ്റിയാലും സായിപ്പന്മാര്‍ അവരെ വെറുതെയിരിക്കാന്‍ വിട്ടില്ല. പലരും പണിയെടുക്കവെ തന്നെ ജീവിതമെന്ന നരകത്തില്‍നിന്ന് സ്വതന്ത്രരായി. നാട്ടില്‍നിന്ന് വന്നവര്‍ ഒന്നൊന്നായി കൊഴിഞ്ഞുപോവുന്നത് എരി അറിയുന്നുണ്ടായിരുന്നു. അത് അയാളെ കൂടുതല്‍ വേദനിപ്പിച്ചു. പാതിരകളില്‍ ഉറക്കം കിട്ടാതെ അവശരായി ചുരുണ്ടവരോട് എരി കഥകള്‍ പറയാന്‍ തുടങ്ങി. മരണത്തിന്റെ നാളുകള്‍ എണ്ണിത്തുടങ്ങിയ ആളുകളായിരുന്നു അവര്‍. എരിയുന്ന കഥകള്‍ എരിയില്‍നിന്ന് പുറത്തുവന്നു. അത് നല്‍കുന്ന സാന്ത്വനത്തില്‍ അവര്‍ കണ്ണുകളടച്ചു.
ആറ് മാസം തികയും മുമ്പ് തന്നെ എരിക്കൊപ്പം വന്നവരെല്ലാം നരകത്തില്‍നിന്ന് രക്ഷപ്പെട്ടു. ആരോടും ഒന്നും പറയാന്‍ കഴിയാതെ എരി ഏകനായി. മരിച്ചവര്‍ രാത്രികളില്‍ എരിക്കടുത്ത് വന്നിരുന്ന് വിലാപം തുടങ്ങി.
ദൈവത്തിന്റെ കയ്യും കാലും വലിച്ചുപിടിച്ച് അവര്‍ എരിക്ക് മുന്നില്‍ കൊണ്ടിട്ടു. രക്ഷിക്കണേയെന്ന് കരഞ്ഞുകൊണ്ടിരുന്ന ദൈവത്തിന്റെ തലയില്‍ അവര്‍ കല്ലെടുത്തിട്ടു. ദുഷ്ടനായ ദൈവത്തിന്റെ കാറ്റ് പോയപ്പോള്‍ അവര്‍ ആര്‍ത്തുചിരിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
ദിവസേന അവര്‍ ഒരേ കാര്യംതന്നെ സ്വപ്‌നത്തില്‍ വന്ന് ചെയ്‌തപ്പോള്‍ എരിക്ക് ഉറക്കം നഷ്ടപ്പെട്ടു.
സ്വസ്ഥതയോ ഒരിക്കലും ഉണ്ടായിട്ടില്ല, ഉറക്കവും പോയതോടെ ആരെ കൊന്നായാലും അവിടെനിന്ന് രക്ഷപ്പെടാന്‍ അയാള്‍ തീരുമാനിച്ചു.
നെഞ്ചില്‍ പുഴുക്കള്‍ പെറ്റുപെരുകുന്ന തരത്തിലുള്ളൊരു പനി അടിമകള്‍ക്ക് വന്ന നേരമായിരുന്നു അത്. അസുഖം കാട്ടുതീ പോലെ പടര്‍ന്നു. അടിമകളുടെ ഉടലുകളില്‍ പുഴുക്കള്‍ പൂത്തു. വേദന നിറഞ്ഞുള്ള അവരുടെ കരച്ചില്‍ ചുറ്റിലും നിറഞ്ഞു. അവരെ പണിക്ക് വിളിക്കാന്‍ സായിപ്പന്മാര്‍ക്ക് പേടിയായി. പനി പിടിച്ചവരെ നോക്കിയാല്‍ തന്റെ കാര്യവും പുഴുക്കള്‍ തീരുമാനിക്കുമെന്ന് എരിക്ക് മനസ്സിലായി. അങ്ങനെ കാറ്റിന് ഭ്രാന്ത് പിടിച്ചൊരു രാത്രിയില്‍ എരി കൂടാരം വിട്ടിറങ്ങി.
അടിമപ്പണിയെടുത്ത ഇടത്തുനിന്ന് ഏഴ് നാളുകള്‍ എരി കാല് നീട്ടിവച്ച് നടന്നു. എട്ടാം നാളില്‍ ചുവന്ന കാട്ടുപഴങ്ങള്‍ പൂക്കള്‍ പോലെ ചിതറിക്കിടന്ന കാട്ടില്‍ എരി എത്തിച്ചേര്‍ന്നു. കച്ചവടക്കാരനെ മരണത്തിലേക്ക് ചങ്കിട്ട് പിടിച്ചപ്പോള്‍ ഊര്‍ന്നുവീണ പച്ചപ്പ് അയാളുടെ ഓര്‍മയിലെത്തി. അയാള്‍ തന്റെ ഇടം തന്റേടത്തോടെ തീരുമാനിച്ചു. കാട് വെട്ടിത്തെളിച്ച് അയാള്‍ അവിടെ ജീവിതം ഉറപ്പിച്ചു. ചുവന്ന കാട്ടുപഴങ്ങളുടെ കിരിടം ചൂടിയ ചെടികളെ അയാള്‍ തൊട്ടില്ല. അത് അയാളുടെ കൂരയ്‌ക്ക് മുന്നില്‍ മണത്തോടെയും ഗുണത്തോടെയും തലയുയര്‍ത്തി നിന്നു.
നാട്ടില്‍നിന്ന് കാട്ടിലേക്ക് പേടിച്ചോടിയ കാപ്പിരി പെണ്ണിനെ അയാള്‍ കൂടെക്കൂട്ടി. കാട്ടുപഴങ്ങള്‍ക്ക് മുകളില്‍ അവരുടെ സ്‌നേഹം വിടര്‍ന്നു. നഗ്നമായ ഉടലില്‍ പഴങ്ങളുടെ ചുവന്ന നിറവും മനം മയക്കുന്ന ഗന്ധവും നിറഞ്ഞു. അതവരുടെ സ്‌നേഹത്തെ കൂടുതല്‍ മത്തുപിടിപ്പിച്ചു. ഇരുവരും അങ്ങനെ ആദ്യമായി സ്വർഗം കണ്ടു. മനം മയങ്ങുന്ന നേരങ്ങളിലെല്ലാം അവര്‍ സ്വര്‍ഗത്തിലേക്ക് കെട്ടിയമര്‍ന്നു.
ആ സ്വർഗത്തില്‍ അവര്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായി. എരിയുടെ തീക്ഷ്ണതയാര്‍ന്ന കണ്ണുകളും ചിരിക്കുന്ന ചുണ്ടുകളുമായിരുന്നു കുട്ടിക്ക്. നുണക്കുഴി കാപ്പിരിപ്പെണ്ണിന്റേതായിരുന്നു.
എരിയുടെ ജീവിതം സമാധാനത്തിന്റെ കരയിലൂടെ അങ്ങനെ പോകുകയായിരുന്നു. കഷ്ടപ്പെടുന്നവര്‍ സ്വസ്ഥരാവുന്നത് ദൈവത്തിന് സഹിക്കില്ലല്ലോ...
ചന്ദനത്തിനായി കാട് കയറിയവര്‍ എരിയുടെയും പെണ്ണിന്റെയും സ്‌നേഹം കണ്ടു. അത് സായിപ്പന്മാരുടെ ചെവിയിലെത്തി.
നേരം ഇരുട്ടുന്നതിന് മുമ്പ് സായിപ്പന്മാരുടെ പടയാളികള്‍ എരിയെയും കുടുംബത്തെയും കാട്ടില്‍നിന്ന് വലിച്ചിറക്കി. അവരുടെ സമാധാനം നഷ്ടമായി. അവരുടെ സ്വർഗം നഷ്ടമായി.
എരിയുടെയും കുടുംബത്തിന്റെയും വിധി അവിടെ തീരുമാനിക്കപ്പെട്ടു. കാപ്പിരിപ്പെണ്ണിനെയും മകളെയും എരിക്ക് മുന്നില്‍ വച്ച് ഇഷ്ടമുള്ളവര്‍ക്ക് ഭോഗിക്കാന്‍ സായിപ്പന്മാരിലെ മൂപ്പന്‍ അനുവാദം നല്‍കി. കാമത്താല്‍ കത്തിക്കൊണ്ടിരുന്നവര്‍ കാപ്പിരിപ്പെണ്ണിലും മകളിലും കത്തിപ്പടരുന്നത് നിറകണ്ണുകളോടെ എരി കണ്ടുനിന്നു.
കയ്യിലും കാലിലും ചുറ്റിവരിഞ്ഞിരിക്കുന്ന ചങ്ങല വലിച്ചുപൊട്ടിക്കാന്‍ എരി പലവട്ടം ശ്രമിച്ചു. അപ്പോഴൊക്കെ കിങ്കരന്മാര്‍ അയാളെ ചാട്ടവാറ് കൊണ്ടടിച്ചു. ഇരുമ്പ് കൊളുത്തിന്റെ അടിയേറ്റ് എരിയുടെ ഇരുകണ്ണുകളും പൊട്ടി. അയാളുടെ കാഴ്‌ചയില്‍ ഇരുട്ട് പടര്‍ന്നു. ഒന്നും കാണേണ്ടതില്ലല്ലോ എന്ന ആശ്വാസത്തില്‍ എരി തല കുനിച്ച് നില്‍ക്കവെ മകളുടെ നിലവിളി ഉയര്‍ന്നു. നാലാമത്തെ അടിമയുടെ ക്രൂരമായ ആസക്തിയില്‍ അവള്‍ ജീവിതത്തില്‍നിന്ന് രക്ഷനേടിയതിന്റെ വിലാപം.
എരി അത് തിരിച്ചറിഞ്ഞു. കറുത്ത ചോര നിറഞ്ഞ അയാളുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ ഒഴുകിയിറങ്ങി. നിശ്ശബ്ദതയോടെ അയാള്‍ നിന്നു. പിന്നെ ഒരക്ഷരം പോലും അയാള്‍ ഉച്ചരിച്ചില്ല. തീവ്രവേദനയുടെ കൊടിയ പീഡനത്തിലും ഒന്ന് ഞരങ്ങുകപോലും ചെയ്‌തില്ല. നാല്‍പ്പതാമത്തെ ആണില്‍ കാപ്പിരിപ്പെണ്ണിന്റെ പ്രാണന്‍ നിലച്ചത് അറിഞ്ഞപ്പോഴും അയാളൊന്നും മിണ്ടിയില്ല.
മരിച്ചിട്ടും അവരില്‍ ആസക്തി തീര്‍ക്കാന്‍ ആളുകള്‍ വരിവരിയായി നില്‍ക്കുന്നുണ്ടായിരുന്നു. ഇരുവരും മരിച്ചതോടെ സായിപ്പന്മാരിലെ മൂപ്പന്‍ കാഴ്‌ചയിലെ രസം നഷ്ടപ്പെട്ട്, തോന്നിയതുപോലെ ചെയ്യാന്‍ അനുവാദം കൊടുത്ത് രംഗത്തുനിന്ന് പിൻവാങ്ങിയപ്പോള്‍ കാപ്പിരിപ്പെണ്ണിനും മകള്‍ക്കും വേണ്ടി ആളുകള്‍ തമ്മില്‍ത്തല്ലാന്‍ തുടങ്ങി.
ഇരുട്ട് കനക്കുന്നതിന് മുമ്പേ കൂരകളിലെത്താന്‍ തിരക്കുള്ള പടയാളികള്‍ എരിയിലേക്ക് വാള് കുത്തിയിറക്കി. എരി വേദനയോടെ പിടയുമെന്നും അലറിക്കരയുമെന്നും ഓരോ തവണ ഉടലില്‍ വാളിറക്കുമ്പോഴും അവര്‍ ക്രൗരത്തോടെ പ്രതീക്ഷിച്ചു. ഒന്നുമുണ്ടായില്ല. അയാള്‍ വേദനയെല്ലാം സഹിച്ച് നിശ്ശബ്ദതയോടെ കെട്ടിയിട്ട തൂണില്‍ ചാരിനിന്നു. പൊടുന്നനെ പുറത്തേക്ക് ചാടിയ അയാളുടെ ചോര കാട്ടുപഴങ്ങളായി മാറുന്നതായി പടയാളികള്‍ക്ക് തോന്നി. തോന്നലാണെന്ന് സ്വയം പറയുന്തോറും കറുത്ത ചോര കാട്ടുപഴങ്ങളായി രൂപാന്തരപ്പെട്ട് കൊണ്ടിരുന്നു.
ചിത്രീകരണം: കെ പി മുരളീധരൻ
ചുവന്ന കാട്ടുപഴങ്ങള്‍ നിറഞ്ഞ ചെടിയായി അയാള്‍ മാറുന്നത് കണ്ട് നിലവിളിയോടെ പടയാളികള്‍ ഇറങ്ങിയോടി. അവരുടെ ഉള്ളില്‍ കയറിയ ഭയം അവിടംകൊണ്ടും കളി അവസാനിപ്പിച്ചില്ല. കാപ്പിരിപ്പെണ്ണിന്റെയും മകളുടെയും മരിച്ച ദേഹങ്ങളില്‍ ആസക്തി തീര്‍ക്കാന്‍ അടികൂടിയവരിലും ഭയം വ്യാധിപോലെ പടര്‍ന്നുപിടിച്ചു.
അത് അവരുടെ വിധിയായിരുന്നു. ഇനിയൊരിക്കലും ജീവിതം പഴയത് പോലെയാകില്ലെന്ന വിധി.
ആരൊക്കെയാണോ എരിയെ ദ്രോഹിച്ചത് ആരൊക്കെയാണോ എരിയുടെ വേദനകളില്‍ പൊട്ടിച്ചിരിച്ചത് അവരൊക്കെ ആ ചുവന്ന കാട്ടുപഴത്തിന്റെ മണവും സാന്നിധ്യവുമറിഞ്ഞു.
പലര്‍ക്കും ഭ്രാന്ത് പിടിച്ചു.
പലരും പുഴുക്കള്‍ അരിച്ചുകയറുന്ന ഉടലുകളായി.
പലരും നാട് വിട്ടുപോയി.
കടല് കടന്നെത്തിയൊരു മാന്ത്രികനാണ് കാട്ടുപഴത്തിന്റെ മനസ്സ് മനസ്സിലാക്കിയത്. എരിയുടെ ആത്മാവ് കാട്ടിലും നാട്ടിലും ചുവന്ന കാട്ടുപഴത്തിന്റെ ഗന്ധവും രുചിയും പേറുന്നുണ്ടെന്ന് അയാള്‍ക്ക് പിടുത്തംകിട്ടി. നാട്ടില്‍ അവശേഷിച്ച പേടിത്തൂറികളായ സായിപ്പന്മാരും കുറ്റം ചെയ്‌തവരും മാന്ത്രികന്റെ കാലില്‍ വീണു.
ചിത്രപ്പണികളുള്ള കുപ്പിയുമായി അയാള്‍ എരിയുടെ നെഞ്ചില്‍ വാളിറക്കിയ സ്ഥാനത്ത് നിന്നു.
കാറ്റിന് വീണ്ടും ഭ്രാന്ത് പിടിച്ചു.
മാന്ത്രികന്റെ തൊപ്പി കാറ്റ് കൊണ്ടുപോയി.
അത് എരിയാണ്.
അയാള്‍ക്ക് മനസ്സിലായി. അയാള്‍ തൊപ്പിക്ക് പിറകെ പോയില്ല.
അയാള്‍ അതിര് കടന്ന മന്ത്രം ചൊല്ലി.
എരി വന്നില്ല.
അതില്‍ അയാള്‍ കഥകള്‍ കുത്തിനിറച്ചു.
എരി വന്നില്ല.
എരിയുടെ കഴുത്തിലെ മൃഗത്തിന്റെ പല്ലും ചെവിയില്‍ അണിയുന്ന തോടയും അരയില്‍ മുറുക്കിയ ചെമ്പുതകിടും അയാള്‍ കുപ്പിയില്‍ കൊണ്ടിട്ടു.
എരി വന്നില്ല.
എരിയുടെ കൂരയ്‌ക്ക് മുന്നിലെ കാട്ടുമരത്തിന്റെ വേരുകളെ കെട്ടിപ്പിടിച്ച മണ്ണും തളിരിലയും എടുത്തു.
എരി വന്നില്ല.
കാറ്റ് കോപത്തോടെ ചുറ്റിത്തിരിഞ്ഞു.
കാറ്റിന്റെ കറക്കത്തില്‍ പലരും തലതല്ലി വീണു.
ഒടുവില്‍ എരിയുടെ ദുരിതജീവിതം അയാള്‍ കണ്ണീരോടെ ചൊല്ലി.
എരി വന്നു.
മരിച്ചെന്നത് പോലെ കാറ്റ് നിശ്ചലമായി.
അത്രമേല്‍ വീര്‍പ്പുമുട്ടിക്കുന്ന അനക്കമില്ലായ്‌മയില്‍ എല്ലാവര്‍ക്കും ശ്വാസംമുട്ടി.
മാന്ത്രികന്‍ കുപ്പിയിലേക്ക് നോക്കിയൊന്ന് പുഞ്ചിരിച്ചു.
ഒരു കാട്ടുമരത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ അടപ്പ് അയാള്‍ കയ്യിലെടുത്തു.
അതുംവച്ച് അയാള്‍ കുപ്പി അടച്ചു.
ആരോടും ഒന്നും മിണ്ടാതെ കുപ്പിയുംകൊണ്ട് അയാള്‍ കപ്പല് കയറിപ്പോയി.
ആ കുപ്പിയാണ് കാലങ്ങള്‍ക്ക് ശേഷം മുനീര്‍ തുറന്നിരിക്കുന്നത്.
എരിയുടെ ദുരന്തമറിഞ്ഞ് സങ്കടം വന്നു മുനീറിന്.
മുന്നില്‍ നില്‍ക്കുന്നത് ഒരു ആത്മാവാണ്...!
അത് ഓര്‍ത്തപ്പോള്‍ മുനീര്‍ ഒന്ന് വിറച്ചു.
അവന് ചുറ്റിലും ചുവന്ന കാട്ടുപഴങ്ങളുടെ മണം പരന്നു.
കാറ്റ് ഒറ്റക്കാലില്‍ നില്‍ക്കുന്ന വലിയ പക്ഷിയെപ്പോലെ അവിടെത്തന്നെ ചുറ്റിനിന്നു.
അപ്പോള്‍ ഒരു ചിരി മുനീര്‍ കേട്ടു.
കാലം കറുപ്പിച്ച കനത്തൊരു ചിരി...! .(തുടരും)











0 comments