ഖമേനിയുടെ വിലാപയാത്രയ്ക്ക് തുടക്കം
അമേരിക്ക വിരുദ്ധ മുദ്രാവാക്യവുമായി ലക്ഷങ്ങൾ; വിലാപയാത്രയെ രാഷ്ട്രീയ മറുപടിയാക്കി ഇറാൻ

തെഹ്‌റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ തുടക്കമായി. യു.എസ്-ഇസ്രായേൽ സഖ്യവുമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി 28-നുണ്ടായ വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമേനി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.
അടുത്ത മൂന്ന് ദിവസങ്ങളിലായി തലസ്ഥാന നഗരിയായ തെഹ്‌റാനിൽ മാത്രം രണ്ട് കോടിയോളം ജനങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തുമെന്നാണ് ഇറാൻ അധികൃതർ പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4 തന്നെയാണ് സംസ്‌കാര ചടങ്ങുകൾക്കായി ഇറാൻ തിരഞ്ഞെടുത്തത്. ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം "അമേരിക്കയ്ക്ക് നാശം" എന്ന മുദ്രാവാക്യങ്ങൾ മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തെത്തി.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗത്ത് ഡക്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ ഇറാന് നേരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. "നമ്മൾ ഇറാനെ തകർത്തു തരിപ്പണമാക്കി. അവർ ഇപ്പോൾ സമാധാന ചർച്ചകൾക്കായി അത്രമേൽ ആഗ്രഹിക്കുന്നുണ്ട്. സംസ്‌കാര ചടങ്ങുകൾക്കായി നമ്മൾ അവർക്ക് ഒരാഴ്ചത്തെ സമയം നൽകിയിരിക്കുകയാണ്," എന്നും പ്രതികരിച്ചു.
വിലാപയാത്ര
പ്രതിഷേധം
ശനിയാഴ്ച പുലർച്ചെയോടെ തന്നെ കറുത്ത വസ്ത്രം ധരിച്ച ലക്ഷക്കണക്കിന് ജനങ്ങൾ തെഹ്‌റാനിലെ തെരുവുകളിലേക്ക് ഒഴുകിയെത്തി. ഖമേനിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്ന 'ഗ്രാൻഡ് മൊസല്ല' ലക്ഷ്യമാക്കിയാണ് ജനങ്ങൾ നീങ്ങുന്നത്. ചടങ്ങുകളുടെ ഭാഗമായി തലസ്ഥാനത്തെ ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും വ്യോമപാത ഉൾപ്പെടെ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
1989-ൽ ഇറാന്റെ പ്രഥമ പരമാധികാരി ആയത്തുള്ള റൂഹുള്ള ഖൊമേനിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ജനമുന്നേറ്റമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, അയൽരാജ്യമായ ഇറാഖിൽ നിന്നും നിരവധി ആളുകളാണ് തെഹ്‌റാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഖമേനിയുടെ ഭൗതികശരീരം ഇറാഖിലെയും ഇറാനിലെയും വിവിധ നഗരങ്ങളിൽ പൊതുദർശനത്തിന് വെക്കും.
മൊജ്തബ ഖമേനിയുടെ സാന്നിധ്യം
ഉറ്റുനോക്കി ലോകം
അലി ഖമേനിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ പുതിയ പരമാധികാരിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവിന്റെ സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മൊജ്തബ ഖമേനിയെയും വധിക്കുമെന്ന ഇസ്രായേലിന്റെ ആവർത്തിച്ചുള്ള ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകൾ.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ അധികാരം ഉപയോഗിച്ച് യുഎസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടത്തുന്ന ഇറാന് ഈ ചടങ്ങുകളിലെ ജനപങ്കാളിത്തം രാഷ്ട്രീയമായി വലിയ കരുത്തുപകരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാനിൽ ഭരണ മാറ്റം എന്ന ലക്ഷ്യമാണ് യു എസ് ഇസ്രയേൽ ഐക്യം ലക്ഷ്യമാക്കിയിരുന്നത്. ഇതിനായി ആഭ്യന്തര കലഹം സൃഷ്ടിക്കാനും ശ്രമിച്ചു. എന്നാൽ യുദ്ധവും നേതാക്കളുടെ കൊലയും ഇറാൻ കൂടുതൽ ഐക്യപ്പെടുത്തുന്ന സാഹചര്യമായി.











0 comments