ad
Deshabhimani

അയോധ്യയ്ക്ക് പിന്നാലെ ബദരീനാഥ് - കേഥാർനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള

badrinath temple
വെബ് ഡെസ്ക്

Published on Jul 04, 2026, 10:45 AM | 2 min read

ഡെറാഡൂൺ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിന് പിന്നാലെ, ഉത്തരാഖണ്ഡിലെ പ്രശസ്തമായ ബദരീനാഥ് -കേദാർനാഥ് ക്ഷേത്രത്തിലും വഴിപാടുകളും സംഭാവനകളും കൊള്ളയടിച്ചതായി ആരോപണം. ഉയർന്നുവന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിനായി ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബികെടിസി) പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചു. ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി പറഞ്ഞു. നിലവിൽ സംശയനിഴലിലുള്ള ജീവനക്കാരിൽ നിന്നും കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്.


അതേസമയം, സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച വ്യക്തി തന്റെ പേഴ്‌സണൽ സെക്രട്ടറി (പിഎസ്) ആണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഹേമന്ത് ദ്വിവേദി നിഷേധിച്ചു. ആ വ്യക്തി ബികെടിസിയിലെ സാധാരണ ജീവനക്കാരൻ മാത്രമാണെന്നും, മുമ്പ് മൂന്ന് മുൻ ചെയർമാൻമാരുടെ പേഴ്‌സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ക്ഷേത്ര സമിതി ഈ വിഷയത്തിൽ ഔദ്യോഗികമായി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ബദരീനാഥ്-കേദാർനാഥ്. ഓരോവർഷവും കോടിക്കണക്കിന് തീർഥാടകരാണ് ക്ഷേത്രത്തിലേക്ക് എത്താറുള്ളത്. മലയാളികളുൾപ്പെടെ സന്ദർശനം നടത്തുന്ന രാജ്യത്തെ പ്രമുഖ തീർഥാടനകേന്ദ്രത്തിൽ നടന്ന തട്ടിപ്പിന്റെ വ്യാപ്തി എത്രയാണെന്ന് വ്യക്തമായിട്ടില്ല.


അയോധ്യയിലെ രാമ ക്ഷേത്രത്തിൽ വഴിപാടുകൾ തട്ടിയെടുത്തെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശോധനകൾ കർശനമാക്കിയത്. അയോധ്യയിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജൂൺ 25ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഉത്തർപ്രദേശ് പോലീസ് നിലവിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായാണ് കണ്ടെത്തൽ. ക്ഷേത്രത്തോട്‌ ചേർന്ന 1.6 ഏക്കർ സർക്കാർ ഭൂമി 23.61 കോടി രൂപയ്‌ക്ക്‌ സ്വകാര്യവ്യക്തിയിൽ നിന്ന്‌ ട്രസ്‌റ്റ്‌ വാങ്ങിയതിന്റെ രേഖയും പുറത്തുവന്നിരുന്നു. ഇതോടെ ആർഎസ്‌എസും പ്രതിക്കൂട്ടിലായിരുന്നു.


മ‍ൂന്ന്‌ മുതിർന്ന ആർഎസ്‌എസ്‌ നേതാക്കളാണ്‌ ക്ഷേത്രം ട്രസ്‌റ്റിനെ നിയന്ത്രിച്ചിരുന്നത്‌. ഇതിൽ പ്രമുഖൻ വിഎച്ച്‌പി വൈസ്‌പ്രസിഡന്റും മുതിർന്ന ആർഎസ്‌എസ്‌ നേതാവുമായ ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത്‌ റായിയാണ്‌. ട്രസ്‌റ്റ്‌ അംഗമായ അനിൽ മിശ്രയും ട്രസ്‌റ്റിലെ ക്ഷണിതാവായ ഗോപാൽ റാവുവുമാണ്‌ മറ്റ്‌ രണ്ടുപേർ. ഇവരുടെ അനുയായികളാണ്‌ ക്ഷേത്രത്തിലേക്ക്‌ ഭക്തർ നൽകിയ സംഭാവനയും വിലപിടിപ്പുള്ള വസ്‌തുക്കളും വർഷങ്ങളോളം കൊള്ളയടിച്ചത്‌.


കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാൻ പ്രാദേശിക കോടതി കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കൂടാതെ, അയോധ്യയിലെ സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും, ട്രസ്റ്റി അനിൽ മിശ്രയും രാജിവച്ചിരുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home