അർജന്റീന ലോകകപ്പ് ഫൈനലിൽ; ചരിത്രം കുറിക്കാൻ മൊറോക്കോ

സാൻ്റിയാഗോ: ഫിഫ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ അർജന്റീനയും മൊറോക്കോയും ഏറ്റുമുട്ടും. സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തർത്തപ്പോൾ യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4 വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലെത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയും മാറി. തിങ്കളാഴ്ച പുർച്ചെയാണ് ഫൈനൽ.
കരുത്തരായ അമേരിക്കയെ ക്വാർട്ടറിൽ തകർത്ത ആത്മവിശ്വാസത്തിലാണ് മൊറോക്കോ സെമി ഫൈനലിൽ പന്ത് തട്ടാനെത്തിയത്. ആദ്യപകുതിയിൽ തന്നെ ടീം ലീഡ് നേടി. 32-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ലിസാൻഡ്രോ ഓൽമേറ്റ മൊറൊക്കെയേ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസ് മികച്ച മുന്നേറ്റത്തോടെ ഗോൾ മടക്കി. 59 മിനിറ്റിൽ ലൂക്കാസ് മിച്ചലാണ് ഫ്രാൻസിനായി സമനില പിടിച്ചത്. കളി അധികസമയത്തേക്ക് നീണ്ടെങ്കിലും ഇരുകൂട്ടർക്കും ഗോൾ കണ്ടെത്താനായില്ല. പിന്നാലെ ഷൂട്ട് ഔട്ടിൽ കലാശിക്കുകയായിരുന്നു.
പരാജയമറിയാതെ മുന്നേറിയ അർജന്റീനയ്ക്കെതിരെ കൊളംബിയ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. പന്ത് അടക്കത്തിൽ മുന്നിട്ട് നിന്നെങ്കിലും ഗോൾ കണ്ടെത്താനാക്കത് ടീമിന് തിരിച്ചടിയായി. എന്നാൽ ലഭിച്ച അവസരം കൃത്യമായി ഗോളാക്കി മാറ്റിയാണ് അർജന്റീന മുന്നേറിയത്. പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോൾ നേടിയത്.










0 comments