ഓസ്‌ട്രേലിയ നവംബർ 10ന് എത്തും, അർജന്റീന 15ന്
മെസിക്കൊപ്പം മാർട്ടിനെസും അൽവാരെസും

സ്‌പോർട്‌സ് ലേഖകൻ
Published on Oct 12, 2025, 01:53 AM | 1 min read
കോഴിക്കോട്
അർജന്റീന ടീമിനൊപ്പം കേരളത്തിലെത്തുന്നത് ലോകകപ്പ് നേടി ത്രസിപ്പിച്ച കളിക്കാർ. ലയണൽ മെസിയെ കൂടാതെ ആരാധകരുടെ മനംകവർന്ന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്, ജൂലിയൻ അൽവാരെസ്, റോഡ്രിഗോ ഡി പോൾ, അലക്‌സിസ് മക് അല്ലിസ്‌റ്റർ, ലൗതാരോ മാർട്ടിനെസ് എന്നീ വമ്പൻ താരങ്ങളും കൊച്ചി ജവാഹർ ലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ പന്ത് തട്ടും. ലോകകപ്പ് സംഘത്തിനൊപ്പം പരിശീലകൻ ലയണൽ സ്‌കലോണിയുമുണ്ടാകും. ഓസ്‌ട്രേലിയയുമായി കൊച്ചിയിൽ സൗഹൃദ ഫുട്‌ബോൾ മത്സരം കളിക്കുന്ന അർജന്റീന ടീമിന്റെ വിവരങ്ങൾ ലഭിച്ചു. ടീം നവംബർ 15ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തും. മത്സരം 17ന്.
ലോകകപ്പിനുശേഷം വിരമിച്ച എയ്‌ഞ്ചൽ ഡി മരിയ ഉണ്ടാകില്ല. യുവതാരം എൺസോ ഫെർണാണ്ടസും സംഘത്തിലില്ല. നിക്കോളാസ് ഒട്ടമെൻഡി, ഗൊൺസാലോ മോണ്ടിയെൽ, നിക്കോളാസ് തഗ്ലിയാഫിക്കോ, യുവാൻ ഫോയ്‌ത്ത്, മാർകസ് അക്യുന, എസ്‌ക്യൂവേൽ പലാസിയോസ്, ജിയോവനി ലോ സെൽസോ, ലിയാൻഡ്രോ പരെഡസ്, നിക്കോ ഗൊൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്‌റ്റ്യൻ റൊമേറോ, നഹുവേൽ മൊളീന എന്നിവരാണ് 18 അംഗ സംഘത്തിലുള്ള മറ്റുള്ളവർ.
ഓസ്‌ട്രേലിയയുടെ ലോകകപ്പ് സംഘമാണ് വരുന്നത്. നവംബർ 10ന് എത്തുന്ന ടീം പത്ത് ദിവസത്തോളം കേരളത്തിലുണ്ടാകും. തുടർച്ചയായി അഞ്ച് ലോകകപ്പ് കളിച്ച ഓസ്‌ട്രേലിയൻ ടീമിന്റെ ലോക റാങ്ക് 25 ആണ്. അർജന്റീനയുടെ ഇപ്പോഴത്തെ ഫിഫ റാങ്ക് ഒന്നിൽനിന്ന് മൂന്നായിട്ടുണ്ട്.
സ്‌റ്റേഡിയത്തിൽ നവീകരണം ദ്രുദഗതിയിൽ പുരോഗമിക്കുന്നു. പാലക്കാട്ടുള്ള ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഐഐടി) വിദഗ്‌ധർ സ്‌റ്റേഡിയത്തിന്റെ കാര്യക്ഷമത പരിശോധിച്ചു. പൊരുമരാമത്ത് വിഭാഗം എൻജിനിയർമാരും ഒപ്പമുണ്ടായിരുന്നു.










0 comments