ad
Deshabhimani

print edition സ്വിസ്‌ കോട്ട കടന്നു; അധികസമയക്കളിയിൽ അർജന്റീന

Argentina

Photo: Facebook

വെബ് ഡെസ്ക്

Published on Jul 13, 2026, 12:22 AM | 2 min read

കൻസാസ്‌ സിറ്റി: അതികഠിന പരീക്ഷണങ്ങൾക്കൊടുവിൽ അർജന്റീന ലോകകപ്പ്‌ ഫുട്‌ബോൾ സെമിയിൽ. പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും പുത്തൻ പാഠങ്ങൾ പകർന്ന സ്വിറ്റ്‌സർലൻഡിനെ അധിക സമയക്കളിയിൽ 3–1ന്‌ കീഴടക്കിയാണ്‌ ലയണൽ മെസിയും സംഘവും മുന്നേറിയത്‌. അവസാന നാല്‌ പതിപ്പിലെ മൂന്നാമത്തെ സെമി. 15ന്‌ രാത്രി 12.30ന്‌ ഇംഗ്ലണ്ടുമായാണ്‌ നിലവിലെ ജേതാക്കളുടെ പോരാട്ടം. തോറ്റെങ്കിലും സ്വിസ്‌ ടീം അഭിമാനത്തോടെ മടങ്ങി.


റ‍ൗണ്ട്‌ ഓഫ്‌ 32ൽ കേപ്‌ വെർദെയോടും പ്രീ ക്വാർട്ടറിൽ ഇ‍ൗജിപ്‌തിനോടും അർജന്റീന പുറത്തെടുത്ത കളിയുടെ തുടർച്ചയായിരുന്നു ക്വാർട്ടറിൽ സ്വിസിനോടും. ലക്ഷ്യം തെറ്റിയ പാസുകളും അനാവശ്യ ഫ‍ൗളുകളും പ്രതിരോധ പതർച്ചകളും ലയണൽ സ്‌കലോണിയുടെ സംഘത്തിന്റെ കളിയെ മടുപ്പുള്ളതാക്കി. മെസിയുടെ കാലുകൾ ലോകകപ്പിലാദ്യമായി ഗോൾമറന്നപ്പോൾ ആക്രമണത്തിന്റെ വീര്യവും കുറഞ്ഞു. പത്താം മിനിറ്റിൽ അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററുടെ ആദ്യഗോളിനുശേഷം അധികസമയത്തിന്റെ രണ്ടാംപകുതിയിലാണ്‌ ലാറ്റിനമേരിക്കക്കാർ ലക്ഷ്യത്തിലേക്ക്‌ മറ്റൊരു ഷോട്ട്‌ തൊടുക്കുന്നത്‌.


മുന്നേറ്റക്കാരൻ ബ്രീൽ എംബോളോ ഒരു നിമിഷത്തെ ആവേശത്തിൽ കാട്ടിയ അബദ്ധമാണ്‌ സ്വിസുകാരെ കുഴിയിൽ ചാടിച്ചത്. 1–1ന്‌ നിൽക്കുന്ന ഘട്ടത്തിൽ ലിയാൻഡ്രോ പരദേസ്‌ ഫ‍ൗൾ ചെയ്‌തുവെന്ന്‌ ആരോപിച്ച്‌ എംബോളോ നിലത്തുവീണു പിടഞ്ഞു. ‘വാർ’ പരിശോധനയിൽ അഭിനയം തെളിഞ്ഞു. രണ്ടാം മഞ്ഞക്കാർഡ്‌ വാങ്ങി പുറത്തുമായി. പിന്നെ സ്വിസുകാർ ആക്രമണത്തിലേക്ക് നീങ്ങിയില്ല. അധികസമയത്ത്‌ ജൂലിയൻ അൽവാരെസും ല‍ൗതാരോ മാർട്ടിനെസും തൊടുത്ത തകർപ്പൻ ഗോളിൽ അർജന്റീന ജയം സ്വന്തമാക്കുകയും ചെയ്‌തു.


കൊളംബിയയെ ഷ‍ൂട്ട‍ൗട്ടിൽ തീർത്തുവന്ന സ്വിസുകാർ ചാന്പ്യൻമാരെ ഒട്ടും ഭയന്നില്ല. തുടക്കം മുതൽ കളി കാലിലാക്കി. എന്നാൽ പത്താം മിനിറ്റിൽ മെസിയുടെ കോർണർ കിക്കിൽ മനോഹരമായി തലവച്ച്‌ അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ അർജന്റീനയെ മുന്നിലെത്തിച്ചു. ആ ഗോൾ ഉണർത്തിയത്‌ സ്വിസുകാരെയാണ്‌. വശങ്ങളിലൂടെ അവർ മുന്നേറി. ഡാൻ എൻഡോയായിരുന്നു അപകടകാരി. 67–ാം മിനിറ്റിൽ റിക്കാർഡോ റോഡ്രിഗസിന്റെ നീക്കം പിടിച്ചെടുത്ത്‌ എൻഡോയോ അടിതൊടുക്കുന്പോൾ അർജന്റീന പ്രതിരോധം വിറങ്ങലിച്ചുനിന്നു. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ കാലിനിടയിലൂടെയാണ്‌ പന്ത്‌ വലയിലെത്തിയത്‌. എംബോളോ, എൻഡോയെ, ഗ്രാനിത്‌ ഷാക്ക എന്നിവരുടെ ഗോൾ ശ്രമങ്ങൾ മാർട്ടിനെസ്‌ തടഞ്ഞു.


എഴുപത്തിരണ്ടാംമിനിറ്റിലാണ്‌ എംബോളോ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയത്‌. പത്തുപേരായി ചുരുങ്ങിയ സ്വിസ്‌ നിര പ്രതിരോധത്തിലേക്ക്‌ പൂർണമായും ഇറങ്ങി. നിക്കോ എൽവെദിയും മാനുവേൽ അക്കാഞ്ഞിയും കെട്ടിയ കോട്ട മെസിയും സംഘവും ആവുംവിധം ശ്രമിച്ചിട്ടുംകുലുങ്ങിയില്ല. കളി അധികസമയത്തേക്ക്‌ നീണ്ടു. ഇതിനിടെ ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോൾശ്രമം ഗ്രിഗർ കോബെൽ തകർപ്പൻ ചാട്ടത്തിലൂടെ തടഞ്ഞു. അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന്‌ നിമിഷങ്ങൾ ശേഷിക്കെ ബോക്‌സിന്‌ പുറത്തുനിന്ന്‌ അൽവാരസിന്റെ മനോഹരമായ ഷോട്ട്‌ വളഞ്ഞിറങ്ങി വലയിൽ താഴ്‌ന്നപ്പോൾ സ്വിസ്‌ ഞെട്ടി. അവസാന നിമിഷം തിയാഗോ അൽമാഡയുടെ ഷോട്ട്‌ ഗ്രിഗർ കോബെൽ കുത്തിയകറ്റി. പന്ത്‌ കിട്ടിയത്‌ ല‍ൗതാരോയ്‌ക്ക്‌. തകർപ്പനടിയിലൂടെ മുന്നേറ്റക്കാരൻ ജയം പൂർത്തിയാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home