പരിശീലനത്തിൽ അച്ചടക്കം, കളിക്കളത്തിൽ ആക്രമണം; ബാഴ്‌സലോണയെ മാറ്റിമറിച്ച ഹാൻസി ഫ്ലിക് തരംഗം

Photo Credit: Social Media
ബാഴ്‌സലോണ: ലാ ലിഗയിൽ ബാഴ്‌സലോണയുടെ തുടർച്ചയായ രണ്ടാം കിരീടധാരണത്തിന് പിന്നിൽ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ കൃത്യമായ പ്ലാനിംഗും തന്ത്രങ്ങളുമാണെന്ന് കായിക ലോകം.
2024 മെയ് മാസത്തിൽ ചുമതലയേറ്റെടുത്ത ഫ്ലിക്, വെറും രണ്ട് വർഷത്തിനുള്ളിൽ ആറിൽ അഞ്ച് ആഭ്യന്തര കിരീടങ്ങൾ ക്ലബ്ബിലെത്തിച്ച് തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. താരനിബിഡമായ റയൽ മാഡ്രിഡിനെ 14 പോയിന്റുകൾക്ക് പിന്നിലാക്കിയാണ് ഫ്ലിക്കിന്റെ സംഘം കിരീടം നിലനിർത്തിയത്.
ശിക്ഷണത്തിലെ അച്ചടക്കവും ശാരീരികക്ഷമതയും
ബാഴ്‌സലോണയിൽ എത്തിയ നിമിഷം മുതൽ ടീമിന്റെ ശാരീരികക്ഷമതയിലും അച്ചടക്കത്തിലുമാണ് ഫ്ലിക് ശ്രദ്ധ കേന്ദ്രീകരിച്ചത്. കളിക്കാർക്കിടയിൽ കർശനമായ അച്ചടക്കം കൊണ്ടുവന്ന അദ്ദേഹം, ടീമിന് കൂടുതൽ വേഗതയേറിയതും നേരിട്ടുള്ളതുമായ ആക്രമണശൈലി നൽകി.
യോഹാൻ ക്രൈഫിന്റെയും പെപ് ഗ്വാർഡിയോളയുടെയും ഫുട്ബോൾ ദർശനങ്ങളോട് ചേർന്നുനിൽക്കുന്നതാണ് തന്റെ ശൈലിയെന്ന് അദ്ദേഹം തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു.
യുവതാരങ്ങളുടെ വളർച്ചയും ലാ മാസിയയുടെ ഉദയവും
യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ മികച്ച രീതിയിൽ വളർത്തിയെടുക്കുന്നതിലും ഫ്ലിക് വിജയിച്ചു. ലാമിൻ യമാൽ എന്ന കൗമാര പ്രതിഭയുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഫ്ലിക് തന്റെ ടാക്റ്റിക്കൽ പാറ്റേണുകൾ മാറ്റിയെഴുതി.
യമാലിന് പുറമെ പൗ കുബാർസി, ഫെർമിൻ ലോപ്പസ് തുടങ്ങിയ ലാ മാസിയ താരങ്ങളെ ടീമിന്റെ പ്രധാന ഭാഗമാക്കി മാറ്റുന്നതിലും അദ്ദേഹം വിജയിച്ചു. പരിക്കുകൾ മൂലം പ്രധാന താരങ്ങൾ പുറത്തായപ്പോഴും യുവനിരയെ വിശ്വസിച്ച് ടീമിനെ വിജയവഴിയിൽ നിലനിർത്താൻ ഫ്ലിക്കിന് സാധിച്ചു.
താരങ്ങളെ ഉത്തേജിപ്പിക്കുന്ന ശൈലി
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പഴയ ഫോം തിരികെ കൊണ്ടുവരുന്നതിലും റാഫിഞ്ഞയെ കൂടുതൽ അപകടകാരിയായ അറ്റാക്കറായി മാറ്റുന്നതിലും ഫ്ലിക് നിർണ്ണായക പങ്ക് വഹിച്ചു. ടീമിലെ എല്ലാ അംഗങ്ങൾക്കും കൃത്യമായ ചുമതലകൾ നൽകുന്നതിലൂടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും എത്തിയ മാർക്കസ് റാഷ്‌ഫോർഡിനെ സൂപ്പർ സബ്ബായി ഉപയോഗിച്ച് മത്സരഫലം അനുകൂലമാക്കുന്നതിലും ഫ്ലിക് മികവ് കാട്ടി.
മാനുഷിക പരിഗണനയും ടീം ഐക്യവും
തന്ത്രങ്ങൾക്കപ്പുറം കളിക്കാരുടെ മാനസികാരോഗ്യത്തിനും ഫ്ലിക് വലിയ പ്രാധാന്യം നൽകുന്നു. പ്രതിരോധ താരം റൊണാൾഡ് അരൗജോയ്ക്ക് മാനസികാരോഗ്യത്തിനായി അവധി നൽകിയതും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടതും ഫ്ലിക്കിന്റെ മാനുഷികമായ സമീപനത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
റയൽ മാഡ്രിഡ് ഡ്രസ്സിംഗ് റൂമിലെ പടലപ്പിണക്കങ്ങൾ കാരണം തകരുമ്പോൾ, തന്റെ ടീമിനെ ഒറ്റക്കെട്ടായി നിലനിർത്താൻ കഴിഞ്ഞതാണ് ഫ്ലിക്കിന്റെ ഏറ്റവും വലിയ വിജയം











0 comments