റഫറിക്കു നേരെ ഐസ്‌ കട്ടയെറിഞ്ഞു; റയൽ താരം റൂഡിഗറിന്‌ 6 മത്സരത്തിൽ വിലക്ക്

Antonio Rudiger
വെബ് ഡെസ്ക്

Published on Apr 30, 2025, 11:55 AM | 1 min read

സെവിയ്യ: സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ (കോപ്പ ഡെൽ റേ) ഫൈനലിന്റെ അവസാന നിമിഷം റഫറിക്കു നേരെ ഐസ്‌ കട്ടയെറിഞ്ഞ റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറിന്‌ ആറു മത്സരങ്ങളിൽനിന്ന് വിലക്ക്. റഫറിക്കു നേരിയുള്ള അതിക്രമത്തിന് പിന്നാലെ റൂഡിഗറിന്‌ ചുവപ്പുകാർഡ്‌ കിട്ടിയിരുന്നു.


ചിരവൈരികളായ ബാഴ്സലോണയുമായുള്ള മത്സരത്തിൽ റയൽ മാഡ്രിഡ്‌ ഒരു ​ഗോളിന് പുറകിൽ നിൽക്കേ കിലിയൻ എംബാപ്പെയെ ബാഴ്‌സ താരങ്ങൾ വീഴ്‌ത്തിയതിന്‌ റഫറി ഫ്രീകിക്ക്‌ അനുവദിച്ചില്ലെന്നായിരുന്നു റയലിന്റെ വാദം. തുടർന്ന്‌ വരയ്‌ക്ക്‌ പുറത്തുണ്ടായിരുന്നു റയൽ താരങ്ങൾ കൂട്ടത്തോടെ മൈതാനത്തേക്ക്‌ കുതിച്ചു. ഇതിനിടെ റൂഡിഗർ ഐസ്‌ കട്ടയെടുത്ത്‌ മൈതാനത്തേക്ക്‌ എറിയുകയായിരുന്നു. റഫറിക്കുനേരെ തിരിഞ്ഞ ജർമൻകാരനെ സഹതാരങ്ങൾ ചേർന്ന്‌ ആയാസപ്പെട്ട്‌ പിടിച്ചുമാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.


നാലുമുതൽ 12 കളിവരെ വിലക്കുകിട്ടാനാണ്‌ സാധ്യതയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ റൂഡിഗർ പിന്നീടു മാപ്പു പറഞ്ഞെങ്കിലും താരത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഈ സീസണിലെ റയലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ റൂഡിഗർ പുറത്തിരിക്കണം. അതേസമയം, കാൽമുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം വിശ്രമത്തിലാണ്.


റയൽ മാഡ്രിഡുമായുള്ള ആവേശപ്പോരിൽ 3-2നായിരുന്നു കറ്റാലൻമാരുടെ ജയം. മുപ്പത്തിരണ്ടാം തവണയാണ്‌ ബാഴ്‌സ കിങ്‌സ്‌ കപ്പിൽ മുത്തമിടുന്നത്‌. ജൂലസ്‌ കുണ്ടെ അധികസമയത്ത്‌ തൊടുത്ത ഗോളിലാണ് ബാഴ്‌സലോണ സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ കിരീടം ചൂടിയത്. ക്ലാസികോ പോരിന്റെ എല്ലാ ആവേശവുംനിറഞ്ഞ കളിയിൽ പെഡ്രിയിലൂടെ ബാഴ്‌സ ലീഡ്‌ നേടി. കിലിയൻ എംബാപ്പെയും ഔർലിയെൻ ചൗമിനിയും റയലിനായി ലക്ഷ്യം കണ്ടു. ഫെറാൻ ടോറെസാണ്‌ അവസാന നിമിഷം ബാഴ്‌സയെ ഒപ്പമെത്തിച്ചത്‌. ഷൂട്ടൗട്ടിന്‌ നാല്‌ മിനിറ്റ്‌ ശേഷിക്കെയായിരുന്നു കുണ്ടെയുടെ വിജയഗോൾ.



deshabhimani section

Related News

View More
0 comments
Sort by

Home