ad
Deshabhimani

അന്തോണി ഗോർഡൻ ഇനി ബാഴ്സലോണയിൽ ; 80 മില്യൺ യൂറോയുടെ മെഗാ ട്രാൻസ്ഫർ ഉറപ്പിച്ചു

GORGAN

ബാഴ്സയുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ച ഗോർഡൻ|Photo Credit: REUTERS

വെബ് ഡെസ്ക്

Published on May 30, 2026, 01:39 PM | 2 min read

ബാഴ്സലോണ: ഇംഗ്ലീഷ് വിംഗർ അന്തോണി ഗോർഡനെ ന്യൂകാസിൽ യുണൈറ്റഡിൽ നിന്നും സ്പാനിഷ് വമ്പന്മാരായ എഫ്‌സി ബാഴ്സലോണ സ്വന്തമാക്കി. ബോണസുകൾ ഉൾപ്പെടെ 80 മില്യൺ യൂറോ വരെ ഉയരാവുന്ന തുകയ്ക്കാണ് കറ്റാലൻ ക്ലബ് ഈ വമ്പൻ ട്രാൻസ്ഫർ ഉറപ്പിച്ചത്.


അടുത്ത അഞ്ച് സീസണുകളിലേക്ക്, അതായത് 2031 ജൂൺ 30 വരെയാകും ഇരുപത്തിയഞ്ചുകാരനായ താരം ബാഴ്സലോണ ജേഴ്സിയിൽ കളിക്കുകയെന്ന് ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.കഴിഞ്ഞ സീസണിൽ ന്യൂകാസിലിനായി തകർപ്പൻ ഫോമിലായിരുന്ന ഈ ഇടത് വിംഗർ 17 ഗോളുകളോടെ ക്ലബ്ബിന്റെ ടോപ്പ് സ്കോററായിരുന്നു. ഇതിൽ 10 ഗോളുകൾ ചാമ്പ്യൻസ് ലീഗിലായിരുന്നു താരം അടിച്ചുകൂട്ടിയത്.


ബാഴ്സലോണ പോലുള്ള ഒരു ക്ലബ്ബിൽ കളിക്കുക എന്നത് ചെറുപ്പം മുതലുള്ള തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നുവെന്ന് കരാർ ഒപ്പിട്ട ശേഷം ഗോർഡൻ വ്യക്തമാക്കി.മുൻപ് ഈ ജേഴ്സി അണിഞ്ഞ ഇതിഹാസങ്ങളുടെ വലിയ ഉത്തരവാദിത്തം തനിക്കറിയാമെന്നും ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കാൻ താൻ പൂർണ്ണ സജ്ജനാണെന്നും താരം കൂട്ടിച്ചേർത്തു.


ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിൽ അംഗമായ ഗോർഡന്റെ വരവ് ബാഴ്സലോണയുടെ മുന്നേറ്റനിരയ്ക്ക് വലിയ കരുത്താകും. കരാർ കാലാവധി പൂർത്തിയാക്കി ക്ലബ്ബ് വിടുന്ന പോളിഷ് വെറ്ററൻ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കും, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള ലോൺ കാലാവധി അവസാനിക്കുന്ന മാർക്കസ് റാഷ്ഫോർഡിനും പകരക്കാരനായാണ് ഗോർഡൻ എത്തുന്നതെന്നാണ് സൂചന.


ലാലിഗ ചാമ്പ്യന്മാരായ ബാഴ്സലോണ വരും ആഴ്ചകളിൽ മുന്നേറ്റനിര ഇനിയും ശക്തമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ജൂലിയൻ അൽവാരസിനെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.


ലാലിഗയിലെ കർശനമായ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണം കഴിഞ്ഞ മൂന്ന് വർഷമായി ട്രാൻസ്ഫർ വിപണിയിൽ വലിയ തുക ചിലവഴിക്കാൻ കഴിയാതിരുന്ന ബാഴ്സലോണയ്ക്ക് ഇപ്പോൾ സാമ്പത്തികമായി കൂടുതൽ ഇളവുകൾ ലഭിച്ചിട്ടുണ്ട്. പുതുക്കിപ്പണിത നൗ കാമ്പ് സ്റ്റേഡിയം ഭാഗികമായി തുറന്നതാണ് ക്ലബ്ബിന് തുണയായത്.


ലെവൻഡോവ്സ്കിയുടെ മാറ്റവും വലിയ തുകയുടെ സാലറി ബാധ്യതകൾ ഒഴിയുന്നതും പുതിയ കളിക്കാരെ ടീമിലെത്തിക്കാൻ വഴിതുറക്കും. അൻസു ഫാത്തി, റൂണി ബാർഡ്ജി, ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗൻ എന്നിവരും വരും ദിവസങ്ങളിൽ ക്ലബ്ബ് വിട്ടേക്കുമെന്നാണ് സൂചന.


അതേസമയം, ന്യൂകാസിൽ യുണൈറ്റഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കളിക്കാരന്റെ വിൽപനയാണിത്. കഴിഞ്ഞ വർഷം 125 മില്യൺ പൗണ്ടിന് അലക്സാണ്ടർ ഇസാക്കിനെ ലിവർപൂളിന് വിറ്റതായിരുന്നു ഇതിന് മുൻപത്തെ വലിയ ട്രാൻസ്ഫർ.


ഗോർഡന് പകരക്കാരനായി റയൽ ബെറ്റിസ് വിംഗർ എസ അബ്ദെയെ ടീമിലെത്തിക്കാൻ ന്യൂകാസിൽ ശ്രമം തുടങ്ങിയിട്ടുണ്ട്. 2023-ൽ എവർട്ടണിൽ നിന്നും 45 മില്യൺ പൗണ്ടിനാണ് ഗോർഡൻ ന്യൂകാസിലിൽ എത്തിയത്. ഈ ട്രാൻസ്ഫറിലെ ലാഭത്തിന്റെ 15 ശതമാനം വിഹിതം മുൻ ക്ലബ്ബായ എവർട്ടണും ലഭിക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home