print edition സർവം ഹാലണ്ട്

image: Joe Prior / Visionhaus via Getty Images
ന്യൂയോർക്ക്: നോക്കിനിൽക്കാൻ എർലിങ് ഹാലണ്ടിന് കഴിയുമായിരുന്നില്ല.! ലയണൽ മെസിയും കിലിയൻ എംബാപ്പെയും ഒരുക്കിയ ഗോൾവിരുന്നിൽ നോർവെക്കാരനും പങ്കുചേർന്നു. മുൻഗാമികളുടെ വഴി തുടർന്നു. ഇരട്ടഗോളോടെ കളംവാണ ഇരുപത്തഞ്ചുകാരന്റെ മിടുക്കിൽ നോർവെ പുഞ്ചിരിച്ചു. ആവേശപ്പോരിൽ സെനെഗലിനെ വീഴ്‌ത്തിയത് 3–2ന്. മാർകസ് പെഡേഴ്‌സണും ലക്ഷ്യം കണ്ടു.
സെനെഗലിനായി ഇസ്‌മായില സാർ ഇരട്ടഗോൾ നേടി. 28 വർഷത്തിനുശേഷം ലോകകപ്പിനെത്തിയ സ്‌കാൻഡിനേവിയൻ രാജ്യം തുടർച്ചയായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ആദ്യ കളിയിൽ ഇറാഖിനെ 4–1ന് തോൽപ്പിച്ചിരുന്നു. അന്നും ഹാലണ്ട് രണ്ടടിച്ചു. ആകെ നാല് ഗോളുമായി ഗോൾവേട്ടക്കാരിൽ രണ്ടാമതുണ്ട്.
ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ അച്ചടക്കമുള്ള കളിയായിരുന്നു നോർവെയുടേത്. തുടക്കം തൊട്ട് ആക്രമിച്ചു. ക്യാപ്‌റ്റൻ മാർട്ടിൻ ഒദെഗാർദ് കളി മെനഞ്ഞപ്പോൾ ഗോളടിക്കാൻ ഹാലണ്ടുമുണ്ടായി. ക്രിസ്റ്റഫർ അയെറിന്റെ ഹെഡ്ഡർ സെനെഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡി തടഞ്ഞാണ് കളി തുടങ്ങിയത്. പിന്നാലെ ഹാലണ്ടിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങി. മറ്റൊന്ന് മെൻഡി തടഞ്ഞു. എന്നാൽ അധികസമയം പ്രതിരോധിക്കാൻ സെനെഗലിനായില്ല. പകരക്കാരൻ പെഡേഴ്‌സൺ നോർവെയ്‌ക്ക് അർഹിച്ച ലീഡ് സമ്മാനിച്ചു.
രണ്ടാംപകുതിയിൽ ഹാലണ്ട് ലീഡുയർത്തി. സാർ ഒന്നുമടക്കിയെങ്കിലും അഞ്ച് മിനിറ്റിനുള്ളിൽ ഹാലണ്ട് സ്‌കോർ മൂന്നാക്കി. പരിക്കുസമയം സാർ ഒന്നുകൂടി നേടിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. തുടർച്ചയായ രണ്ടാം തോൽവി ആഫ്രിക്കൻ കരുത്തരായ സെനെഗലിന്റെ നോക്കൗട്ട് സാധ്യതകൾക്ക് കനത്ത തിരിച്ചടിയായി.










0 comments