22 വർഷത്തെ കാത്തിരിപ്പ്; അഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി

ലണ്ടൻ: ഇരുപത്തിരണ്ടുവർഷത്തിനുശേഷം അഴ്‌സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടമുയർത്തി. മാഞ്ചസ്റ്റർ സിറ്റി ബോണിമൗത്തിനോട് 1-1 സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനിൽക്കേ അഴ്‌സണൽ ചാമ്പ്യന്മാരായത്. 37 കളിയിൽ 82 പോയിന്റോടെ പീരങ്കിപ്പട ഒന്നാമതും 78 പോയിന്റോടെ സിറ്റി രണ്ടാമതുമാണ്. 2004ൽ തിയറി ഹെന്റിയും സംഘവും കിരീടമുയർത്തിയതിന് ശേഷം ആദ്യമായാണ് പ്രീമിയർ ലീഗ് ട്രോഫി ടീം നേടുന്നത്.
കിരീടത്തിലേക്കുള്ള നിർണായക മത്സരത്തിൽ സിറ്റിക്ക് ബോണിമൗത്തിനെതിരേ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇഞ്ചുറി ടൈമിൽ എർലിങ് ഹാളണ്ട് നേടിയ ഗോളാണ് തോൽവിയിൽ നിന്ന് ടീമിനെ രക്ഷിച്ചത്. കളിയുടെ ആദ്യ പകുയിൽ തന്നെ എലി ജൂനിയർ ക്രൂപ്പിയുടെ ഗോളിൽ ബോണിമൗത്ത് ലീഡ് നേടിയിരുന്നു. വിജയം അനിവാര്യമയ കളിയിൽ ഗോൾ കണ്ടെത്താനാകാതെ സിറ്റി കുഴഞ്ഞു. 94-ാം മിനിറ്റിലാണ് ഹാളണ്ട് ആശ്വാസ ഗോൾ നേടിയത്. എന്നാൽ കിരീടനേട്ടത്തിലേക്ക് സമനില പോരായിരുന്നു. ഒരു മത്സരം ശേഷിക്കേ സിറ്റി ജയിച്ചാലും കിരീടത്തിലെത്താനാവില്ല.
2023ലും 2024ലും മാഞ്ചെസ്റ്റർ സിറ്റിയോടും കഴിഞ്ഞവർഷം ലിവർപൂളിനോടും നേരിയ വ്യത്യാസത്തിൽ നഷ്ടമായ കിരീടമാണ് അഴ്സണൽ നേടിയത്. മൈക്കൽ അർട്ടേറ്റയുടെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടീം മുന്നേറിയത്. മെയ് 30ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്ജിക്കെതിരെ കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം.









0 comments