print edition തെളിയാൻ പോർച്ചുഗൽ, അരികെ ഇംഗ്ലണ്ട്

photo credit: Cristiano Ronaldo facebook
ഹൂസ്‌റ്റൺ : കടലാസിലെ കരുത്ത് കളത്തിൽ തെളിയാതെ ഉഴലുന്ന പോർച്ചുഗലും ആദ്യ മത്സരത്തോടെ കിരീടസാധ്യതയിൽ മുന്നിലെത്തിയ ഇംഗ്ലണ്ടും ലോകകപ്പിൽ രണ്ടാം മത്സരത്തിനിറങ്ങുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഏഷ്യക്കാരായ ഉസ്‌ബെക്കിസ്ഥാനാണ് എതിരാളി. ഇന്ന് രാത്രി 10.30നാണ് പോരാട്ടം. ഇംഗ്ലണ്ട് നാളെ പുലർച്ചെ 1.30ന് ആഫ്രിക്കൻ കരുത്തരായ ഘാനയുമായി കൊന്പുകോർക്കും. ജയിച്ചാൽ ഇംഗ്ലണ്ടിന് നോക്കൗട്ടിലേക്ക് മുന്നേറാം.
ആദ്യ കളിയിൽ താരതമ്യേന ദുർബലരായ കോംഗോക്കെതിരെ 1–1ന് സമനിലയിൽ പിരിഞ്ഞ പോർച്ചുഗലിന് ഏഷ്യക്കാർക്കെതിരെ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. 52 വർഷത്തിന് ശേഷം ലോകവേദിയിലെത്തിയ കോംഗോ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളാണ് യൂറോപ്യൻ കരുത്തർക്കെതിരെ നേടിയത്. ആറാം മിനിറ്റിൽ ജോയോ നെവെസിന്റെ ഗോളിൽ മുന്നിലെത്തിയത് മാത്രമാണ് പറങ്കികൾക്ക് ആദ്യ കളിയിൽ ഓർക്കാനുള്ളത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തെളിയാത്തതും പ്രശ്‌നമാണ്. കളിയുടെ ആദ്യ പകുതിയിൽ പന്ത് കിട്ടാതെ വലഞ്ഞ താരം രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങളും പാഴാക്കി. ക്രിസ്റ്റ്യാനോ ഫോമിലേക്ക് തിരിച്ചെത്തിയാൽ ജയം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടീം. ഉസ്‌ബെക്ക് കൊളംബിയയോട് 3–1ന് തോറ്റതാണ്.
ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയെ തകർത്തെറിഞ്ഞാണ് ഇംഗ്ലണ്ടിന്റെ വരവ്. നായകൻ ഹാരി കെയ്‌ൻ ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിൽ 4–2നായിരുന്നു ഇംഗ്ലീഷുകാരുടെ ജയം. പ്രധാന താരങ്ങളായ ജൂഡ് ബെല്ലിങ്‌ഹാമും മാർകസ് റാഷ്‌ഫഡും ഗോൾ കണ്ടെത്തിയതും കെട്ടുറപ്പോടെ ടീം ഒന്നായി മുന്നേറുന്നതും ഇംഗ്ലണ്ടിന്റെ യാത്ര സുഖകരമാക്കുന്നു. പാനമയെ ഒരു ഗോളിന് തോൽപ്പിച്ച ടീമാണ് ഘാന.










0 comments