ബട്ടൺ അമർത്തും; ഒന്നിനുപിറകേ ഒന്നായി രണ്ടും നിലംപൊത്തും

കൊച്ചി
ചന്ദർകുഞ്ജ് ആർമി ടവറുകൾ പൊളിക്കുന്നതിന് മുന്നോടിയായി വിദഗ്‌ധസംഘത്തിന്റെ പ്രാഥമിക പരിശോധന പൂർത്തിയായി. മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികളാണ് പരിശോധന നടത്തിയത്.
ടവറുകൾ പൊളിക്കേണ്ടത് എങ്ങനെയെന്ന് ധാരണയായി. ഒരൊറ്റ ബട്ടൺ അമർത്തും. ടൈമർ ഉപയോഗിക്കും. ആദ്യത്തേതിന് പിന്നാലെ രണ്ടാമത്തെ ടവറും നിലംപൊത്തും. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകും. രണ്ട് കെട്ടിടങ്ങളും ഒരേ സമയത്തായിരിക്കില്ല നിലംപതിക്കുക. കെട്ടിടങ്ങളുടെ ഘടനാപരമായ ദൃഢത, ഭാരം താങ്ങാനുള്ള ശേഷി, കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം, ഇരുന്പുകമ്പികളുടെ അവസ്ഥ, കെട്ടിടങ്ങളുടെ മൊത്തത്തിലുള്ള സ്വഭാവം എന്നിവയാണ് പരിശോധിച്ചത്.
കെട്ടിടങ്ങളുടെ ഘടനാപരമായ കരുത്ത്, ഭാരം താങ്ങാനുള്ള ശേഷി, കോൺക്രീറ്റിന്റെ ഗുണനിലവാരം, കമ്പികളുടെ അവസ്ഥ, കെട്ടിടങ്ങളുടെ പൊതുവായ സ്വഭാവം എന്നിവ സംഘം പരിശോധിച്ചു. കെട്ടിടത്തിന്റെ ഘടന നല്ലനിലയിൽ അല്ല. പൊളിക്കൽ അധികം വൈകാതെ ആരംഭിക്കുന്നതാണ് നല്ലതെന്നാണ് വിലയിരുത്തൽ. ചില സ്ഥലങ്ങളിൽ കന്പികൾ വളരെയധികം തുരുന്പെടുത്തിട്ടുണ്ട്. എന്നാൽ, പൊളിക്കുന്നതിന് ആവശ്യമായ കെട്ടുറപ്പുണ്ട്. പൊളിക്കാനുള്ള കരാർ ഒരാഴ്ചയ്ക്കകം ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്ന് എഡിഫൈസ് എൻജിനിയറിങ് പാർട്‌ണർ ഉത്‌കർഷ് മെഹ്‌ത പറഞ്ഞു.
ജെറ്റ് ഡിമോളിഷന്‍ ഓപ്പറേഷന്‍സ് മാനേജര്‍ കെവിന്‍ സ്മിത്, ടെക്നീഷ്യന്‍ റോബര്‍ട്ട് ബ്രിങ്ക്മാന്‍ എന്നിവരടങ്ങിയതാണ് സംഘം. മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കിയതും എഡിഫൈസ് എന്‍ജിനിയറിങ്ങാണ്. അന്ന് ജെറ്റ് ഡിമോളിഷന്‍ സാങ്കേതികസഹായം നല്‍കിയിരുന്നു. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ‘ഇംപ്ലോഷന്‍' സാങ്കേതികവിദ്യയിലൂടെയായിരിക്കും പൊളിക്കുക.
ഹർജി തീർപ്പാകുന്നതുവരെ പൊളിക്കരുതെന്ന് ഹെെക്കോടതി
കൊച്ചി
വെെറ്റില സിൽവർ സാൻഡ് ദ്വീപിലെ ചന്ദർകുഞ്ജ് ഇരട്ട ടവർ അപ്പാർട്ട്മെന്റ് പൊളിക്കുന്നത് സിംഗിൾ ബെഞ്ചിലുള്ള ഹർജിയിൽ ഉത്തരവ് വരുന്നതുവരെ തടഞ്ഞ് ഹെെക്കോടതി. ചെന്നൈ ആസ്ഥാനമായ പികെ യൂണിക് കമ്പനിയുടെ അപ്പീലിൽ ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. സ്റ്റേ ആവശ്യപ്പെട്ട് പികെ യൂണിക് നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാനും സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. പൊളിക്കലിന് മുന്നോടിയായുള്ള നടപടികൾ ജില്ലാ ഭരണകേന്ദ്രത്തിന് തുടരാമെന്നും നിർദേശിച്ചു.
ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്‌ത പികെ യൂണിക്കിനെ ഒഴിവാക്കി രണ്ടാംസ്ഥാനക്കാരനായ എഡിഫൈസ് എൻജിനിയറിങ് കമ്പനിക്ക് ടെൻഡർ ഉറപ്പിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തേ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ, സ്റ്റേ ലഭിച്ചിരുന്നില്ല. കൂടാതെ പൊളിക്കൽ നടപടികളുമായി കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് മുന്നോട്ടുപോകാമെന്നും നിർദേശിച്ചിരുന്നു. സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാതെ സുരക്ഷയോടെ കെട്ടിടം പൊളിക്കാനുള്ള സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും കണക്കാക്കിയാണ് എഡിഫൈസ് കമ്പനിക്ക് കരാർ നൽകുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്.
സാങ്കേതിക കഴിവിന് 70 ശതമാനവും സാമ്പത്തിക ബിഡിന് 30 ശതമാനവും സ്കോർ നൽകിയാണ് ടെൻഡർ പരിഗണിച്ചതെന്നും കൂടാതെ എഡിഫൈസ് എൻജിനിയറിങ് കമ്പനിയാണ് മുമ്പ് മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയതെന്നും അറിയിച്ചിരുന്നു. ഹർജിയിൽ വിശദ വാദം കേൾക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദേശം.









0 comments