അഴിമതിക്ക് കളമൊരുക്കുന്ന ബജറ്റ്: തോമസ് ഐസക്

ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "മിഷന്‍ സ്വകാര്യവല്‍ക്കരണം: കോര്‍പറേറ്റ് ബജറ്റ്' ചര്‍ച്ചയിൽ ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു
കൊച്ചി
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, അഴിമതിക്ക് കളമൊരുക്കുന്നതാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. വകുപ്പ് മന്ത്രിമാരോടുപോലും ചര്‍ച്ച ചെയ്യാതെയാണ് ബജറ്റില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ നിശ്ചയിച്ചത്. ഇത്തരം വിസ്മയം ഇനിയും വരും. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച "മിഷന്‍ സ്വകാര്യവല്‍ക്കരണം: കോര്‍പറേറ്റ് ബജറ്റ്' ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കൃഷിക്കാര്‍ കൃഷിയിടത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വീര്യംകുറഞ്ഞ മദ്യത്തിനാണ് (ഹോര്‍ട്ടി വൈന്‍) എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി നിശ്ചയിച്ചത്. അന്ന് സതീശന്‍ അതിനെ വിമര്‍ശിച്ചു. മദ്യക്കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ ഉല്‍പ്പന്നം വില്‍ക്കാന്‍ അവസരമൊരുക്കുന്നു, അഴിമതിയാണ് എന്നായിരുന്നു ആക്ഷേപം. അന്ന്, ബക്കാര്‍ഡി ഉള്‍പ്പെടെയുള്ള മദ്യക്കമ്പനികള്‍ അവരുടെ ഉല്‍പ്പന്നത്തിന് അനുമതിക്കായി സമീപിച്ചപ്പോള്‍ ജിഎസ്ടി കമീഷണര്‍ അപേക്ഷ തള്ളി. ഭരണത്തിലെത്തി ആദ്യബജറ്റില്‍ സതീശന്‍ ബിയറും വൈനും ഒഴികെയുള്ള വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചു.
ഇനി മദ്യക്കമ്പനികള്‍ക്ക് ഇവിടെ അത്തരം മദ്യം വില്‍ക്കാം. എക്സൈസ് മന്ത്രി പറയുന്നത് മദ്യത്തിന് നികുതി നിശ്ചയിച്ചത് അറിഞ്ഞില്ലെന്നാണ്. 2015ല്‍ ഉത്തരവിറക്കിയിട്ട് നടപ്പാക്കാന്‍ പറ്റാത്ത ഹരിപ്പാട് മെഡിക്കല്‍ കോളേജാണ് മറ്റൊരു ബജറ്റ് വിസ്മയം. മെഡിക്കല്‍ കോളേജ് ഉണ്ടാക്കുന്നത് സര്‍ക്കാരിന് 26 ശതമാനം ഓഹരിയുള്ള കമ്പനിയാണ്. സര്‍ക്കാര്‍ ഷെയറായി ഭൂമി നല്‍കും, കെട്ടിടം നിര്‍മിക്കേണ്ടതും സര്‍ക്കാര്‍. പക്ഷേ, നടത്തിപ്പ് 99 വര്‍ഷത്തേക്ക് ചാരിറ്റബിള്‍ സൊസൈറ്റിക്കും. ഇത്തരത്തിലാണ് യുഡിഎഫിന്റെ പൊതു–സ്വകാര്യ പങ്കാളിത്തം. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു വരിപോലുമില്ലാത്ത അത്ഭുതരേഖയാണ് ബജറ്റെന്നും തോമസ് ഐസക് പറഞ്ഞു.
സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ബജറ്റെന്നും എല്‍ഡിഎഫ് മുന്നോട്ടുവച്ച പല പദ്ധതികളും പേരുമാറ്റി പുതിയതെന്ന വ്യാജേന അവതരിപ്പിക്കുകയായിരുന്നുവെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എം അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, സി ബി ദേവദര്‍ശനന്‍, പി ആര്‍ മുരളീധരന്‍, കെ എസ് അരുണ്‍കുമാര്‍, എറണാകുളം ഏരിയ സെക്രട്ടറി സി മണി, പ്രൊഫ. കെ വി തോമസ്, പി എച്ച് എം ഇസ്മയില്‍, രവിത ഹരിദാസ് എന്നിവര്‍ സംസാരിച്ചു.









0 comments